Sunday, July 1, 2012

മൊഴികളെന്ന പേരിലുള്ള വാര്‍ത്തകള്‍ കള്ളം: പി മോഹനന്‍


പൊലീസിന് മുന്നില്‍ താനൊരു കുറ്റസമ്മതവും നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ വരുന്ന മൊഴികള്‍ സത്യമല്ലെന്നും സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്‍ അറിയിച്ചു. ശനിയാഴ്ച അഭിഭാഷകന്‍ സന്ദര്‍ശിച്ചപ്പോഴാണ് വധവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നും താനൊന്നും പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും പി മോഹനന്‍ വ്യക്തമാക്കിയത്. കേസില്‍ അറസ്റ്റിലായ കെ സി രാമചന്ദ്രന്‍, പി കെ കുഞ്ഞനന്തന്‍ എന്നിവരുമായി ഫോണില്‍ സംസാരിച്ചു, ഗൂഢാലോചന അറിയാമെന്ന് സമ്മതിച്ചു എന്നെല്ലാം മോഹനന്‍ മൊഴി നല്‍കിയതായാണ് ശനിയാഴ്ച മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. നേരത്തെ ഈ കേസില്‍ മൊഴികളായി വന്ന വാര്‍ത്തകള്‍ പടയങ്കണ്ടി രവീന്ദ്രന്‍, സി എച്ച് അശോകന്‍, ടി കെ രജീഷ് എന്നിവരും നിഷേധിച്ചിരുന്നു. തെറ്റായതും പറയാത്തതുമായ മൊഴിയാണ് വാര്‍ത്തകളായി നല്‍കുന്നതെന്ന് ഇവര്‍ കോടതിയില്‍ സത്യവാങ്മൂലവും കൊടുത്തിട്ടുണ്ട്. പി മോഹനന്‍ അറസ്റ്റിലായി നിമിഷങ്ങള്‍ക്കകം മൊഴികളെന്നവിധം ചാനലുകള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും കോഴിക്കോടാണ് കേന്ദ്രമെന്നുമെല്ലാം മൊഴിനല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.

പി മോഹനനെ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷക സാന്നിധ്യമാകാം

വടകര: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെ പൊലീസ് ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകസാന്നിധ്യം അനുവദിച്ച് കോടതി ഉത്തരവായി. എന്നാല്‍ മുഴുവന്‍സമയവും അഭിഭാഷകന്റെ സാന്നിധ്യം ആവശ്യമില്ല. അഭിഭാഷകന് ഏതുസമയത്തും മോഹനനെ സന്ദര്‍ശിക്കാമെന്ന് വടകര മജിസ്ട്രേറ്റ് എം ഷുഹൈബ് ഉത്തരവില്‍ വ്യക്തമാക്കി. ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കാനാവശ്യപ്പെട്ട് അഡ്വ. കെ എം രാംദാസ് മുഖേന മോഹനന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകസാന്നിധ്യം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി അംഗീകരിച്ചാണ് കോടതിവിധി. കോടതി ഉത്തരവിനെ തുടര്‍ന്ന് രാംദാസ് ശനിയാഴ്ച ഉച്ചക്ക് വടകര പുതുപ്പണത്തെ പ്രത്യേകാന്വേഷണസംഘത്തിന്റെ ക്യാമ്പിലെത്തി മോഹനനെ സന്ദര്‍ശിച്ചു. ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. മോഹനനെ വെള്ളിയാഴ്ച രാവിലെയാണ് പൊലീസ്് അറസ്റ്റുചെയ്തത്.

deshabhimani 010712

ലക്ഷ്യമിട്ടത് പിണറായി ഉള്‍പ്പെടെ 3 നേതാക്കളെ


ഇ പി ജയരാജനു പുറമെ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെയും അപായപ്പെടുത്താന്‍ സുധാകരന്റെ നേതൃത്വത്തില്‍ നീക്കം നടന്നു. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളുടെ ജീവനെടുക്കാന്‍ തോക്കും പണവും നല്‍കി അയച്ച കെ സുധാകരന്റെ കൊടിയ ക്രിമിനല്‍ മുഖമാണ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കും. കേവലം ഒരു രാഷ്ട്രീയ തിരിച്ചടി മാത്രമായിരുന്നില്ല സുധാകരന്‍ ലക്ഷ്യമിട്ടത്. കേരളത്തിലെ മുതിര്‍ന്ന സിപിഐ എം നേതാക്കളെ കൂട്ടമായോ അവരില്‍ ആരെയെങ്കിലുമോ വധിക്കുക; ഒപ്പം കണ്ണൂര്‍ ജില്ലയിലാകെ കലാപം അഴിച്ചുവിടുക ഇതായിരുന്നു പദ്ധതി. ഈ ലക്ഷ്യത്തോടെ സുധാകരന്റെ വീട്ടില്‍ ആരംഭിച്ച ഗൂഢാലോചന തിരുവനന്തപുരത്തും ഡല്‍ഹിയിലും തുടര്‍ന്നു. നേതാക്കളെ പിന്തുടര്‍ന്ന വാടകക്രിമിനലുകളുടെ കൈയില്‍ പെട്ടത് അന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജന്‍ മാത്രം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായിരുന്ന പിണറായിയും കോടിയേരിയും മറ്റൊരു ട്രെയിനിലായതുകൊണ്ടാണ് രക്ഷപ്പെട്ടത്.

ചണ്ഡീഗഢില്‍ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരവെ 1995 ഏപ്രില്‍ 12ന് രാവിലെ 10.20നാണ് രാജധാനി എക്സ്പ്രസില്‍ ബപറ്റ്ല-ചിരാല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍വച്ച് ഇ പിയെ വെടിവച്ചത്. വാഷ്ബേസിനില്‍ മുഖം കഴുകവെ ഒന്നാംപ്രതി വിക്രംചാലില്‍ ശശിയാണ് വെടിവച്ചത്. രണ്ടാംപ്രതി പേട്ട ദിനേശന്‍ ശശിക്ക് ആയുധങ്ങളുമായി സംരക്ഷണം നല്‍കി. കഴുത്തില്‍ വെടിയേറ്റ ജയരാജന്റെ ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അന്നുതന്നെ ചെന്നൈയില്‍വച്ച് നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് ശശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ടി പി രാജീവന്‍, ബിജു, കെ സുധാകരന്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും പ്രതികള്‍. ആന്ധ്ര ഗവണ്‍മെന്റില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് സുധാകരന്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടത്. ഇ പി ജയരാജന്‍ ആന്ധ്രയിലെ ഓംഗോള്‍, തിരുവനന്തപുരം വഞ്ചിയൂര്‍ കോടതികളില്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായങ്ങളില്‍ സുധാകരന്‍ പ്രതിയാണ്.

അന്വേഷണം വേണം: പിണറായി

ഇ പി ജയരാജന്‍ വധശ്രമം, സേവറി നാണുവിന്റെ കൊലപാതകം, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ് ആക്രമണം തുടങ്ങിയവ സംബന്ധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ ഉടന്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് ഇതിനാവശ്യമായ നടപടിയെടുക്കണം. കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങളില്‍ സുധാകരന്റെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിനോട് കെപിസിസിയും കോണ്‍ഗ്രസ് ദേശീയനേതൃത്വവും പ്രതികരിക്കണമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജയരാജന്‍ വധശ്രമത്തില്‍ സുധാകരന്റെ പങ്ക് നേരത്തെ വ്യക്തമായതാണെന്ന് പിണറായി പറഞ്ഞു. ജയരാജനെ വെടിവച്ചവര്‍ പിടിയിലായപ്പോള്‍ത്തന്നെ സുധാകരന്റെയും എം വി രാഘവന്റെയും പങ്കാളിത്തം പുറത്തുവന്നിരുന്നു. അന്ന് കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും സുധാകരനെ രക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. ഇപ്പോള്‍ ഈ കേസില്‍ പുതിയ തെളിവ് വന്നിരിക്കുകയാണ്.

കണ്ണൂര്‍ നഗരത്തിലെ സേവറി ഹോട്ടലിനുനേരെ ആക്രമണം നടത്തി നാണു എന്ന തൊഴിലാളിയെ ബോംബെറിഞ്ഞു കൊല്ലുകയായിരുന്നു. അതിന്റെ തലേന്നാണ് കണ്ണൂര്‍ സഹകരണ പ്രസ് ആക്രമിച്ചത്. ആക്രമണത്തിന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നത് താനാണെന്ന് പ്രശാന്ത്ബാബു വെളിപ്പെടുത്തിയിരിക്കുന്നു. എറണാകുളത്തും തൃപ്രയാറിലും നിന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ എത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ക്യാമ്പ് ചെയ്ത ഇവര്‍ തുടര്‍ന്ന് ആക്രമണം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ക്വട്ടേഷന്‍സംഘം തമ്പടിച്ചത് മുമ്പും വിവാദമായിരുന്നു. ഇവരെ പൊലീസ് പിടിച്ചെങ്കിലും സുധാകരന്‍ ബഹളമുണ്ടാക്കി മോചിപ്പിച്ചു. മറ്റൊരു കേസിന്റെ പേരില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്നെ നാണുവധക്കേസില്‍ പ്രതിയാക്കിയെന്നും ഹാജരാക്കിയപ്പോഴാണ് പ്രതിയായ കാര്യം അറിഞ്ഞതെന്നും പ്രശാന്ത്ബാബു പറയുന്നു. പൊലീസ് ഓഫീസര്‍ നിസ്സഹായത പ്രകടിപ്പിച്ചതായും പറഞ്ഞിട്ടുണ്ട്. നാണു വധക്കേസില്‍ പ്രതികളെ ഏര്‍പ്പാട് ചെയ്തുകൊടുത്തു എന്നാണിത് വ്യക്തമാക്കുന്നത്. സുധാകരന്‍ പറഞ്ഞതിനപ്പുറം പൊലീസ് ഉദ്യോഗസ്ഥന് ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. കേസ് വിട്ടുപോയി. നാണുവധക്കേസിലുള്‍പ്പെടെ യഥാര്‍ഥ കുറ്റവാളികള്‍ കേസില്‍ വന്നിട്ടുപോലുമില്ല. പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍വരെ കേസെടുക്കുന്ന കാലമാണിത്. സ്വന്തം നേതാവിനെക്കുറിച്ച് അനുയായിയുടെ വെളിപ്പെടുത്തല്‍പ്രകാരം അന്വേഷണം നടത്തണം. കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സുധാകരന്റെ പങ്ക് കെപിസിസിക്ക് നേരത്തേ ബോധ്യമായതാണ്. എന്നിട്ടും രക്ഷിക്കുന്ന നിലപാടെടുത്തു. ഇനിയും രക്ഷിക്കാനാണ് ഭാവമെങ്കില്‍ തുറന്നുപറയണം.

പ്രശാന്ത്ബാബുവിന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. നേരത്തേ ഡിസിസി അംഗമായിരുന്ന പുഷ്പരാജന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദരിയുമായുള്ള സുധാകരന്റെ ബന്ധം സംബന്ധിച്ച് മനോവേദനയില്‍ പരസ്യമായി ആക്ഷേപം ഉന്നയിച്ചതിന് പുഷ്പരാജന്റെ രണ്ടുകാലും തല്ലിയൊടിച്ചു. പ്രശാന്ത്ബാബു അപകടത്തിലാകുമെന്നുറപ്പാണെന്നും അയാളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രശാന്ത്ബാബുവിനെ സിപിഐ എം ഉപകരണമാക്കിയെന്ന സുധാകരന്റെ ആക്ഷേപം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അയാള്‍ക്ക് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പിണറായി പറഞ്ഞു.

സുധാകരനെ അറസ്റ്റുചെയ്യണം: ഇ പി

നീലേശ്വരം: വന്‍ ഗൂഢാലോചനയാണ് 1995ലെ ഓങ്കോള്‍ വെടിവയ്പിന് പിന്നില്‍ നടന്നതെന്നും അതിന് ദൃക്സാക്ഷിയായ കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരനെ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

പിണറായി വിജയനെ കൊന്ന് കേരളത്തിലെ പാര്‍ടിയെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പിണറായിയെ കിട്ടിയില്ലെങ്കില്‍ കോടിയേരിയേയൊ ഇ പി ജയരാജനേയൊ കൊല്ലണമെന്നാണ് ക്വട്ടേഷന്‍ സംഘത്തോട് ഇവര്‍ പറഞ്ഞത്. തങ്ങള്‍ക്ക് തോക്ക് തന്നുവിട്ടത് സുധാകരനും എം വി രാഘവനുമാണെന്ന് പിടിയിലായ പ്രതികള്‍ പൊലീസില്‍ പറഞ്ഞിട്ടുണ്ട്. സുധാകരന്റെ നടാലിലെ വീട്ടിലാണ് ആദ്യ ഗൂഢാലോചന നടന്നതെന്നാണ് ദീര്‍ഘകാലം സുധാകരന്റെ ഡ്രൈവറായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രശാന്ത് ബാബു വെളിപ്പെടുത്തിയത്. അഡ്വ. ടി പി ഹരീന്ദ്രനും സിഎംപിയുടെ മറ്റൊരു ഉന്നതനും ഗൂഢാലോചനയില്‍ പങ്കെടുത്തു. പ്രസംഗത്തിന്റെ പേരില്‍പോലും കൊലക്കുറ്റത്തിന് കേസെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍, കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലില്‍ എന്തു നടപടി സ്വീകരിക്കുമെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

തെളിവ് പുറത്തുവിട്ട പ്രശാന്ത് ബാബുവിന്റെ ജീവന്‍ അപായപ്പെടുമോയെന്ന് ആശങ്കയുണ്ട്. സുധാകരനെതിരെ പ്രതികരിച്ചവരെയെല്ലാം ക്രൂരമായി ആക്രമിച്ച അനുഭവമാണുള്ളത്. ഡിസിസി സെക്രട്ടറി പുഷ്പരാജിന്റെ രണ്ടു കാലും അടിച്ചൊടിച്ച് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയത് സുധാകരനാണ്. തന്റെ സഹോദരിയെ തടങ്കലില്‍വച്ച് സുധാകരന്‍ പീഡിപ്പിക്കുകയാണെന്ന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതിനാണ് പുഷ്പരാജിന്റെ ഓട്ടോറിക്ഷ കത്തിച്ച് കാല്‍ തല്ലിയൊടിച്ചത്. നടാല്‍ ഭാഗത്ത് മുമ്പുകണ്ട ചില അനാഥ മൃതദേഹങ്ങള്‍ ഇത്തരത്തിലുള്ളതാണെന്ന സംശയം നേരത്തേ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് സത്യം വിളിച്ചുപറഞ്ഞ പ്രശാന്ത്ബാബുവിന് പൊലീസ് സംരക്ഷണം നല്‍കണം. ഇയാളെ ആക്രമിച്ച് അത് സിപിഐ എമ്മിന്റെ തലയിലിടാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രശാന്ത്ബാബു സിപിഐ എം തടങ്കലിലാണെന്ന സുധാകരന്റെ പ്രസ്താവന ഇതിനുള്ള നീക്കമാണ്. ഇയാള്‍ക്ക് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ല.

കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണുവിനെ കൊന്നതും കോ- ഓപ്പറേറ്റീവ് പ്രസില്‍ കയറി ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ചതും സുധാകരന്‍ പറഞ്ഞിട്ടാണെന്നാണ് പ്രശാന്ത്ബാബു വെളിപ്പെടുത്തിയത്. യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ വ്യാജ പ്രതികളെ ഹാജരാക്കുകയായിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംപിയുമായ സുധാകരന്റെ നടപടികളെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായം വ്യക്തമാക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

അന്വേഷണം വേണം: കോടിയേരി

കണ്ണൂര്‍: പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇ പി ജയരാജനെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത് സുധാകരനാണെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ഗൂഢാലോചന നടത്തിയതും പ്രതികള്‍ക്ക് പണം നല്‍കിയതും സുധാകരനാണെന്ന് അന്നേ വെളിപ്പെട്ടതാണ്. ചെന്നൈ പൊലീസ് കേസെടുത്തെങ്കിലും അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണി ഇടപെട്ട് കേസ് തേച്ചുമായ്ച്ച് കളയുകയായിരുന്നു. ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പ്രശാന്ത്ബാബു കോണ്‍ഗ്രസ് നേതാവും സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രശാന്ത്ബാബുവിന് സംരക്ഷണം നല്‍കണം.

 ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവര്‍ വെളിപ്പെടുത്തി എന്നാരോപിച്ച് പിഐ എം നേതാക്കളെ അറസ്റ്റ്ചെയ്യുന്ന പൊലീസ് ഇവിടെ ഇരട്ടത്താപ്പ് കാട്ടരുത്. കേരളത്തില്‍ ആഭ്യന്തരവകുപ്പ് രണ്ട് നീതിയാണ് നടപ്പാക്കുന്നത്.

കണ്ണൂരില്‍ സേവറി ഹോട്ടലിന് ബോംബെറിഞ്ഞ് നാണുവിനെ കൊലപ്പെടുത്തിയത്, സഹകരണ പ്രസില്‍ ബോംബെറിഞ്ഞ് പ്രശാന്തനെ മാരകമായി പരിക്കേല്‍പ്പിച്ചത് തുടങ്ങിയവയെല്ലാം സുധാകരന്റെ ഗൂഢാലോചനയില്‍ നടന്നതാണ്. കൂത്തുപറമ്പില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലാന്‍ അന്നത്തെ ഡിവൈഎസ്പി ഹക്കീംബത്തേരിയുമായി ചേര്‍ന്ന് സുധാകരനാണ് ഗൂഢാലോചന നടത്തിയതെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം-കോടിയേരി ആവശ്യപ്പെട്ടു.

deshabhimani 010712

ക്ഷേത്രപ്രവേശനം സിപിഐ എം സമരത്തെ തുടര്‍ന്ന് മുത്താലമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം: ദളിതര്‍ പങ്കെടുത്തു


വര്‍ഷങ്ങള്‍ നീണ്ട സമരത്തെ തുടര്‍ന്ന് മധുര മുത്താലമ്മന്‍ ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേകത്തില്‍ ദളിതര്‍ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന കുംഭാഭിഷേകത്തില്‍ ആയിരത്തോളം ദളിതരാണ് പങ്കെടുത്തത്. പരിപാടിയില്‍ സിപിഐ എമ്മിന്റേയും അയിത്ത വിരുദ്ധമുന്നണിയുടേയും നേതാക്കളും പങ്കെടുത്തു.

മധുര ജില്ലയില്‍ പേരയൂര്‍ താലൂക്കിലാണ് ഉത്തപുരം ഗ്രാമത്തിലാണ് ക്ഷേത്രം. മധുരയില്‍ നിന്നും 52 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. ഏതാനും വര്‍ഷം മുമ്പ് ക്ഷേത്രത്തിലെ കുംഭാഭിഷേകത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. 1948 മുതല്‍ ദളിതരും ഉയര്‍ന്ന ജാതിക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. 1948ലും 1964ലും ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇരുവിഭാഗവും തമ്മില്‍ പ്രശ്നങ്ങളുണ്ടായി. 1989 ല്‍ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ദളിതരെ ഭീകരമായി മര്‍ദിച്ചു. തുടര്‍ന്ന് 131 പേരെ അറസ്റ്റ് ചെയ്തതില്‍ അധികവും ദളിതരായിരുന്നു. പാരമ്പര്യമായി ദളിതര്‍ ആല്‍മരത്തില്‍ കറുപ്പുതുണി കെട്ടി കറുപ്പുസ്വാമിയെ പ്രാര്‍ഥിക്കുന്നത് തടഞ്ഞു. ക്ഷേത്രത്തിലേക്കുള്ള വഴിയും സവര്‍ണര്‍ അടച്ചു. അരനൂറ്റാണ്ടിലേറെ പഴക്കമുളള ക്ഷേത്രമാണിത്. നേരത്തെ സവര്‍ണ വിഭാഗവും ദളിതരും ഒന്നിച്ചായിരുന്നു ഉത്സവം നടത്തിയിരുന്നത്. ക്ഷേത്ത്രിന്റെ അവകാശം സംബന്ധിച്ച് 1989 ല്‍ ദളിതരെ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ച് ക്ഷേത്രം കൈയ്യടക്കാനും സവര്‍ണര്‍ ശ്രമിച്ചു. അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തത് അഞ്ച് ദളിതുകളും ബാക്കി 22 പേര്‍ ഉയര്‍ന്ന ജാതിക്കാരുമായിരുന്നു. ഇവര്‍ ഭീഷണിപ്പെടുത്തിയാണ് ഒപ്പിടിവിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദളിതര്‍ കയറാതിരിക്കാന്‍ മതില്‍ കെട്ടി. 1989 ല്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 89 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ദളിതര്‍ മരിക്കുകയും ചെയ്തു. അലങ്കാരം, വെളിച്ചം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 2008 മുതല്‍ ക്ഷേത്രം പൊലീസ് കാവലിലായിരുന്നു. അയിത്ത മതില്‍ 2008 ഏപ്രില്‍ 30 ന് പ്രകാശ് കാരാട്ടിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു.

സിപിഐ എമ്മിന്റെയും പാര്‍ടി നേതൃത്വത്തിലുള്ള തീണ്ടാമൈ ഒഴുപ്പു മുന്നണിയുടേയും നീണ്ടകാല സമരത്തെ തുടര്‍ന്നാണ് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശം ലഭിക്കുന്നത്.2011 ജനുവരി 31 ന് മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം സമരം നടത്തി. തുടര്‍ന്ന് മൂന്ന് ഭാഗങ്ങളിലായി മൂവായിരത്തോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ സമരങ്ങളെ തുടര്‍ന്ന് 2011 ഒക്ടോബര്‍ 20ന് എസ്പിയുടെ നേതൃത്വത്തില്‍ കരാര്‍ ഉണ്ടാക്കി. 2012 മാര്‍ച്ചില്‍ ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കണമെന്നുള്ള കോടതി ഉത്തരവ് വന്നു. ഇതിന്റെ തുടര്‍ന്നാണ് വെള്ളിയാഴ്ച കുംഭാഭിഷേകം നടന്നത്. മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കാത്തതിനെതിരെ സിപിഐ എമ്മും തീണ്ടാമൈ ഒഴുപ്പു മുന്നണിയും മധുര ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്നാണ് ദളിതര്‍ക്ക് ഇപ്പോള്‍ പ്രശേനമുണ്ടായത്. കുംഭാഭിഷേകത്തില്‍ തീണ്ടാമൈ ഒഴുപ്പുമുന്നണി മധുര ജില്ലാ സെക്രട്ടറി എം തങ്കരാജ്, സംസ്ഥാന ഭാരവാഹിയായ എസ് കെ പൊന്നുത്തായി, തമിഴ്നാട് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ചെല്ലക്കണ്ണ്, അവിഭാഷകരായ യു നിര്‍മലാമണി, രാജ്കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുത്തുറാണി. സുരക്ഷയുടെ ഭാഗമായി മധുര എസ്പി ബാലകൃഷ്ണന്‍, ഉസിലംപെട്ടി ഡിവൈഎസ്പി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 500 ലധികം പൊലീസിനേയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

deshabhimani 010712

കൊടുംക്രൂരതയുടെ നടുക്കുന്ന ഓര്‍മപ്പെടുത്തല്‍


കണ്ണൂര്‍ ഒരിക്കലും മറക്കാത്ത കൊടുംക്രൂരതയുടെ ഓര്‍മകള്‍ക്ക് തീകൊടുക്കുകയാണ് പ്രശാന്ത്ബാബുവെന്ന സുധാകരന്റെ പഴയ കൂട്ടുകാരന്‍. കെ സുധാകരന്‍ ഡിസിസി പ്രസിഡന്റ് ആകുന്നതിന് മുമ്പും ശേഷവും നടത്തിയ എണ്ണിയാലൊടുങ്ങാത്ത അക്രമപരമ്പരകളുടെ സംക്ഷിപ്തമാണ് മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. സുധാകരനെന്ന ക്രിമിനല്‍ നേതാവിന്റെ തനി രൂപം ഇതിലൂടെ വായിച്ചെടുക്കാം.

1992 ജൂണ്‍ 13ന് നട്ടുച്ചയ്ക്ക് കണ്ണൂര്‍ നഗരമധ്യത്തിലെ സേവറി ഹോട്ടലില്‍ ചോറുണ്ണുന്നവര്‍ക്കു നേരെ ബോംബെറിഞ്ഞാണ് നാണുവെന്ന സിപിഐ എം പ്രവര്‍ത്തകനെ കൊന്നത്. ചോറുവിളമ്പുകയായിരുന്ന നാണു കുടല്‍മാല പുറത്തുചാടി, ഊണിലകളില്‍ രക്തം വീഴ്ത്തി അവിടെത്തന്നെ മരിച്ചുവീണു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജയകൃഷ്ണന്റെ ഒരു കൈ അറ്റുപോയി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മാരകമായി പരിക്കേറ്റു. അക്രമത്തിനുശേഷം സംഘം ജീപ്പില്‍ നേരെ പോയത് ഡിസിസി ഓഫീസിലാണ്. അക്രമിത്താവളമാണ് ഡിസിസി ഓഫീസെന്ന് ഇതിലൂടെ വ്യക്തമായതാണ്. ഇതിന് കൂടുതല്‍ തെളിവ് നല്‍കുന്നതാണ് പ്രശാന്ത്ബാബുവിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

സിപിഐ എം നേതാവ് ടി കെ ബാലന്റെ വീട്ടില്‍ കടന്നുചെന്ന് ബോംബെറിഞ്ഞതും ഈ കറുത്ത നാളുകളിലാണ്. ബാലന്റെ മകന്റെ കണ്ണ് നഷ്ടപ്പെട്ടു. ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. ചൊവ്വ ബാങ്കില്‍ പാഞ്ഞുകയറി വിനോദിനെ വെട്ടിനുറുക്കി. കോ-ഓപ്പറേറ്റീവ് പ്രസ്സിലെ പ്രശാന്തനെ തലങ്ങും വിലങ്ങും വെട്ടി. തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട ഇരുവരും ഇന്നും അക്രമത്തിെന്‍റ യാതനകള്‍ അനുഭവിക്കുന്നു. എതിരാളികള്‍ മാത്രമല്ല, ഈ രാഷ്ട്രീയക്രൂരതകള്‍ക്കിരയായത്. ഏറെക്കാലം സുധാകരന്റെ ഗുണ്ടാസംഘത്തില്‍ സജീവമായിരുന്ന നടാലിലെ മനോഹരന്റെ ജഡം റെയില്‍വേ ട്രാക്കില്‍ കണ്ടതിനെക്കുറിച്ച് ഇന്നും തുമ്പ് ലഭിച്ചിട്ടില്ല. സുധാകരനുമായി തെറ്റി മദ്യലഹരിയില്‍ പലതും വിളിച്ചുപറഞ്ഞ മനോഹരനെ നടാല്‍ ബസാറില്‍ എല്ലാവരും കണ്ടതാണ്. പിറ്റേന്ന് രാവിലെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. ഡിസിസി അംഗമായിരുന്ന പുഷ്പരാജിന് രണ്ട് കാലുകളും നഷ്ടപ്പെടാന്‍ കാരണം ഒരു പത്രസമ്മേളനമായിരുന്നു. സ്വന്തം പെങ്ങളെ നേതാവ് ചെന്നൈയില്‍ താമസിപ്പിക്കുന്നുവെന്ന് പരസ്യപ്പെടുത്തിയതിനു നല്‍കേണ്ടിവന്നതിനാണ് പുഷ്പരാജിന് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.

സാഹചര്യത്തെളിവുകള്‍ ശക്തം; അന്വേഷണം അനിവാര്യമാകും

കണ്ണൂര്‍: ഉന്നത സിപിഐ എം നേതാക്കളെ കൊലപ്പെടുത്താന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപി നടത്തിയ ഗൂഢാലോചനക്കും നാല്‍പാടി വാസു വധത്തിനും ദൃക്സാക്ഷിയായ എം പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ നിയമത്തിനുമുന്നില്‍ നിര്‍ണായക തെളിവാകും. സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെടുന്ന വസ്തുതകളാണ് പുറത്തു വന്നത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലും ഡല്‍ഹിയിലും നടന്ന ഗൂഢാലോചന ഉള്‍പ്പെടെ സുധാകരന്റെ പങ്കാളിത്തത്തിനുള്ള നിരവധി വ്യക്തമായ തെളിവുകള്‍ നേരത്തെതന്നെ നീതിപീഠങ്ങള്‍ക്ക് മുന്നിലുണ്ട്. പ്രശാന്ത് ബാബുവിന്റേത് കേവല മൊഴി എന്നതിനപ്പുറം നിരവധി സാഹചര്യത്തെളിവുകളും നിരത്തുന്നതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ അന്വേഷണം നടന്നാല്‍ വ്യക്തമായ തെളിവും തൊണ്ടിയും സാക്ഷികളും ലഭ്യമാവുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇത് ഗൗരവപൂര്‍വം പരിഗണിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് പ്രസക്തം.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നിവരില്‍ ആരെയെങ്കിലും കൊലപ്പെടുത്തണമെന്ന ഗൂഢാലോചന നടന്നത് സുധാകരന്റെ നടാലിലെ വീട്ടിലാണെന്നതിന് തെളിവായി സിഎംപി നേതാവ് ടി പി ഹരീന്ദ്രന്‍, കാപ്പാടന്‍ രമേശന്‍, കക്കാട്ടെ ബാബുക്ക മനോജ് എന്നിവരുടെ സാന്നിധ്യം എടുത്തുപറഞ്ഞിട്ടുണ്ട്. രമേശന്‍ സുധാകരന്റെ സന്തത സഹചാരിയും നിരവധി കേസുകളില്‍ പ്രതിയുമാണ്. ഹരീന്ദ്രന്‍ പലകേസുകളില്‍ അഭിഭാഷകനും. കേസിലെ മറ്റൊരു സുപ്രധാന കണ്ണി "മാതൃഭൂമി" മംഗളൂരു ലേഖകന്‍ ടി പി രാജീവനാണ്. സിപിഐ എം നേതാക്കളെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ എര്‍പ്പെടുത്താന്‍മാത്രം ഇയാള്‍ക്ക് വിദ്വേഷം ഉള്ളതായും പ്രശാന്ത് പറയുന്നു.

ഇ പിയെ വെടിവച്ച അന്നുതന്നെ പിടിക്കപ്പെട്ട വിക്രംചാലില്‍ ശശിയേയും പേട്ട ദിനേശനെയും ഏര്‍പ്പാടാക്കിയത് രാജീവനാണ്. കാസര്‍കോടുനിന്ന് ആയുധം എത്തിച്ച ചീമേനി ഞണ്ടാടിയിലെ കരിമ്പില്‍ കൃഷ്ണന്‍ അന്വേഷണപരിധിയില്‍ പുതുതായി വരുന്ന കോണ്‍ഗ്രസ് നേതാവാണ്. ജയരാജനെ വെടിവച്ച തോക്ക് പ്രധാന തൊണ്ടിമുതലായി ആന്ധ്ര കോടതിയുടെ കസ്റ്റഡിയിലുണ്ട്. സുധാകരന് തോക്ക് എത്തിച്ചയാളെക്കുറിച്ചും അന്നുതന്നെ വിവരം ലഭിച്ചതാണ്. തൃശൂരിലെ അബ്കാരികളില്‍നിന്നും ഗള്‍ഫിലും നടന്ന പണപ്പിരിവിന്റെ വിവരവും സുധാകരനെതിരായ തെളിവായി വരും. നാല്‍പാടി വാസു വധത്തിന് ദൃക്സാക്ഷിയും ആ കേസില്‍ പ്രതിയുമായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ഈ കേസിന്റെ പുനരന്വേഷണ സാധ്യതയും തുറക്കുന്നു. സേവറി കേസില്‍ അറസ്റ്റ് നടക്കും മുമ്പ് സമാധാന യോഗത്തില്‍ തെറ്റായ വിവരം പറയിച്ചത് പൊലീസിനുമേലുള്ള സുധാകരന്റെ ആജ്ഞാശക്തിക്ക് തെളിവാണ്. അന്നത്തെ ഉദ്യോഗസ്ഥര്‍കൂടി കേസിന്റെ ഭാഗമാകുമ്പോള്‍ ഇനിയുമേറെ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കും.
(മനോഹരന്‍ മോറായി)

സേവറി നാണുവധം പുനരന്വേഷിക്കണം: പി ജയരാജന്‍

കൊച്ചി: പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, സേവറി നാണുവിനെ ബോംബെറിഞ്ഞുകൊന്ന കേസ് പുനരന്വേഷിക്കണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. നക്സല്‍ വര്‍ഗീസിനെ വെടിവച്ചുകൊന്നത് രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് നടപടി എടുത്തത്. അതിനു സമാനമായ സംഭവമാണ് ഇതെന്നും ജയരാജന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇ പി ജയരാജനെ വെടിവച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചതിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 010712

യഥാര്‍ഥ കേരള കോണ്‍ഗ്രസ് പി സി തോമസിന്റേത്: തെര. കമീഷന്‍


കേരളത്തില്‍ യഥാര്‍ഥ കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരള കോണ്‍ഗ്രസില്‍ നിന്ന് ചില വ്യക്തികള്‍ മാണി ഗ്രൂപ്പില്‍ ചേരുക മാത്രമാണുണ്ടായതെന്നും ഇതിനെ പൂര്‍ണ ലയനമായി കാണാനാകില്ലെന്നും കമീഷന്‍ വ്യക്തമാക്കി. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

തങ്ങള്‍ പൂര്‍ണമായി മാണി ഗ്രൂപ്പില്‍ ലയിച്ചെന്നും അതിനാല്‍ കേരള കോണ്‍ഗ്രസ് എന്ന പേര് മറ്റൊരു കക്ഷിക്കും അവകാശപ്പെടാനാകില്ലെന്നുമായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ വാദം. കേരള കോണ്‍ഗ്രസിന്റെ ചിഹ്നമായിരുന്ന സൈക്കിള്‍ മറ്റൊരു പാര്‍ടിക്കും നല്‍കരുതെന്നും ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ടാവശ്യവും കമീഷന്‍ തള്ളി. തങ്ങളുടെ മാതൃപാര്‍ടിയില്‍ നിന്ന് ജോസഫും ചിലരും മാണി ഗ്രൂപ്പില്‍ ചേരുക മാത്രമാണുണ്ടായതെന്നും കേരള കോണ്‍ഗ്രസ് എന്ന പാര്‍ടി ഇപ്പോഴും പൂര്‍ണ അര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നുമാണ് പി സി തോമസ് വിഭാഗം വാദിച്ചത്. ജോസഫിനെയും കൂട്ടരെയും പുറത്താക്കി പുതിയ ഭാരവാഹികളെ പാര്‍ടി ഭരണഘടനാപ്രകാരം തെരഞ്ഞെടുത്തെന്നും തോമസ് വിഭാഗം അറിയിച്ചു. തെളിവായി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് കമീഷന്‍ ഈ വാദങ്ങള്‍ അംഗീകരിച്ചു. കേരള കോണ്‍ഗ്രസ് എന്ന പേര് തോമസ് വിഭാഗത്തിന് തുടര്‍ന്നും ഉപയോഗിക്കാമെന്ന് കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ടിയെന്ന പദവിയുമുണ്ടാകും.

നിയമസഭയില്‍ അംഗങ്ങളില്ലാത്തതിനാല്‍ തല്‍ക്കാലം സംസ്ഥാന പാര്‍ടിയെന്ന പദവി നല്‍കാനാകില്ല. ഈ പദവി ലഭിച്ചശേഷം സൈക്കിള്‍ ചിഹ്നം അവകാശപ്പെടാനുമാകും. സംസ്ഥാന പദവി ലഭിക്കാതെ തന്നെ തങ്ങളുടെ പാര്‍ടിസ്ഥാനാര്‍ഥികള്‍ക്ക് പൊതുവായി സൈക്കിള്‍ ചിഹ്നം അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കാനുമാകും. കേരള കോണ്‍ഗ്രസ് എന്ന പേര് തോമസ് വിഭാഗത്തിന് നല്‍കരുതെന്ന ആവശ്യം കമീഷന്‍ തള്ളിയത് മാണി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി. കമീഷന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ കേരള കോണ്‍ഗ്രസ് ലയനവിരുദ്ധവിഭാഗം എന്ന പേരായിരുന്നു തോമസ് വിഭാഗത്തിന് അനുവദിച്ചിരുന്നത്.

deshabhimani 010712

ഫാസ്റ്റ് ഫുഡിലെ ഉപ്പും മധുരവും നിയന്ത്രിക്കണമെന്ന് ലോകാരോഗ്യ സംഘടന


ഫാസ്റ്റ് ഫുഡിലെ ഉപ്പിന്റെയും മധുരത്തിന്റെയും അളവ് പരിശോധിക്കാനും നിയന്ത്രിക്കാനും നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഫാസ്റ്റ് ഫുഡിലെ ഉപ്പിന്റെയും മധുരത്തിന്റെയും ഉയര്‍ന്ന അളവ് രക്തസമ്മര്‍ദവും പൊണ്ണത്തടിയും കൂട്ടുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫാസ്റ്റ്ഫുഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളടക്കമുള്ള സ്ഥാപനങ്ങളോട് ഉല്‍പ്പന്നങ്ങളിലെ ഉപ്പും പഞ്ചസാരയും കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. നട മെനബ്ദെ പറഞ്ഞു.

പ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം നിയന്ത്രിക്കാന്‍ ആരോഗ്യമന്ത്രാലയം നയപരമായ നടപടിയെടുക്കണം. പൊതുജനങ്ങളുടെ രുചിസ്വഭാവങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. മധുരവും കലോറിയും കുത്തിനിറച്ചതും ശരീരത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആവശ്യമായ പോഷകാംശങ്ങള്‍ കുറവുള്ളതുമായ ഫാസ്റ്റ്ഫുഡിന്റെ എളുപ്പത്തിലുള്ള ലഭ്യത ഭക്ഷണശീലങ്ങളെ മാറ്റിമറിക്കുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുകയും ചെയ്തെന്ന് ആരോഗ്യകരമായ ഭക്ഷണശീലം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പ്രതിദിനം അഞ്ച് ഗ്രാം ഉപ്പുമാത്രമേ ആവശ്യമുള്ളൂ. എന്നാല്‍, ശരാശരി ഇന്ത്യന്‍ പൗരന്‍ 9-10 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു. അമിത രക്തസമ്മര്‍ദമാണ് സ്ട്രോക്കുമൂലമുള്ള 57 ശതമാനം മരണത്തിനും ഹൃദയാഘാതം മൂലമുള്ള 24 ശതമാനം മരണത്തിനും കാരണം. പൊണ്ണത്തടിയുണ്ടാക്കാന്‍ മാത്രമേ പഞ്ചസാര സഹായിക്കൂവെന്നാണ് മറ്റൊരു പഠനം പറയുന്നത്. പഞ്ചസാരയുടെ അമിതോപയോഗം രക്തസമ്മര്‍ദം കൂട്ടുകയും കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇന്ത്യയിലെ വീടുകളില്‍ പാനീയമായി ഉപയോഗിക്കുന്ന നാരങ്ങവെള്ളം, ചായ, ലെസ്സി എന്നിവ പഞ്ചസാരകൊണ്ട് സമ്പുഷ്ടമാണ്. സമീപകാലത്തായി കോളപോലുള്ള പാനീയങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചു. പഞ്ചസാരയുടെ അളവ് ഇവയിലുംകൂടുതലാണ്.

deshabhimani 010712

ഇ പി ജയരാജന്‍ വധശ്രമം: ഗൂഢാലോചന നടന്നത് സുധാകരന്റെ വീട്ടില്‍


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്നത് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ എടക്കാട് നടാലിലെ വീട്ടിലെന്ന് വെളിപ്പെടുത്തല്‍. സുധാകരന്റെ സന്തതസഹചാരിയും കണ്ണൂര്‍ ഡിസിസിയുടെ ഡ്രൈവറുമായിരുന്ന എം പ്രശാന്ത്ബാബുവാണ് കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന, ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകന്‍ നാണുവിനെ കൊലപ്പെടുത്തിയതും കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതും ടി കെ ബാലന്റെ ( സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം, എംഎല്‍എ) മകനെ ബോംബെറിഞ്ഞതുമെല്ലാം സുധാകരന്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ പ്രശാന്ത്ബാബു വെളിപ്പെടുത്തി.

പേരാവൂരില്‍ സുധാകരന്റെ കാറിനുനേരെ ബോംബേറുണ്ടായ ശേഷമാണ് സിപിഐ എമ്മിന്റെ ഒരു ഉന്നതനേതാവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നിവരില്‍ ഒരാളെ കൊലപ്പെടുത്താനായിരുന്നു നിര്‍ദേശമെന്നും പ്രശാന്ത്ബാബു പറഞ്ഞു.

""സുധാകരന്റെ എടക്കാട് നടാലിലെ വീട്ടിലും ഡിസിസി ഓഫീസിലും ഇതേക്കുറിച്ച് പലപ്പോഴായി ഗൂഢാലോചന നടന്നു. ഒരു ദിവസം നടാലിലെ വീട്ടിലേക്ക് എന്നെ വിളിപ്പിച്ചു. അഡ്വ. ടി പി ഹരീന്ദ്രന്‍, കാപ്പാടന്‍ രമേശന്‍, കക്കാട്ടെ ബാബുക്ക, മനോജ് തുടങ്ങിയവര്‍ അവിടെയുണ്ടായിരുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിനടുത്ത് പോയി ക്വട്ടേഷന്‍ടീമിനെ വാഹനത്തില്‍ കണ്ണൂരിലെത്തിക്കണമെന്ന് സുധാകരേട്ടന്‍ ആവശ്യപ്പെട്ടു. തൃപ്രയാര്‍ക്ഷേത്രത്തിനടുത്ത ത്രിമൂര്‍ത്തിയെന്ന ക്വട്ടേഷന്‍ സംഘത്തലവനെ നേരത്തെ അറിയാം. ഒരു തവണ സുധാകരേട്ടന്‍ പറഞ്ഞതുപ്രകാരം തൃപ്രയാറില്‍നിന്ന് കണ്ണൂര്‍ ഡിസിസിയുടെ വാഹനത്തില്‍ സംഘത്തെ എറണാകുളത്ത് എത്തിച്ചിട്ടുണ്ട്. ആ പരിചയംവച്ചാണ് എന്നോട് ആവശ്യപ്പെട്ടത്. അന്ന് ഞാന്‍ കണ്ണൂര്‍ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ ജോലിചെയ്യുകയായിരുന്നു. ജോലിയുടെ കാര്യംപറഞ്ഞ് ഒഴിഞ്ഞുമാറി. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇ പി ജയരാജനെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനാവശ്യമായ ആയുധം വാങ്ങിയത് കാസര്‍കോട്ടെ കരിമ്പില്‍ കൃഷ്ണനില്‍ നിന്നാണ്""- പ്രശാന്ത്ബാബു പറഞ്ഞു.

ആദ്യഘട്ടത്തില്‍ പദ്ധതി പാളിയെന്നു സൂചിപ്പിച്ച പ്രശാന്ത്ബാബു അതിന്റെ കാരണവും വിശദീകരിച്ചു. പ്രധാനപ്പെട്ട ഒരു സംഭവം നടക്കാന്‍ പോകുന്നുവെന്ന് ഹരീന്ദ്രന്‍ കണ്ണൂരിലെ ചില സിഎംപിക്കാരോട് പറഞ്ഞതോടെ വിവരം ചോര്‍ന്നു. അതിനുശേഷം ഹരീന്ദ്രനെ ഒഴിവാക്കിയാണ് കാര്യങ്ങള്‍ നീക്കിയത്. കരിമ്പിലുമായി ആലോചിച്ച് കതിരൂര്‍ സ്വദേശി ടി പി രാജീവനെ (ഇപ്പോള്‍ മാതൃഭൂമി മംഗലാപുരം ലേഖകന്‍) ദൗത്യം ഏല്‍പ്പിച്ചു. രാജീവന്‍ മുഖേനയാണ് കേസില്‍ പിടിയിലായ വാടകക്കൊലയാളികളായ പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും രംഗത്തുവരുന്നത്. കാര്യങ്ങള്‍ നടത്താന്‍ സാമ്പത്തികസഹായം നല്‍കിയത് തൃശൂര്‍, എറണാകുളം ഭാഗത്തെ അബ്കാരികളാണ്. തോക്ക് എവിടെ നിന്ന്, ആര് നല്‍കിയെന്നത് സുധാകരേട്ടനുമാത്രമേ അറിയൂ. ഇതിന്റെ തുടര്‍ച്ചയായി ജില്ലയില്‍ വന്‍ കലാപമുണ്ടാക്കാനും സുധാകരന്‍ പദ്ധതിയിട്ടിരുന്നെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തി.

ചണ്ഡീഗഢില്‍ സിപിഐ എം പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങവെ 1995 ഏപ്രില്‍ 12ന് ആന്ധ്രപ്രദേശിലെ ചിരാലയ്ക്കടുത്തുവച്ച് രാജധാനി എക്സ്പ്രസിലാണ് ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമം നടന്നത്. കഴുത്തില്‍ വെടിയേറ്റ ജയരാജന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകന്‍ നാണുവിനെ കൊലപ്പെടുത്തിയത് (1992 ജൂണ്‍ 13നാണ് സംഭവം) സുധാകരന്‍ ഏര്‍പ്പെടുത്തിയ തൃശൂരില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്ന് പ്രശാന്ത്ബാബു പറഞ്ഞു.സേവറി ഹോട്ടലിലെ രാജനാണ് കണ്ണൂരിലെ എല്ലാ കുഴപ്പത്തിനും പിന്നിലെന്നുപറഞ്ഞാണ് ഹോട്ടല്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ക്വട്ടേഷന്‍ സംഘത്തിന് ആളെ അറിയുമായിരുന്നില്ല. അവരുടെ ബോംബേറില്‍ നാണു കൊല്ലപ്പെടുകയായിരുന്നെന്ന് പ്രശാന്ത്ബാബു പറഞ്ഞു. ഇതിന്റെ തലേന്ന് കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തിനെ ആക്രമിച്ചതും സുധാകരന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘമാണ്. യഥാര്‍ഥപ്രതികളെ ഒഴിവാക്കി നിരപരാധികളെ പ്രതിയാക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിലെ സ്വാധീനം സുധാകരന്‍ പ്രയോജനപ്പെടുത്തി. ഡിസിസി പ്രസിഡന്റും എടക്കാട് എംഎല്‍എയുമായിരുന്ന സുധാകരന്‍ കല്‍പ്പിക്കുന്നത് പ്രകാരമാണ് അന്ന് കണ്ണൂരിലെ പൊലീസ് പ്രവര്‍ത്തിച്ചത്. പരിക്കേറ്റ കോണ്‍ഗ്രസുകാരുടെയും കൊല്ലപ്പെട്ടവരുടെയും സഹായത്തിനെന്നു പറഞ്ഞ് ഗള്‍ഫില്‍നിന്നു പിരിച്ച തുകയെല്ലാം ക്വട്ടേഷന്‍ നല്‍കാനും ആയുധംവാങ്ങാനും മറ്റുമാണ് ഉപയോഗിച്ചതെന്നും പ്രശാന്ത്ബാബു പറഞ്ഞു. ഏറെക്കാലം സുധാകരന്റെ വലംകൈയായ പ്രശാന്ത്ബാബു കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു.
(പി ദിനേശന്‍)

സുധാകരന്റെ ഓപ്പറേഷനുകള്‍ക്ക് ക്വട്ടേഷന്‍ സംഘം തെക്കുനിന്ന്

തലശേരി: കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിയ കൊലപാതകം അടക്കമുള്ള അക്രമങ്ങള്‍ക്ക് ഉപയോഗിച്ചത് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘങ്ങളെയാണെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പ്രശാന്ത്ബാബു വെളിപ്പെടുത്തി. ഇവരെ ഡിസിസി ഓഫീസില്‍ താമസിപ്പിച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഈ കേസുകളില്‍ പ്രതികളെ നിശ്ചയിക്കുമ്പോള്‍ കൂടെനിന്നവരെയടക്കം ചതിച്ച് കേസില്‍പ്പെടുത്തിയെന്നും പ്രശാന്ത്ബാബു പറഞ്ഞു.

""കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകന്‍ നാണുവിനെ കൊലപ്പെടുത്തിയത് സുധാകരന്‍ ഏര്‍പ്പെടുത്തിയ തൃശൂരില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ്. പള്ളിക്കുന്നില്‍ ഒരു കോണ്‍ഗ്രസുകാരന് അടികൊണ്ടതിന്റെ പേരിലാണ് സേവറി ഹോട്ടലില്‍ ബോംബെറിയുന്നതടക്കമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അക്കാലത്ത് സേവറി ഹോട്ടലിലെ രാജനാണ് കണ്ണൂരിലെ എല്ലാ കുഴപ്പത്തിനും പിന്നിലെന്നു പറഞ്ഞാണ് ഹോട്ടല്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്. രാജേട്ടനെ ഞങ്ങള്‍ക്കെല്ലാം അറിയാം. അദ്ദേഹം ഒരു കുഴപ്പത്തിനും പോകുന്ന ആളായിരുന്നില്ല. ക്വട്ടേഷന്‍ സംഘത്തിന് ആളെ അറിയുമായിരുന്നില്ല. അവര്‍ നട്ടുച്ചയ്ക്ക് ഊണുവിളമ്പുമ്പോഴാണ് ബോംബെറിഞ്ഞത്. പാവം നാണുവേട്ടന്‍ കൊല്ലപ്പെട്ടു. കേസിലെ പ്രതികളെ നിശ്ചയിക്കുമ്പോള്‍, കൂടെനിന്ന ഞങ്ങളെയടക്കം സുധാകരന്‍ ചതിച്ചു. ക്വട്ടേഷന്‍ സംഘത്തെ ഒഴിവാക്കി ഞങ്ങളില്‍ ചിലരെയാണ് പ്രതിയാക്കിയത്. കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തനെ ആക്രമിച്ചതും ടി കെ ബാലേട്ടന്റെ (സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായിരുന്ന) മകനെ ബോംബെറിഞ്ഞതുമെല്ലാം തൃപ്രയാറില്‍നിന്നുള്ള ത്രിമൂര്‍ത്തിയും സംഘവുമായിരുന്നു. ഡിസിസി ഓഫീസില്‍ താമസിച്ചാണ് സംഘം ഇതെല്ലാം നടത്തിയത്""- പ്രശാന്ത്ബാബു പറഞ്ഞു.

""സേവറി ഹോട്ടലിലെ കൊലപാതകത്തിനുശേഷം കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ പ്രതികളെ അറസ്റ്റ്ചെയ്തെന്ന് അന്നത്തെ സിഐ ജനാര്‍ദനന്‍ പറഞ്ഞത് കെ സുധാകരന്‍ നിര്‍ദേശിച്ചത് പ്രകാരമായിരുന്നു. ആ സമയത്ത് ആരെയും പിടിച്ചിരുന്നില്ല. ഇതിനുശേഷമാണ് ഞങ്ങളില്‍ ചിലരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. തെക്കി ബസാറിലെ മൂന്നുപേരും ഒപ്പമുണ്ടായിരുന്നു. അവരെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോയ എന്നെയും പ്രതിയാക്കി. അവിടെയെത്തിയപ്പോഴാണ് ടി കെ ബാലന്റെ വീട്ടില്‍ ബോംബെറിഞ്ഞ കേസില്‍ പ്രതിയാണെന്നറിയുന്നത്. സുധാകരന്‍ നല്‍കിയ പട്ടിക പ്രകാരമാണ് പ്രതികളെ നിശ്ചയിച്ചതെന്ന് പിന്നീട് സിഐ പറഞ്ഞു. റിമാന്‍ഡിലായി ജാമ്യത്തിന് ശ്രമിക്കുമ്പോഴാണ് സേവറി ഹോട്ടലിലെ നാണുവിനെ കൊന്നകേസിലും ഉള്‍പ്പെട്ടതായി അറിഞ്ഞത്"". "കേസൊന്നും പ്രശ്നമല്ല, അതൊക്കെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഞാന്‍ രക്ഷപ്പെടുത്താ"മെന്ന് സുധാകരേട്ടന്‍ ഉറപ്പുനല്‍കിയിരുന്നു. അതുപോലെ സംഭവിച്ചു. എല്ലാവരെയും വെറുതെവിട്ടു. അന്നേ ലിസ്റ്റ് കൊടുത്തു പ്രതികളെ നിശ്ചയിക്കുന്ന ഏര്‍പ്പാടുണ്ട്. സിഐയാണ് ഈ കേസുകളില്‍ സുധാകരേട്ടനെ സഹായിച്ചത്. പ്രധാന സംഭവങ്ങളുണ്ടാകുമ്പോഴെല്ലാം ത്രിമൂര്‍ത്തിയും സംഘവും കണ്ണൂരില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുദിവസം കണ്ണൂരില്‍ പിടിയിലായവര്‍ തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘമായിരുന്നു. അവരെ അറസ്റ്റ്ചെയ്താല്‍ പലരഹസ്യങ്ങളും വെളിപ്പെടുമെന്നുകണ്ടാണ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്ന് പുറത്തുകൊണ്ടുവന്നതെന്നും പ്രശാന്ത്ബാബു വെളിപ്പെടുത്തി.

ബോംബ് നിര്‍മാണം ഡിസിസിയില്‍; ആയുധം കാസര്‍കോട്ടുനിന്ന്

തലശേരി: തൊണ്ണൂറുകളുടെ ആദ്യം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കണ്ണൂരില്‍ അക്രമം ആരംഭിച്ചതോടെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍തന്നെ ബോംബ് നിര്‍മിച്ചു തുടങ്ങിയതെന്ന് അന്ന് ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു പറഞ്ഞു. ഡിസിസി ഓഫീസിന്റെ മുകളിലത്തെ നിലയിലാണ് ക്വട്ടേഷന്‍ സംഘം താമസിച്ചത്. വര്‍ഷങ്ങളോളം ഡിസിസിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നതിനാല്‍ ഓഫീസില്‍ വരുന്ന ഇത്തരക്കാരെ നന്നായി അറിയാം. തൃപ്രയാറിലെ ക്വട്ടേഷന്‍ സംഘത്തെയെല്ലാം ഓഫീസില്‍ പലപ്പോഴും കാണാറുണ്ട്.

കാസര്‍കോട് ജില്ലയിലെ കരിമ്പില്‍ കൃഷ്ണനാണ് ആദ്യകാലത്ത് കണ്ണൂരിലെ അക്രമത്തിനാവശ്യമായ ബോംബും ആയുധങ്ങളും എത്തിച്ചത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഇതിനെതിരാണ്. എത്രയോ പേര്‍ സുധാകരന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വിട്ടുനിന്നു. ജില്ലയില്‍ അക്കാലത്ത് നടന്ന അക്രമം മുഴുവന്‍ ആസൂത്രണം ചെയ്തത് ഡിസിസി ഓഫീസിലും സുധാകരന്റെ വീട്ടിലുമാണ്. രക്തസാക്ഷികള്‍ക്കായി പിരിച്ച ഫണ്ട് പലര്‍ക്കും പൂര്‍ണമായി നല്‍കിയില്ല. തലശേരി കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയ സുധാകരന്‍ ഇപ്പോള്‍ നടാലില്‍ കൊട്ടാരതുല്യമായ വീടാണ് പണിയുന്നത്. കാലുപോയി, കൈപോയി, കൊല്ലപ്പെട്ടു എന്നൊക്കെ പറഞ്ഞ് ഗള്‍ഫില്‍നിന്ന് പിരിച്ച പണത്തിന് കൈയും കണക്കുമില്ല. രക്തസാക്ഷികുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കാന്‍ പിരിച്ച ഫണ്ട് പലതും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചില്ല.

കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ 121 പേരുടെ നിയമനത്തിന്പണം വാങ്ങിയതിന്റെ കണക്കിനെച്ചൊല്ലി ഡിസിസി ഓഫീസില്‍വച്ച് നാരായണന്‍കുട്ടിയും സുധാകരേട്ടനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഞാന്‍ ദൃക്സാക്ഷിയാണ്. ലിസ്റ്റ് നല്‍കി കൊലക്കേസിലടക്കം പെടുത്തിയെന്നറിഞ്ഞപ്പോഴാണ് മാനസികമായി അകന്നത്. ഇപ്പോഴും ക്വട്ടേഷന്‍ സംഘവുമായി സുധാകരന് അടുത്ത ബന്ധമുണ്ട്. സ്വന്തം ആവശ്യത്തിന് മാത്രമേ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂ. ഇ പി ജയരാജന്‍ വധശ്രമവും നാണുവിന്റെ കൊലപാതകവും ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധവും ഗൂഢാലോചനയും വെളിപ്പെടുത്തിയതിന് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. പുഷ്പരാജിന്റെ അനുഭവം മുന്നിലുണ്ട്. പക്ഷേ യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ തന്നെ സഹായിക്കുമെന്നാണ് കരുതുന്നത്- പ്രശാന്ത് പറഞ്ഞു.

ഇ പി വധശ്രമക്കേസില്‍ സുധാകരന്‍ പ്രതി: മുഖ്യമന്ത്രി

മലപ്പുറം: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ പ്രതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെരിന്തല്‍മണ്ണയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ പുതുതായി ഒന്നുമില്ല. സുധാകരന്റെ മുന്‍ഡ്രൈവറുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലിനെപ്പറ്റി പഠിച്ചശേഷമേ മറുപടി പറയാനാകൂ എന്ന് പാലക്കാട് കൊപ്പത്ത് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നാല്‍പാടി വാസുവിനെ വെടിവച്ചതിന് ദൃക്സാക്ഷി

തലശേരി: നാല്‍പാടി വാസുവിനെ സുധാകരന്റെ ഗണ്‍മാനെ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കാറിന്റെ ഹെഡ്ലൈറ്റും ഗ്ലാസുമെല്ലാം പൊട്ടിച്ചത് തങ്ങളെല്ലാം ചേര്‍ന്നാണെന്ന് പ്രശാന്ത് ബാബു വെളിപ്പെടുത്തി.

""അനൗണ്‍സ്മെന്റ് വാഹനത്തിലെ ജിമ്മിയുമായാണ് അവിടെ ആദ്യം പ്രശ്നമുണ്ടായത്. കടവന്ത്രക്കാരനായ ജിമ്മി ജോസഫ് അന്ന് ഡിസിസി ഓഫീസില്‍ തന്നെയായിരുന്നു. ചായക്കടയില്‍നിന്ന് എന്തോ പറഞ്ഞതായും ആംഗ്യം കാണിച്ചതായും പറഞ്ഞ് ജിമ്മിയും മറ്റും വണ്ടിയില്‍ നിന്നിറങ്ങി ഭീഷണിപ്പെടുത്തി. ഇത് നാട്ടുകാര്‍ ചോദ്യംചെയ്തു. പിന്നിലുള്ള സുധാകരേട്ടന്റെ വാഹനം ഓടിച്ചത് ഞാനായിരുന്നു. ചായപ്പീടികയ്ക്കു സമീപം എത്തിയതോടെ വണ്ടിനിര്‍ത്തി. ഗണ്‍മാന്‍ ഇറങ്ങി വെടിവച്ചപ്പോഴാണ് വാസുവിന് വെടിയേറ്റത്. അക്രമം നടന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് വരുത്താന്‍ സംഭവം നടന്ന സ്ഥലത്തുനിന്ന് മുന്നോട്ട് പോയശേഷമാണ് ലൈറ്റും ഗ്ലാസും അടിച്ചുപൊളിച്ചത്. നാല്‍പാടി വാസു വധത്തിനുശേഷം കെ സുധാകരനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ കരുണാകരന്‍ പറഞ്ഞതാണ്. ആ ഘട്ടത്തില്‍ രക്ഷിച്ചത് വയലാര്‍ രവിയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നശേഷമാണ് കണ്ണൂരില്‍ ബോംബ് രാഷ്ട്രീയം തുടങ്ങിയത്. സുധാകരന്റെ ചെന്നൈ ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് പുറത്തുപറഞ്ഞതിന്റെ പേരിലാണ് ഡിസിസി അംഗമായിരുന്ന പുഷ്പരാജിനെ ആക്രമിച്ചത്""- പ്രശാന്ത് ബാബു പറഞ്ഞു.

പ്രശാന്ത് ബാബുവിന് പൊലീസ് സംരക്ഷണമില്ല

കണ്ണൂര്‍: കെ സുധാകരനെതിരെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയ എം പ്രശാന്ത് ബാബുവിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയില്ല. സിപിഐ എം നേതാക്കളെയും നാല്‍പാടി വാസുവിനെയും കൊലപ്പെടുത്താന്‍ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തിയ പ്രശാന്ത് ബാബുവിന്റെ ജീവന് ഭീഷണിയുള്ളതായി സൂചനയുണ്ട്. പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇതുവരെയും നിര്‍ദേശമൊന്നും ലഭിച്ചില്ലെന്ന് ടൗണ്‍ പൊലീസ് അറിയിച്ചു.

ആവശ്യമെങ്കില്‍ നടപടി: ഡിജിപി

തൃശൂര്‍: കെ സുധാകരന്‍ എംപിയുടെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. വിവരങ്ങള്‍ ശേഖരിച്ചശേഷം ആവശ്യമാണെങ്കില്‍ മൊഴി രേഖപ്പെടുത്തും. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

deshabhimani 010712