Sunday, September 22, 2013

ആനപ്പുറത്തെ അഹങ്കാരം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് കൃഷ്ണമേനോന്‍ സ്മാരക വനിതാകോളേജ്. അവിടെ എസ്എഫ്ഐക്ക് സ്ഥിരം ജയം. ഒരു വട്ടം വിജയാഘോഷത്തിന് ചെറിയ തുകയ്ക്ക് ഒരു ആനയെ സംഘടിപ്പിച്ചു. ആനപ്പുറത്തിരിക്കാന്‍ ആള്‍ വേണം. പെണ്‍കുട്ടികള്‍ തയ്യാറല്ല. "ഞാന്‍ തയ്യാര്‍" അതാ മുറ്റത്തൊരു ശബ്ദം. കുട്ടികള്‍ തിരിഞ്ഞു നോക്കി. കുറ്റിത്താടിവച്ച ഒരു കൊലുന്നു പയ്യന്‍. കുണുങ്ങിക്കുണുങ്ങി ആനപ്പുറത്തേറിയ ആ പയ്യന്‍ അങ്ങനെ "ശ്രദ്ധയാകര്‍ഷിച്ചു." അരുവാനപ്പള്ളി പുതിയപുരയ്ക്കല്‍ അബ്ദുള്ളക്കുട്ടി ആനപ്പുറത്തേറിയാണ് നേതാവായതെന്ന് അങ്ങനെ പറയാം. കമ്പില്‍ എന്നുപേരുള്ള നാട്ടില്‍ ലീഗുകാരുടെ വിളയാട്ടമാണ്.

എല്ലായിടത്തും അബ്ദുള്ളക്കുട്ടിക്ക് വ്യത്യസ്തനാകണം. ലീഗല്ലാതാവുകയാണ് അവിടത്തെ വ്യത്യസ്തത. "മടുത്തു സാഖാക്കളേ. നിങ്ങളാണ് എന്നെ കോണ്‍ഗ്രസാക്കിയത്്, നിങ്ങള്‍മാത്രം" എന്നാണ് അബ്ദുള്ളക്കുട്ടി ഇന്ന് പറയുന്നത്. അന്ന് ലീഗുകാരോട്, നിങ്ങളാണ് എന്നെ മാര്‍ക്സിസ്റ്റാക്കിയത് എന്നും പറഞ്ഞു. മറുപടി വടികൊണ്ടാണ് കിട്ടിയത്. ലീഗുകാര്‍ തുണിയുരിഞ്ഞ് തല്ലിവീഴ്ത്തി പിറന്നപടി എടുത്തുപൊക്കി അബ്ദുള്ളക്കുട്ടിയെയുംകൊണ്ട് ജാഥ നടത്തിയത് അന്നത്തെ ഹോട്ട് ന്യൂസ്. ആ തല്ലും വ്യത്യസ്തന് വളമായി. പ്രസ്ഥാനത്തിനുവേണ്ടി ക്രൂരമര്‍ദനമേറ്റവനോടുള്ള സ്നേഹത്തിന് അന്ന് മുന്തിയ വിലതന്നെ "കുട്ടി" ഈടാക്കി. സകൂള്‍കാലത്ത് പഠനവും രാഷ്ട്രീയവും അലര്‍ജിയായിരുന്നു. കമ്പില്‍ സ്കൂളില്‍ ഒമ്പതാംക്ലാസിലെത്തിയപ്പോള്‍ നേതാവാകാന്‍ മോഹം. അന്ന് സ്വതന്ത്രവേഷത്തില്‍ കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും പിന്തുണ വാങ്ങി ജയിച്ചു. (അന്നേയുണ്ടായിരുന്നു കോണ്‍ഗ്രസ് രക്തത്തികട്ടലും ലീഗിനോട് പ്രണയാവേശവും).
 
പത്താംതരത്തില്‍ രണ്ട് മുന്നണിക്കുമെതിരെ ഒറ്റയ്ക്ക് പോരാടി 11 വോട്ടുവാങ്ങിയതും എഴുതപ്പെട്ട ചരിത്രം. ഗള്‍ഫിലേക്കുള്ള വിസയുടെ വഴിയില്‍ ഐടിഐ പഠനത്തിന് ചേര്‍ന്നപ്പോള്‍ വിഷയം വഴങ്ങിയില്ല- എങ്കില്‍ സംഘടനാപ്രവര്‍ത്തനം ആകാമെന്നു കരുതി നില്‍ക്കുമ്പോഴാണ് ആനപ്പുറത്തേറാന്‍ അവസരം കിട്ടിയത്. ജീവിതത്തില്‍ പലപല അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നാലാംതവണ കണ്ണൂരില്‍നിന്ന് ലോക്സഭയിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ ഒരു കല്യാണവീട്ടില്‍ പരിചയപ്പെട്ടപ്പോള്‍ "ഈ വലിയ മനുഷ്യനെ തോല്‍പ്പിക്കാന്‍ ഞാന്‍തന്നെ വേണ്ടിവരുമെന്ന്" ഉപബോധമനസ്സില്‍ തോന്നി. പിന്നെ ഒരിക്കല്‍ പനിക്കിടക്കയില്‍ "ഞാന്‍തന്നെ കണ്ണൂരിലെ സ്ഥാനാര്‍ഥി" എന്ന് സ്വപ്നം കണ്ടു. അത് ഫലിച്ചു. മമ്മൂട്ടിയുടെ സൗന്ദര്യവും ഷാരൂഖ് ഖാന്റെ അഭിനയപാടവവും മോഹന്‍ലാലിന്റെ ശബ്ദസൗകുമാര്യവുമുള്ള സ്ഥാനാര്‍ഥി സ്വന്തം മിടുക്കുകൊണ്ട് ജയിക്കുകയുംചെയ്തു. ആ വിജയത്തില്‍ പാര്‍ടിക്കും മുന്നണിക്കും നാട്ടുകാര്‍ക്കും പങ്കില്ല- അഥവാ ഉണ്ടെങ്കില്‍ പിന്നെന്ത് മറ്റാരും ഇതുവരെ ജയിക്കാതിരുന്നതെന്ന് മറുചോദ്യം.

അങ്ങനെ അത്ഭുതക്കുട്ടിയായി സ്വയം തീരുമാനിച്ചപ്പോള്‍ പാര്‍ടിയും ജനങ്ങളും അവിടെനില്‍ക്കട്ടെ എന്നായി. ഇന്ദ്രപ്രസ്ഥത്തിന്റെ കുളിരും എംപി സ്ഥാനത്തിന്റെ സൗകര്യവും അബ്ദുള്ളക്കുട്ടിയെ മാറ്റിമറിച്ചില്ല- ഉറങ്ങിക്കിടന്ന വികാരങ്ങളെ ഉണര്‍ത്തിയതേയുള്ളൂ. എംപിയാകുമ്പോള്‍ പ്രോട്ടോകോള്‍ ഉണ്ട്, പറന്നുകളിക്കാനും പറന്നിറങ്ങാനും പണവുമുണ്ട്. മുകേഷ് അംബാനിയും ഒമര്‍ അബ്ദുള്ളയും വിജയ് മല്യയും വിരുന്നിന് വിളിക്കും. അങ്ങനെയങ്ങനെ "എന്റെയൊരു കഴിവേ..." എന്ന് അഭിമാനപുളകിതനാകുമ്പോഴാണ് നാട്ടിലെ "തുക്കടാ" പാര്‍ടിക്കാര്‍ സാറേയെന്നു വിളിക്കാതെ സഖാവേയെന്നും അബ്ദുള്ളേയെന്നും വിളിച്ച് അഹങ്കാരം കാട്ടുന്നത്. അപ്പുറം സുധാകരേട്ടന്‍. ആരെയും പേടിക്കേണ്ട. എപ്പോഴും ചെന്നൈയില്‍ പോകാം. ആരുടെ കാലും തല്ലിയൊടിക്കാം. കച്ചവടം നടത്താം. അമ്പലം വിഴുങ്ങാം. ചോദ്യംചെയ്യാനും ശാസിക്കാനും തരംതാഴ്ത്താനും പാര്‍ടിയില്‍ ആരുമില്ല. എല്ലാവരും "സാറേ" വിളിച്ച് ഓച്ഛാനിക്കും. അതാണ് സ്വാതന്ത്ര്യം.

നിഷേധിക്കപ്പട്ട ആ സ്വതന്ത്ര്യം പിടിച്ചുപറ്റാന്‍ കോണ്‍ഗ്രസില്‍ത്തന്നെ പോകണം. കണ്ണൂരില്‍ രണ്ടാമതും സീറ്റു കിട്ടിയതുകൊണ്ട് പോക്ക് അല്‍പ്പം വൈകി എന്നുമാത്രം. പോകാന്‍ ന്യായത്തിന് പഞ്ഞമില്ല. ആദ്യം മോഡിയെ സ്തുതിച്ച് പാര്‍ടിക്കാരുടെ വെറുപ്പ് വാങ്ങി. പിന്നെ പരസ്യമായി മതാനുഷ്ഠാനങ്ങളില്‍ പങ്കുകൊണ്ടും ഉമ്മുമ്മയുടെ മരണത്തിന്റെ നിസ്കാരകാര്യം പറഞ്ഞും മുസ്ലിംപ്രീതി പറ്റി. ഒടുവില്‍ ഇരന്നു വാങ്ങിയ നടപടിയുംകൊണ്ട് കോണ്‍ഗ്രസിലെത്തിയപ്പോള്‍, "ഞാന്‍ മുസ്ലിമായതുകൊണ്ട് പുറത്താക്കി" എന്ന് കണ്ണൂരിലെ ലീഗനുഭാവികളെ വിശ്വസിപ്പിച്ചു. രൂപവും ഭാവവും മാറിയ കുട്ടി കടിഞ്ഞാണ്‍പൊട്ടിച്ച് മുക്രയിട്ടോടി. കോണ്‍ഗ്രസില്‍ ആനപ്പുറത്തു കയറാന്‍ ഒരുപാട് കുട്ടികളുണ്ട്. അവിടെ പ്രത്യേകത കാണിക്കാന്‍ ചുരുങ്ങിയത് വിവസ്ത്രനാകണം. സുധീരനെതിരെ, പ്രതാപനെതിരെ- അങ്ങനെ പലര്‍ക്കുമെതിരെ പുലഭ്യം പറഞ്ഞാല്‍ വാര്‍ത്തയില്‍ കയറാം.

പണ്ട് ഭവനസന്ദര്‍ശങ്ങള്‍ നടത്തിയും വിവാഹവീടുകളില്‍ അത്ഭുതപ്രവൃത്തി കാണിച്ചും പൊന്‍മുടിയേറിയുമൊക്കെയാണ് വാര്‍ത്ത സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ കത്തെഴുത്തിലാണ് കമ്പം. അനധികൃത മണല്‍ കടത്തിനെതിരെ കുഞ്ഞുങ്ങളെയുംകൊണ്ട് സമരംചെയ്യുന്ന ജസീറയ്ക്കാണ് ഒടുവിലത്തെ കത്ത്. "മോളെ ജസീറാ, കടപ്പുറത്ത് പൂഴിയിറക്കരുത്" എന്ന തലക്കെട്ടോടെയാണു കത്ത്. ടി എന്‍ പ്രതാപനെ മേനക ഗാന്ധി കണ്ടാല്‍ വെടിവച്ച് കൊല്ലുമെന്ന പ്രവചനവും കത്തിലുണ്ട്. ജസീറയുടെ സമരം എന്തിനെന്നോ ആര്‍ക്കുവേണ്ടിയെന്നോ സൂക്ഷ്മദൃഷ്ടിയില്‍ പതിയുന്നില്ല. എന്നാലും ജസീറ അബ്ദുള്ളക്കുട്ടിയോട് ഒരു കാര്യം പറഞ്ഞു: ""മണ്ടത്തരം പറയുന്നത് അബ്ദുള്ളക്കുട്ടി ഇനിയെങ്കിലും അവസാനിപ്പിക്കണം. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ഒന്നുമില്ലെങ്കിലും നിങ്ങള്‍ ഒരു എംഎല്‍എ അല്ലേ"" എന്ന്.
 
ഇവിടെയാണ് കുഴപ്പം. ജസീറയുടെ ധാരണ അബ്ദുള്ളക്കുട്ടി മണ്ടനെന്നാണ്. മണ്ടന്മാരിലെ കുരുട്ടുബുദ്ധികളെ ജസീറ കണ്ടിട്ടില്ല. വെല്‍ഫെയര്‍ പാര്‍ടിയിലോ സോളിഡാരിറ്റിയിലോ ജമാ അത്തെ ഇസ്ലാമിയിലോ തിരക്കിയാല്‍ അത്തരം ഒരുപാടുപേരെ കണ്ടെത്താന്‍കഴിയും. അതുവരെ പ്രസ്താവന തിരുത്തണം. അല്ലെങ്കില്‍ മണ്ടന്മാരുടെ മാനം നഷ്ടപ്പെടുത്തിയതിന് നിയമ നടപടി നേരിടേണ്ടിവരും. അപ്പോള്‍ ജഡ്ജിയെ കുറ്റംപറഞ്ഞിട്ടോ മാറ്റണമെന്ന് പറഞ്ഞിട്ടോ കാര്യമുണ്ടാകില്ല.

സൂക്ഷ്മന്‍ deshabhimani varanthapathipp

No comments:

Post a Comment