Thursday, March 1, 2012

സൈബര്‍ സ്വാതന്ത്ര്യം സംരക്ഷിക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

അഭിപ്രായപ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുംവിധം ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുടെയും പ്രവര്‍ത്തനം പരിമിതപ്പെടുത്താനുള്ള നീക്കം ചെറുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ഐടി കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു.

ഇ-മെയിലുകളും ഇന്റര്‍നെറ്റ് ചര്‍ച്ചാ ഗ്രൂപ്പുകളും മുതല്‍ സോഷ്യല്‍ മീഡിയവരെ നല്‍കുന്ന പുതിയ സാധ്യതകള്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വിലങ്ങുതടിയാവുന്നുവെന്നു കണ്ടതോടെ അവയെ നിയന്ത്രിക്കാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാരുകള്‍ . ഇന്ത്യയിലും ഇത്തരം നീക്കം ആരംഭിച്ചുകഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കുമുള്‍പ്പെടെയുള്ള സേവനദാതാക്കളോട് ഉള്ളടക്കത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ഹിതകരമല്ലാത്ത ഉള്ളടക്കങ്ങള്‍ പോസ്റ്റ്ചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാനും ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റിലൂടെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയാന്‍ നിലവിലുള്ള നിയമങ്ങള്‍തന്നെ പര്യാപ്തമാണ്. അതിനാല്‍ ഐടി മേഖലയ്ക്കു മാത്രമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് കണ്‍വന്‍ഷന്‍ അഭ്യര്‍ഥിച്ചു.

ഓണ്‍ലൈന്‍ പൈറസി തടയുക, പേറ്റന്റ് അവകാശം സംരക്ഷിക്കുക തുടങ്ങിയവയ്ക്കായി അമേരിക്ക കൊണ്ടുവന്ന നിയമങ്ങള്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് ആഗോളതലത്തില്‍ ഭീഷണിയാവുകയാണെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റിന്റെ വലിയൊരു ശക്തി അതു നല്‍കുന്ന സ്വാതന്ത്ര്യമാണ്. ഭരണഘടന നല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണത്. അതിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമം ജനാധിപത്യത്തിനു ഭീഷണിയാകും.

സന്തോഷ് തോട്ടിങ്ങല്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ഐടി സബ്കമ്മിറ്റി ചെയര്‍മാന്‍ പി എസ് രാജശേഖരന്‍ അധ്യക്ഷനായി. കണ്‍വീനര്‍ അഡ്വ. ടി കെ സുജിത്, വി കെ ആദര്‍ശ്, അശോകന്‍ ഞാറക്കല്‍ , ശിവഹരി നന്ദകുമാര്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ തങ്കച്ചന്‍ , ടി പി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 010312

1 comment:

  1. അഭിപ്രായപ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുംവിധം ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുടെയും പ്രവര്‍ത്തനം പരിമിതപ്പെടുത്താനുള്ള നീക്കം ചെറുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ഐടി കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു.

    ReplyDelete