Saturday, November 3, 2018

അയ്യങ്കാളിക്കും ഗുരുവിനും വിലക്ക‌്, കാളകൾക്കാവാം

അയിത്തോച്ചാടന പ്രക്ഷോഭ ചരിത്രത്തിലെ ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കത്തേത‌്. അതിനെപിന്തുണച്ച‌് മന്നത്ത‌് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചതും ചരിത്രം

കോട്ടയം >ശബരിമല വിഷയത്തിൽ അനാവശ്യ സമരത്തിനിറങ്ങുന്ന സമുദായ പ്രമാണിമാർ മറക്കരുതായിരുന്നു അയിത്തത്തിനെതിരായ വൈക്കം സത്യഗ്രഹ പ്രസ്ഥാനത്തെയും സവർണ ജാഥയെയും.  അയിത്തോച്ചാടന പ്രക്ഷോഭ ചരിത്രത്തിലെ ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കത്തേത‌്. അതിനെപിന്തുണച്ച‌്  മന്നത്ത‌് പത്മനാഭന്റെ നേതൃത്വത്തിൽ  സവർണജാഥ സംഘടിപ്പിച്ചതും ചരിത്രം . കേരള നവോത്ഥാന പാരമ്പര്യത്തിലെ തിളക്കമാർന്ന പ്രക്ഷോഭപ്രഭ കേരളത്തിനുണ്ടെങ്കിലും  ശബരിമലയിലെ യുവതി പ്രവേശം സാമൂഹ്യമുന്നേറ്റ പ്രക്രിയയുടെ പിന്തുടർച്ചയായി കാണാൻ ചിലർക്കാകുന്നില്ല.

1924 മാർച്ച് 30 ന് രാവിലെ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നീ മൂന്ന് പുലയ ഈഴവ നായർ യുവാക്കൾ ആരംഭിച്ച സത്യഗ്രഹ സമരമാണ് അറസ്റ്റും മർദനവും പീഡനവും നിറഞ്ഞ പോരാട്ടമായി വളർന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ  മതിൽക്കെട്ടിനു പുറത്തുള്ള വഴികളിലൂടെ അവർണർ നടന്നുകൂടാ എന്ന് തീണ്ടൽപ്പലക വച്ച് നിരോധിച്ചിരുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യമാണ് സമരത്തിനാധാരം. 

സവർണർ നിയോഗിച്ച ഗുണ്ടകൾ സത്യഗ്രഹികളെ മർദിക്കുകയും ചുണ്ണാമ്പ് എഴുതി കണ്ണു പൊട്ടിക്കുകയും ചെയ്തിട്ടും ഗാന്ധിജിയെ പോലും അമ്പരപ്പിക്കുന്ന സമരസഹനനിഷ്ഠയുമായി സത്യഗ്രഹികൾ മുന്നേറി. ടി കെ മാധവൻ,  മന്നത്ത‌് പത്മനാഭൻ , കെ പി കേശവമേനോൻ, ജോർജ് ജോസഫ്, കെ കേളപ്പൻ, ചങ്ങനാശേരി പരമേശ്വരൻ പിള്ള തുടങ്ങിയ അതികായരെല്ലാം സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 

അയ്യങ്കാളിക്കും ഗുരുവിനും വിലക്ക‌്, കാളകൾക്കാവാം

അവർണ വിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ മാത്രമല്ല അതിനു ചുറ്റുമുള്ള പൊതുവീഥികളിൽ‌പ്പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.  അഹിന്ദുക്കളായ  ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഈ വിലക്ക് ബാധകമായിരുന്നില്ല എന്നത് അവർണ വിഭാഗങ്ങളെ  കൂടുതൽ അപമാനിതരാക്കി. ക്ഷേത്രത്തെ തീണ്ടാതെ നടക്കാനായി, അവർണയാത്രക്കാർക്ക് രണ്ടുമൂന്നു മൈൽ ദൈർഘ്യം കൂടുതലുള്ള വഴിയേ ചുറ്റിവളഞ്ഞു യാത്രചെയ്യേണ്ടി വന്നു.

കാളവണ്ടിയിൽ  യാത്രചെയ്യുകയായിരുന്ന പുലയസമുദായ നേതാവ് അയ്യങ്കാളിക്ക‌് സവർണരുടെ എതിർപ്പുമൂലം വണ്ടിയിൽ നിന്നിറങ്ങി വളഞ്ഞ വഴിയേ നടന്നുപോകേണ്ടിവന്നു.അദ്ദേഹമില്ലാത്ത കാളയ‌്ക്കും വണ്ടിക്കും നേർവഴിയിൽ പോകാൻ അനുവാദവും കിട്ടി. മറ്റൊരിക്കൽ ശ്രീനാരായണ ഗുരു യാത്രചെയ്തിരുന്ന റിക്ഷ വൈക്കം ക്ഷേത്രത്തിന് സമീപം തടയുകയും തിരിച്ചുവിടുകയും ചെയ്തു.

500 പേരടങ്ങിയ പദയാത്ര തിരുവനന്തപുരത്ത‌് എത്തുമ്പോൾ 5000 േപർ

വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച് തിരുവനന്തപുരത്തേക്കു നടത്തിയ സവർണപദയാത്ര നയിച്ചത് നായർസമുദായ നേതാവായ മന്നത്തു പത്മനാഭനാണ്. നായന്മാർക്കിടയിൽ പ്രചാരത്തിലിരുന്ന താലികെട്ടു കല്യാണം, തിരണ്ടുകുളി, ബ്രാഹ്മണ സംബന്ധ സമ്പ്രദായം, പുലകുളി തുടങ്ങിയ ജീർണാചാരങ്ങൾ ഇല്ലാതാക്കിയത‌്  1914 ഒക്ടോബർ 31 ന‌് സ്ഥാപിച്ച എൻഎസ‌്എസിന്റെ നേതൃത്വത്തിൽ. 500 പേരടങ്ങിയ സവർണ പദയാത്ര 1924 നവംബർ ഒന്നിന്  വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. വഴിക്ക് കൂടുതൽപേർ ചേർ‍ന്നു. തിരുവനന്തപുരത്ത‌് എത്തുമ്പോൾ 5000 പേരുണ്ടായിരുന്നു.  അതേദിവസം തന്നെ  ശുചീന്ദ്രത്തുനിന്ന് പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ 1000 പേരടങ്ങിയ മറ്റൊരു പദയാത്രയും തിരുവനന്തപുരത്തെത്തി. അവിടെ പൊതുസമ്മേളനവും നടത്തി.  നവംബർ 13 ന്  ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം റീജന്റ് മഹാറാണി  സേതുലക്ഷ്മീഭായിയെ കണ്ട് 25,000 സവർണർ ഒപ്പിട്ട ഒരു മെമോറാണ്ടം സമർപ്പിച്ചു.  മെമോറാണ്ടത്തിന‌് കിട്ടിയ പ്രതികരണം അനുകൂലമായിരുന്നില്ല. പിന്നീട്  എസ്എൻഡിപി യോഗം കാര്യദർശി എൻ കുമാരൻ 1925 ഫെബ്രുവരി ഏഴിന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചെങ്കിലും അത് 21 ന് എതിരെ 22 വോട്ടിന് പരാജയപ്പെട്ടു.

യാഥാസ്ഥിതികരുടെ നേതാവായ ഇണ്ടൻതുരുത്തിൽ നമ്പൂതിരി സത്യഗ്രഹികളെ മർദിക്കാൻ ആളെ വാടകക്കെടുത്ത് അയച്ചു. സത്യഗ്രഹികളെ കഴുത്തറ്റം വെള്ളത്തിൽ തള്ളിയിടുകയും അവരുടെ കണ്ണിൽ ചുണ്ണാമ്പ് കലർത്തിയ ലായനി തളിക്കുകയും ചെയ്തു.  പൊലീസ് നോക്കിനിൽക്കെയായിരുന്നു ഇത‌്. പെരുമ്പളം ആമചാടി തുരുത്തിൽ നിന്നെത്തിയ പുലയ സമുദായക്കാരനായ ആമചാടി തേവൻ, മൂവാറ്റുപുഴക്കാരൻ രാമൻ ഇളയത‌് എന്നിവരെ പച്ചചുണ്ണാമ്പെഴുതി കണ്ണുപൊട്ടിച്ചു. തിരുവല്ല ചിറ്റേടത്ത് ശങ്കുപിള്ളയെ  മർദിച്ചു കൊന്നു.  അക്രമവാഴ്ചക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട്  ഗാന്ധി തിരുവിതാംകൂറിലെ പൊലീസ് കമീഷണറായിരുന്ന ഡബ്ല്യു എച്ച് പിറ്റിന് എഴുതി.

1924 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് സർക്കാരും സത്യാഗ്രഹം പിൻ‌വലിക്കാമെന്ന് ഗാന്ധിയും സമ്മതിച്ചു. സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിനെത്തുടർന്ന‌് 603 ദിവസം നീണ്ടുനിന്ന സത്യഗ്രഹം പിൻ‌വലിക്കാൻ  1925 ഒക്ടോബർ എട്ടിന‌്  ഗാന്ധി നിർദേശം നൽകി. എന്നാൽ  ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കാൻ വൈകിയതുമൂലം പ്രക്ഷോഭം അടുത്ത മാസമാണ് പിൻ‌വലിച്ചത്.

No comments:

Post a Comment