Friday, July 24, 2020

ദേശസാൽക്കരണത്തിൽ നിന്നുള്ള പിൻനടത്തം

പതിനാല്‌ പ്രമുഖ സ്വകാര്യ ബാങ്കിനെ 1969 ൽ ദേശസാൽക്കരിച്ച നടപടി സാമ്പത്തികരംഗത്തു മാത്രമല്ല, രാഷ്ട്രീയരംഗത്തും അനുരണനങ്ങളുണ്ടാക്കി. 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിറവി, 1959 ലെ അസോസിയറ്റ് ബാങ്കുകളുടെ രൂപീകരണം, 1980ലെ രണ്ടാമത് ബാങ്ക് ദേശസാൽക്കരണം എന്നിവയും ബാങ്ക് സേവനങ്ങളുടെ ജനകീയത വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്‌. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം ഉൾക്കൊണ്ട്, ആഭ്യന്തര മൂലധനസമാഹരണത്തിലൂടെ രാഷ്‌ട്ര നിർമാണപ്രക്രിയ സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. രാഷ്‌ട്രീയ സ്വാതന്ത്ര്യം അർഥപൂർണമാകാൻ സാമ്പത്തിക സ്വാതന്ത്ര്യം മുന്നുപാധിയാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫ. പ്രഭാത് പട്നായിക്ക് ഇത്തരം പ്രവൃത്തികളെ സാമൂഹ്യ കരാറായി വിലയിരുത്തിയത്.

പണവിനിമയ കാര്യങ്ങളിൽ ഇടനിലക്കാരാകുകയെന്നതാണ് ബാങ്കുകളുടെ മൗലികമായ പ്രവർത്തനം. നിഷ്ക്രിയമായ പണത്തെ കർമനിരതമാക്കുന്ന സവിശേഷ സിദ്ധിയാണ് ബാങ്കുകൾക്കുള്ളത്.  ബാങ്ക്‌ ദേശസാൽക്കരണ സമയത്ത്, 1969ൽ, ഇന്ത്യയിൽ 8261 ബാങ്ക്‌ ശാഖയാണുണ്ടായിരുന്നത്. അഞ്ച്‌ പതിറ്റാണ്ട്‌ പിന്നിടുമ്പോൾ ബാങ്ക് ഓഫീസുകളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. അന്ന് 65000 പേർക്ക് ഒരു ബാങ്കുശാഖയാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 9000 പേർക്ക് ഒരു ബാങ്ക്  ശാഖയുണ്ട്. ദേശസാൽക്കരണത്തെ തുടർന്നാണ് ബാങ്കുകളിൽ സമാഹരിക്കപ്പെടുന്ന അമൂല്യസമ്പത്ത്  സാധാരണക്കാർക്കും ദുർബല ജനവിഭാഗക്കാർക്കും പ്രാപ്യമാകാൻ തുടങ്ങിയത്. കൃഷി, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾ, കരകൗശല നിർമാണം എന്നിങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ഒരു നേരിയ പ്രതീക്ഷ നൽകാൻ  ദേശസാൽക്കരണത്തിന് കഴിഞ്ഞു.

1990കൾക്കുശേഷം സംഗതികളാകെ കീഴ്‌മേൽ മറിഞ്ഞു.  അതുവരെ പറഞ്ഞതെല്ലാം നേർവിപരീത ദിശയിൽ സിദ്ധാന്തിക്കാൻ തുടങ്ങി. കേന്ദ്ര സർക്കാർ നയംമാറ്റംമൂലം ബാങ്കുകളും പിൻനടത്തമാരംഭിച്ചു. 1990നുശേഷം ഒറ്റ സ്വകാര്യ ബാങ്കിനെയും ദേശസാൽക്കരിച്ചില്ല. പുതുതായി തുടങ്ങിയവയെല്ലാം സ്വകാര്യ ബാങ്കുകളാണ്. അതുകൂടാതെ, പൊതുമേഖലാ ബാങ്കുകൾക്കകത്തുതന്നെ സ്വകാര്യ -വിദേശ മൂലധന സ്വാധീനം ഉറപ്പാക്കുന്ന അജൻഡകൾക്ക്  കേന്ദ്ര സർക്കാർ അംഗീകാരവും നൽകി. തന്മൂലം, പുറമേക്ക് പൊതുമേഖലാ ബാങ്കെന്ന് മുദ്ര ചാർത്തുമ്പോഴും, ആന്തരിക ഘടനയിലെ സ്വകാര്യപങ്കാളിത്തംമൂലം, പ്രവൃത്തികളിൽ ജനവിരുദ്ധതയും ലാഭാർത്തിയും പ്രതിഫലിക്കാറുണ്ട്. മിനിമം ബാലൻസ് കാർക്കശ്യവും നിർദയമായ സർവീസ് ചാർജുകളുംമൂലം സാധാരണക്കാരെ ആട്ടിയോടിച്ചത് ഇക്കാരണത്താലാണ്.

ബാങ്കിങ്‌  രംഗത്തെ കടിഞ്ഞാൺ ആർക്ക്‌

1991ലെ ബാങ്കിങ് ബിസിനസിൽ സ്വകാര്യ ബാങ്കുകളുടെ വിഹിതം കേവലം 3.5 ശതമാനമായിരുന്നു. എന്നാൽ, മൂന്ന്‌ പതിറ്റാണ്ടത്തെ ധനമേഖലാ പരിഷ്‌കാരങ്ങൾ പിന്നിട്ടപ്പോൾ പൊതുമേഖലാ ബാങ്ക് ബിസിനസ് വിഹിതം 65 ശതമാനമായി ഇടിഞ്ഞു. ഈ ബാങ്കുകളിലടങ്ങിയിരിക്കുന്ന സ്വകാര്യ മൂലധന സ്വാധീനംകൂടി പരിഗണിക്കുമ്പോൾ, രാജ്യത്തെ ബാങ്കിങ്‌ വ്യവസ്ഥയുടെ കടിഞ്ഞാൺ ഇക്കാലയളവിൽ നിക്ഷിപ്ത താൽപ്പര്യക്കാർ കൈവശപ്പെടുത്തിയതായി കാണാം. 28 ദേശസാൽകൃത ബാങ്കുകളുടെ എണ്ണം 12 എണ്ണമായി കുറഞ്ഞു. തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം നാലായി ചുരുക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുന്നതോടെ പൊതുമേഖലാ ബാങ്കിങ്‌ രംഗം വീണ്ടും ക്ഷയിക്കും. 2014 മുതലാകട്ടെ ബാങ്ക് സ്വകാര്യവൽക്കരണ നീക്കത്തിന്റെ ഗതിവേഗം ഏറെ വർധിച്ചു. ഈ ഭരണാധികാരികളാകട്ടെ, ബാങ്കുദേശസാൽക്കരണത്തെ തുടക്കംമുതലേ എതിർത്തുപോന്നവരാണ്. അവർ തുടർന്നുവന്ന വികലനയങ്ങൾമൂലം 2015-–-16 മുതൽ ഇന്ത്യൻ ബാങ്കിങ് സംവിധാനം തുടർച്ചയായി നഷ്ടത്തിലേക്ക് നീങ്ങുകയുണ്ടായി. ടെലികോം രംഗത്ത് ബിഎസ്എൻഎൽ സ്ഥാപനത്തിന് സംഭവിച്ച അതേ ദുർഗതിയാണ് സർക്കാർനയംമൂലം പൊതുമേഖലാ ബാങ്കുകളെയും കാത്തിരിക്കുന്നത്.

ഒറ്റ ദിവസംകൊണ്ടോ ഏതെങ്കിലും ഒരു സംഭവംകൊണ്ടോ ഉണ്ടായതല്ല, ബാങ്കിങ്‌ മേഖലയുടെ ഇന്നു കാണുന്ന രൂപപരിണാമം.ദേശസാൽക്കരണം മുതലുള്ള രണ്ടു പതിറ്റാണ്ടുകൊണ്ട് ബാങ്കിങ്‌ വ്യവസ്ഥ കൈവരിച്ച അനന്യവളർച്ചയുടെ നേട്ടങ്ങളും ഗുണങ്ങളും സമ്പന്നർക്ക് കൈമാറാനുള്ള നീക്കങ്ങളാണ് നവലിബറൽ നയങ്ങളിലൂടെ അനുക്രമമായി നടപ്പാക്കിയത്.  ബാങ്ക്‌ വായ്‌പയെന്നത് സമ്പദ്‌വ്യവസ്ഥയുടെ ഉണർവ് സാധ്യമാക്കുന്ന ഒരു ഉത്തേജകവസ്തുവാണ്.  ബാങ്ക് വായ്‌പയുടെ ഗണ്യമായ തുകയും ഇപ്പോൾ നീക്കിവയ്‌ക്കുന്നത് വൻകിട പദ്ധതികൾക്കും അതി സമ്പന്നർക്കുമാണ്. ആകെ ബാങ്ക് വായ്‌പയുടെ പകുതിയിലധികം തുക 500 കോടി രൂപയ്‌ക്കു മുകളിൽ വായ്‌പയെടുക്കുന്നവർക്കാണ് നൽകിയിട്ടുള്ളത്. തന്മൂലം അത്തരക്കാർക്ക് വൻതോതിൽ ഉത്തേജനം ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്.  വൻകിട വായ്‌പകളെല്ലാം കിട്ടാക്കടമാകുകയും ബാങ്കുകളാകെ നഷ്ടത്തിലാകുകയും ചെയ്‌തു. ബാങ്കുകളിലെ ചെറുകിട വായ്‌പകൾ നാമമാത്രമായി ചുരുങ്ങി. ബാങ്കുകളുടെ റോൾ മോഡലായി വർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സംഭവവികാസങ്ങളാണ് ഉത്തമദൃഷ്ടാന്തം. ആ ബാങ്കിന്റെ പുറം കരാർ ജോലികളെല്ലാം നിർവഹിച്ചുവരുന്നത് റിലയൻസ് കമ്പനിയാണ്.  വളരെ ചെറിയൊരു ബാങ്കിങ്‌ സ്ഥാപനമായ ജിയോ പേമെന്റ്‌ ബാങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 30 ശതമാനം ഓഹരിയെടുത്തത് സ്വാഭാവികമോ നിഷ്‌കളങ്കമോ അല്ല.  അനുകൂല സാഹചര്യം വരുമ്പോൾ ഈ കൂറ്റൻ ബാങ്കിനെ വിഴുങ്ങുകയെന്നതാണ് റിലയൻസ് ലക്ഷ്യം. ഇപ്പോഴാകട്ടെ സാമ്പത്തിക ഉൾച്ചേർക്കലിനും മാർക്കറ്റിങ്ങിനുമായി പുതിയൊരു സംവിധാനം നിലവിൽ വന്നുകഴിഞ്ഞു.  ശാഖകളെ ഗ്രാമീണമേഖലയിൽനിന്ന് പിന്മാറ്റി, ക്രമേണ ശാഖകൾ വേണ്ടെന്നുവയ്ക്കാനും ജീവനക്കാരെ വെട്ടിക്കുറച്ച് പുറംകരാർ സംവിധാനം വ്യാപിപ്പിക്കാനുമാണ് നീക്കം. രാജ്യം അനുഭവിക്കുന്ന കമ്പോള മാന്ദ്യത്തിന്റെയും സാധാരണക്കാരുടെ വാങ്ങൽശേഷി ഇല്ലാതായതിന്റെയും മുഖ്യ കാരണം ബാങ്കുകളുടെ  വായ്‌പാനയത്തിൽ ചെറുകിട വായ്‌പകളുടെ അളവ് ഗണ്യമായി കുറഞ്ഞതാണ്.

ബാങ്ക് നിക്ഷേപം അനാകർഷകമാക്കിയതിന്റെ പ്രത്യാഘാതം ബഹുമുഖമാണ്. 14 ശതമാനംവരെ നിക്ഷേപ പലിശ നൽകിയിരുന്ന കാലത്തും നല്ല ലാഭത്തിലാണ് പ്രവർത്തിച്ചുവന്നത്. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന് 18-–-20ശതമാനം പലിശപോലും നൽകിയിട്ടുണ്ട്. ഈ വരുമാനം ഉപയോഗിച്ച് ജീവിതവൃത്തി കണ്ടെത്തിയിരുന്ന ജനവിഭാഗങ്ങൾ വേണ്ടുവോളമുണ്ട്‌.  എന്നാൽ, ബാങ്കു നിക്ഷേപ പലിശ ഇന്ന് അഞ്ച്‌ ശതമാനത്തിൽ എത്തിയിരിക്കുകയാണ്. ബാങ്കു നിക്ഷേപത്തെ ഫലപ്രദ വായ്‌പകളായി വിന്യസിക്കുന്നതിനുപകരം അവയെ  ഓഹരി കമ്പോളത്തിലേക്ക് തിരിച്ചുവിടുന്ന ലക്ഷ്യമാണ് പലിശ കുറച്ചതിലൂടെ യാഥാർഥ്യമാക്കിയത്. ബാങ്കുനിക്ഷേപത്തെ മൂന്നാംകിട ഇൻഷുറൻസ് കമ്പനികളുടെ ഉൽപ്പന്നങ്ങളിലേക്ക് കൈമാറുന്ന പ്രവൃത്തികൾ ബാങ്കു ശാഖകളിൽ പ്രബലമാണിന്ന്. എല്ലാവിധ ബാങ്കിങ് നൈതികതയും ബലികഴിച്ചാണ് നല്ല ബാലൻസുള്ള അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ ഇൻഷുറൻസ് വിൽപ്പന ഏജന്റുമാർക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. മുപ്പത്‌ വെള്ളികാശ് കമീഷൻ കിട്ടുന്നതിനുവേണ്ടിയാണ് ബാങ്കധികാരികളുടെ സമ്മതത്തോടെ ഈ അധാർമിക പ്രവൃത്തി ശാഖകളിൽ നടന്നുവരുന്നത്.

സ്വകാര്യ ബാങ്കുകളുടെ കടന്നുകയറ്റം

സ്വകാര്യ മേഖലയിൽ ചെറുകിട ബാങ്കുകളുടെ കടന്നുകയറ്റം ശ്രദ്ധേയമാണ്.  2017ൽ ഇത്തരം 414 ബാങ്ക്‌ ശാഖയുണ്ടായിരുന്നെങ്കിൽ, 2020 ആയപ്പോൾ അവയുടെ എണ്ണം 4454 ആയി ഉയർന്നു. ഇത്തരം ചെറുകിട ബാങ്കുകളുടെ വർധിത സാന്നിധ്യം നിലവിലുള്ള പൊതുമേഖലാ ബാങ്കിങ് സംവിധാനത്തെ ദുർബലപ്പെടുത്താൻ പര്യാപ്തമാണ്. ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് സാധാരണക്കാർക്ക് നൽകുന്ന സേവനത്തെ വെട്ടിക്കുറയ്‌ക്കാൻ ഇടയാക്കുന്നുണ്ട്‌.  സ്വീപ്പർ നിയമനങ്ങൾ നിർത്തിവച്ചു. പ്യൂൺ  റിട്ടയറായാൽ പകരം സ്ഥിരംനിയമനം നടത്തില്ല. ക്ലർക്കുമാരുടെ എണ്ണം കഴിയുന്നത്ര കുറച്ചുകൊണ്ടുവരുന്നു. എന്നാൽ, ചാട്ടവാറേന്തിയ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. ബാങ്ക് സേവനം സമ്പന്നരിലെ വിശിഷ്ട വിഭാഗത്തിനായി പരിമിതപ്പെടുത്തി, ലാഭകരമല്ലാത്ത ഇടപാടുകാരെ ഒഴിവാക്കുന്നതാണ് പുതിയ തന്ത്രം.  ജനങ്ങളോട് ചേർന്നുനിൽക്കുന്ന സഹകരണമേഖലയെയും ഗ്രാമീണ ബാങ്കുകളെയും ക്ലാസ് ബാങ്കിങ്ങിലേക്ക് ആനയിക്കാനായി നിയമനിർമാണംപോലും നടന്നുവരികയാണ്.

ബാങ്കുകൾ നാടിന്റെ അക്ഷയപാത്രമാണ്, ഖജനാവാണ്. അവയുടെ നിയന്ത്രണാധികാരം സ്വകാര്യ കുത്തകകൾക്കാകുമ്പോൾ സമ്പന്നരാണ്  തടിച്ചുകൊഴുക്കുക. ബാങ്കു നിക്ഷേപത്തെ പൊതു നന്മയ്ക്കായി വിനിയോഗിക്കുന്നതിനുപകരം സങ്കുചിത താൽപ്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന രീതി വരും.  നിക്ഷേപ സുരക്ഷപോലും അപകടപ്പെടും. ഭരണാധികാരികളുടെ അനുഗ്രഹാശിസുകളോടെ അരങ്ങേറുന്ന കോർപറേറ്റ് കൊള്ള അസഹനീയമാണ്.  ഇന്ത്യയിലെ മൊത്തം ബാങ്ക് വായ്‌പാ തുക 102 ലക്ഷം കോടി രൂപയാണ്. കോവിഡ് ദുരന്തങ്ങളാൽ ബാങ്ക് കിട്ടാക്കടം 12 ശതമാനം കവിയുമെന്നാണ് നിഗമനം. ബാങ്ക്‌ വായ്പയിൽ 70 ശതമാനം തുകയും നൽകിയിട്ടുള്ളത് കൊറോണ ബാധിത റെഡ്സോൺ നഗരങ്ങളിലാണ്. കോവിഡ് നൽകുന്ന ഏറ്റവും വലിയ സാമൂഹ്യപാഠം പൊതുമേഖലയുടെ  പ്രസക്തിയും ജനകീയതയുടെ ആവശ്യകതയുമാണ്. ഉദാരവൽക്കരണ നയങ്ങളുടെ വക്താവും പ്രയോക്താവുമായ ജോസഫ് സ്റ്റിഗ്ളിറ്റ്സിന്റെ നിരീക്ഷണം പരിഗണനാർഹമാണ്. "നവലിബറൽ നയങ്ങൾ സമ്പന്നന്റെ നികുതി കുറച്ചു. തൊഴിലും ഉൽപ്പന്നങ്ങളും നിയന്ത്രണമുക്തമായി. ധനമൂലധന നയങ്ങളും ആഗോളവൽക്കരണവും തികഞ്ഞ പരാജയമായി'. ഇതൊക്കെയായിട്ടും ഇന്ത്യൻ ഭരണാധികാരികളെ ആ നയങ്ങൾ തന്നെയാണ് സ്വാധീനിക്കുന്നതെങ്കിൽ രാജ്യത്തിനും ജനതയ്‌ക്കും വലിയ വില കൊടുക്കേണ്ടിവരും.

*
ടി നരേന്ദ്രൻ
(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)

No comments:

Post a Comment