Thursday, March 1, 2012

യു.ഡി.എഫിനു ചെലവ് തുണ്ടുകടലാസ് മാത്രം


ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് സംബന്ധിച്ച് മനോരമ 2010 ആഗസ്ത് നാലിന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ:

"സ്മര്‍ട്ട് സിറ്റിയും ഇന്‍ഫോ പാര്‍ക്കും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും ചേര്‍ന്ന് കൊച്ചിക്കു നല്‍കുന്ന വ്യവസായ വികസനത്തിനു കുതിപ്പേകാന്‍ 7000 കോടിയുടെ നിക്ഷേപ പ്രതീക്ഷയുമായി പിറവം നിയോജകമണ്ഡലത്തിലെ ആമ്പല്ലൂരില്‍ ഇലക്ട്രോണിക് പാര്‍ക്കിനു കളമൊരുങ്ങുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ കെഎസ്ഐഡിസി സ്ഥലമെടുപ്പ് ആരംഭിച്ചതായി എം ജെ ജേക്കബ് എംഎല്‍എ പറഞ്ഞു."

പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ 250 കോടിരൂപ അനുവദിച്ചതായും മൊത്തം നിക്ഷേപലക്ഷ്യം 700 കോടിരൂപയുടേതാണെന്നും മനോരമ ഈ വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയ്ക്ക് ആധാരം 2010 ജൂണ്‍ ഒമ്പതിന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ്. അതിന്റെ ഉള്ളടക്കം ഇങ്ങനെ: "ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് തുടങ്ങാന്‍ 334 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ച് കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ 2010 ജനുവരി അഞ്ചിന് കത്തു നല്‍കിയിരുന്നു. ഈ സ്ഥലം ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി ബോര്‍ഡ്യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവിടെ പാര്‍ക്ക് തുടങ്ങാന്‍ അനുയോജ്യമാണെന്ന് കലക്ടര്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. അതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി അനുമതിക്ക് അപേക്ഷിച്ചു. സര്‍ക്കാര്‍ വിഷയം വിശദമായി പരിശോധിച്ചു. അതിവേഗ നടപടിക്രമം അനുസരിച്ച് പ്രസ്തുത 334 ഏക്കര്‍സ്ഥലം ഏറ്റെടുക്കാന്‍ സന്തോഷപൂര്‍വം അനുവദിക്കുന്നു." അന്നത്തെ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്റേതാണ് ഈ ഉത്തരവ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 10 മാസമായി. ഇതിനിടയില്‍ ആകെ ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അതേ ഉള്ളടക്കത്തില്‍ 2011 നവംബറില്‍ ഒരു ഉത്തരവ് ഇറക്കുക മാത്രമാണ്. ഇപ്പോള്‍ യുഡിഎഫ് പിതൃത്വം അവകാശപ്പെടുന്ന ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് പദ്ധതിയുടെ ചരിത്രം ഇങ്ങനെ:

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ , 24 മുതല്‍ ഏതാനും റവന്യു ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സര്‍വേ എന്നുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടത്തി. കള്ളി വെളിച്ചത്തായതോടെ ഉദ്യേഗസ്ഥര്‍ സ്ഥലംവിട്ടു. "ഇത്തരം നാണംകെട്ട പണിക്ക്" തങ്ങളെ അയക്കരുതെന്ന് അവര്‍ മേലധികാരികളോട് അപേക്ഷിക്കുകയും ചെയ്തത്രെ. എം ജെ ജേക്കബാണ് ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് പദ്ധതിയുടെ ഉപജ്ഞാതാവ്. ഇതിന്റെ പദ്ധതിരേഖ തയ്യാറാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഒന്നരക്കൊല്ലം അദ്ദേഹം നടത്തിയ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ പദ്ധതിയെന്ന് കെഎസ്ഐഡിസിയുടെ ഒരു ഉയര്‍ന്ന ഉദ്യേഗസ്ഥന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയും അതിന്റെ സര്‍വേമാപ്പ് തയ്യാറാക്കിയതും വലിയ പണിതന്നെയായിരുന്നു. ഇക്കാര്യത്തിലൊക്കെ ഒരു ജനപ്രതിനിധിക്ക് ഇത്രയൊക്കെ ചെയ്യാനാകുമെന്നത് പുതിയ അനുഭവം ആയിരുന്നു- അദ്ദേഹത്തിന്റെ വാക്കുകളില്‍ തെല്ലൊരു വിസ്മയവും. 2006 മുതല്‍ 2011 വരെ പിറവംമണ്ഡലത്തില്‍ 450 കോടിരൂപയുടെ വികസനപദ്ധതികള്‍ നടത്തിയെന്നാണ് ഔദ്യേഗിക കണക്ക്. അതിലും അല്‍പ്പം മുന്നോട്ടേ ഉണ്ടാകവെന്ന് എം ജെ "ദേശാഭിമാനി"യോടു പറഞ്ഞു. രണ്ടരവര്‍ഷം തെരഞ്ഞെടുപ്പു കേസിനു പാഴാക്കേണ്ടിവന്നിട്ടും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയം. സംസ്ഥാനത്തുതന്നെ ഇത് റെക്കോഡാണെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍തന്നെ സമ്മതിക്കുന്നു. വികസനപ്രവര്‍ത്തനത്തിന്റെ പ്രായോഗികതയിലേക്കുള്ള വഴി എം ജെയ്ക്ക് സ്വന്തം വീട്ടിലേക്കുള്ള വഴിപോലെ പരിചിതമെന്നു ചുരുക്കം.
(പി ജയനാഥ്)

deshabhimani 010312

കോട്ടയത്ത് കെഎസ്യു "ഐ" ക്കാരെ തല്ലിയോടിച്ചു

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് കെഎസ്യുവിലെ ഐ വിഭാഗക്കാരെ ഡിസിസി ഓഫീസില്‍ നിന്ന് തല്ലി ഓടിച്ചു. കെഎസ്യു ജില്ലാ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് പതിനെട്ടോളം "ഐ"ക്കാരെ മാരകായുധങ്ങളുമായി നേരിട്ടത്. ഡിസിസി പ്രസിഡന്റ് കുര്യന്‍ ജോയിയുടെ മുന്നിലിട്ടായിരുന്നു തല്ലിച്ചതച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനയ്ക്കല്‍ , നിലവിലെ ജനറല്‍ സെക്രട്ടറി സുബില്‍ തര്യത്ത്, മുന്‍ ജില്ലാ ഭാരവാഹി ഷെറിന്‍ സലീം എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ അടിയും കൊണ്ട് ഓടി രക്ഷപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ ജോബോയ് ജോര്‍ജിന്റെയും മറ്റൊരു നേതാവ് ജോണി ജോസഫിന്റെയും നേതൃത്വത്തില്‍ ഹാളിലിരുന്നവരാണ് ഐ വിഭാഗക്കാരെ അടിച്ചോടിച്ചത്. കമ്പിവടി, ഇടിക്കട്ട എന്നിവ കൊണ്ട് ആക്രമിച്ചതായി സനോജ് പറഞ്ഞു. കസേരകൊണ്ടും പലരെയും തലയ്ക്കടിച്ചു. ഓഫീസില്‍ പെയിന്റിങ് നടക്കുന്നതിനിടെയായതിനാല്‍ പെയിന്റ് പാത്രം കൊണ്ടും ആക്രമിച്ചു. ചിലരുടെ ദേഹത്ത് പെയിന്റ് ഒഴിച്ചു.

ബുധനാഴ്ച പകല്‍ പതിനൊന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഉമ്മന്‍ചാണ്ടിയുടെ അനുയായിയും പുതിയ ജില്ലാപ്രസിഡന്റുമായ ജോബിന്‍ ജേക്കബും മറ്റ് ഭാരവാഹികളും സ്ഥാനമേല്‍ക്കുന്നതായിരുന്നു ചടങ്ങ്. ഇതിനിടെയാണ് ഐ വിഭാഗം പ്രകടനമായി മുദ്രാവാക്യം വിളിച്ച് എത്തിയത്. ജോബിന്‍ ജേക്കബ് വ്യാജവിദ്യാര്‍ഥിയാണെന്നും തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയില്ലെന്നുമായിരുന്നു ഐ വിഭാഗത്തിന്റെ വാദം. പള്ളിക്കത്തോട് ഐടിഐയില്‍ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖ ഇദ്ദേഹം വ്യാജമായി സൃഷ്ടിച്ചെന്നായിരുന്നു ആരോപണം. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഐടിഐയിലെ ഹാജര്‍ബുക്കില്‍ ജോബിന്റെ് ഹാജര്‍ രേഖപ്പെടുത്തി വിദ്യാര്‍ഥിയാണെന്ന തിരിച്ചറിയല്‍കാര്‍ഡ് നല്‍കിയതില്‍ എന്‍എസ്യു നേതൃത്വത്തിന് ഐ വിഭാഗം പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ജോബിന്‍ സ്ഥാനം ഏല്‍ക്കരുതെന്ന് എന്‍എസ്യു നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായും ഇവര്‍ പറയുന്നു. ഇക്കാര്യം നിലനില്‍ക്കെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയതാണ് ഐക്കാരെ ചൊടിപ്പിച്ചത്.

ഇവര്‍ മുദ്രാവാക്യം വിളിച്ച് ഹാളില്‍ കയറിയ ഉടന്‍ അടി തുടങ്ങുകയായിരുന്നു. അടി കിട്ടിത്തുടങ്ങിയതോടെ പലരും രക്ഷപ്പെട്ടു. ഇവരെ അടിച്ചോടിച്ചശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിച്ചത്. അടിയേറ്റവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. അടിയ്ക്കുശേഷം കെഎസ്യു ഭാരവാഹികളും പ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി.

deshabhimani 010312

മന്ത്രി അബ്ദുറബ്ബിന്റെ ഇടപെടല്‍ അന്വേഷിക്കണം: എസ്എഫ്ഐ

സംസ്ഥാന പോളിടെക്നിക് കലോത്സവം അലങ്കോലമാക്കിയതിനുപിന്നില്‍ മന്ത്രി പി കെ അബ്ദുറബ്ബിന്റെ ഇടപെടല്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആക്രമണം മുസ്ലിംലീഗിന്റെ ഗൂഢാലോചനയാണ്. ചരിത്രത്തില്‍ ആദ്യമായാണ് കലോത്സവം മന്ത്രി ഇടപെട്ട് മാറ്റിവയ്ക്കുന്നത്. തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂണിയന്‍ ഭരണം എസ്എഫ്ഐ തിരിച്ചുപിടിച്ചത്. ഇതിലുള്ള പകയാണ് അക്രമത്തിനുപിന്നില്‍ . ഇവിടെ കലോത്സവം നടത്താനാവില്ലെന്ന് തുടക്കംമുതല്‍ എംഎസ്എഫ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിംലീഗിലെ തീവ്രവാദ വിഭാഗത്തിന്റെ പിന്തുണയോടെയാണ് കലോത്സവം കലക്കാന്‍ പദ്ധതി തയ്യാറാക്കിയത്. പോളിടെക്നിക് മാനേജ്മെന്റിലെ ചിലരും ഇതിനൊപ്പം നില്‍ക്കുകയായിരുന്നു. കലോത്സവവുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം ഉടലെടുത്തപ്പോള്‍തന്നെ തിരൂര്‍ സിഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ കലോത്സവം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും തീരുമാനിച്ചു. ഈ പ്രഖ്യാപനം വന്ന ഉടനെയാണ് എംഎസ്എഫ്, ലീഗ് സംഘം കലോത്സവവേദിയില്‍ വ്യാപക അക്രമം നടത്തിയത്.

കലോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമികളുടെ വീഡിയോ ക്ലിപിങ് നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അക്രമത്തിന്റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. മന്ത്രി അബ്ദുറബ്ബ് തിരൂരില്‍ തമ്പടിച്ചാണ് പൊലീസിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിദ്യാര്‍ഥികളുടെ വീടുകളില്‍ രാത്രികാലങ്ങളില്‍വരെ പൊലീസ് കയറിയിറങ്ങുകയാണ്. കലോത്സവങ്ങളോട് ലീഗിലെ ഒരുവിഭാഗം പുലര്‍ത്തുന്ന അസഹിഷ്ണുതയാണ് തിരൂരില്‍ പ്രകടമായതെന്നും സുമേഷ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി പി ബിനീഷ്, ജില്ലാ സെക്രട്ടറി പി കെ മുബഷീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 010312

നയം മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം തുടരും

തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് നയമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ മുന്നറിയിപ്പുനല്‍കി. രാജ്യത്തെ തൊഴില്‍മേഖലയാകെ സ്തംഭിച്ച ദേശീയ പണിമുടക്കില്‍നിന്ന് പാഠം ഉള്‍കൊണ്ട് കേന്ദ്രം ട്രേഡ്യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എല്ലാ ട്രേഡ്യൂണിയനുകളെയും ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കണം. ട്രേഡ്യൂണിയനുകളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വം പ്രതികരിക്കണം. സമരത്തെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഒന്നായി കാണേണ്ടതില്ല. സാധാരണക്കാരുടെ ആവശ്യമാണ് ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുവച്ചത്. വിലക്കയറ്റം തടയുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക എന്നതൊക്കെ രാജ്യം മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. അതിന് രാഷ്ട്രീയവ്യത്യാസങ്ങളില്ല. കരാര്‍ തൊഴില്‍ അവസാനിപ്പിക്കാനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. സ്ഥിരം ജീവനക്കാരന്‍ 30,000 രൂപ ശമ്പളം വാങ്ങുമ്പോള്‍ അതേ ജോലിയെടുക്കുന്ന കരാര്‍ ജീവനക്കാരനും തൊഴിലാളിക്കുമൊക്കെ 3000-4000 രൂപയാണ് ശമ്പളം. മിനിമം കൂലി പതിനായിരം രൂപയാക്കണം. എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കണം. ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന അവസാനിപ്പിക്കണം- സഞ്ജീവ റെഡ്ഡി പറഞ്ഞു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ട്രേഡ്യൂണിയനുകളുടെ ഒറ്റക്കെട്ടായ ആവശ്യമെന്ന് സിഐടിയു ജനറല്‍സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് പ്രശ്നം നേരിടുമ്പോള്‍ ദിവസം മുഴുവന്‍ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി മാറ്റിവയ്ക്കാറുണ്ട്. രാജ്യത്തെയാകെ നിലനിര്‍ത്തുന്ന തൊഴിലാളികളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. ഈ നിലപാട് തിരുത്തണം- തപന്‍ സെന്‍ പറഞ്ഞു. തൊഴിലാളിഐക്യം തുടരുമെന്നും ഒറ്റക്കെട്ടായി ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. എഐടിയുസി നേതാവ് ഗുരുദാസ്ദാസ് ഗുപ്ത, ബിഎംഎസ് സെക്രട്ടറി ബി എന്‍ റായ്, സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ , ആര്‍ എ മിത്തല്‍ (എച്ച്എംഎസ്), സത്യബാന്‍ (എഐയുടിയുസി), എസ് പി തിവാരി (ടിയുസിസി), സ്വപന്‍ മുഖര്‍ജി (എഐസിസിടിയു) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 010312

25 ലക്ഷം പേരുടെ കുടിവെള്ളം മുട്ടും

കേരളത്തെ വെള്ളത്തിലാക്കി മറ്റൊരു ഫെബ്രു. 27

സംസ്ഥാനത്തെ പമ്പ, അച്ചന്‍കോവില്‍ ആറുകളിലെ വെള്ളം മധ്യതിരുവിതാംകൂറിലേക്ക് ഒഴുകിയെത്താതെ മുകള്‍ത്തട്ടില്‍വച്ചുതന്നെ വഴിതിരിച്ച് കേരളത്തിനുപുറത്തേക്ക് ഒഴുക്കണമെന്ന സുപ്രീംകോടതി വിധി വന്നത് ഈ ഫെബ്രുവരി 27ന്. മുല്ലപ്പെരിയാര്‍ ഡാം പൂര്‍ണമായും സുരക്ഷിതമാണെന്നും അതിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായി ഉയര്‍ത്താവുന്നതാണെന്നും ബേബി ഡാം കൂടി ശക്തിപ്പെടുത്തിയാല്‍ 152 അടിയാക്കിവീണ്ടും ഉയര്‍ത്താവുന്നതാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി വിധി വന്നത് 2006 ഫെബ്രുവരി 27ന്! ഇരു വിധികളും യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സത്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വരുത്തിയ വീഴ്ചകൊണ്ടാണുണ്ടായത് എന്ന പൊരുത്തവും ഇതിലുണ്ട്. രണ്ട് വിധികളും യുഡിഎഫ് ഭരണകാലത്ത്. ഒന്ന് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളെ ഭീഷണിയിലാക്കി. രണ്ടാമത്തേത് മധ്യതിരുവിതാംകൂറിനെ അപ്പാടെ ഭീഷണിയിലാക്കി.

25 ലക്ഷം പേരുടെ കുടിവെള്ളം മുട്ടും

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവിഷ്കരിച്ച പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ നദീസംയോജനപദ്ധതി നടപ്പാക്കിയാല്‍ കേരളത്തിന് തിരിച്ചടിയാകും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സംസ്ഥാനത്തിന് വലിയ ഭീഷണിയായിരിക്കുന്നു. 1957ല്‍ കേന്ദ്ര ജലവിഭവമന്ത്രാലയത്തിനുകീഴിലുള്ള ദേശീയ ജലവികസന ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേരളത്തിന് വിനയാകുന്നത്. പമ്പ, അച്ചന്‍കോവിലാര്‍ എന്നിവയില്‍ 3127 ദശലക്ഷം ഘനമീറ്റര്‍ ജലം അധികമുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍ . "57നുശേഷം കേരളത്തിലെ ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനയോ ജല ഉപഭോഗത്തിലുണ്ടായ വര്‍ധനയോ ജലവികസന ഏജന്‍സിയും കേന്ദ്രസര്‍ക്കാരും പിന്നീട് പരിഗണിച്ചില്ല. അതേസമയം, 2050-മാണ്ടോടെ പമ്പയില്‍ 35370 ലക്ഷം ഘനമീറ്ററും അച്ചന്‍കോവിലാറില്‍ 4590 ലക്ഷം ഘനമീറ്ററും ജലദൗര്‍ലഭ്യം ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. മാത്രമല്ല, പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുകുന്ന ഏതെങ്കിലുമൊരു നദിയില്‍ അധികജലം ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ദിഷ്ടപദ്ധതി നടപ്പായാല്‍ കേരളം വലിയവില നല്‍കേണ്ടിവരും.

കുട്ടനാട് ഉള്‍പ്പെടുന്ന മധ്യതിരുവിതാംകൂറിന്റെയും വേമ്പനാട് കായലിന്റെയും നാശത്തിന് വഴിതുറക്കുന്ന പദ്ധതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തുടരാത്തതും തിരിച്ചടിയാണ്. കൃഷിക്ക് ഉള്‍പ്പെടെ കുട്ടനാടിനും പരിസരപ്രദേശങ്ങള്‍ക്കുമായി പ്രതിവര്‍ഷം 1.51 ലക്ഷം ഘനമീറ്റര്‍ ജലം വേണം. ഇപ്പോഴത്തെ ലഭ്യത 1.26 ലക്ഷം ഘനമീറ്റര്‍ മാത്രമാണ്. 25260 ലക്ഷം ഘനമീറ്റര്‍ വെള്ളം ഇപ്പോള്‍ത്തന്നെ കുട്ടനാട്ടില്‍ കുറവുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പായാല്‍ കുട്ടനാട് മാത്രമല്ല മധ്യതിരുവിതാംകൂര്‍ പ്രദേശമാകെ രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍ വലയും. ഈ പ്രദേശങ്ങളിലെ കൃഷിക്കും ജനജീവിതത്തിനും ആവാസവ്യവസ്ഥയ്ക്കും വന്‍ഭീഷണിയുമാണിത്. ഇരുനദികളെയും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന 25 ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിനീരും മുട്ടും.

എ ബി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ബിജെപി സര്‍ക്കാരാണ് രാജ്യത്തെ 37 പ്രമുഖനദികളെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് രൂപംനല്‍കിയത്. 5.6 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എട്ട് നദീസംയോജന പദ്ധതിയാണ് വിഭാവന ചെയ്തത്. 2016ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിലൊരുഘട്ടമാണ് പമ്പ-അച്ചന്‍കോവിലാര്‍ -വൈപ്പാര്‍ ലിങ്ക് കനാല്‍ പദ്ധതി. 1995ല്‍ രൂപംനല്‍കുമ്പോള്‍ 2588 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. ഇതനുസരിച്ച് പമ്പയെ പുന്നമേട്ടിലും അച്ചന്‍കോവിലാറിനെ ചിറ്റാര്‍മൂഴിയിലും അണ കെട്ടി ബന്ധിപ്പിക്കും. രണ്ടു നദികളെയും എട്ടു കിലോമീറ്റര്‍ നീളംവരുന്ന തുരങ്കംവഴി തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുടെ പോഷകനദിയായ അലഗാറില്‍ എത്തിക്കും. അതിനടുത്ത് മേക്കര എന്ന സ്ഥലത്ത് തമിഴ്നാട് നിര്‍മിച്ച ഡാമിലേക്ക് ഈ വെള്ളം ഒഴുക്കും. ഇവിടെനിന്ന് 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍വഴി തമിഴ്നാട്ടിലെ വിരുദുനഗര്‍ , തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായി ഇതുപയോഗിക്കും. പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു നദികളെ കൃത്രിമമാര്‍ഗത്തില്‍ കിഴക്കോട്ടൊഴുക്കുന്നതാണ് പദ്ധതിയെന്ന് അര്‍ഥം.

2003ല്‍ പദ്ധതി ത്വരിതഗതിയിലാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി എത്തി. ഇതു പരിഗണിച്ച കോടതി നിശ്ചയിച്ച കാലപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചെങ്കിലും പിന്നീട് വിസ്മൃതിയിലായി. ഇപ്പോള്‍ സുപ്രീംകോടതിയുടെ ഉത്തരവോടെ ഇത് വീണ്ടും ദേശീയശ്രദ്ധ നേടുകയാണ്.
(എം സുരേന്ദ്രന്‍)

മുല്ലപ്പെരിയാറിനേക്കാള്‍ ആപല്‍ക്കരമായ നദീജല ധാരണ

കോഴഞ്ചേരി: പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് കനാല്‍ പദ്ധതി മുല്ലപ്പെരിയാറിനേക്കാള്‍ ആപല്‍ക്കരമായ നദീജല ധാരണയെന്ന് വിദഗ്ധപഠനം. ജലസമൃദ്ധമായ പമ്പ-അച്ചന്‍കോവില്‍ നദികള്‍ വറ്റിവരളുകയും ഇരുനദികളിലുമായുള്ള 40 ലധികം ശുദ്ധജലവിതരണ പദ്ധതികളില്‍ വെള്ളമില്ലാതാക്കുകയും ചെയ്യുന്നതാണ് പദ്ധതി. കൂടാതെ വിശാലമായ വനമേഖല നശിക്കുകയും വന്‍ പാരിസ്ഥിതിക തകര്‍ച്ചയിലേക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ വലിച്ചെറിയുകയും ചെയ്യുമെന്നാണ് വിവിധ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പമ്പാ പരിരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍ നടത്തിയ പഠനത്തില്‍ പദ്ധതി നടപ്പിലായാല്‍ ഉണ്ടാകാനിടയുള്ള ഭയാനകമായ പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും വ്യക്തമാക്കുന്നു.

1995 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന വിനാശകരമായ പദ്ധതിയാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ കേരളത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഇരു നദികളിലെയും ജലം പ്രത്യേക ഡാമുകള്‍ ഉണ്ടാക്കി ശേഖരിച്ച് തമിഴ്നാട്ടിലെ വൈപ്പാറില്‍ എത്തിക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി. പമ്പാനദിയുടെ പ്രധാന പോഷകനദിയായ പമ്പാ കല്ലാറില്‍നിന്നും അച്ചന്‍കോവില്‍ കല്ലാറില്‍നിന്നുമുള്ള ജലം തേക്കുതോടിന് മുകള്‍ഭാഗത്തുള്ള പുന്നമേട്ടിലെത്തിച്ച് അവിടെനിന്ന് എട്ട് കിലോ മീറ്റര്‍ അകലെയുള്ള ചിറ്റാര്‍ മൂഴിയില്‍ എത്തിക്കുകയും പശ്ചിമഘട്ട മലനിരകള്‍ ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ തുരന്ന് അതിലൂടെ വൈപ്പാറിന്റെ മേക്കരഭാഗത്തെ നദീതടത്തില്‍ എത്തിച്ച് വൈപ്പാര്‍നദി ജലസമൃദ്ധമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജലസംഭരണിക്കുവേണ്ടി ആദ്യഘട്ടത്തില്‍ ആവശ്യമായി വരുന്നത് 5010 ഏക്കര്‍ സ്ഥലമാണ്. കാട്ടുമൃഗങ്ങളും സസ്യസമ്പത്തും നിറഞ്ഞ ഇടതൂര്‍ന്ന വനാന്തരമാണിത്. നിത്യഹരിതവനങ്ങള്‍ ജലസംഭരണിയാകുന്നതോടെ ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. പമ്പാനദിയില്‍ ഒരു വര്‍ഷം ലഭിക്കുന്നത് 2700 ദശലക്ഷം ഘനമീറ്റര്‍ ജലമാണ്. അച്ചന്‍കോവിലാറിലാകട്ടെ ഇത് 1101 മാത്രമാണ്. ഈ ജലത്തില്‍ അധികവും വര്‍ഷകാലത്ത് ലഭിക്കുന്നതാണ്. വേനല്‍ക്കാലത്ത് പലപ്പോഴും പമ്പയും അച്ചന്‍കോവിലും വറ്റി വരളും. ഇരുനദികളിലെയും ജലം ഉപയോഗിച്ച് നടക്കുന്ന ശുദ്ധജലവിതരണ പദ്ധതികള്‍ വേനല്‍ക്കാലമാകുന്നതിന് മുമ്പുതന്നെ പ്രതിസന്ധിയിലാകാറുണ്ട്. നദികള്‍ വരളുന്നതോടെ ഇവയിലെ ജലം ആശ്രയിച്ച് കഴിയുന്ന കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങള്‍ കടുത്ത പ്രതിസന്ധിയിലാവും. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇവിടെ അധികജലം ഉണ്ടെന്നും അതില്‍ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലെ വൈപ്പാര്‍ നദീതടത്തിലേക്ക് തിരിച്ചുവിടണമെന്നും ദേശീയ ജലവികസന ഏജന്‍സി (എന്‍ഡബ്ല്യുഡിഎ) തയ്യാറാക്കിയ പദ്ധതിയില്‍ പറയുന്നത്. നദീസംയോജന പദ്ധതികളില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളതും ഈ പദ്ധതിക്കാണ്. 2000 ത്തിലെ കണക്കനുസരിച്ച് 2588 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. വനത്തിന്റെയും നദിയുടെ വൃഷ്ടിപ്രദേശത്തിന്റെയും 10 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കും.മുല്ലപ്പെരിയാര്‍ പോലെ മറ്റൊരാശങ്കയും ദുരന്തവുമായി മാറാവുന്ന കരാറാകും പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് എന്‍ കെ സുകുമാരന്‍ നായര്‍ പറയുന്നു
(ബാബു തോമസ്)

കേരളത്തിന് ബാധകമല്ല: മുഖ്യമന്ത്രി

നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് കേരളത്തിനു ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നദികള്‍ സംയോജിപ്പിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നദികള്‍ സംയോജിപ്പിക്കുന്നതിനെ കേരളം തുടക്കംമുതലേ എതിര്‍ക്കുകയാണ്. ഒരു കാരണവശാലും ഈ നീക്കത്തോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതിയില്‍ കേരളത്തിന്റെ നിലപാട് ധരിപ്പിക്കാന്‍ കഴിയാത്തതെന്തെന്ന ചോദ്യത്തോട് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല. കേസില്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ മാത്രം ഹാജരായതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ വെറുതെ കോടതിയില്‍ തലവച്ചുകൊടുക്കണോ എന്നായിരുന്നു മറുപടി. നദികള്‍ യോജിപ്പിക്കണമെന്ന തമിഴ്നാട്വാദം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്ക് വാദിക്കാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റിവ്യുഹര്‍ജി നല്‍കണം: വി എസ്

നദീസംയോജനപദ്ധതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരാണ് പദ്ധതി. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി നടപ്പായാല്‍ കേരളം ഇന്നത്തേതുപോലെ നിലനില്‍ക്കില്ല. മുല്ലപ്പെരിയാര്‍ക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുണ്ടായിരുന്ന മന്ത്രി പി ജെ ജോസഫ് ഈ വിധി അറിഞ്ഞില്ല. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനെതിരെ സത്യവാങ്മൂലം നല്‍കിയ സമീപനമാണ് നദീ സംയോജനത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. വിധി കേരളത്തിനു ബാധകമല്ലെന്ന മാണിയുടെ പ്രസ്താവന അവാസ്തവമാണ്. വിധി പഠിക്കാതെയാണ് മന്ത്രിയുടെ അഭിപ്രായം. പമ്പ-അച്ചന്‍കോവില്‍ ഉള്‍പ്പെടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് ഒഴുക്കണമെന്നത് തമിഴ്നാടിന്റെ ആവശ്യമാണ്. അതിനു പിന്‍ബലമാകുന്ന വിധിയാണുണ്ടായത്. പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഏതു നീക്കത്തെയും എതിര്‍ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani 010312

സൈബര്‍ സ്വാതന്ത്ര്യം സംരക്ഷിക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

അഭിപ്രായപ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുംവിധം ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുടെയും പ്രവര്‍ത്തനം പരിമിതപ്പെടുത്താനുള്ള നീക്കം ചെറുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ഐടി കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു.

ഇ-മെയിലുകളും ഇന്റര്‍നെറ്റ് ചര്‍ച്ചാ ഗ്രൂപ്പുകളും മുതല്‍ സോഷ്യല്‍ മീഡിയവരെ നല്‍കുന്ന പുതിയ സാധ്യതകള്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വിലങ്ങുതടിയാവുന്നുവെന്നു കണ്ടതോടെ അവയെ നിയന്ത്രിക്കാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാരുകള്‍ . ഇന്ത്യയിലും ഇത്തരം നീക്കം ആരംഭിച്ചുകഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കുമുള്‍പ്പെടെയുള്ള സേവനദാതാക്കളോട് ഉള്ളടക്കത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ഹിതകരമല്ലാത്ത ഉള്ളടക്കങ്ങള്‍ പോസ്റ്റ്ചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാനും ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റിലൂടെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയാന്‍ നിലവിലുള്ള നിയമങ്ങള്‍തന്നെ പര്യാപ്തമാണ്. അതിനാല്‍ ഐടി മേഖലയ്ക്കു മാത്രമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് കണ്‍വന്‍ഷന്‍ അഭ്യര്‍ഥിച്ചു.

ഓണ്‍ലൈന്‍ പൈറസി തടയുക, പേറ്റന്റ് അവകാശം സംരക്ഷിക്കുക തുടങ്ങിയവയ്ക്കായി അമേരിക്ക കൊണ്ടുവന്ന നിയമങ്ങള്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് ആഗോളതലത്തില്‍ ഭീഷണിയാവുകയാണെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റിന്റെ വലിയൊരു ശക്തി അതു നല്‍കുന്ന സ്വാതന്ത്ര്യമാണ്. ഭരണഘടന നല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണത്. അതിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമം ജനാധിപത്യത്തിനു ഭീഷണിയാകും.

സന്തോഷ് തോട്ടിങ്ങല്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ഐടി സബ്കമ്മിറ്റി ചെയര്‍മാന്‍ പി എസ് രാജശേഖരന്‍ അധ്യക്ഷനായി. കണ്‍വീനര്‍ അഡ്വ. ടി കെ സുജിത്, വി കെ ആദര്‍ശ്, അശോകന്‍ ഞാറക്കല്‍ , ശിവഹരി നന്ദകുമാര്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ തങ്കച്ചന്‍ , ടി പി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 010312

ഇറ്റലി ബോട്ട് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി

രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തിന് അവസരം നല്‍കിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വേറൊരു രാജ്യത്ത് വിവാദമായ കേസാണിത്. നാം ബോധപൂര്‍വം കേസ് കെട്ടിച്ചമച്ചെന്ന് ഇറ്റലിയില്‍ പ്രചാരണം നടക്കുകയാണ്. ആ സാഹചര്യത്തിലാണ് ബോട്ട് പരിശോധന അനുവദിച്ചത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. എല്ലാം സുതാര്യമായാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ടു തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ കേരള പൊലീസ് സമര്‍പ്പിച്ച എഫ്ഐആര്‍ ശക്തമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എഫ്ഐആര്‍ ദുര്‍ബലമാണെന്നത് ശരിയല്ല. 33 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴും എഫ്ഐആര്‍ ശക്തമാണെന്നായിരുന്നു മറുപടി. ഈ കേസില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പ് അസാധ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വളരെ വ്യക്തമാണ്. ഇന്ത്യന്‍ നിയമമനുസരിച്ച് കേസ് വിചാരണ ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും സംസ്ഥാനത്തിനുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായം നല്‍കി. അര്‍ഹമായ നഷ്ടപരിഹാരം രണ്ടു കുടുംബത്തിനും വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിറവത്ത് യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. തുടക്കംമുതലേ ആത്മവിശ്വാസമുണ്ട്. ചില പ്രചാരണബോര്‍ഡുകളില്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ വോട്ട് ചെയ്യുന്നത് ബോര്‍ഡിനല്ല എന്നായിരുന്നു മറുപടി. പാമൊലിന്‍ കേസ് പിന്‍വലിച്ചത് താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണെന്നുപറഞ്ഞ ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ അന്ന് കൂട്ടുപ്രതിയെന്ന് വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ടി എച്ച് മുസ്തഫ കോടതിയിലെത്തിയ സാഹചര്യത്തിലല്ലേ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ചര്‍ച്ചാവിഷയമായതെന്നാരാഞ്ഞപ്പോള്‍ മുസ്തഫയല്ല വിഷയമെന്നായിരുന്നു പ്രതികരണം.

കെഎസ്ഇബിയുടെ സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ല. കെഎസ്ഇബി സഹായം ചോദിച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധി ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമായെന്ന ഭീതിയില്‍ ഇടുക്കിയിലെ ജലം ഉപയോഗിച്ച് അധികവൈദ്യുതോല്‍പ്പാദനം നടത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കുടിവെള്ളം, വൈദ്യുതി, ഗതാഗതം എന്നീ മേഖലകളില്‍ സര്‍ക്കാരിന്റെ നേതൃത്വവും നിയന്ത്രണവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫിഷറീസ് സര്‍വകലാശാലാ വിസിക്കെതിരായ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിടിച്ചെടുത്ത തോക്കുകളുടെ പരിശോധന മുടങ്ങി

ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകളുടെയും മറ്റും ശാസ്ത്രീയ പരിശോധന മുടങ്ങി. സംയുക്ത പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ അധികൃതര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഫോറന്‍സിക് ലാബില്‍ ബുധനാഴ്ച ആരംഭിക്കാനിരുന്ന പരിശോധന മാറ്റിയത്. അതേസമയം പ്രതികളുടെ സാന്നിധ്യത്തിലുള്ള സംയുക്ത പരിശോധന അനുവദിക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. പരിശോധന സംബന്ധിച്ച് കോടതി നിര്‍ദേശപ്രകാരം തീരുമാനമെടുക്കുമെന്ന് ലാബ് അധികൃതര്‍ അറിയിച്ചു.
മല്‍സ്യത്തൊഴിലാളികളെ വെടിവച്ച തോക്കുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. കപ്പലില്‍ നിന്നും പിടിച്ചെടുത്ത ഏഴു തോക്കുകളാണ് ലാബില്‍ എത്തിച്ചിട്ടുള്ളത്. ഇതില്‍ ഏത് തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഡമ്മി വെടിയുണ്ട ഉപയോഗിച്ച് നടത്തുന്ന വെടിവയ്പ്പിലൂടെ ഉപയോഗിച്ച തോക്ക് കണ്ടെത്താനാകും. തോക്കിലെ വിരലടയാളവും പ്രതികളുടെ വിരലടയാളവും ഒന്നുതന്നെയാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കും. ബാലസ്റ്റിക് ഫിംഗര്‍ പ്രിന്റ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഈ പരിശോധന. തോക്കുകളുടെ ഇനം, റെയിഞ്ച് എന്നിവയും കണ്ടെത്തും. മല്‍സ്യത്തൊഴിലാളികളില്‍ നിന്നും കണ്ടെടുത്ത വെടിയുണ്ട തന്നെയാണോ തോക്കില്‍ ഉപയോഗിച്ചതെന്നും പരിശോധനയില്‍ തെളിയും. ഫോറന്‍സിക് ലാബിലെ വിദഗ്ധര്‍ക്ക് പുറമെ സൈനികരുടെ സേവനവും ഇതിനായി തേടും.

പരിശോധന പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്നാണ് കരുതുന്നത്. മുദ്രവച്ച നാല് പെട്ടികളിലാണ് തോക്ക് ഉള്‍പ്പെടെയുള്ളവ ലാബില്‍ സൂക്ഷിച്ചിട്ടുള്ളത്.

deshabhimani 010312