Monday, March 11, 2019

‘പാർലമെന്റിൽ അനിവാര്യം’ എറണാകുളത്തിന്റെ സ്വന്തം പി രാജീവ്‌

പി രാജീവ‌്(50). സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം, ദേശാഭിമാനി ചീഫ‌്എഡിറ്റർ. 2015ലും 2018ലും പാർടി എറണാകുളം ജില്ലാസെക്രട്ടറിയായി. എസ‌്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ൽ രാജ്യസഭാംഗവും പാനൽ ഓഫ് ചെയർമാനുമായി. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയിൽ ചീഫ് വിപ്പുമായിരുന്നു. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്റർ. 2017ലെ മികച്ച എംപിക്കുള്ള സൻസത‌് രത്ന പുരസ‌്കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി അവാർഡ‌്, പി പി ഷൺമുഖദാസ‌് അവാർഡ‌്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ‌്കാരം എന്നിവ ലഭിച്ചു. നിരവധി പുസ‌്തകങ്ങളുടെ രചയിതാവാണ‌്. റവന്യൂ ഇൻസ്പെക്ടറായിരുന്ന പി വാസുദേവന്റെയും രാധാ വാസുദേവന്റെയും മകൻ. ഭാര്യ: വാണി കേസരി(കുസാറ്റ‌് ലീഗൽ സ‌്റ്റഡീസിൽ് അസിസ‌്റ്റന്റ‌് പ്രൊഫസർ) മക്കൾ: ഹൃദ്യ, ഹരിത.

രാജീവ‌് ഒഴിവാകുന്നതോടെ ഞങ്ങളുടെ ജോലി എളുപ്പമാകും–- രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയ വേളയിൽ നൽകിയ യാത്രയയപ്പിൽ മുതിർന്ന ബിജെപി നേതാവും ധനമന്ത്രിയുമായ അരുൺ ജയ‌്റ്റ‌്‌ലി പറഞ്ഞു. ഒരു ഊഴംകൂടി പാർലമെന്റിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സഭാചട്ടങ്ങളുടെ വിജ്ഞാന കോശമെന്ന‌് ഗുലാംനബി ആസാദ‌്, സഭയിൽ ഇങ്ങനെയൊരാൾ അനിവാര്യമെന്ന‌് മായാവതി, ശരദ് യാദവ്, ഡെറിക് ഒബ്രിയൻ.

ഐക്യരാഷ്ട്രസഭയിൽവരെ രാജ്യത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ച പി രാജീവെന്ന അതികായൻ പക്ഷേ, എറണാകുളത്തുകാർക്ക‌് മൂന്ന‌് പതിറ്റാണ്ടിലധികമായി തങ്ങളുടെ സുഖദുഃഖങ്ങളിൽ ഒപ്പംനിൽക്കുന്ന സഹോദരനാണ‌്. ഏൽപിച്ച ദൗത്യങ്ങളെല്ലാം നൂറുശതമാനം അർപണത്തോടെ പൂർത്തിയാക്കിയ ജനസേവകൻ. പഞ്ചായത്ത‌് അംഗത്തെപോലെ ഏവർക്കും  എപ്പോഴും പ്രാപ്യനാണ‌് രാജീവ‌്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനമുണ്ടായപ്പോൾ മെട്രോനഗരമായ കൊച്ചിയിലും ചെല്ലാനം പോലുള്ള മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും ഒരേപൊലെ ആരവമുയരുന്നതും അതുകൊണ്ടാണ‌്.

ബൗദ്ധിക ഔന്നത്യത്തിനൊപ്പം പ്രയോഗികതയും ചേർന്നിണങ്ങിയ ഇത്തരമൊരു വ്യക്തിത്വം അപൂർവ്വമാണെന്ന‌് പ്രശസ‌്ത സാഹിത്യകാരൻ  എം കെ സാനുവിന്റെ സാക്ഷ്യം. 2017ൽ എറണാകുളത്തു നടന്ന ഡിവൈഎഫ‌്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി പി രാജീവ‌് ചെയർമാനായ സംഘാടക സമിതി 13 വീടുകളാണ‌് പാവപ്പെട്ടവർക്കായി നിർമിച്ചുനൽകിയത‌്. ജില്ലാ സെക്രട്ടറിയായിരിക്കെ തുടങ്ങിയ കനിവ‌് പദ്ധതിയിൽ 57 വീടുകളാണ‌് താക്കോൽ കൈമാറിയത‌്. 41 വീടുകൾ നിർമാണഘട്ടത്തിലാണ‌്. ഫ‌്ളാറ്റുകളിൽ അടക്കം ജൈവ പച്ചക്കറി കൃഷിക്ക‌് തുടക്കം കുറിച്ചു.

ഓണവും വിഷുവും ലക്ഷ്യമിട്ട‌് ജൈവജീവിതം പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന‌് കുടുംബങ്ങളിൽ പച്ചക്കറികൃഷി തുടങ്ങി. എംപിയായിരിക്കെ ആരോഗ്യമേഖലയിൽ നടത്തിയ ഇടപെടലുകളും മാതൃകയാണ‌്. എറണാകുളം ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ‌്ക്കുള്ള ലീനിയർ ആക‌്സിലേറ്ററാണ‌് അതിലൊന്ന‌്. എംആർഐ സ‌്കാൻ, സൗജന്യ ഭക്ഷണ അടുക്കള തുടങ്ങിയവും രാജീവിന്റെ എംപി ഫണ്ടുപയോഗിച്ചാണ‌് നിർമിച്ചത‌്. കൃഷ‌്ണയ്യർ ചെയർമാനും, രാജീവ‌് കൺവീനറുമായ നഗരവികസന സമിതി നടത്തിയ സമരങ്ങളാണ‌് മെട്രോപദ്ധതിയെ പരിക്കൊന്നും കൂടാതെ ഇവിടംവരെയെത്തിച്ചതെന്ന‌് എതിരാളികൾ പോലും സമ്മതിക്കും.

No comments:

Post a Comment