Thursday, November 11, 2010

2ജി സ്‌പെക്ട്രം ഇടപാട്: 1.70 ലക്ഷം കോടിയുടെ നഷ്ടത്തിന് ഉത്തരവാദി രാജ

2ജി സ്‌പെക്ട്രം ഇടപാട്: 1.70 ലക്ഷം കോടിയുടെ നഷ്ടത്തിന് ഉത്തരവാദി രാജ : സി എ ജി
ന്യൂഡല്‍ഹി: രണ്ടാം തലമുറ (2 ജി) സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടു നടത്തിയതിലൂടെ പൊതു ഖജനാവിന് 1.70 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയതിന് കേന്ദ്ര ടെലികോം മന്ത്രി എ രാജയാണ് ഉത്തരവാദിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. 2 ജി സ്‌പെക്ട്രം ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സി എ ജി പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു.

പ്രധാനമന്ത്രിയുടെയും നിയമ, ധന മന്ത്രാലയങ്ങളുടെയും ഉപദേശങ്ങള്‍ മറികടന്നാണ് സ്‌പെക്ട്രം ഇടപാടില്‍ രാജ പ്രവര്‍ത്തിച്ചതെന്നും ഇത് പൊതുഖജനാവിന് വന്‍ നഷ്ടം വരുത്തിവച്ചെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 1.70 ലക്ഷം കോടി രൂപയാണ് 2ജി ഇടപാടില്‍ രാജ്യത്തിനു നഷ്ടം സംഭവിച്ചത്. ഇതിന് ടെലികോം മന്ത്രിയാണ് ഉത്തരവാദി. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായി) ശുപാര്‍ശകള്‍ കാറ്റില്‍ പറത്തിയാണ് മന്ത്രി ലൈസന്‍സുകള്‍ അനുവദിച്ചത്. തങ്ങളുടെ ശുപാര്‍ശകള്‍ അവഗണിക്കപ്പെടുന്നത് കാഴ്ചക്കാരായി നോക്കിനിന്ന ട്രായിയും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന് സി എ ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2008 ജനുവരിയില്‍ രണ്ടാം തലമുറ സ്‌പെക്ട്രം അനുവദിക്കപ്പെട്ട 122 ലൈസന്‍സുകളില്‍ 85 എണ്ണത്തിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സി എ ജി അന്വേഷണത്തില്‍ കണ്ടെത്തി. 12 കമ്പനികള്‍ക്കായാണ് ഇതു നല്‍കിയത്. മൂന്നു വ്യത്യസ്ത രീതികള്‍ അവലംബിച്ചാണ്, സ്‌പെക്ട്രം ഇടപാടിലൂടെ പൊതുഖജനാവിനു വന്ന നഷ്ടം സി എ ജി വിലയിരുത്തിയിട്ടുള്ളത്. എസ് ടെല്‍ ലിമിറ്റഡ് പ്രധാനമന്ത്രിക്കും ടെലികോം മന്ത്രിക്കും 2007ല്‍ നല്‍കിയ കത്തില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളാണ് ഇതില്‍ ഒന്നാമത്തേത്. ഇതനുസരിച്ച് 122 ലൈസന്‍സുകള്‍ക്ക് 65,725 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടെലികോം മന്ത്രാലയം നടത്തിയ ഇടപാടില്‍ ലഭിച്ചത് 9,013 കോടി രൂപയാണ്. എസ് ടെല്‍ വാഗ്ദാനം ചെയ്ത ഡ്യുവല്‍ ടെക്‌നോളജി നിരക്ക് 24,591 കോടിയാണ്. ഇതനുസരിച്ച് ആകെ തുക 90,316 കോടി വരും.

മൂന്നാം തലമുറ സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ച തുകയുമായുള്ള താരതമ്യമാണ് സി എ ജി അവലംബിച്ച രണ്ടാമത്തെ രീതി. ഇതനുസരിച്ച് 111,511 കോടി രൂപയായിരുന്നു 2ജി ലൈസന്‍സുകള്‍ക്കു ലഭിക്കേണ്ടിയിരുന്നത്. ഡ്യുവല്‍ ടെക്‌നോളജി കണക്കിലെടുക്കുമ്പോള്‍ ഇത് 40,526 കോടി വരും. ഈ രീതിയില്‍ കണക്കുകൂട്ടുമ്പോള്‍ പൊതുഖജനാവിനു വന്ന നഷ്ടം 139,652 കോടിയാണ്. 2008ല്‍ 6.2 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം അനുവദിച്ചിട്ടുണ്ടെന്നത് കണക്കിലെടുക്കുമ്പോള്‍ നഷ്ടം 176,379 കോടിയാവുമെന്ന് സി എ ജി ചൂണ്ടിക്കാട്ടുന്നു. ലൈസന്‍സ് ലഭിച്ച കമ്പനികളിലേയ്ക്ക് ഒഴുകിയ വിദേശനിക്ഷേപം കണക്കിലെടുക്കുമ്പോള്‍ ഒരു രാജ്യവ്യാപക ലൈസന്‍സിന് 7442 കോടി മുതല്‍ 47,918 കോടി വരെ ലഭിക്കുമായിരുന്നു. എന്നാല്‍ രാജ ഒരു രാജ്യവ്യാപക ലൈസന്‍സിന് ഈടാക്കിയത് കേവലം 1658 കോടി രൂപയാണ്.

ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ മാനദണ്ഡമുണ്ടാക്കി ചില പ്രത്യേക കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് മന്ത്രി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു ഇത്. സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കാനും സുതാര്യമായ രീതിയില്‍ പ്രവേശന ഫീസ് പുതുക്കാനും ആവശ്യപ്പെട്ട് 2007 നവംബറില്‍ പ്രധാനമന്ത്രി രാജയ്ക്കു കത്തു നല്‍കിയിരുന്നു. പുതിയ ഓപ്പേററ്റര്‍മാര്‍ക്കു നല്‍കാനുള്ളത്ര 2 ജി സ്‌പെക്ട്രം ലഭ്യമാണെന്നും ടെലി സാന്ദ്രത വര്‍ധിക്കുന്നത് താരിഫ് കുറയ്ക്കുമെന്നുമായിരുന്നു ഇതിന് രാജയുടെ മറുവാദം. യൂണിഫൈഡ് ആക്‌സസ് സര്‍വീസ് (യു എ എസ്) നയം തയ്യാറാക്കിയതും അതിനു ഭേദഗതി വരുത്തിയതും ഒരാഴ്ചകൊണ്ടാണ്. തോന്നിയപോലെയാണ് മൊത്തം ഇടപാടും നടത്തിയിരിക്കുന്നത്. ട്രായ് ശുപാര്‍ശകളോ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള തീരുമാനങ്ങളോ കണക്കിലെടുക്കാതെയാണ് ടെലികോം മന്ത്രാലയം പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന് ആവര്‍ത്തിക്കുമ്പോഴും എ രാജയ്‌ക്കെതിരെ പ്രധാനമന്ത്രിയും കോണ്‍ഗ്രസും നിസ്സംഗ സമീപനം പുലര്‍ത്തുന്നതിനിടെയാണ് സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആരോപണവിധേയനായ എ രാജ തന്നെ ഇപ്പോവും ടെലികോം വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ സുപ്രിം കോടതി അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ജനയുഗം 111110

Wednesday, November 10, 2010

ഒബാമയുടെ സന്ദര്‍ശനവും പതിയിരിക്കുന്ന അപകടങ്ങളും

അത്യാകര്‍ഷകമായ പ്രഭാഷണശൈലിയുടെ ഉടമ മാത്രമല്ല, ഒന്നാംതരം കച്ചവടക്കാരനുമാണ് താനെന്ന് തെളിയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനവേളയില്‍ കഴിഞ്ഞു. കഴിവുള്ള കച്ചവടക്കാരന്റെ വിലപേശല്‍ തന്ത്രെമല്ലാം ഇന്ത്യയോട് പ്രയോഗിച്ച ഒബാമ അതില്‍ നല്ല വിജയം നേടുകയും ചെയ്തു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍ ഒബാമ മറച്ചുവെച്ചിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹം സത്യസന്ധത കാണിച്ചുവെന്നു സമ്മതിക്കണം. ഇന്ത്യയുടെ വിപണി അമേരിക്കയ്ക്ക് തുറന്നുതരണം, അമേരിക്കയില്‍ ഇന്ത്യയുടെ നിക്ഷേപം (ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ) വര്‍ധിപ്പിക്കണം. അമേരിക്കയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കനുരോധമായി ഇന്ത്യയുടെ വിദേശനയം മാറ്റണം. ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള ദൗത്യവുമായാണ് ഒബാമ ഇന്ത്യയിലെത്തിയത് എന്ന് സന്ദര്‍ശനം വ്യക്തമാക്കി.

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ പെടാപാടുപെടുകയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് വര്‍ധിച്ചുവരുന്ന അമേരിക്കയിലെ തൊഴിലില്ലായ്മ. ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ലക്ഷം കോടി ഡോളറോളം ചെലവഴിച്ച രക്ഷാ പാക്കേജുകള്‍ അമേരിക്കന്‍ കമ്പനികളെ പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായി രക്ഷിച്ചില്ല. ഇതിലുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിനിധിസഭയിലേയ്ക്കും സെനറ്റിലേയ്ക്കും നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ജനങ്ങള്‍ പ്രകടിപ്പിച്ചു. ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റു. അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അമേരിക്കയിലെ കമ്പനികള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ വേണം. അവയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വന്‍തോതില്‍ വാങ്ങിക്കണം. ഒബാമ ഇന്ത്യയില്‍ കാലുകുത്തിയ അന്നു തന്നെ 44,000 കോടി രൂപയുടെ കരാറാണ് മുംബൈയില്‍ ഒപ്പുവെച്ചത്. അതുവഴി അമേരിക്കയില്‍ പുതുതായി അരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഒബാമ തന്നെ പറഞ്ഞു. അമേരിക്കയില്‍ വന്‍തോതില്‍ മൂലധന നിക്ഷേപത്തിനു ഇന്ത്യയിലെ വന്‍കിട വ്യവസായികള്‍ സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ തന്നെ അമേരിക്കയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മുതലാളിമാരുടെ മൂലധനനിക്ഷേപം അമേരിക്കയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ ആയുധങ്ങളും പ്രതിരോധ സാമഗ്രികളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. 22,000 ത്തില്‍പരം കോടി രൂപയുടെ ഇടപാടുകള്‍ക്കാണ് രൂപം നല്‍കിയത്. അതുവഴി കാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടും. ആണവ കരാറിന്റെ തുടര്‍ച്ചയായി കോടാനുകോടി രൂപയുടെ ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്നു വാങ്ങാനും ധാരണയായിട്ടുണ്ട്. ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനുള്ള ഉപാധിയായാണ് അമേരിക്കയില്‍ നിന്നും വന്‍തോതില്‍ റിയാക്ടറുകള്‍ വാങ്ങുന്നത്. പല രാജ്യങ്ങളും ആണവ നിലയങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതുമൂലം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അമേരിക്കയിലെ റിയാക്ടര്‍ നിര്‍മാതാക്കള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല. അവിടെ കെട്ടിക്കിടക്കുന്ന റിയാക്ടറുകള്‍ക്കുള്ള വിപണിയായി ഇന്ത്യ മാറുകയാണ്. ആണവ കരാറുകൊണ്ട് ഇന്ത്യയ്ക്ക് പൂര്‍ണ പ്രയോജനം ലഭിക്കണമെങ്കില്‍ ഇന്ധന പുനസംസ്‌കരണ സാങ്കേതികവിദ്യ കൈമാറണം. ഇക്കാര്യത്തില്‍ ഒരു ഉറപ്പും ഒബാമ നല്‍കിയിട്ടില്ല.
അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികള്‍ കണ്ണുവെയ്ക്കുന്ന മേഖലകളാണ് ചില്ലറ വ്യാപാരവും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് രംഗങ്ങളും കൃഷിയും. വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കായി ചില്ലറ വ്യാപാരം പര്‍ണമായി തുറന്നുകൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യത്തോട് യു പി എ സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളും ഇന്ത്യ തുറന്നുകൊടുക്കും. അമേരിക്കന്‍ വിത്തു കമ്പനികള്‍ക്കായി ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ സമര്‍പ്പിക്കുവാനും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സമ്മതം മൂളിയിട്ടുണ്ട്.

അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാവശ്യമായതെല്ലാം ചെയ്തു കൊടുക്കാന്‍ യു പി എ സര്‍ക്കാര്‍ സമ്മതിച്ചപ്പോള്‍, നമ്മുടെ ഐ ടി മേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പിക്കുന്ന പുറം ജോലി കരാര്‍ നിരോധനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ ഒബാമ തയ്യാറായില്ല. ഒബാമയില്‍ നിന്നും ഇതുസംബന്ധിച്ച വാഗ്ദാനം നേടാന്‍പോലും യു പി എ സര്‍ക്കാരിനു കഴിഞ്ഞില്ല.

യു എന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ നല്‍കുമെന്ന വാഗ്ദാനം ഇന്ത്യയുടെ വന്‍നേട്ടമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വാഗ്ദാനം തന്നെ ഉപാധികളോടെയുള്ളതാണെന്ന യാഥാര്‍ഥ്യം പലരും വിസ്മരിക്കുന്നു. ഇപ്പോള്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക അംഗത്വമുണ്ട്. രണ്ടു വര്‍ഷമാണ് കാലാവധി. ഈ കാലയളവിലെ ഇന്ത്യയുടെ പ്രകടനം നോക്കിയായിരിക്കും
സ്ഥിരാംഗത്വത്തിനുള്ള യോഗ്യത തീരുമാനിക്കുക എന്നാണ് ഒബാമ സൂചിപ്പിച്ചത്. ഇറാന് എതിരായ ഉപോരോധത്തില്‍ ഇന്ത്യ പങ്കാളിയാവണമെന്നത് ഒരു ഉപാധിയായിതന്നെ ഒബാമ ഉന്നയിച്ചു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ പങ്കാളിത്തമാണ് മറ്റൊരു ഉപാധി. അമേരിക്കയും നാറ്റോയും ഇപ്പോള്‍ അഫാഗാനിസ്ഥാനില്‍ വെള്ളം കുടിക്കുകയാണ്. അവരോടൊപ്പമുള്ള ഇന്ത്യയുടെ സൈനിക സാന്നിധ്യമാണ് അമേരിക്ക ലക്ഷ്യംവെയ്ക്കുന്നത് എന്ന് വ്യക്തം.

മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പാകിസ്ഥാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്നും പറഞ്ഞത് ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒബാമയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ വലിയ അന്തരമുണ്ട്. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന പ്രഖ്യാപനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആക്രമണത്തിന്റെ സൂത്രധാരരിലൊരാളായ ഹെഡ്‌ലിയെ വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്കു വിട്ടുതരാന്‍ സമ്മതിക്കേണ്ടതാണ്.
മ്യാന്‍മാറിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ജനാധിപത്യ വിരുദ്ധ ഭരണത്തെയും ഇന്ത്യ എതിര്‍ക്കുന്നില്ലെന്നു പറഞ്ഞ ഒബാമ, പക്ഷേ പലസ്തീന്‍ ജനതയ്ക്ക് എതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മിണ്ടിയില്ല. ഇറാഖില്‍ പതിനായിരക്കണക്കിനു മനുഷ്യരെ കൊന്നുതള്ളുകയും അതിപുരാതനമായ ആ രാജ്യത്തെ തകര്‍ക്കുകയും ചെയ്തതുവഴി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടത്തിയ രാജ്യത്തിന്റെ തലവനാണ് ലോകത്താകെ മനുഷ്യാവകാശ സംരക്ഷകനായി ചമയുന്നത്.

ഒബാമയുടെ സന്ദര്‍ശനം അദ്ദേഹത്തിനും അമേരിക്കയ്ക്കും നല്ല നേട്ടമാണ്. ഇന്ത്യയ്ക്ക് ലഭിച്ചത് കുറേ വാഗ്ദാനങ്ങള്‍ മാത്രം. അമേരിക്കയുടെ ആഗോള ആധിപത്യ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാവുന്നതിന്റെ വ്യക്തമായ ചുവടുവെയ്പ്പാണ് ഈ സന്ദര്‍ശനം. ഇതിന്റെ അപകടങ്ങള്‍ വരും നാളുകളില്‍ വ്യക്തമാകും.

ജനയുഗം മുഖപ്രസംഗം 101110

ലോട്ടറി: കേരളത്തിന്റെ വാദം കേന്ദ്രം ശരിവച്ചു

ഭൂട്ടാന്‍ ലോട്ടറിക്കെതിരായ കേരളത്തിന്റെ വാദം ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ശരിവച്ചു. ലോട്ടറി വിഷയത്തില്‍ 2004 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയക്കുന്ന കത്തുകള്‍ക്ക് ആദ്യമായി കഴിഞ്ഞ തിങ്കളാഴ്ച മറുപടി ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡയറക്ടര്‍ നീരജ് കന്‍സലില്‍ നിന്ന് തിങ്കളാഴ്ച നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി മാരപാണ്ഡ്യന് ലഭിച്ച കത്ത് (വി-17014/1/2010-സിഎസ്ആര്‍), ലോട്ടറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതാണ്. കഴിഞ്ഞ ആഗസ്ത് 18ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം മറുപടി അയച്ചത്.

സംസ്ഥാനസര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച്, ഭൂട്ടാന്‍ സര്‍ക്കാരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു. ഭൂട്ടാന്‍ സര്‍ക്കാരും ഇന്ത്യയിലെ വിതരണ ഏജന്‍സിയും തമ്മിലുള്ള കരാറില്‍ ചില വകുപ്പുകള്‍ 2010 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് തിരുത്തേണ്ടതുണ്ടെന്നും കത്തിലുണ്ട്. ഭൂട്ടാന്‍ ലോട്ടറിയുടെ ചില പദ്ധതികളും ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇവ ഭൂട്ടാന്‍ സര്‍ക്കാരും വില്‍പ്പന നടത്തുന്ന ഏജന്റും തമ്മിലുള്ള കരാറില്‍നിന്ന് നീക്കണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള പ്രസുകളില്‍ അല്ല ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. ഇത് തിരുത്തണം. ഒന്ന്, രണ്ട്, മൂന്ന് അക്ക ലോട്ടറികള്‍ ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ച് നിരോധിച്ചിട്ടുള്ളതാണ്. ഇതും ശ്രദ്ധിക്കണം. ദിനംപ്രതിയുള്ള നറുക്കെടുപ്പുകള്‍ക്കും നിയന്ത്രണമുണ്ട് എന്നാല്‍, ഭൂട്ടാന്‍ലോട്ടറി കൂടുതല്‍ നറുക്കെടുപ്പുകള്‍ നടത്തുന്നുണ്ട്. ഇത് തിരുത്തണം. ഭൂട്ടാന്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയതിനേക്കാളധികം ലോട്ടറികള്‍ പലപ്പോഴും അച്ചടിക്കുന്നുണ്ട്. ഇത് പരിശോധിക്കണം. ഭൂട്ടാന്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം മറ്റ് ലോട്ടറികള്‍ക്ക് ഒപ്പമല്ലാതെ പ്രത്യേകമായി പ്രസിദ്ധീകരിക്കണം. ഇത് പരിശോധിച്ച് തിരുത്തേണ്ടതാണ്. ഭൂട്ടാന്‍ ലോട്ടറി നറുക്കെടുപ്പ് തെറ്റായ രീതിയിലാണ് നടക്കുന്നതെന്ന കാര്യവും പരിശോധിക്കണം. വിദേശ മന്ത്രാലയവും ഭൂട്ടാന്‍ അംബാസഡറും തമ്മിലാണ് ലോട്ടറിക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. ലോട്ടറി നടത്തിപ്പിലെ ചില വസ്തുതകള്‍ ഭൂട്ടാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത കേസിന്റെ കാര്യവും അറിയിച്ചതായി കത്തില്‍ പറയുന്നു.
(അഞ്ജുനാഥ്)

ദേശാഭിമാനി 101110

കമ്യൂണിറ്റി പൊലീസിങ് കേരളംതന്നെ മാതൃക

കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ തൊപ്പിയില്‍ തിളങ്ങുന്ന ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ത്തുകൊണ്ട് കൊച്ചിയില്‍ നടന്ന ആഗോള കമ്യൂണിറ്റി പൊലീസിങ് സമ്മേളനം കടന്നുപോയി. നവംബര്‍ 3, 4 തീയതികളില്‍ സമ്മേളനത്തില്‍ 42 രാജ്യത്തുനിന്ന് 130 പ്രതിനിധികള്‍ പങ്കെടുത്തതുതന്നെ സമ്മേളനത്തിന്റെ പ്രാധാന്യവും ഗൌരവവും ബോധ്യപ്പെടുത്തുന്നതാണ്. ക്രമസമാധാനപാലനത്തില്‍ കേരളം വളരെ മുന്നിലാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇന്ത്യാടുഡെ നടത്തിയ സര്‍വേ ഇക്കാര്യം അംഗീകരിക്കുകയും ആഭ്യന്തരവകുപ്പിന് പുരസ്കാരം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തത് ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ ആഭ്യന്തരമന്ത്രി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്ത് വിവിധ വകുപ്പുകള്‍ കാണിച്ച കാര്യക്ഷമതയ്ക്ക് പുരസ്കാരങ്ങള്‍ തുടരെ തുടരെ ഏറ്റുവാങ്ങാന്‍ ഇടയായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ പരിഭ്രാന്തരായി. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ അവര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കണ്ട് മേലില്‍ ഇത്തരം പുരസ്കാരങ്ങള്‍ കേരളത്തിന് നല്‍കരുതെന്ന് കേണപേക്ഷിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതിലധികം നിലവാരത്തകര്‍ച്ച ഉണ്ടാകാനില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കേരളത്തിലെ ആഭ്യന്തരവകുപ്പിന് കമ്യൂണിറ്റി പൊലീസിങ്ങിന്റെ കാര്യത്തില്‍ പ്രശംസ ലഭിക്കുന്നത്.

കേരളത്തിലെ കമ്യൂണിറ്റി പൊലീസിങ്ങിനെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. "പല സമൂഹങ്ങളും ഭയത്തോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും ഇതിന് പരിഹാരമാണ് കമ്യൂണിറ്റി പൊലീസെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു. ഇതില്‍ കേരളത്തിന്റെ നേട്ടം മാതൃകാപരമാണ്. കൊച്ചിയില്‍ ഗ്ളോബല്‍ കമ്യൂണിറ്റി പൊലീസിങ് കോക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'' പൊലീസ് സേന ജനങ്ങളുടെ ശത്രുക്കളല്ല. മിത്രങ്ങളാണെന്ന ശരിയായ ധാരണ പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തി അകറ്റി നിര്‍ത്താനുള്ളതല്ല പൊലീസ് സേന. ജനങ്ങളും പൊലീസും തമ്മിലുള്ള പാലമാണ് കമ്യൂണിറ്റി പൊലീസിങ് എന്നത് മനസ്സിലാക്കേണ്ടതുണ്ട്. പൊലീസ് എന്ന ഇംഗ്ളീഷ് വാക്കിന് വിപുലമായ അര്‍ഥമുണ്ട്. 'പി' എന്ന അക്ഷരം പൊളൈറ്റ്നസ് (മര്യാദ) എന്നും 'ഒ' എന്നത് ഒബീഡിയന്‍സ് (അനുസരണം) എന്നും 'എല്‍' എന്നത് ലോയല്‍റ്റി (കൂറ്) എന്നും 'ഐ' എന്നത് ഇന്റലിജന്‍സ് (ബുദ്ധിശക്തി) എന്നും 'സി' എന്നത് ക്യാരക്ടര്‍ (സ്വഭാവഗുണം) എന്നും 'ഇ' എന്നത് എഡ്യൂക്കേഷന്‍ (വിദ്യാഭ്യാസം) എന്നും അര്‍ഥമാക്കുന്നുവെന്നാണ് പറയുന്നത്. പൊലീസ് സേനയെപ്പറ്റിയുള്ള ശരിയായ ധാരണ ഇതാണെന്നുവരുന്നു. എന്നാല്‍, വര്‍ഗവിഭജിതമായ സമൂഹത്തില്‍ ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെ അടിച്ചമര്‍ത്താനുള്ള ഉപകരണമായിട്ടാണ് പൊലീസിനെ ഉപയോഗപ്പെടുത്തുന്നതെന്നതും ഒരു നിമിഷംപോലും മറക്കാന്‍ പാടുള്ളതല്ല.

പൊലീസ് സേനയില്‍ അടിസ്ഥാനപരമായ ചില പരിഷ്കാരങ്ങള്‍ വരുത്താനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് കമ്യൂണിറ്റി പൊലീസിങ് ഇവിടെ നടപ്പാക്കാനും പടിപടിയായി വ്യാപിപ്പിക്കാനും തീരുമാനിച്ചത്. കമ്യൂണിറ്റി പൊലീസിങ് എന്ന് കേട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം ആരോപിച്ച് എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി ചിദംബരം പറയുന്നത് കേട്ടപ്പോള്‍ അവരുടെ തെറ്റിദ്ധാരണ നീങ്ങിയെന്നുമാണ് പറയുന്നത്. അതത്രയും നല്ലതെന്നേ പറയാനുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ എത്ര നല്ലകാര്യം ചെയ്താലും എതിര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ തെറ്റായ കാഴ്ചപ്പാടില്‍ മാറ്റംവരുത്താന്‍ ഇത് പ്രേരണ ചെലുത്തുമെങ്കില്‍ സ്വാഗതാര്‍ഹമാണ്. പ്രതിപക്ഷത്തിന്റെ ഇതേവരെയുള്ള സമീപനം പരിശോധിക്കുമ്പോള്‍ അത്തരം ഒരു പ്രതീക്ഷ അസ്ഥാനത്തായിരിക്കുമെന്നാണ് തോന്നുന്നത്. ഏത് നല്ല കാര്യവും എതിര്‍ക്കുക എന്നതാണ് യുഡിഎഫിന്റെ സമീപനം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പൊലീസ് കൊളോണിയല്‍ സമ്പ്രദായത്തിന്റെ രീതി വിട്ടിട്ടില്ലെന്നും ക്രമസമാധാനം നടപ്പാക്കല്‍മാത്രമാണ് കടമയെന്ന് പൊലീസ് കരുതുന്നതായും മനുഷ്യാവകാശങ്ങളും നിയമത്തിന്റെ സത്തയും മറക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരംതന്നെ സമ്മതിക്കുന്നുണ്ട്. സ്വാതന്ത്യ്രം ലഭിച്ച് 63 നീണ്ട സംവത്സരത്തിനുശേഷമുള്ള ദയനീയാവസ്ഥയിലേക്കാണ് ഈ അഭിപ്രായപ്രകടനം വിരല്‍ചൂണ്ടുന്നത്. ശബ്ദമില്ലാത്ത സമൂഹങ്ങള്‍ അവഗണിക്കപ്പെടുന്നതായും ചിദംബരം ചൂണ്ടിക്കാണിക്കുന്നു. കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള്‍ ഇക്കാര്യത്തില്‍മാത്രമല്ല പല മേഖലയിലും മാറ്റമില്ലാതെ തുടരുന്നതായി കാണാം. ബഹുജനങ്ങളുടെ സംഘടിതവും ശക്തവുമായ സമ്മര്‍ദംകൊണ്ടല്ലാതെ ഈ ദയനീയാവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ കഴിയുന്നതല്ല. അതെന്തായിരുന്നാലും ആന്ധ്രപ്രദേശില്‍ പരീക്ഷിച്ച് വിജയിച്ചതായി കണ്ടെത്തിയ കമ്യൂണിറ്റി പൊലീസിങ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ആത്മാര്‍ഥമായ സമീപനം തികച്ചും സ്വാഗതാര്‍ഹമാണ്. പൊലീസ് സ്റേഷനില്‍ പരാതിയുമായി ചെല്ലുന്നവരെ സ്വീകരിച്ചിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണാന്‍ സൌകര്യമൊരുക്കുകയും പൊലീസ് സ്റേഷനില്‍നിന്ന് സൌഹാര്‍ദപരമായ പെരുമാറ്റം പരാതിക്കാര്‍ക്ക് ലഭിക്കുകയുംചെയ്താല്‍തന്നെ ജനങ്ങള്‍ക്ക് ആശ്വാസമാണ്. കമ്യൂണിറ്റി പൊലീസിങ്, വിദ്യാര്‍ഥി പൊലീസ് തുടങ്ങിയ പരിഷ്കാരങ്ങളൊക്കെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായകമായിരിക്കുമെന്നതില്‍ സംശയമില്ല. ആ നിലയ്ക്ക് കൊച്ചിയില്‍ ചേര്‍ന്ന ആഗോള പൊലീസിങ് സമ്മേളനത്തിന്റെ സന്ദേശവും തീരുമാനങ്ങളും ശ്രദ്ധേയമാണ്.

ദേശാഭിമാനി മുഖപ്രസംഗം 101110

Friday, November 5, 2010

'കൈ'യയച്ച സഹായത്തില്‍ താമര വിരിഞ്ഞു

 വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം -5 , കെ വി സുധാകരന്‍

ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം  

രണ്ടാം ഭാഗം അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്

മൂന്നാം ഭാഗം ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല

നാലാം ഭാഗം വോട്ടുമറിക്കലിന്റെ വണ്ടന്‍‌മേട് മാതൃക 

ഒരുവശത്ത് ബിജെപിയുടെ വര്‍ഗീയതയെയും മറുവശത്ത് എസ്‌ഡി‌പി‌ഐയുടെ തീവ്രവാദത്തെയും മാറിമാറി പുല്‍കിയിട്ടും മലബാറില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനായില്ല. എല്‍ഡിഎഫ് കോട്ടകള്‍ കുലുക്കാനായില്ല. ഘടകകക്ഷിയെപ്പോലെ പ്രവര്‍ത്തിച്ച ബിജെപി സ്വന്തം സീറ്റ് നഷ്‌ടപ്പെടുത്തിയും യുഡിഎഫിനെ സഹായിച്ചു. തലശേരി നഗരസഭയിലുണ്ടായിരുന്ന മൂന്നു സീറ്റ് രണ്ടായി, രണ്ടു സീറ്റുണ്ടായിരുന്ന തളിപ്പറമ്പ് നഗരസഭയില്‍ ഒന്നുമില്ലാതായി. കൂത്തുപറമ്പ് നഗരസഭയിലെ ഏകസീറ്റും നഷ്‌ടപ്പെട്ടു. ചിറക്കല്‍, ധര്‍മടം പഞ്ചായത്തുകളിലെ പ്രാതിനിധ്യവും ഇല്ലാതായി.

2005ല്‍ തലശേരി, തളിപ്പറമ്പ് നഗരസഭകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മരവിപ്പിച്ചും യുഡിഎഫ് ബിജെപിയെ സഹായിച്ചിരുന്നു. കുന്നോത്തുപറമ്പിലും വളപട്ടണത്തും ബിജെപിക്ക് പുതുതായി സീറ്റ് ലഭിച്ചു, ആകെ 12. പാനൂരിലും തൃപ്പങ്ങോട്ടൂരിലും 2, കുന്നത്തൂര്‍, കൊളച്ചേരി, പാട്യം, ചിറക്കല്‍, ധര്‍മടം എന്നിവിടങ്ങളില്‍ ഓരോന്ന്, കീഴൂര്‍-ചാവശേരിയില്‍ മൂന്ന്. ഇക്കുറി തൃപ്പങ്ങോട്ട് 4, പാനൂരില്‍ 2, കീഴൂര്‍-ചാവശേരി 2, കുന്നോത്തുപറമ്പ്, വളപട്ടണം എന്നിവിടങ്ങളില്‍ ഓരോന്ന്. ഇതെല്ലാം യുഡിഎഫിന്റെ പ്രത്യുപകാരമാണ്.

യുഡിഎഫ് കോട്ടയായ വളപട്ടണത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബിജെപിയെ ജയിപ്പിച്ചു. വന്‍ഭൂരിപക്ഷത്തിനു സഹായിച്ചതാകട്ടെ ആര്‍എസ്എസ് വിരോധം പ്രസംഗിക്കുന്ന മുസ്ളിം ലീഗും. കീഴൂര്‍-ചാവശേരിയില്‍ ബിജെപിയെ ജയിപ്പിക്കാന്‍ യുഡിഎഫ് ഡിസിസി സെക്രട്ടറിയെത്തന്നെ ബലിനല്‍കി. പാറങ്ങോട് വാര്‍ഡില്‍ ഡിസിസി സെക്രട്ടറി പി വി നാരായണന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വളേരി വാര്‍ഡില്‍ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിയും മൂന്നാം സ്ഥാനത്തായി. ഈ പഞ്ചായത്തില്‍ മൂന്നു സീറ്റ് ബിജെപി നേടി.

കണ്ണൂര്‍ നഗരസഭ നിലനിര്‍ത്താന്‍ എസ്‌ഡി‌പി‌ഐ വോട്ടുവാങ്ങിയ യുഡിഎഫ് പ്രത്യുപകാരമായി കസാനക്കോട്ട സൌത്ത് വാര്‍ഡില്‍ അവരെ ജയിപ്പിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ യുഡിഎഫിന് 459 വോട്ടുണ്ടായിരുന്നു. ഫലം വന്നപ്പോള്‍ യുഡിഎഫിലെ ഐഎന്‍എല്ലിന്-290, എസ്‌ഡി‌പി‌ഐ-325. (ഇവര്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയത്-110).

കോ-ലീ-ബി സഖ്യത്തിന്റെ ബലത്തിലാണ് കൊയിലാണ്ടി നഗരസഭയില്‍ ബിജെപിക്ക് മൂന്നു സീറ്റ് കിട്ടിയത്. കോൺഗ്രസ് ശക്തികേന്ദ്രമായ ചെറിയമങ്ങാട് (വാര്‍ഡ്-35) യുഡിഎഫ് 98 വോട്ടുമാത്രം നേടി ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. സിപിഐ എം സ്ഥാനാര്‍ഥി 423 വോട്ടുനേടി രണ്ടാമതെത്തി. വിരുന്നുകണ്ടിയില്‍ (36) ലീഗാണ് സഹായിച്ചത്. നഗരസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന തങ്ങളുടെ എം അഷ്റഫിനെ മൂന്നാം സ്ഥാനത്താക്കി. ലീഗ്-333, ബിജെപി-688, സിപിഐ എം സ്ഥാനാര്‍ഥി-583. പകരമോ കൊയിലാണ്ടി സൌത്തില്‍ ബിജെപിവോട്ട് ലീഗ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു.
സിവില്‍സ്റ്റേഷനിലും ലീഗ് ബിജെപിക്ക് വോട്ടുമറിച്ചു നല്‍കി വിജയിപ്പിച്ചപ്പോള്‍ സ്വന്തം ശക്തികേന്ദ്രത്തില്‍ ലീഗ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യത്തിന്റെ തണലില്‍ ബിജെപി രണ്ടു സീറ്റ് സ്വന്തമാക്കി. രണ്ടാം വാര്‍ഡായ ആന്തറ്റയില്‍ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞതവണ യുഡിഎഫിന് പഞ്ചായത്തിലുണ്ടായിരുന്ന ഏക സീറ്റാണ് ബിജെപിക്ക് മറിച്ചത്. ഇതിനു പകരമായി ഒന്നാംവാര്‍ഡായ അരങ്ങാടത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബിജെപി യുഡിഎഫിനെ സഹായിച്ചു. ബിജെപി വോട്ടുകള്‍ പൂര്‍ണമായും യുഡിഎഫ് സ്വന്തമാക്കി. എളാട്ടേരി നോര്‍ത്തില്‍ കോൺഗ്രസ് ബിജെപിയെ സഹായിച്ചപ്പോള്‍ എളാട്ടേരി സൌത്തില്‍ ബിജെപി തിരിച്ചുസഹായിച്ചു. കൊയിലാണ്ടി മേഖലയില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടെ വെറും 62 വോട്ടാണ് ബിജെപിക്കുള്ളത്. പുതുപ്പാടി പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡായ കൈപ്പൊയിലില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താതെയാണ് യുഡിഎഫിനെ സഹായിച്ചത്. വല്യാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അപരനെ നിര്‍ത്തി ബിജെപി യുഡിഎഫിനെ സഹായിച്ചു. ഇവിടെ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിട്ടും ബിജെപി പഞ്ചായത്തുനേതാവുതന്നെ അപരന്റെ വേഷത്തില്‍ സ്വതന്ത്രനായി. (അവസാനിക്കുന്നില്ല)

Thursday, November 4, 2010

ഇന്ത്യയുടെ ആവശ്യങ്ങള്‍ അവഗണിച്ച് ഒബാമ

വാഷിംഗ്ടണ്‍: യു എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളില്ലാതെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയിലെ ത്രിദിന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സുരക്ഷാ സമിതിയിലെ അംഗത്വവും പുറംജോലി കരാറിലെ നിലപാടുകളിലെ മാറ്റവും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ ഒബാമ പ്രതികരിച്ചത്.

ഇന്ത്യയുടെ പ്രാധാന്യം മനസിലാക്കിയതുകൊണ്ട് ഏഷ്യന്‍ പര്യടനത്തിലെ ആദ്യ രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തതെന്നാണ് ഒബാമ പറഞ്ഞത്. ഇന്ത്യയുടെ ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗത്വ പ്രശ്‌നം ബുദ്ധിമുട്ടേറിയ ഒന്നാണെന്നാണ് ഒബാമയുടെ നിലപാട്. വളരെ ദുഷ്‌കരവും സങ്കീര്‍ണവുമായ ഒന്ന് എന്നാണ് ഇന്ത്യയുടെ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വ ആവശ്യത്തെ ഒബാമ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് ദുഷ്‌കരമാണെന്നാണ് ഒബാമ വ്യക്തമാക്കിയത്. ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി നിരുപമ റാവു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്നതിന്റെ സൂചനകളാണ് ഒബാമ നല്‍കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറംജോലി കരാറുകള്‍ കൂടുതലായി നല്‍കുന്നതിന് എതിരായുള്ള ഒബാമയുടെ നിലപാടിലും മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത് രാജ്യ താലപര്യത്തെ ഹനിക്കുമെന്നാണ് ഒബാമ സൂചിപ്പിച്ചത്.

മുംബൈ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഫലപ്രദമായ സഹകരണം നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല എന്ന ഇന്ത്യയുടെ നിലപാടുകള്‍ക്കും അനുകൂലമായ രീതിയിലല്ല ഒബാമ സംസാരിച്ചത്.  ആണവ ബാധ്യതാ കരാറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഏര്‍പ്പെടുത്തിയ ചില നിബന്ധനകള്‍ക്കെതിരെ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന സമ്മര്‍ദത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനും ശ്രമമുണ്ടാകുമെന്ന സൂചനയും ഒബാമ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തോട് തികഞ്ഞ ബഹുമാനമുണ്ട്്. പക്ഷേ, അന്താരാഷ്ട്ര - ദേശീയ തലത്തിലുള്ള ആണവ ദാതാക്കളുടെ താല്‍പര്യം സംരക്ഷിച്ചാലേ ഇന്ത്യയുടെ ആണവോര്‍ജ സ്വപ്‌നങ്ങള്‍ സഫലമാകൂ എന്നാണ് ഒബാമ പറഞ്ഞത്.

janayugom 041110

വോട്ടുമറിക്കലിന്റെ വണ്ടന്‍‌മേട് മാതൃക

ചോദ്യം: യു.ഡി.എഫിന്റെ മാതൃകാ പഞ്ചായത്ത് ഉത്തരം: വണ്ടന്‍‌മേട്

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം 4 കെ വി സുധാകരന്‍
ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം  

രണ്ടാം ഭാഗം അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്

മൂന്നാം ഭാഗം ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല

മതന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പത്തനംതിട്ടയും ഇടുക്കിയും അടങ്ങുന്ന മലയോരജില്ലയില്‍ ബി.ജെ.പിയുടെ സാന്നിധ്യം പോലും തുലോം വിരളമാണ്. എന്നാ‍ല്‍, ഇവിടെയും ബി.ജെ.പിക്ക് ഒരു മേല്‍‌വിലാസം ഉണ്ടാക്കിക്കൊടുക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ എന്തു ചെയ്യും? മറ്റ് പലയിടങ്ങളിലും തങ്ങള്‍ക്ക് ബി.ജെ.പിയെക്കൊണ്ട് പ്രയോജനമുണ്ടാകുമല്ലോ എന്ന ചിന്തയിലാണ് ഈ സഖ്യം. ഇടുക്കി ജില്ലയിലെ വണ്ടന്‍‌മേട് പഞ്ചായത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഭരണത്തില്‍ത്തന്നെ തുടരുന്ന ബി.ജെ.പി കൂട്ടുകെട്ട് കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കൂടുതല്‍ ആവേശം നല്‍കുകയും ചെയ്തു.

പത്തനംതിട്ട നഗരപ്രദേശം തങ്ങളുടെ കോട്ടയെന്നാണ് യു.ഡി.എഫ് എക്കാലവും അവകാശപ്പെടാറുള്ളത്. എന്നാല്‍, സ്വന്തം ‘കോട്ട’യിലും ബി.ജെ.പിയെ കുടിയിരുത്താന്‍ ഇവര്‍ തെല്ലും ഉളുപ്പു കാണിച്ചില്ല. നഗരസഭയിലെ 27 ആം വാര്‍ഡായ അഴൂരില്‍ ബി.ജെ.പിയെ വാഴിക്കാന്‍ കോണ്‍ഗ്രസ് സ്വന്തം അസ്തിത്വം പോലും ബലി കഴിച്ചു. മറ്റാരുമല്ല, ഡി.സി.സി പ്രസിഡന്റ് തന്നെയായിരുന്നു മുഖ്യ ആസൂത്രകന്‍.

1988 മുതല്‍  കഴിഞ്ഞ 22 വര്‍ഷമായി ഡി.സി.സി പ്രസിഡന്റ് മോഹന്‍‌രാജ് തുടര്‍ച്ചയായി പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണിത്. 2000ല്‍ 600ഉം 2005ല്‍ 400 വോട്ടും ഭൂരിപക്ഷം നേടിയായിരുന്നു മോഹന്‍‌രാജ് ഇവിടെനിന്ന് ജയിച്ചത്. എന്നാല്‍, ജനറല്‍ സീറ്റായിരുന്നിട്ടും ഇക്കുറി പിന്മാറി. പകരം ദുര്‍ബലയായ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തുടര്‍ച്ചയായി മത്സരിച്ചതിനാല്‍ പിന്‍‌ഗാമികള്‍ക്ക് വഴിയൊരുക്കാന്‍ സീറ്റൊഴിഞ്ഞു കൊടുത്തല്ലോ മോഹന്‍‌രാജ് എന്ന് ചിലരെങ്കിലും കരുതി. പിന്നീടല്ലേ കാര്യങ്ങളുടെ പൊരുള്‍ വെളിവായത്.

തൊട്ടടുത്ത 26 ആം വാര്‍ഡില്‍ (അഴൂര്‍ വെസ്റ്റ്) മോഹര്‍‌രാജിന്റെ മരുമകന്‍ റോഷന്‍‌രാജ് സ്ഥാനാര്‍ത്ഥി. ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി കോണ്‍ഗ്രസിനെയും അഴൂര്‍ വാര്‍ഡില്‍ തിരിച്ചും സഹായിച്ചു. അങ്ങനെ കോണ്‍ഗ്രസ് ജയിച്ചുകൊണ്ടിരുന്ന അഴൂരില്‍ നിന്ന് 356 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ജയിച്ചു. കോണ്‍ഗ്രസിലെ രജനി പ്രദീപിന് 286 വോട്ട് മത്രമാണ് ലഭിച്ചത്. 100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അഴൂര്‍ വെസ്റ്റില്‍ നിന്ന് ഡി.സി.സി പ്രസിഡന്റിന്റെ മരുമകനും വിജയിച്ചു.

സമീപവാര്‍ഡായ കൊടുന്തറ(28)യില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജോണ്‍സണ്‍ വിളവിനാലിനെ ജയിപ്പിക്കാനും കോണ്‍ഗ്രസ് ചോരയും നീരും ഒഴുക്കി. തീര്‍ന്നില്ല. കുളനട പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംയുക്തസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിച്ചെടുത്തു.

കോണ്‍ഗ്രസും ബി.ജെ.പിയും മറയില്ലാതെ പത്ത് വര്‍ഷമായി കൈകോര്‍ത്തുവരുന്ന പഞ്ചായത്താണ് ഇടുക്കിയിലെ വണ്ടന്‍‌മേട്. 2000ല്‍ ബി.ജെ.പി ഒരാളെ ജയിപ്പിച്ചു 2005ല്‍ ഇത് രണ്ടാക്കി. ഇക്കുറി ബന്ധം കുറച്ചുകൂടി തീവ്രമായി, ബി.ജെ.പിക്ക് സീറ്റും കൂടി-3. കറുവാക്കുളം വാര്‍ഡില്‍ ബി.ജെ.പിയുടെ കുമാര്‍ കാമാക്ഷി 338 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വന്തം മുരുകന്‍ അയ്യര്‍ക്ക് ലഭിച്ചത് 24 വോട്ട്. 23 വോട്ട് അസാധുവായി എന്നുകൂടി കാണുമ്പോഴാണ് കച്ചവടത്തിന്റെ ചുരുളഴിയുന്നത്. മാലി വാര്‍ഡിലും സമാനമായ കച്ചവടമുണ്ടായി. ഈ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മാരി അറുമുഖത്തിന് ലഭിച്ചത് 454 വോട്ട്. ഭൂരിപക്ഷം 104. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനിത രാമചന്ദ്രന് കിട്ടിയതാകട്ടെ 81 വോട്ടും.

ബി.ജെ.പി ജയിച്ച വണ്ടന്‍‌മേട് വാര്‍ഡിന്റെ കാര്യവും വ്യത്യസ്തമല്ല. 141 വോട്ടിന്റെ മേല്‍ക്കൈ നേടിയാണ് ബി.ജെ.പിയുടെ രാജന്‍ പരമേശ്വരന്‍ ഇവിടെ ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വിശു എബ്രഹാം 32 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെട്ടു.

ഉപകാരസ്മരണയായി പതിറ്റാണ്ട് പിന്നിട്ട വണ്ടന്‍‌മേട്ട് സഖ്യത്തിന്റെ കാര്‍മികനായ കോണ്‍ഗ്രസ് നേതാവ് രാജു മാട്ടൂക്കാരനെ കടശ്ശിക്കടവ് വാര്‍ഡില്‍ ജയിപ്പിച്ചെടുക്കാന്‍ ബി.ജെ.പി കൈമെയ് മറന്ന് പണിയെടുത്തു. ഫലമുണ്ടായി. മാട്ടൂക്കാരന്‍ -488, ബി.ജെ.പിയുടെ ‘ഉശിരന്‍’ സ്ഥാനാര്‍ത്ഥി രാജീവ് കേശവന്‍ - 30.

തൊടുപുഴ നഗരസഭയില്‍ തുടരുന്ന ബി.ജെ.പി-കോണ്‍ഗ്രസ് താങ്ങ് വെറുതെയായില്ല. 4 സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. കാഞ്ഞിരമറ്റം വാര്‍ഡില്‍ ജയിച്ച ബി.ജെപിയുടെ വോട്ട് കാണിക്കുന്നത് കോണ്‍ഗ്രസ് മറിച്ച വോട്ടിന്റെ നിലയാണ്. ബി.ജെ.പിക്ക് 650 വോട്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി ഗ്രൂപ്പിലെ ഉണ്ണികൃഷ്ണന് 16 വോട്ട്. മുനിസിപ്പല്‍ ഓഫീസ് വാര്‍ഡിആകട്ടെ യു.ഡി.എഫിലെ വിജയകുമാരി മൂന്നാം സ്ഥാനത്തേക്ക് മാറിയാണ് ബി.ജെ.പിയുടെ രാജശേഖരനെ 351 വോട്ടിന് വിജയിപ്പിച്ചത്. മാറാംകുന്നേല്‍ ബി.ജെ.പിസ്വതന്ത്രന്റെ വിജയവും യു.ഡി.എഫിന്റെ തോളില്‍ ചവിട്ടിയായിരുന്നു.

തുടരും...