Tuesday, November 17, 2020

കുത്തകകളുടെ വക്കാലത്തുമായി ഇങ്ങോട്ട്‌ വരേണ്ട ; അന്വേഷണ ഏജൻസികളോട്‌ മുഖ്യമന്ത്രി

 നാടിന്റെ വികസനം തടയാൻ ഒരു കുത്തകയുടെയും വക്കാലത്തുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ വരേണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഏതാനും വികല മനസ്സുകളുടെ താൽപ്പര്യത്തിനനുസരിച്ച്‌ തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറരുത്‌.

പാവപ്പെട്ടവർക്ക്‌ സൗജന്യനിരക്കിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന കെ ഫോൺ യുവതയുടെ പ്രതീക്ഷയാണ്‌. കിഫ്‌ബിയുടെ പണം ഉപയോഗിച്ച്‌ നവരത്‌ന കമ്പനിയായ ഭെൽ ആണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നാടാകെ കാത്തിരിക്കുന്ന പദ്ധതി ചില നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ പ്രയാസമുണ്ടാക്കും. ആ നിക്ഷിപ്‌ത താൽപ്പര്യം അന്വേഷണ ഏജൻസിക്ക്‌ വരുന്നത്‌ എങ്ങനെയാണ്‌. നിർവഹണ ഏജൻസിയെക്കുറിച്ചല്ല, കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിനോടാണ്‌ അവരുടെ വിയോജിപ്പ്‌. ഇതൊക്കെ നടപ്പാക്കാൻ കുത്തകകളും സ്വകാര്യ ഏജൻസികളുമുണ്ടല്ലോ, നിങ്ങൾ എന്തിനെന്നാണ്‌ കരുതുന്നതെങ്കിൽ അതേ നാണയത്തിൽ പറയുന്നു. ആ താൽപ്പര്യംവച്ച്‌ അവിടെയിരുന്നാൽ മതി. ഇങ്ങോട്ട്‌ വരേണ്ട–- മുഖ്യമന്ത്രി പറഞ്ഞു.

വീട്‌ ഒരു സ്വപ്‌നമായിത്തന്നെ മണ്ണടിഞ്ഞുപോകുമായിരുന്ന ലക്ഷങ്ങൾക്കാണ് ലൈഫ്‌ പദ്ധതിയുടെ ഗുണം. എന്തിനാണ്‌ ആ പദ്ധതിയുടെ മെക്കിട്ട്‌ കയറുന്നത്‌. അതിന്റെ ചുമതലക്കാരെ നിരന്തരം ചോദ്യംചെയ്യുന്നത്‌‌. യുഡിഎഫിന്റെ കാലത്തുണ്ടായിരുന്ന ടോറസ്‌ ഡൗൺടൗൺ പദ്ധതി ദീർഘകാലമായി ഷെൽഫിലാണ്‌. എൽഡിഎഫിന്‌ അതിനോട്‌ താൽപ്പര്യം വരുന്നത്‌ 15,000 പേർക്ക്‌ തൊഴിൽ ലഭിക്കുമെന്നതിനാലാണ്‌‌. നാടിനുവേണ്ടി നിലകൊള്ളുന്ന സർക്കാർ സ്വാഭാവികമായും താൽപ്പര്യം കാണിക്കും.

കേരളത്തിൽ വികസനം നടക്കുന്നതിൽ രാഷ്‌ട്രീയ നേതൃത്വം മാത്രമല്ല ഉത്തരവാദികൾ. മികച്ച ഭരണനിർവഹണത്തിന്‌ തുടർച്ചയായി അവാർഡ്‌ ലഭിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ട്‌. ആ ഉദ്യോഗസ്ഥരുടെ മേലെ രാജ്യത്തിലെ അന്വേഷണ ഏജൻസികൾ മുഴുവൻ വട്ടമിട്ട്‌ പറക്കുകയാണ്‌. ഉദ്യോഗസ്ഥരെ തുടർപ്രവർത്തനത്തിൽ നിസ്സംഗരാക്കുന്ന രീതിയിൽ ഇടപെടുകയാണ്‌ ലക്ഷ്യം.

ഞങ്ങൾക്ക്‌ നാട്‌ ഏൽപ്പിച്ച ഉത്തരവാദിത്തമുണ്ട്‌. 2016ൽ കേരളം എന്തായിരുന്നോ അവിടെനിന്ന്‌ പുറകോട്ടല്ല, മുന്നോട്ടുകൊണ്ടുപോകലാണ്‌ ദൗത്യം. ആ ഉത്തരവാദിത്തം നിവവേറ്റുമ്പോൾ രാഷ്‌ട്രീയ വിയോജിപ്പുള്ളവർ ഉണ്ടാകും. ആ അൽപ്പമനസ്സുകളുടെ കൂടെയല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടത്‌. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം ഇനിയും കൃത്യമായി നിറവേറ്റുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫും ബിജെപിയും ഒരുമിച്ചു; വികസനം തടയാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമം

രാഷ്ട്രീയക്ഷ്യത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസനപദ്ധതികൾ സ്തംഭിപ്പിക്കാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ‌മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എം മങ്കര, കേരളശേരി ലോക്കൽ കമ്മിറ്റി ഓഫീസുകൾ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ശിഥിലമായിക്കൊണ്ടിരിക്കുന്ന യുഡിഎഫ് കേരളവികസനം തടയാൻ  വർഗീയശക്തിയായ ബിജെപിയെ സുഹൃത്താക്കി. ഇരുസംഘവും ഒരുമിച്ചാണ് സർക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. കിഫ്‌ബിക്കെതിരെ ഹൈക്കോടതിയിൽ പോയത് സംഘപരിവാറും കേസ് വാദിച്ചത് കോൺഗ്രസ് നേതാവായ വക്കീലുമാണ്‌. ഇവിടെതന്നെ ഇരുവരും ഒന്നാണെന്ന് മനസ്സിലാക്കാം.

ജനങ്ങൾക്ക് എൽഡിഎഫ് സർക്കാരില്‍ പൂർണ വിശ്വാസമുണ്ട്. ഇത് തകർക്കാൻ ആർക്കും സാധിക്കില്ല. യുഡിഎഫ് കേരളത്തിൽ ദുർബലമായി. അവരുടെ പ്രബല കക്ഷിയായിരുന്നവർ ഇന്ന് എൽഡിഎഫിലാണ്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള വർഗീയ പാർടികളെയാണ് യുഡിഎഫ് കൂട്ടുപിടിക്കുന്നത്. മതനിരപേക്ഷരാണെന്ന് പറയുന്നവർ സംഘപരിവാറിനെയും കൂടെ കൂട്ടുന്നു. ഇവർക്കുണ്ടാകാൻ പോവുന്ന തകർച്ച ചെറുതല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും. ജനങ്ങളുടെ പ്രതിബദ്ധത ഈ മനക്കോട്ടകളെ തകർക്കും.

വർഗീയതയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാനാണ്‌ കേന്ദ്രത്തിന്റെ ശ്രമം. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ ഇതിന്‌ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു

No comments:

Post a Comment