Sunday, January 17, 2021

പട്ടികവർഗ വിഭാഗങ്ങളിലെ 125 പേർ പൊലീസ് സേനയിലേക്ക് ; ശുപാർശ വിതരണം ചെയ്‌തു

വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ വസിക്കുന്ന 125 പട്ടികവർഗ യുവതീ–-യുവാക്കൾക്ക് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനശുപാർശ വിതരണം ചെയ്തു. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനാന്തരങ്ങളിൽ താമസിക്കുന്ന പ്രാക്തന ഗോത്ര വിഭാഗങ്ങളിലുള്ളവർക്കാണ് പ്രത്യേക തെരഞ്ഞെടുപ്പിലൂടെ നിയമനം നൽകിയത്‌. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരം പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെയാണ്‌ ഇവർക്ക്‌ നിയമനം നൽകിയത്‌.

പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച്, കായികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ്‌ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്‌. എഴുത്തുപരീക്ഷ ഒഴിവാക്കിയായിരുന്നു തെരഞ്ഞെടുപ്പ്‌. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇതോടെ സാക്ഷാൽക്കരിക്കപ്പെട്ടത്. കോവിഡ് പ്രതിസന്ധിക്കിടയിലും വിജ്ഞാപനം ചെയ്ത് എട്ടുമാസത്തിനുള്ളിലാണ് നടപടിക്രമങ്ങൾ പൂർത്തിയായത്. വയനാട് ജില്ലയിൽ നിന്നുളള 85 പേരിൽ 65 പുരുഷ കോൺസ്റ്റബിൾമാരും 20 വനിതാ  കോൺസ്റ്റബിൾമാരും  മലപ്പുറം ജില്ലയിൽ നിന്ന് എട്ട്‌ പുരുഷ കോൺസ്റ്റബിൾമാരും ഏഴ്‌ വനിതാ  കോൺസ്റ്റബിൾമാരും പാലക്കാട് ജില്ലയിൽ നിന്ന് 17  പുരുഷ കോൺസ്റ്റബിൾമാരെയും എട്ട്‌ വനിതാ കോൺസ്റ്റബിൾമാരെയും തെരഞ്ഞെടുത്തു.

2020 മെയ് മാസത്തിലെ വിജ്ഞാപനപ്രകാരമാണ് തസ്തികയുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. 2017 ൽ ഈ രീതിയിൽ പ്രത്യേക തെരഞ്ഞെടുപ്പിലൂടെ 65 പേർക്ക്‌ നിയമനശുപാർശ ചെയ്തിരുന്നു. ഇവ കൂടാതെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ 5601 പുരുഷ കോൺസ്റ്റബിൾമാർക്കും 495 വനിതാ പൊലീസ് കോൺസ്റ്റബിൾമാർക്കും നിയമനം നൽകി.

No comments:

Post a Comment