Thursday, May 22, 2014

ആര്‍എസ്എസ് ഭീഷണി: പൊയിലൂരില്‍ 2 കുടുംബം വീടൊഴിഞ്ഞു

പാനൂര്‍: പൊയിലൂരില്‍ ആര്‍എസ്എസ് ഭീഷണി ഭയന്ന് രണ്ട് കുടുംബം വീട് ഒഴിഞ്ഞു. കച്ചേരിപ്പറമ്പിലെ ഏച്ചിലാട്ട് ചാലില്‍ ഇസ്മയിലിന്റെയും അബ്ദുള്‍റഹ്മാന്റെയും കുടുംബമാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ നിരന്തര ഭീഷണി കാരണം വീട്വിട്ടുപോയത്. 45 വര്‍ഷമായി ഇവിടെ താമസിച്ച കുടുംബങ്ങളിലെ പത്ത് അംഗങ്ങളാണ് കണ്ണീരോടെ ബന്ധുവീടുകളില്‍ അഭയം തേടിയത്. കൊളവല്ലൂര്‍ പൊലീസിന്റെ കാവലിലാണ് വീട്ടുസാധനങ്ങള്‍ മാറ്റിയത്.

ഇസ്മയിലിന്റെ മകന്‍ പതിനെട്ടുവയസ്സുള്ള അബ്ദുള്ള സിപിഐ എമ്മിനോട് അനുഭാവം പ്രകടിപ്പിച്ചതോടെയാണ് ഭീഷണി തുടങ്ങിയത്. രണ്ടു വര്‍ഷമായി നിരന്തരം ശല്യംചെയ്യുകയായിരുന്നു. അബ്ദുള്ളയെ കൊലപ്പെടുത്തുമെന്ന് ആയുധവുമായി എത്തി ഭീഷണി മുഴക്കുക പതിവാണ്. രണ്ടാഴ്ചമുമ്പ് വധശ്രമത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുള്ളയുടെ അമ്മാവന്‍ ബഷീറിനെയും കൊല്ലുമെന്ന് ഭീഷണിയുണ്ട്. ആര്‍എസ്എസ് സംഘം താവളമടിക്കുന്ന ഈ പ്രദേശത്ത് കുടുംബം തടസ്സമാകുമെന്ന കാരണത്താലാണ് തുരത്താന്‍ ശ്രമം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വീട്ടുമുറ്റത്ത് മലമൂത്ര വിസര്‍ജനം നടത്തലായിരുന്നു. ഒരുതവണ വിറക് കൂട കത്തിച്ചു. രാത്രിയില്‍ വാളും മാരകായുധങ്ങളും ജനലിലൂടെ കാട്ടി ഭീഷണിപ്പെടുത്തലായി. മുസ്ലീങ്ങളെല്ലാം പാകിസ്ഥാനില്‍ പോകണമെന്നാണ് ഭീഷണി. ഇതിനെതിരെയെല്ലാം പൊലീസില്‍ നിരവധി തവണ പരാതി നല്‍കി. അക്രമികളെകുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല.

കര്‍ഷകസംഘം നേതാവ് ഒ കെ വാസുവിനെതിരെ നിരവധിതവണ അക്രമത്തിന് ശ്രമിക്കുകയുണ്ടായി. ഒ കെ വാസുവിനോടൊപ്പം സിപിഐ എമ്മിലെത്തിയവര്‍ക്കെല്ലാം നിരന്തരം ഭീഷണിയാണ്. കെ പി ചന്ദ്രന്റെ വീട്ടില്‍ പലതവണ അക്രമം നടന്നു. വി പി രവീന്ദ്രനെതിരെയും ഭീഷണിയുണ്ട്. സിപിഐ എം പ്രവര്‍ത്തകന്‍ തയ്യുള്ളതില്‍ കനകന്റെ വീട്ടിലെ ഇലക്ട്രിക് ബള്‍ബ് തകര്‍ത്ത് ഭാര്യ പ്രീതയെ കല്ലെറിയുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയാണ് അക്രമം. ടിപ്പര്‍ ലോറികളിലാണ് അക്രമികള്‍ പ്രകടനം നടത്തിയത്. എസ്കോര്‍ട്ടായി പാനൂര്‍ സിഐ ബെന്നിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും അനുഗമിച്ചിരുന്നു. അപ്പോള്‍തന്നെ അക്രമ വിവരം പ്രീത സിഐ ബെന്നിയോട് പരാതിപ്പെട്ടിരുന്നു.

എന്നാല്‍ പരാതിപ്പെട്ട വീട്ടമ്മയെ അപമാനിക്കാനും അക്രമം കെട്ടുകഥയാണെന്ന് പറഞ്ഞ് അവഹേളിക്കാനുമാണ് സിഐ ശ്രമിച്ചത്. ഭര്‍ത്താവ് കനകനെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. സമയപരിധി കഴിഞ്ഞിട്ടും ആഹ്ലാദ പ്രകടനം നടത്താന്‍ സൗകര്യം ചെയ്തു കൊടുത്തും അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും വീടുകളില്‍ റെയ്ഡ് നടത്താനുമാണ് സിഐയുടെ നേതൃത്വത്തില്‍ പൊലീസ് ആവേശം കാണിക്കുന്നത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് ക്രിമിനലിന്റെ വീട്ടില്‍ സ്ഫോടനം നടന്നതും സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം.

deshabhimani

No comments:

Post a Comment