Thursday, October 20, 2011

സ. സി എച്ച് കണാരന്‍ : അതുല്യനായ സംഘാടകന്‍

സ. സി എച്ച് കണാരന്‍ അന്തരിച്ചിട്ട് 39 വര്‍ഷം പിന്നിടുന്നു. അനീതികള്‍ക്കെതിരെ അവിശ്രമം പടപൊരുതിയ സാമൂഹ്യപരിഷ്കര്‍ത്താവും സാമ്രാജ്യത്വത്തിനെതിരായ സമരപതാകയേന്തിയ ധീരപോരാളിയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ അതുല്യസംഘാടകനും ആശയവ്യക്തതയുള്ള വിപ്ലവകാരിയുമായിരുന്ന സി എച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20നാണ് വിടപറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സര്‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ അടിയുറച്ച സംഘടന മാത്രമാണെന്ന് തിരിച്ചറിഞ്ഞ സി എച്ച്, കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തുന്നതില്‍ മൂല്യവത്തായ പങ്കാളിത്തമാണ് വഹിച്ചത്. "ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുന്ന നയസമീപനങ്ങളും പ്രവര്‍ത്തനരീതിയും അംഗീകരിച്ച് പ്രസ്ഥാനത്തെ വളര്‍ത്തി ശക്തിപ്പെടുത്താന്‍ ശ്രമിച്ച വിപ്ലവനേതാക്കളില്‍ കൃഷ്ണപിള്ളയെ കഴിച്ചാല്‍ ഏറ്റവും സമര്‍ഥനായ സഖാവായിരുന്നു സി എച്ച്"-എന്നാണ് ഇ എം എസ് വിലയിരുത്തിയത്.

"എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എല്ലാം പ്ലാന്‍ ചെയ്തിട്ടാവും സി എച്ച് അവിടെ എത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി വിശദമായി സഖാവ് പ്ലാന്‍ ചെയ്യും-" എന്ന് സി എച്ചിലെ സംഘാടകനെ എ കെ ജി വിശകലനംചെയ്തു. സി എച്ചിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വര്‍ഷം കൂടിയാണിത്. ഒരു നൂറ്റാണ്ടുമുമ്പ്, മയ്യഴിക്കടുത്ത് അഴിയൂരിലെ അനന്തന്റെയും പുന്നോലിലെ നാരായണിയുടെയും മകനായി സാധാരണ കുടുംബത്തില്‍ ജനിച്ച സി എച്ച് സ്കൂള്‍ വിദ്യാഭ്യാസകാലത്ത് മികച്ച കായികതാരമെന്നും സമര്‍ഥനായ വിദ്യാര്‍ഥിയെന്നും അംഗീകാരം നേടി. മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചശേഷം രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ സജീവമായി. 1932ല്‍ കതിരൂരില്‍ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പ്രസംഗിച്ചതിന് അറസ്റ്റുചെയ്യപ്പെട്ടു. 13 മാസം ജയിലില്‍ കഴിഞ്ഞു.
1933-35 കാലത്ത് എലിമെന്ററി സ്കൂളുകളില്‍ അധ്യാപകനായി. ജാതി-മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനത്തിലാണ് അക്കാലയളവില്‍ പ്രധാന ശ്രദ്ധ പതിപ്പിച്ചത്. സാമൂഹ്യപരിഷ്കര്‍ത്താവിന്റെ അവധാനതയോടെ അദ്ദേഹം അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരടിച്ചു; ബോധവല്‍ക്കരണം നടത്തി. 1933ല്‍ കണ്ണൂര്‍ ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ ബംഗാളിലെ വിപ്ലവകാരികളുമായുള്ള സഹവാസം പകര്‍ന്നുനല്‍കിയ പുതിയ ജ്ഞാനമണ്ഡലമായിരുന്നു സി എച്ചിന്റെ മനസ്സില്‍ . ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ സാമൂഹ്യാവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ നിര്‍ഭയമായ മുന്നേറ്റമുണ്ടാകണമെന്ന് സി എച്ച് ആഗ്രഹിച്ചു; അതിനായി പ്രവര്‍ത്തിച്ചു. "കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം" എന്ന പേരില്‍ സംഘടനയ്ക്ക് രൂപംനല്‍കി.

1939 നവംബറില്‍ ആരംഭിച്ച തലശേരി ന്യൂ-ഡര്‍ബാര്‍ ബീഡിക്കമ്പനി പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഒരുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ജയിലില്‍നിന്ന് പുറത്തുവന്ന സി എച്ച് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നതിന് ഒളിവിലിരുന്ന് നേതൃത്വം കൊടുത്തു. 1942ല്‍ നടന്ന ബോംബെ പാര്‍ടി പ്ലീനത്തിലും പങ്കെടുത്തു. 1952ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. 1957ല്‍ നാദാപുരം മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി എച്ച് ഭൂപരിഷ്കരണ ബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖനാണ്. സിപിഐ എം രൂപംകൊണ്ട 1964 മുതല്‍ മരിക്കുംവരെ പാര്‍ടിയുടെ കേരള സംസ്ഥാന സെക്രട്ടറി ആയിരുന്നു. ലോക മുതലാളിത്തത്തിന്റെ തകര്‍ച്ചയ്ക്ക് വേഗം കൂടുകയും ഏകധ്രുവ ലോകത്തിന്റെ അമരത്തിരിക്കുന്ന അമേരിക്ക അഗാധമായ കുഴപ്പത്തില്‍ പിടയുകയും ചെയ്യുന്ന ഘട്ടത്തിലാണ് സ. സി എച്ച് ദിനം ഇത്തവണ നാം ആചരിക്കുന്നത്. മുതലാളിത്തമാണ് അനശ്വരം എന്ന അവകാശവാദം ഇന്ന് എവിടെയും മുഴങ്ങുന്നില്ല. വികസിത മുതലാളിത്തരാജ്യങ്ങളെയാകെ പ്രതിസന്ധി ഗ്രസിച്ചിരിക്കുന്നു. വന്‍കിട ബാങ്കുകളുടെയും ധനമൂലധനത്തിന്റെയും ലോകതലസ്ഥാനമെന്നറിയപ്പെടുന്ന അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനായി ആ രാജ്യത്തെ ജനങ്ങള്‍തന്നെ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുന്നു.

കോര്‍പറേറ്റ് കൊള്ളയ്ക്കെതിരെ അപ്രതിരോധ്യമായ ജനവികാരമാണ് അമേരിക്കയിലുടനീളം ഉയരുന്നത്. അമേരിക്കയില്‍ മാത്രമല്ല ഈ അവസ്ഥ. പൊതുചെലവുകള്‍ വെട്ടിച്ചുരുക്കിയുള്ള കമ്മികുറയ്ക്കല്‍ , കൂലിയും വേതനവും വെട്ടിക്കുറയ്ക്കല്‍ , നിയമനനിരോധം, വിരമിക്കല്‍പ്രായം വര്‍ധിപ്പിക്കല്‍ തുടങ്ങിയ എളുപ്പവഴികളിലൂടെ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന യൂറോപ്പിലെ വലതുപക്ഷ- മധ്യ വലതുപക്ഷ ഗവണ്‍മെന്റുകളും ഇതേ ജനരോഷമാണ് നേരിടുന്നത്. അവിടങ്ങളിലാകെ തൊഴിലില്ലായ്മ രൂക്ഷമാവുകയും തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും ശക്തമായ പ്രതിഷേധമുയര്‍ത്തി മുന്നോട്ടുവരികയും ചെയ്യുന്നു. പ്രതിസന്ധിയുടെ ബാധ്യത സാധാരണ ജനങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിച്ച് ബാങ്കുകളെയും കോര്‍പറേറ്റുകളെയും വലതുപക്ഷ സര്‍ക്കാരുകള്‍ നഗ്നമായി സഹായിക്കുന്നത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജനരോഷം മുതലാളിത്തത്തിന്റെ അനിവാര്യമായ പതനത്തിന് വേഗം കൂട്ടുമെന്നതില്‍ സംശയം വേണ്ട. ഇന്ത്യയില്‍ നവഉദാരനയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ സാംഗത്യമാണ് ഈ ലോകപശ്ചാത്തലം നമുക്ക് കാണിച്ചുതരുന്നത്. ആഗോളവല്‍ക്കരണമന്ത്രവും അമേരിക്കന്‍ ദാസ്യവും മുറുകെപ്പിടിക്കുന്ന ഇന്ത്യയെയും അപകടം തുറിച്ചുനോക്കുന്നു. അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും ഇന്ത്യയുടെ മുഖമുദ്രകളായി മാറിയിരിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളുടെ ഘോഷയാത്രകള്‍ യുപിഎ ഭരണത്തില്‍ ഉണ്ടാകുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുക, കാര്യക്ഷമമായ ലോക്പാല്‍ ബില്‍ കൊണ്ടുവരിക, സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വളം ഉറപ്പാക്കുക, യൂറിയയുടെ കരിഞ്ചന്ത അവസാനിപ്പിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവ് നികത്തുക, ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം തടയുക, ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നിങ്ങനെയുള്ള സുപ്രധാന ആവശ്യങ്ങളുയര്‍ത്തി ജനകീയപ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുകയാണ്. യുപിഎ സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെയും ജനപിന്തുണ നാള്‍ക്കുനാള്‍ ശോഷിച്ചുവരുന്നു. പകരക്കാരാകാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ വര്‍ഗീയമുഖത്തിനുപുറമെ, അഴിമതിയുടെയും ജനദ്രോഹത്തിന്റെയും വികൃതമായ മുഖംകൂടി ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെടുന്ന അനുഭവമാണ് ഏറ്റവുമൊടുവില്‍ കര്‍ണാടകത്തിലുണ്ടായത്. യുപിഎ സര്‍ക്കാരിലെ ഉന്നതര്‍ തിഹാര്‍ ജയിലിലാണെങ്കില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും തടവറയില്‍ തന്നെ.

അഴിമതിയുടെയും ജനവിരുദ്ധസമീപനത്തിന്റെയും പ്രതീകങ്ങളായ ഈ രണ്ടു പാര്‍ടികള്‍ക്കും ബദലായ ജനകീയമുന്നേറ്റമാണ് ഇടതുപക്ഷം നയിക്കുന്ന പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെടേണ്ടത്. കേരളത്തില്‍ തലനാരിഴ ഭൂരിപക്ഷത്തിന് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് യുദ്ധം ചെയ്യുന്നു. ഭരണഘടനാസംവിധാനങ്ങളെയും ഭരണത്തിന്റെ സമസ്ത തലങ്ങളെയും ദുരുപയോഗിച്ചുകൊണ്ട് അഴിമതിയുടെയും അതിക്രമത്തിന്റെയും വാഴ്ചയ്ക്കാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസമേഖലയിലെ മെറിറ്റ് സംവിധാനം അട്ടിമറിക്കുന്നതിനെതിരെ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുണ്ട; അട്ടിമറിയിലൂടെ അനര്‍ഹമായ പ്രവേശനം നേടിയ ആള്‍ക്ക് പരിരക്ഷ. വിദ്യാര്‍ഥികളെ വെടിവച്ച പൊലീസുദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ നിയമസഭയില്‍പോലും വഴിവിട്ട കളികള്‍ ; അത് ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തോട് അസഹിഷ്ണുതയുടെയും അഹങ്കാരത്തിന്റെയും ഭാഷ. നുണക്കഥ സൃഷ്ടിച്ചാണ് രണ്ട് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണം പച്ചക്കള്ളമാണ് എന്ന് നിയമസഭയിലെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ തെളിഞ്ഞു. പരസ്യമായി സഭയോടും ജനങ്ങളോടും മാപ്പുപറയേണ്ടതിനുപകരം വീണ്ടും അധികാരഗര്‍വുകാട്ടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതേസമയം, സഭയില്‍ ആഭാസകരമായി പെരുമാറിയ മന്ത്രിയെ തൊടാന്‍ തയ്യാറാകുന്നില്ല.

പൊലീസിനെ ഭരണകക്ഷിയുടെ ഭൃത്യപ്പടയാക്കിയിരിക്കുന്നു. ഒരു അധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട കേസ് മൂന്നാഴ്ച കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാത്ത നാണക്കേടിലേക്ക് പൊലീസ് സേനയെ എത്തിച്ചത് ഭരണനേതൃത്വത്തിന്റെ ലജ്ജാകരമായ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ്. എക്സിക്യൂട്ടീവിനെ ദുരുപയോഗിക്കുന്നതുപോലെ, നിയമസഭയെയും ഉപയോഗിക്കും എന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രകടനത്തില്‍ വ്യക്തമായത്. ജുഡീഷ്യറിയെ വിലയ്ക്കെടുത്തു എന്ന് ആരോപിക്കപ്പെട്ടവര്‍ യുഡിഎഫ് മന്ത്രിസഭയില്‍ തുടരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി ചിലര്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ചുവടുപിടിച്ച് ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കാനും യുഡിഎഫ് ഭരണം മത്സരിക്കുന്നു. വികസനം പുറകോട്ടുപോകുന്നു. ക്ഷേമപദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു. അഞ്ചുകൊല്ലം മുമ്പത്തെ യുഡിഎഫ് ഭരണം കൂടുതല്‍ വഷളായ നിലയില്‍ തിരിച്ചുകൊണ്ടുവരികയാണ്. ഇതിനെതിരായ ജനരോഷമാണ് നിയമസഭയിലും പുറത്തും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഫലിച്ചത്. ഈ സമരം കൂടുതല്‍ കരുത്തോടെ കൊണ്ടുപോകാനുള്ള ഊര്‍ജം പകരുന്നതാവും സ. സി എച്ചിന്റെ സ്മരണ.

പിണറായി വിജയന്‍ ദേശാഭിമാനി 201011

2 comments:

  1. സ. സി എച്ച് കണാരന്‍ അന്തരിച്ചിട്ട് 39 വര്‍ഷം പിന്നിടുന്നു. അനീതികള്‍ക്കെതിരെ അവിശ്രമം പടപൊരുതിയ സാമൂഹ്യപരിഷ്കര്‍ത്താവും സാമ്രാജ്യത്വത്തിനെതിരായ സമരപതാകയേന്തിയ ധീരപോരാളിയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ അതുല്യസംഘാടകനും ആശയവ്യക്തതയുള്ള വിപ്ലവകാരിയുമായിരുന്ന സി എച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20നാണ് വിടപറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സര്‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ അടിയുറച്ച സംഘടന മാത്രമാണെന്ന് തിരിച്ചറിഞ്ഞ സി എച്ച്, കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തുന്നതില്‍ മൂല്യവത്തായ പങ്കാളിത്തമാണ് വഹിച്ചത്. "ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുന്ന നയസമീപനങ്ങളും പ്രവര്‍ത്തനരീതിയും അംഗീകരിച്ച് പ്രസ്ഥാനത്തെ വളര്‍ത്തി ശക്തിപ്പെടുത്താന്‍ ശ്രമിച്ച വിപ്ലവനേതാക്കളില്‍ കൃഷ്ണപിള്ളയെ കഴിച്ചാല്‍ ഏറ്റവും സമര്‍ഥനായ സഖാവായിരുന്നു സി എച്ച്"-എന്നാണ് ഇ എം എസ് വിലയിരുത്തിയത്.

    ReplyDelete
  2. അതുല്യ കമ്യൂണിസ്റ്റ് സംഘാടകനും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച് കണാരന് നാടിന്റെ സ്മരണാഞ്ജലി. പ്രഭാതഭേരിയോടെയും പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണയോഗങ്ങള്‍ നടത്തിയുമാണ് കേരളം സി എച്ച് സ്മരണ പുതുക്കിയത്. സി എച്ച് അന്ത്യവിശ്രമംകൊള്ളുന്ന കോടിയേരി പുന്നോലിലെ ശവകുടീരത്തില്‍ വ്യാഴാഴ്ച രാവിലെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. മാടപ്പീടിക കേന്ദ്രീകരിച്ച് പ്രകടനമായാണ് പുഷ്പാര്‍ച്ചനയ്ക്ക് എത്തിയത്. അനുസ്മരണയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ സംസാരിച്ചു. പുഞ്ചയില്‍ നാണു അധ്യക്ഷനായി. കാരായി രാജന്‍ സ്വാഗതം പറഞ്ഞു. സി എച്ചിന്റെ മൂത്തമകള്‍ സി കെ ശ്യാമളയും ബന്ധുക്കളും പങ്കെടുത്തു. തലശേരി ടൗണില്‍ ബഹുജനപ്രകടനവും അനുസ്മരണസമ്മേളനവുമുണ്ടായി. സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ശിവദാസമേനോന്‍ ഉദ്ഘാടനംചെയ്തു. ടി പി ശ്രീധരന്‍ അധ്യക്ഷനായി. പി ജയരാജന്‍ , കാരായി രാജന്‍ എന്നിവര്‍ സംസാരിച്ചു. ജീവപര്യന്തം തടവ് കഴിഞ്ഞ പാനൂര്‍ പൊയിലൂരിലെ സജീവന് ധനസഹായം നല്‍കി. സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ പി ജയരാജനും കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തില്‍ കെ പി സതീഷ്ചന്ദ്രനും കണ്ണൂര്‍ ദേശാഭിമാനിയില്‍ എം കെ മോഹനനും പതാക ഉയര്‍ത്തി. കൊച്ചി ദേശാഭിമാനിയില്‍ യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ പതാക ഉയര്‍ത്തി. വിവിധ കേന്ദ്രങ്ങളില്‍ പ്രഭാതഭേരിയും പുഷ്പാര്‍ച്ചനയും അനുസ്മരണയോഗങ്ങളും നടന്നു.

    ReplyDelete