Thursday, February 18, 2021

സ്വകാര്യവല്‍ക്കരണത്തിലൂടെയോ സ്വയംപര്യാപ്തത - സി ജെ നന്ദകുമാർ എഴുതുന്നു

സ്വകാര്യവൽക്കരണത്തിലൂടെ സ്വയം പര്യാപ്തഭാരതം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. 2021–-22 ബജറ്റ്‌ ചർച്ചകൾക്കുള്ള മറുപടിയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രഖ്യാപനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സുസ്ഥിര വളർച്ചയും സ്വയംപര്യാപ്ത ഭാരതവും ഉറപ്പുവരുത്തുന്നതിനുള്ള നയങ്ങളാണ് ബജറ്റിലുള്ളതെന്ന്‌ ആവർത്തിച്ച് വ്യക്തമാക്കുന്നു. ബാങ്ക് ദേശസാൽക്കരണത്തെ പരിഹസിച്ചുകൊണ്ട് കോൺഗ്രസിനെതിരെ രാഷ്ട്രീയആക്രമണത്തിനും അവർ തയ്യാറായി. വൻകിട കിട്ടാക്കടങ്ങളുടെ യഥാർഥ കാരണങ്ങളിലേക്ക് വെളിച്ചംവീശിയ പാർലമെന്റ് സമിതിയുടെ റിപ്പോർട്ടിനെ പരിഹസിക്കുന്നതായി നിർമല സീതാരാമന്റെ ആരോപണമെന്ന് പറയാതെ വയ്യ. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽനിന്ന് ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി ഊർജം, വസ്‌ത്രം, വ്യോമയാനം, പശ്ചാത്തലവികസനം എന്നീ മേഖലകൾക്കു നൽകിയ വൻവായ്പകളാണ് കിട്ടാക്കടങ്ങളിൽ ഗണ്യമായ ഭാഗമെന്ന് പാർലമെന്റ് സമിതി കണ്ടെത്തിയിരുന്നു.

ബാങ്കിങ്‌ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്ത നരസിംഹം കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിലൊന്ന് ഡയറക്‌ടെഡ് ക്രെഡിറ്റ് അഥവാ സർക്കാർ നിർദേശിക്കുന്ന പ്രകാരമുള്ള വായ്പകൾ നിർത്തലാക്കണമെന്നായിരുന്നു. എന്നാൽ മുൻഗണനാ വായ്പകളിൽ വെള്ളം ചേർക്കുകയല്ലാതെ സർക്കാർ നിർദേശിക്കുന്ന വായ്പകൾ പിന്നീടും തുടരുകയാണ് ചെയ്തത്. നരേന്ദ്രമോഡി സർക്കാരിന്റെ പ്രധാന പദ്ധതികളായ ജൻധൻ യോജന, മുദ്രാ വായ്പകൾ, കിസാൻ ക്രെഡിറ്റ് കാർഡുകൾ, എംഎസ്എംഇ ഗ്യാരന്റീഡ് വായ്പകൾ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. കേന്ദ്ര ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കുകൾ സർക്കാരിന്റെ സാമൂഹ്യക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നു തന്നെയാണ് ട്രേഡ് യൂണിയനുകളുടെ കാഴ്ചപ്പാട്. എന്നാൽ കിട്ടാക്കടങ്ങളുടെ പ്രത്യാഘാതങ്ങളിൽനിന്നും പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും നിർവഹിക്കണം. അതിനുപകരം സർക്കാർ പദ്ധതികളൊന്നും നടപ്പാക്കാത്ത നവസ്വകാര്യബാങ്കുകളുടെ പ്രവർത്തനമികവുമായി പൊതുമേഖലാ ബാങ്കുകളെ താരതമ്യം ചെയ്യുന്ന അശാസ്ത്രീയ സമീപനം അപഹാസ്യമാണ്‌. ഇങ്ങനെ താരതമ്യം ചെയ്യുന്നവർ നവസ്വകാര്യബാങ്കുകൾ ബോധപൂർവം ഏർപ്പെട്ടിട്ടുള്ള ക്രമക്കേടുകളും നിയമലംഘനങ്ങളും അതുവഴി നേരിട്ട തകർച്ചയും ബോധപൂർവം മറച്ചുപിടിക്കുന്നു.

മേൽപ്പറഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വേണം പൊതുമേഖലാ സ്ഥാപനങ്ങളാകെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേന്ദ്ര ബജറ്റിന്റെ ഊന്നലിനെ വിശകലനം ചെയ്യേണ്ടത്. 2018–-19 ലെ സർവേ പ്രകാരം 2019 മാർച്ച് 31 ന് രാജ്യത്താകെ 348 കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് നിലവിലുള്ളത്. അതിൽ 249 എണ്ണം പ്രവർത്തനനിരതവും 86 എണ്ണം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. 13 എണ്ണം അടച്ചുപൂട്ടൽ നേരിടുന്നു. ബജറ്റ് പ്രഖ്യാപന പ്രകാരം മൂന്നുറിലധികം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കേവലം രണ്ടു ഡസൻ മാത്രമായി ചുരുങ്ങും.

ബജറ്റും ബാങ്കിങ്ങും

മൂന്നു പ്രധാന നിർദേശങ്ങളാണ് ബാങ്കിങ്‌ മേഖലയുമായി ബന്ധപ്പെട്ട് ബജറ്റ് മുന്നോട്ടുവച്ചിട്ടുള്ളത്. അതിൽ ഏറ്റവും വിനാശകരമായിട്ടുള്ളത് രണ്ടു പൊതുമേഖലാ ബാങ്ക്‌ സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനമാണ്. അങ്ങനെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള മാനദണ്ഡങ്ങളോ ന്യായീകരണങ്ങളോ സർക്കാരിനില്ല എന്ന് ഡിഎഫ്എസ് സെക്രട്ടറിയുടെ അഭിമുഖം വ്യക്തമാക്കുന്നു. പന്ത്രണ്ട്‌ പൊതുമേഖലാ ബാങ്കിൽ ഏതു രണ്ടെണ്ണവും സ്വകാര്യവൽക്കരിക്കപ്പെടാമെന്നും നിതി ആയോഗിന്റെ നേതൃത്വത്തിലുള്ള സമിതി അത്‌ തീരുമാനിക്കുമെന്നും പ്രഖ്യാപിക്കുന്നതിലൂടെ മാനദണ്ഡങ്ങളൊന്നും ബാധകമല്ല എന്നു വ്യക്തമാവുകയാണ്. നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷം 27 പൊതുമേഖലാ ബാങ്കിനെ ലയിപ്പിച്ച് 12 ആക്കി. ഇതു സ്വകാര്യവൽക്കരണത്തിനുള്ള മുന്നോടിയാണെന്ന്‌ ബെഫി അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ലയനം വഴി വമ്പൻ ബാങ്കുകളാക്കി മാറ്റി പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കമെന്നാണ് ഭരണാധികാരികൾ വിശദീകരിച്ചത്.

1969 നു മുമ്പും 1969 മുതൽ 1991 വരെയുള്ള രണ്ടാം ഘട്ടത്തിലും തുടർന്ന് 2020 വരെയുള്ള ബാങ്കിങ്‌ പരിഷ്‌കരണ ഘട്ടത്തിലും ജനങ്ങളുടെ വിശ്വാസമാർജിക്കാൻ കഴിയുന്ന ഏതു മേന്മയാണ് ഇന്ത്യയിലെ സ്വകാര്യ മേഖലാ ബാങ്കിങ്‌ സംവിധാനം പ്രകടമാക്കിയിട്ടുള്ളത്. 150 ലക്ഷം കോടി രൂപ ബാങ്കിങ്‌ വ്യവസായത്തിൽ നിക്ഷേപിച്ചവരുടെ ആശങ്കയകറ്റാനാണ് ഒടുവിൽ നിക്ഷേപ ഇൻഷുറൻസ് പരിധി 5 ലക്ഷമാക്കി ഉയർത്തിയത്.

ഇപ്പോൾ തന്നെ മൂന്നു ഡസനിലധികം സ്വകാര്യ എആർസികൾ നിലവിലുണ്ട്. വലിയൊരു എആർസികൂടി രൂപീകരിച്ച് ബാങ്കുകളുടെ വർധിച്ചു വരുന്ന കിട്ടാക്കട ഭീഷണി ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. കിട്ടാക്കടങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹരിക്കുകയാണ്‌ വേണ്ടത്‌. ബോധപൂർവം വീഴ്ചവരുത്തി വൻകിട്ടാക്കടങ്ങൾ സൃഷ്ടിക്കുന്ന 86 ശതമാനം വരുന്ന വൻകിട സ്വകാര്യ കമ്പനികൾക്കെതിരെ ക്രിമിനൽ നടപടികൾ കൈക്കൊള്ളുന്നില്ല. പകരം ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽനിന്നും കിട്ടാക്കടം ഒഴിവാക്കി ബാങ്കുകളെ വീണ്ടും വായ്പ നൽകാൻ യോഗ്യമാക്കുകയും വീഴ്ചവരുത്തിയ കോർപറേറ്റുകളെ വീണ്ടും വായ്പയെടുക്കാൻ യോഗ്യരാക്കുകയും ചെയ്യുന്ന എളുപ്പ വഴിയാണ് ‘ബാഡ് ബാങ്കി'ന്റെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഐബിസി അഥവാ പാപ്പർ നിയമം വഴി ഏഴു ലക്ഷം കോടി രൂപയിലധികമാണ് എഴുതിത്തള്ളിയത്. ഐബിസി നിയമം ബാങ്ക്‌ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള സംവിധാനമല്ല മറിച്ച് കിട്ടാക്കടങ്ങൾ ഒത്തുതീർപ്പാക്കാനുള്ള സംവിധാനമാണ് എന്ന് അംഗീകരിച്ചു കഴിഞ്ഞു.

മൂന്നാമത്തെ നിർദേശം പുതിയ ഡെവലപ്‌മെന്റ് ഫിനാൻസ് സ്ഥാപനം തുടങ്ങുമെന്നാണ്. ബാങ്കിങ്‌ പരിഷ്‌കാരങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന ഐഡിബിഐ, ഐസിഐസിഐ എന്നീ ഡിഎഫ്ഐകളെ ഇനി പ്രസക്തിയില്ല എന്ന് കണ്ട് വാണിജ്യ ബാങ്കുകളാക്കി മാറ്റി രണ്ടു ദശാബ്ദം കഴിയുമ്പോൾ ഇത്തരമൊരു സ്ഥാപനം രാജ്യത്താവശ്യമാണെന്ന തിരിച്ചറിവിന് നന്ദി പറയേണ്ടിയിരിക്കുന്നു. പശ്ചാത്തല വികസന മേഖലയിൽ ദീർഘകാല വായ്പകൾ നൽകാൻ പൊതുമേഖലാ ബാങ്കുകളെ നിർബന്ധിച്ചതുവഴി ഉണ്ടായ ആസ്തി ബാധ്യത അസമത്വം കിട്ടാക്കടങ്ങൾ വർധിക്കാൻ കാരണമായി എന്ന തിരിച്ചറിവും പുതിയ തീരുമാനത്തിന്‌ പിറകിലുണ്ടെങ്കിൽ നല്ല കാര്യം തന്നെ.

ഇനി ബജറ്റിൽ പ്രഖ്യാപിക്കാത്ത, എന്നാൽ നിതി ആയോഗും റിസർവ്‌ ബാങ്കിന്റെ ആഭ്യന്തര സമിതിയും മുന്നോട്ടുവച്ചിട്ടുള്ള രണ്ട്‌ അപകടങ്ങൾകൂടി ബാങ്കിങ്‌ മേഖലയുടെ നിലനിൽപ്പിനെ ബാധിക്കുന്നതായി വരാനിരിക്കുന്നതേയുള്ളൂ. അതിലൊന്ന് ബാങ്കിങ്‌ ഇൻവെസ്റ്റ്മെന്റ് കമ്പനി അഥവാ ബിഐസിയാണ്. അവശേഷിക്കുന്ന നാല്‌ പൊതുമേഖലാ ബാങ്കിലെ സർക്കാർ ഓഹരി മുഴുവൻ ബിഐസിയിലേക്ക് മാറ്റാനാണ് നിതി ആയോഗ് ആലോചിക്കുന്നത്.

വൻകിട കോർപറേറ്റുകൾക്കും ബിസിനസ്‌ കുടുംബങ്ങൾക്കും ബാങ്കു തുടങ്ങാൻ ലൈസൻസ് നൽകാനാണ് റിസർവ്‌ ബാങ്ക് ഉദ്ദേശിക്കുന്നത്. മുതലാളിത്തത്തിന്റെ കളിത്തൊട്ടിലായ അമേരിക്ക പോലും ചെയ്യാത്ത പണിയാണിത്. കൂട്ടത്തിൽ നിലവിലുള്ള സ്വകാര്യ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് സ്വയം ബാങ്കായി മാറാം. അങ്ങനെ സ്വകാര്യവൽക്കരണത്തിന്റെ പറുദീസയായി ഇന്ത്യാ രാജ്യം മാറുമ്പോൾ നമ്മൾ സ്വയംപര്യാപ്തമാകും എന്നാണ് ബിജെപി സർക്കാർ സ്വപ്നം കാണുന്നത്.

സി ജെ നന്ദകുമാർ

(ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകൻ)


കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment