Sunday, July 1, 2012

ഇ പി ജയരാജന്‍ വധശ്രമം: ഗൂഢാലോചന നടന്നത് സുധാകരന്റെ വീട്ടില്‍


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്നത് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ എടക്കാട് നടാലിലെ വീട്ടിലെന്ന് വെളിപ്പെടുത്തല്‍. സുധാകരന്റെ സന്തതസഹചാരിയും കണ്ണൂര്‍ ഡിസിസിയുടെ ഡ്രൈവറുമായിരുന്ന എം പ്രശാന്ത്ബാബുവാണ് കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന, ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകന്‍ നാണുവിനെ കൊലപ്പെടുത്തിയതും കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതും ടി കെ ബാലന്റെ ( സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം, എംഎല്‍എ) മകനെ ബോംബെറിഞ്ഞതുമെല്ലാം സുധാകരന്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ പ്രശാന്ത്ബാബു വെളിപ്പെടുത്തി.

പേരാവൂരില്‍ സുധാകരന്റെ കാറിനുനേരെ ബോംബേറുണ്ടായ ശേഷമാണ് സിപിഐ എമ്മിന്റെ ഒരു ഉന്നതനേതാവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നിവരില്‍ ഒരാളെ കൊലപ്പെടുത്താനായിരുന്നു നിര്‍ദേശമെന്നും പ്രശാന്ത്ബാബു പറഞ്ഞു.

""സുധാകരന്റെ എടക്കാട് നടാലിലെ വീട്ടിലും ഡിസിസി ഓഫീസിലും ഇതേക്കുറിച്ച് പലപ്പോഴായി ഗൂഢാലോചന നടന്നു. ഒരു ദിവസം നടാലിലെ വീട്ടിലേക്ക് എന്നെ വിളിപ്പിച്ചു. അഡ്വ. ടി പി ഹരീന്ദ്രന്‍, കാപ്പാടന്‍ രമേശന്‍, കക്കാട്ടെ ബാബുക്ക, മനോജ് തുടങ്ങിയവര്‍ അവിടെയുണ്ടായിരുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിനടുത്ത് പോയി ക്വട്ടേഷന്‍ടീമിനെ വാഹനത്തില്‍ കണ്ണൂരിലെത്തിക്കണമെന്ന് സുധാകരേട്ടന്‍ ആവശ്യപ്പെട്ടു. തൃപ്രയാര്‍ക്ഷേത്രത്തിനടുത്ത ത്രിമൂര്‍ത്തിയെന്ന ക്വട്ടേഷന്‍ സംഘത്തലവനെ നേരത്തെ അറിയാം. ഒരു തവണ സുധാകരേട്ടന്‍ പറഞ്ഞതുപ്രകാരം തൃപ്രയാറില്‍നിന്ന് കണ്ണൂര്‍ ഡിസിസിയുടെ വാഹനത്തില്‍ സംഘത്തെ എറണാകുളത്ത് എത്തിച്ചിട്ടുണ്ട്. ആ പരിചയംവച്ചാണ് എന്നോട് ആവശ്യപ്പെട്ടത്. അന്ന് ഞാന്‍ കണ്ണൂര്‍ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ ജോലിചെയ്യുകയായിരുന്നു. ജോലിയുടെ കാര്യംപറഞ്ഞ് ഒഴിഞ്ഞുമാറി. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇ പി ജയരാജനെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനാവശ്യമായ ആയുധം വാങ്ങിയത് കാസര്‍കോട്ടെ കരിമ്പില്‍ കൃഷ്ണനില്‍ നിന്നാണ്""- പ്രശാന്ത്ബാബു പറഞ്ഞു.

ആദ്യഘട്ടത്തില്‍ പദ്ധതി പാളിയെന്നു സൂചിപ്പിച്ച പ്രശാന്ത്ബാബു അതിന്റെ കാരണവും വിശദീകരിച്ചു. പ്രധാനപ്പെട്ട ഒരു സംഭവം നടക്കാന്‍ പോകുന്നുവെന്ന് ഹരീന്ദ്രന്‍ കണ്ണൂരിലെ ചില സിഎംപിക്കാരോട് പറഞ്ഞതോടെ വിവരം ചോര്‍ന്നു. അതിനുശേഷം ഹരീന്ദ്രനെ ഒഴിവാക്കിയാണ് കാര്യങ്ങള്‍ നീക്കിയത്. കരിമ്പിലുമായി ആലോചിച്ച് കതിരൂര്‍ സ്വദേശി ടി പി രാജീവനെ (ഇപ്പോള്‍ മാതൃഭൂമി മംഗലാപുരം ലേഖകന്‍) ദൗത്യം ഏല്‍പ്പിച്ചു. രാജീവന്‍ മുഖേനയാണ് കേസില്‍ പിടിയിലായ വാടകക്കൊലയാളികളായ പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും രംഗത്തുവരുന്നത്. കാര്യങ്ങള്‍ നടത്താന്‍ സാമ്പത്തികസഹായം നല്‍കിയത് തൃശൂര്‍, എറണാകുളം ഭാഗത്തെ അബ്കാരികളാണ്. തോക്ക് എവിടെ നിന്ന്, ആര് നല്‍കിയെന്നത് സുധാകരേട്ടനുമാത്രമേ അറിയൂ. ഇതിന്റെ തുടര്‍ച്ചയായി ജില്ലയില്‍ വന്‍ കലാപമുണ്ടാക്കാനും സുധാകരന്‍ പദ്ധതിയിട്ടിരുന്നെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തി.

ചണ്ഡീഗഢില്‍ സിപിഐ എം പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങവെ 1995 ഏപ്രില്‍ 12ന് ആന്ധ്രപ്രദേശിലെ ചിരാലയ്ക്കടുത്തുവച്ച് രാജധാനി എക്സ്പ്രസിലാണ് ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമം നടന്നത്. കഴുത്തില്‍ വെടിയേറ്റ ജയരാജന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകന്‍ നാണുവിനെ കൊലപ്പെടുത്തിയത് (1992 ജൂണ്‍ 13നാണ് സംഭവം) സുധാകരന്‍ ഏര്‍പ്പെടുത്തിയ തൃശൂരില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്ന് പ്രശാന്ത്ബാബു പറഞ്ഞു.സേവറി ഹോട്ടലിലെ രാജനാണ് കണ്ണൂരിലെ എല്ലാ കുഴപ്പത്തിനും പിന്നിലെന്നുപറഞ്ഞാണ് ഹോട്ടല്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ക്വട്ടേഷന്‍ സംഘത്തിന് ആളെ അറിയുമായിരുന്നില്ല. അവരുടെ ബോംബേറില്‍ നാണു കൊല്ലപ്പെടുകയായിരുന്നെന്ന് പ്രശാന്ത്ബാബു പറഞ്ഞു. ഇതിന്റെ തലേന്ന് കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തിനെ ആക്രമിച്ചതും സുധാകരന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘമാണ്. യഥാര്‍ഥപ്രതികളെ ഒഴിവാക്കി നിരപരാധികളെ പ്രതിയാക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിലെ സ്വാധീനം സുധാകരന്‍ പ്രയോജനപ്പെടുത്തി. ഡിസിസി പ്രസിഡന്റും എടക്കാട് എംഎല്‍എയുമായിരുന്ന സുധാകരന്‍ കല്‍പ്പിക്കുന്നത് പ്രകാരമാണ് അന്ന് കണ്ണൂരിലെ പൊലീസ് പ്രവര്‍ത്തിച്ചത്. പരിക്കേറ്റ കോണ്‍ഗ്രസുകാരുടെയും കൊല്ലപ്പെട്ടവരുടെയും സഹായത്തിനെന്നു പറഞ്ഞ് ഗള്‍ഫില്‍നിന്നു പിരിച്ച തുകയെല്ലാം ക്വട്ടേഷന്‍ നല്‍കാനും ആയുധംവാങ്ങാനും മറ്റുമാണ് ഉപയോഗിച്ചതെന്നും പ്രശാന്ത്ബാബു പറഞ്ഞു. ഏറെക്കാലം സുധാകരന്റെ വലംകൈയായ പ്രശാന്ത്ബാബു കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു.
(പി ദിനേശന്‍)

സുധാകരന്റെ ഓപ്പറേഷനുകള്‍ക്ക് ക്വട്ടേഷന്‍ സംഘം തെക്കുനിന്ന്

തലശേരി: കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിയ കൊലപാതകം അടക്കമുള്ള അക്രമങ്ങള്‍ക്ക് ഉപയോഗിച്ചത് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘങ്ങളെയാണെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പ്രശാന്ത്ബാബു വെളിപ്പെടുത്തി. ഇവരെ ഡിസിസി ഓഫീസില്‍ താമസിപ്പിച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഈ കേസുകളില്‍ പ്രതികളെ നിശ്ചയിക്കുമ്പോള്‍ കൂടെനിന്നവരെയടക്കം ചതിച്ച് കേസില്‍പ്പെടുത്തിയെന്നും പ്രശാന്ത്ബാബു പറഞ്ഞു.

""കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകന്‍ നാണുവിനെ കൊലപ്പെടുത്തിയത് സുധാകരന്‍ ഏര്‍പ്പെടുത്തിയ തൃശൂരില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ്. പള്ളിക്കുന്നില്‍ ഒരു കോണ്‍ഗ്രസുകാരന് അടികൊണ്ടതിന്റെ പേരിലാണ് സേവറി ഹോട്ടലില്‍ ബോംബെറിയുന്നതടക്കമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അക്കാലത്ത് സേവറി ഹോട്ടലിലെ രാജനാണ് കണ്ണൂരിലെ എല്ലാ കുഴപ്പത്തിനും പിന്നിലെന്നു പറഞ്ഞാണ് ഹോട്ടല്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്. രാജേട്ടനെ ഞങ്ങള്‍ക്കെല്ലാം അറിയാം. അദ്ദേഹം ഒരു കുഴപ്പത്തിനും പോകുന്ന ആളായിരുന്നില്ല. ക്വട്ടേഷന്‍ സംഘത്തിന് ആളെ അറിയുമായിരുന്നില്ല. അവര്‍ നട്ടുച്ചയ്ക്ക് ഊണുവിളമ്പുമ്പോഴാണ് ബോംബെറിഞ്ഞത്. പാവം നാണുവേട്ടന്‍ കൊല്ലപ്പെട്ടു. കേസിലെ പ്രതികളെ നിശ്ചയിക്കുമ്പോള്‍, കൂടെനിന്ന ഞങ്ങളെയടക്കം സുധാകരന്‍ ചതിച്ചു. ക്വട്ടേഷന്‍ സംഘത്തെ ഒഴിവാക്കി ഞങ്ങളില്‍ ചിലരെയാണ് പ്രതിയാക്കിയത്. കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തനെ ആക്രമിച്ചതും ടി കെ ബാലേട്ടന്റെ (സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായിരുന്ന) മകനെ ബോംബെറിഞ്ഞതുമെല്ലാം തൃപ്രയാറില്‍നിന്നുള്ള ത്രിമൂര്‍ത്തിയും സംഘവുമായിരുന്നു. ഡിസിസി ഓഫീസില്‍ താമസിച്ചാണ് സംഘം ഇതെല്ലാം നടത്തിയത്""- പ്രശാന്ത്ബാബു പറഞ്ഞു.

""സേവറി ഹോട്ടലിലെ കൊലപാതകത്തിനുശേഷം കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ പ്രതികളെ അറസ്റ്റ്ചെയ്തെന്ന് അന്നത്തെ സിഐ ജനാര്‍ദനന്‍ പറഞ്ഞത് കെ സുധാകരന്‍ നിര്‍ദേശിച്ചത് പ്രകാരമായിരുന്നു. ആ സമയത്ത് ആരെയും പിടിച്ചിരുന്നില്ല. ഇതിനുശേഷമാണ് ഞങ്ങളില്‍ ചിലരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. തെക്കി ബസാറിലെ മൂന്നുപേരും ഒപ്പമുണ്ടായിരുന്നു. അവരെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോയ എന്നെയും പ്രതിയാക്കി. അവിടെയെത്തിയപ്പോഴാണ് ടി കെ ബാലന്റെ വീട്ടില്‍ ബോംബെറിഞ്ഞ കേസില്‍ പ്രതിയാണെന്നറിയുന്നത്. സുധാകരന്‍ നല്‍കിയ പട്ടിക പ്രകാരമാണ് പ്രതികളെ നിശ്ചയിച്ചതെന്ന് പിന്നീട് സിഐ പറഞ്ഞു. റിമാന്‍ഡിലായി ജാമ്യത്തിന് ശ്രമിക്കുമ്പോഴാണ് സേവറി ഹോട്ടലിലെ നാണുവിനെ കൊന്നകേസിലും ഉള്‍പ്പെട്ടതായി അറിഞ്ഞത്"". "കേസൊന്നും പ്രശ്നമല്ല, അതൊക്കെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഞാന്‍ രക്ഷപ്പെടുത്താ"മെന്ന് സുധാകരേട്ടന്‍ ഉറപ്പുനല്‍കിയിരുന്നു. അതുപോലെ സംഭവിച്ചു. എല്ലാവരെയും വെറുതെവിട്ടു. അന്നേ ലിസ്റ്റ് കൊടുത്തു പ്രതികളെ നിശ്ചയിക്കുന്ന ഏര്‍പ്പാടുണ്ട്. സിഐയാണ് ഈ കേസുകളില്‍ സുധാകരേട്ടനെ സഹായിച്ചത്. പ്രധാന സംഭവങ്ങളുണ്ടാകുമ്പോഴെല്ലാം ത്രിമൂര്‍ത്തിയും സംഘവും കണ്ണൂരില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുദിവസം കണ്ണൂരില്‍ പിടിയിലായവര്‍ തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘമായിരുന്നു. അവരെ അറസ്റ്റ്ചെയ്താല്‍ പലരഹസ്യങ്ങളും വെളിപ്പെടുമെന്നുകണ്ടാണ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്ന് പുറത്തുകൊണ്ടുവന്നതെന്നും പ്രശാന്ത്ബാബു വെളിപ്പെടുത്തി.

ബോംബ് നിര്‍മാണം ഡിസിസിയില്‍; ആയുധം കാസര്‍കോട്ടുനിന്ന്

തലശേരി: തൊണ്ണൂറുകളുടെ ആദ്യം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കണ്ണൂരില്‍ അക്രമം ആരംഭിച്ചതോടെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍തന്നെ ബോംബ് നിര്‍മിച്ചു തുടങ്ങിയതെന്ന് അന്ന് ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു പറഞ്ഞു. ഡിസിസി ഓഫീസിന്റെ മുകളിലത്തെ നിലയിലാണ് ക്വട്ടേഷന്‍ സംഘം താമസിച്ചത്. വര്‍ഷങ്ങളോളം ഡിസിസിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നതിനാല്‍ ഓഫീസില്‍ വരുന്ന ഇത്തരക്കാരെ നന്നായി അറിയാം. തൃപ്രയാറിലെ ക്വട്ടേഷന്‍ സംഘത്തെയെല്ലാം ഓഫീസില്‍ പലപ്പോഴും കാണാറുണ്ട്.

കാസര്‍കോട് ജില്ലയിലെ കരിമ്പില്‍ കൃഷ്ണനാണ് ആദ്യകാലത്ത് കണ്ണൂരിലെ അക്രമത്തിനാവശ്യമായ ബോംബും ആയുധങ്ങളും എത്തിച്ചത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഇതിനെതിരാണ്. എത്രയോ പേര്‍ സുധാകരന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വിട്ടുനിന്നു. ജില്ലയില്‍ അക്കാലത്ത് നടന്ന അക്രമം മുഴുവന്‍ ആസൂത്രണം ചെയ്തത് ഡിസിസി ഓഫീസിലും സുധാകരന്റെ വീട്ടിലുമാണ്. രക്തസാക്ഷികള്‍ക്കായി പിരിച്ച ഫണ്ട് പലര്‍ക്കും പൂര്‍ണമായി നല്‍കിയില്ല. തലശേരി കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയ സുധാകരന്‍ ഇപ്പോള്‍ നടാലില്‍ കൊട്ടാരതുല്യമായ വീടാണ് പണിയുന്നത്. കാലുപോയി, കൈപോയി, കൊല്ലപ്പെട്ടു എന്നൊക്കെ പറഞ്ഞ് ഗള്‍ഫില്‍നിന്ന് പിരിച്ച പണത്തിന് കൈയും കണക്കുമില്ല. രക്തസാക്ഷികുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കാന്‍ പിരിച്ച ഫണ്ട് പലതും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചില്ല.

കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ 121 പേരുടെ നിയമനത്തിന്പണം വാങ്ങിയതിന്റെ കണക്കിനെച്ചൊല്ലി ഡിസിസി ഓഫീസില്‍വച്ച് നാരായണന്‍കുട്ടിയും സുധാകരേട്ടനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഞാന്‍ ദൃക്സാക്ഷിയാണ്. ലിസ്റ്റ് നല്‍കി കൊലക്കേസിലടക്കം പെടുത്തിയെന്നറിഞ്ഞപ്പോഴാണ് മാനസികമായി അകന്നത്. ഇപ്പോഴും ക്വട്ടേഷന്‍ സംഘവുമായി സുധാകരന് അടുത്ത ബന്ധമുണ്ട്. സ്വന്തം ആവശ്യത്തിന് മാത്രമേ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂ. ഇ പി ജയരാജന്‍ വധശ്രമവും നാണുവിന്റെ കൊലപാതകവും ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധവും ഗൂഢാലോചനയും വെളിപ്പെടുത്തിയതിന് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. പുഷ്പരാജിന്റെ അനുഭവം മുന്നിലുണ്ട്. പക്ഷേ യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ തന്നെ സഹായിക്കുമെന്നാണ് കരുതുന്നത്- പ്രശാന്ത് പറഞ്ഞു.

ഇ പി വധശ്രമക്കേസില്‍ സുധാകരന്‍ പ്രതി: മുഖ്യമന്ത്രി

മലപ്പുറം: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ പ്രതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെരിന്തല്‍മണ്ണയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ പുതുതായി ഒന്നുമില്ല. സുധാകരന്റെ മുന്‍ഡ്രൈവറുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലിനെപ്പറ്റി പഠിച്ചശേഷമേ മറുപടി പറയാനാകൂ എന്ന് പാലക്കാട് കൊപ്പത്ത് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നാല്‍പാടി വാസുവിനെ വെടിവച്ചതിന് ദൃക്സാക്ഷി

തലശേരി: നാല്‍പാടി വാസുവിനെ സുധാകരന്റെ ഗണ്‍മാനെ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കാറിന്റെ ഹെഡ്ലൈറ്റും ഗ്ലാസുമെല്ലാം പൊട്ടിച്ചത് തങ്ങളെല്ലാം ചേര്‍ന്നാണെന്ന് പ്രശാന്ത് ബാബു വെളിപ്പെടുത്തി.

""അനൗണ്‍സ്മെന്റ് വാഹനത്തിലെ ജിമ്മിയുമായാണ് അവിടെ ആദ്യം പ്രശ്നമുണ്ടായത്. കടവന്ത്രക്കാരനായ ജിമ്മി ജോസഫ് അന്ന് ഡിസിസി ഓഫീസില്‍ തന്നെയായിരുന്നു. ചായക്കടയില്‍നിന്ന് എന്തോ പറഞ്ഞതായും ആംഗ്യം കാണിച്ചതായും പറഞ്ഞ് ജിമ്മിയും മറ്റും വണ്ടിയില്‍ നിന്നിറങ്ങി ഭീഷണിപ്പെടുത്തി. ഇത് നാട്ടുകാര്‍ ചോദ്യംചെയ്തു. പിന്നിലുള്ള സുധാകരേട്ടന്റെ വാഹനം ഓടിച്ചത് ഞാനായിരുന്നു. ചായപ്പീടികയ്ക്കു സമീപം എത്തിയതോടെ വണ്ടിനിര്‍ത്തി. ഗണ്‍മാന്‍ ഇറങ്ങി വെടിവച്ചപ്പോഴാണ് വാസുവിന് വെടിയേറ്റത്. അക്രമം നടന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് വരുത്താന്‍ സംഭവം നടന്ന സ്ഥലത്തുനിന്ന് മുന്നോട്ട് പോയശേഷമാണ് ലൈറ്റും ഗ്ലാസും അടിച്ചുപൊളിച്ചത്. നാല്‍പാടി വാസു വധത്തിനുശേഷം കെ സുധാകരനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ കരുണാകരന്‍ പറഞ്ഞതാണ്. ആ ഘട്ടത്തില്‍ രക്ഷിച്ചത് വയലാര്‍ രവിയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നശേഷമാണ് കണ്ണൂരില്‍ ബോംബ് രാഷ്ട്രീയം തുടങ്ങിയത്. സുധാകരന്റെ ചെന്നൈ ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് പുറത്തുപറഞ്ഞതിന്റെ പേരിലാണ് ഡിസിസി അംഗമായിരുന്ന പുഷ്പരാജിനെ ആക്രമിച്ചത്""- പ്രശാന്ത് ബാബു പറഞ്ഞു.

പ്രശാന്ത് ബാബുവിന് പൊലീസ് സംരക്ഷണമില്ല

കണ്ണൂര്‍: കെ സുധാകരനെതിരെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയ എം പ്രശാന്ത് ബാബുവിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയില്ല. സിപിഐ എം നേതാക്കളെയും നാല്‍പാടി വാസുവിനെയും കൊലപ്പെടുത്താന്‍ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തിയ പ്രശാന്ത് ബാബുവിന്റെ ജീവന് ഭീഷണിയുള്ളതായി സൂചനയുണ്ട്. പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇതുവരെയും നിര്‍ദേശമൊന്നും ലഭിച്ചില്ലെന്ന് ടൗണ്‍ പൊലീസ് അറിയിച്ചു.

ആവശ്യമെങ്കില്‍ നടപടി: ഡിജിപി

തൃശൂര്‍: കെ സുധാകരന്‍ എംപിയുടെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. വിവരങ്ങള്‍ ശേഖരിച്ചശേഷം ആവശ്യമാണെങ്കില്‍ മൊഴി രേഖപ്പെടുത്തും. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

deshabhimani 010712

3 comments:

  1. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്നത് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ എടക്കാട് നടാലിലെ വീട്ടിലെന്ന് വെളിപ്പെടുത്തല്‍. സുധാകരന്റെ സന്തതസഹചാരിയും കണ്ണൂര്‍ ഡിസിസിയുടെ ഡ്രൈവറുമായിരുന്ന എം പ്രശാന്ത്ബാബുവാണ് കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന, ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകന്‍ നാണുവിനെ കൊലപ്പെടുത്തിയതും കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതും ടി കെ ബാലന്റെ ( സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം, എംഎല്‍എ) മകനെ ബോംബെറിഞ്ഞതുമെല്ലാം സുധാകരന്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ പ്രശാന്ത്ബാബു വെളിപ്പെടുത്തി.

    ReplyDelete
  2. ശിഖണ്ടിയെ മുന്‍‌നിര്‍ത്തിയുള്ള ഈ പ്രതിരോധത്തിന് രണ്ട് ദിവസത്തെ ആയുസ്സില്ല. അതേ സമയം, പാര്‍ട്ടി സെക്രട്ടരിയും കൂട്ടരും പറയുന്നതാണോ സത്യം എന്ന് ആളുകള്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ക്രമേണ മനസ്സിലാകും എന്ന അച്യുതാനന്ദന്റെ വാക്കുകളെ സി.പി.എമ്മിന് എത്ര വിയര്‍പ്പൊഴുക്കിയാലും പ്രതിരോധിക്കാന്‍ കഴിയുകയുമില്ല.

    ReplyDelete
  3. ഇത് പ്രതിരോധമല്ല, സത്യങ്ങള്‍ പുറത്ത് വരുന്നതാണ്. അപ്പോള്‍ ചിലര്‍ക്ക് ചൊറിഞ്ഞു വരും. അത് സ്വാഭാവികം. എന്തായാലും അതിനു തെളിവു തന്നതിനു നന്ദി.

    ReplyDelete