Thursday, July 15, 2010

അഴിമതി: ബിജെപി സര്‍ക്കാര്‍ കുടുക്കില്‍

ഖനനവിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി മൂന്നാം ദിവസവും നിയമസഭാനടപടികള്‍ തടസ്സപ്പെടുത്തിയതോടെ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ കൂടുതല്‍ കുഴപ്പത്തിലായി. അനധികൃത ഖനനത്തിലൂടെ അഴിമതി നടത്തിയ മന്ത്രിമാര്‍ക്കെതിരെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ടു നല്‍കിയ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ബുധനാഴ്ച ഡല്‍ഹിയില്‍നിന്ന് മടങ്ങിയില്ല. സ്പീക്കര്‍ സഭ നിര്‍ത്തിവച്ചിട്ടും പിരിഞ്ഞുപോകാത്ത പ്രതിപക്ഷ അംഗങ്ങളുടെ 'ഉണ്ടുറങ്ങി' സമരം നാലാംദിവസത്തിലേക്ക് കടന്നു. ഗവര്‍ണറെ എതിര്‍ത്ത് ബിജെപിയും അനുകൂലിച്ച് കോണ്‍ഗ്രസും ഡല്‍ഹിയില്‍ രംഗത്തെത്തി. അനധികൃത ഖനനത്തിനെതിരെ നിയമസഭയില്‍ രാപ്പകല്‍ ധര്‍ണ നടത്തുന്ന കോണ്‍ഗ്രസ്- ജനതാദള്‍ എംഎല്‍എമാരെ അഭിവാദ്യംചെയ്യാന്‍ ഒന്നരപ്പതിറ്റാണ്ടിനുശേഷം മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ വിധാന്‍സൌധയിലെത്തി. ഖനനവിവാദത്തില്‍ സഭയ്ക്കുള്ളിലും പുറത്തും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സമരംചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഖനനവിവാദം ലോകായുക്തയുടെ പരിഗണനയിലുള്ളതിനാല്‍ സിബിഐ അന്വേഷിക്കേണ്ടെന്ന കടുംപിടിത്തത്തിലാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ 45 എം എല്‍എമാര്‍ തിങ്കളാഴ്ചമുതല്‍ നിയമസഭയില്‍ ധര്‍ണ തുടരുകയാണ്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സഭ വിട്ടുപോകില്ലെന്നാണ് ഇവരുടെ നിലപാട്. സമരംചെയ്യുന്ന എംഎല്‍എമാര്‍ രണ്ടുദിവസമായി കമ്പിളിയും കിടപ്പുവസ്ത്രങ്ങളുമായി സഭാതലത്തിലാണ് ഉറക്കം. പുറത്തുനിന്ന് ഭക്ഷണവും ഇവര്‍ക്കായി സഭയിലെത്തി. രാത്രി പാട്ടും മുദ്രാവാക്യം വിളിയുമുണ്ടായി. ചിലര്‍ സഭയില്‍ പ്രഭാതസവാരി നടത്തി.

ബല്ലാരിയിലെ ഖനന അഴിമതിയില്‍ ടൂറിസംമന്ത്രി ജി ജനാര്‍ദനറെഡ്ഡി, സഹോദരനും റവന്യൂമന്ത്രിയുമായ ജി കരുണാകരറെഡ്ഡി എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് കൈമാറിയേക്കും. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിഭവനിലെത്തിയ ഗവര്‍ണര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ ധരിപ്പിച്ചിരുന്നു. മന്ത്രിമാരുടെ പേരെടുത്തു പറയാതെ ബിജെപി സര്‍ക്കാരിനോടുള്ള അതൃപ്തി ഗവര്‍ണര്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. ഗവര്‍ണര്‍ കോഗ്രസിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ജനാര്‍ദനറെഡ്ഡി പ്രതികരിച്ചു. ഡ്രാക്കുളയെ രക്തബാങ്കിന്റെ ചുമതല ഏല്‍പ്പിച്ചതുപോലെയാണ് ബിജെപി കര്‍ണാടകം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്്വി പറഞ്ഞു.
(ബി ഗിരീഷ്കുമാര്‍)

ഗുജറാത്ത് ആഭ്യന്തരമന്ത്രി ഉടന്‍ അറസ്റ്റിലാകും

സൊഹ്റാബുദീന്‍ ഷേഖിനെയും ഭാര്യ കൌസര്‍ബിയെയും വ്യാജ ഏറ്റുമുട്ടല്‍ വഴി കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈ ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ അറസ്റ്റിലാകും. കേസിലെ ഏക സാക്ഷി തുളസിറാം പ്രജാപതിയെ കൊലപ്പെടുത്തിയതിലും ഷായുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കേസന്വേഷിക്കുന്ന സിബിഐക്ക് ലഭിച്ചു. പുരി രഥയാത്ര കഴിഞ്ഞാലുടന്‍ അമിത് ഷായെയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയുംഅറസ്റുചെയ്തേക്കും.

കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 12ന് സുപ്രീംകോടതിയാണ് സൊഹ്റാബുദീന്‍ വധക്കേസ് സിബിഐയെ ഏല്‍പ്പിച്ചത്. കേസില്‍ പ്രതികളായ 14 പൊലീസുകാര്‍ ജയിലിലാണ്. കേസ് ആദ്യം അന്വേഷിച്ച സിഐഡി സംഘം ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ഡി ജി ബന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, രാജസ്ഥാന്‍ എസ്പി എം എന്‍ ദിനേഷ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. സൊഹ്റാബുദീന്‍ ഷേഖ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതാണെന്ന ഗുജറാത്ത് പൊലീസിന്റെയും സര്‍ക്കാരിന്റെയും വാദം തെറ്റാണെന്ന് സുപ്രീംകോടതിയില്‍ സിഐഡി അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സൊഹ്റാബുദീന്റെ ഭാര്യ കൌസര്‍ബിയെ പൊലീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും തെളിഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണത്തില്‍ പങ്കുവഹിച്ച അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മേധാവി അഭയ് ചുദാസമയെ സിബിഐ അറസ്റ്റുചെയ്തതുമുതല്‍ മോഡിസര്‍ക്കാര്‍ പരിഭ്രാന്തിയിലായിരുന്നു. അന്വേഷണം അമിത് ഷായിലേക്ക് എത്തുന്നത് തടയാന്‍ പലതരത്തിലും മോഡിസര്‍ക്കാര്‍ ഇടപെട്ടു. ചുദാസമയ്ക്കെതിരായ കുറ്റപത്രം 26ന് സമര്‍പ്പിക്കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു കാരണവശാലും മന്ത്രിയുടെ പേര് പറയരുതെന്ന് സാക്ഷിയെ ചുദാസമ താക്കീത് ചെയ്യുന്നത് സിബിഐ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 15072010

1 comment:

  1. സൊഹ്റാബുദീന്‍ ഷേഖിനെയും ഭാര്യ കൌസര്‍ബിയെയും വ്യാജ ഏറ്റുമുട്ടല്‍ വഴി കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈ ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ അറസ്റ്റിലാകും. കേസിലെ ഏക സാക്ഷി തുളസിറാം പ്രജാപതിയെ കൊലപ്പെടുത്തിയതിലും ഷായുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കേസന്വേഷിക്കുന്ന സിബിഐക്ക് ലഭിച്ചു. പുരി രഥയാത്ര കഴിഞ്ഞാലുടന്‍ അമിത് ഷായെയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയുംഅറസ്റുചെയ്തേക്കും.

    ReplyDelete