ബാങ്കിങ് സ്വകാര്യവല്‍ക്കരണം ശക്തമാക്കുന്ന ബാങ്കിങ് ഭേദഗതി ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ശ്രമത്തെ തിങ്കളാഴ്ച ഇടതുപക്ഷം തടസ്സപ്പെടുത്തി. ഇടതുപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തതിനാല്‍ സഭ രണ്ടു തവണ നിര്‍ത്തി. ബില്‍ ചൊവ്വാഴ്ച പാസാക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന ബില്ലാണ് ഇപ്പോള്‍ പാസാക്കാന്‍ ശ്രമിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലെ വിദേശനിക്ഷേപകരുടെ വോട്ടിങ് അധികാരം ഒരു ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി ഉയര്‍ത്തി അവര്‍ക്ക് ബാങ്കിന്റെ നിയന്ത്രണാധികാരം നല്‍കുന്നതാണ് ഭേദഗതി. ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെ എതിര്‍ത്ത് പ്രതിപക്ഷം കൊണ്ടുവന്ന വോട്ടെടുപ്പ് പ്രമേയം പാര്‍ലമെന്റില്‍ അതിജീവിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഈ ബില്‍ പാസാക്കാനുള്ള ശ്രമം.
ധനമന്ത്രി പി ചിദംബരം ബില്‍ പരിഗണിക്കാന്‍ സഭയോട് ആവശ്യപ്പെട്ട വേളയിലാണ് ഇടതുപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. ബില്ലിന്റെ സത്തക്കെതിരായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സഭയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ബില്‍ പരിഗണിക്കാവൂ എന്നും സിപിഐ എം നേതാവ് ബസുദേവ് ആചാര്യയും സിപിഐ നേതാവ് ഗുരുദാസ്ദാസ്ഗുപ്തയും പറഞ്ഞു. ബില്ലില്‍ പുതിയ നിബന്ധനകള്‍ എഴുതിച്ചേര്‍ത്തതിനാല്‍ പുതിയ ബില്ലായിമാത്രമേ കരുതാനാവൂ എന്നുംബില്‍ വീണ്ടും സ്ഥിരംസമിതിക്ക് വിടണമെന്നും യശ്വന്ത് സിന്‍ഹ(ബിജെപി) പറഞ്ഞു. അവധിവ്യാപാരത്തില്‍ക്കൂടി പ്രവേശിക്കാന്‍ ബാങ്കുകളെ അനുവദിച്ചുകൊണ്ടുള്ള ചട്ടമാണ് ഉള്‍പ്പെടുത്തിയത്. ഇത് ബാങ്കുകളെ തകര്‍ക്കാനേ ഉപകരിക്കൂ എന്ന് പ്രതിപക്ഷം വാദിച്ചു.
ബില്ലുമായി മുന്നോട്ടുപോകാന്‍ ചെയറിലുണ്ടായിരുന്ന ഗിരിജാ വ്യാസ് ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. ഇടതുപക്ഷത്തിന്റെ ആരോപണത്തിനുള്ള ധനമന്ത്രി ചിദംബത്തിന്റെ മറുപടി ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് 15 മിനിറ്റ് സഭ നിര്‍ത്തി. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. എന്നാല്‍, പുതിയ ചട്ടം ഉള്‍പ്പെടുത്താന്‍ സഭാചട്ടം 80 അനുസരിച്ച് ധനമന്ത്രി ചിദംബരം അവതരിപ്പിച്ച അപേക്ഷകള്‍ക്ക് ചെയര്‍ അനുവാദം നല്‍കി. ഗിരിജാ വ്യാസിന്റെ നടപടി ഇടതുപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു. ബില്‍ പിന്‍വലിക്കണമെന്ന മുദ്രാവാക്യങ്ങളുമായി അവര്‍ നടുത്തളത്തില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് സഭ ചൊവ്വാഴ്ചത്തേക്ക് ചേരാനായി പിരിഞ്ഞു. എന്നാല്‍, ബില്‍ വീണ്ടും പാര്‍ലമെന്ററി സ്ഥിരം സമിതിക്ക് വിടാനാകില്ലെന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ധനമന്ത്രി പി ചിദംബരം പറഞ്ഞു. പാര്‍ലമെന്ററി സമിതി മുന്നോട്ടുവച്ച ഒന്ന് രണ്ട് ചട്ടങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം ഭേദഗതി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മന്ത്രിസഭയാണ് അവധിവ്യാപാരം സംബന്ധിച്ച ചട്ടം ബില്ലില്‍ പുതുതായി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും ചിദംബരം പറഞ്ഞു.
(വി ബി പരമേശ്വരന്‍)
വാള്‍മാര്‍ട്ട് കോഴ: രാജ്യസഭ സ്തംഭിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ഭരണാധികാരികള്‍ക്ക് കോടികള്‍ കോഴ നല്‍കിയാണ് വാള്‍മാര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതെന്ന വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. തിങ്കളാഴ്ച പലവട്ടം നിര്‍ത്തിവച്ച രാജ്യസഭ ഒരു ദിവസത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചു. എന്നാല്‍, പ്രതികരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ സെനറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വാള്‍മാര്‍ട്ട് തന്നെയാണ് ചില്ലറവിപണിയില്‍ പ്രവേശനം നേടാന്‍ 2008 മുതല്‍ ഇന്ത്യയില്‍ വിവിധ വ്യക്തികള്‍ക്ക് കോഴ നല്‍കിയതായി വെളിപ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ പ്രവേശനം നേടുന്നതിനുള്ള ലോബിയിങ്ങിന് 130 കോടിയിലേറെ രൂപ മുടക്കിയത്. നടപ്പുവര്‍ഷം മാത്രം മുടക്കിയത് 18 കോടിയിലേറെ രൂപ.
രാജ്യസഭയില്‍ സിപിഐ എമ്മിലെ പി രാജീവും ബിജെപിയിലെ രവിശങ്കര്‍ പ്രസാദുമാണ് വിഷയം ഉന്നയിച്ചത്. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കുന്നതിന് ഇരുവരും നോട്ടീസ് നല്‍കിയിരുന്നു. ചില്ലറവിപണിയില്‍ എഫ്ഡിഐ അനുവദിച്ച് ഫെമ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് മുമ്പാണ് വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ലോബിയിങ്ങിന് പണം മുടക്കിയതെന്ന് പി രാജീവ് പറഞ്ഞു. ഇത് യഥാര്‍ഥത്തില്‍ കോഴയാണ്. ആരൊക്കെ കോഴപ്പണം പറ്റിയെന്ന് കണ്ടെത്തണം. സ്വതന്ത്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം-രാജീവ് പറഞ്ഞു. ഇന്ത്യയില്‍ ലോബിയിങ് നിയമവിരുദ്ധമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതേ കുറിച്ച് അന്വേഷിക്കണം. തിരക്കുപിടിച്ച് തീരുമാനിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ യുഎസ് സെനറ്റിന് വാള്‍മാര്‍ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആരെങ്കിലും പണം പറ്റിയിട്ടുണ്ടെങ്കില്‍ അത് ശിക്ഷാര്‍ഹമായ കുറ്റമാണ്- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മറ്റ് പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ക്ക് സംസാരിക്കാന്‍ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ അനുമതി നല്‍കിയില്ല. ഇതോടെ ബഹളമായി. വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തലിനോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ ആവശ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കുര്യന്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പ്രതികരണത്തിനായി പാര്‍ലമെന്റികാര്യ സഹമന്ത്രി രാജീവ് ശുക്ല എണീറ്റു. വാര്‍ത്തകളുടെ പേരിലാണ് പ്രതിപക്ഷ ആക്ഷേപമെന്നും വകുപ്പുമന്ത്രി ഇതേകുറിച്ച് പ്രതികരിക്കുമെന്നുമായിരുന്നു ശുക്ല പറഞ്ഞു. മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഘടക കക്ഷിയായ ഡിഎംകെയും പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് രണ്ടുവരെ സഭ നിര്‍ത്തി.
deshabhimani 111212
No comments:
Post a Comment