Sunday, August 15, 2021

ചതിയുടെ കാവി; ഇവരല്ലേ രാജ്യദ്രോഹികൾ?... സംഘപരിവാർ സ്‌ഥാപക നേതാക്കൾക്ക്‌ രാജ്യത്തോടും സ്വാതന്ത്ര്യസമരത്തോടും എന്തായിരുന്നു നിലപാട്?

ഇന്ന്‌ മോഡി സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന്‌ ആക്ഷേപിക്കുന്നവരാണ്‌ സംഘപരിവാറുകാർ.  സർക്കാരിനെ എതിർക്കുന്നവർക്ക്‌ സ്‌ഥാനം പാകിസ്‌ഥാനിലാണെന്നും അവർ ആക്രോശിക്കും. എന്നാൽ  സംഘപരിവാറിന്റെ സ്‌ഥാപക നേതാക്കൾക്ക്‌ ഈ രാജ്യത്തോടും സ്വാതന്ത്ര്യസമരത്തോടും എന്തായിരുന്നു നിലപാട്‌. അറിയുക, ആരാണ്‌ യഥാർഥ രാജ്യദ്രോഹികളെന്ന്‌

[ഗാന്ധിജിയെ വധിച്ച കേസിൽ കുറ്റാരോപിതരായ ആർഎസ്‌എസ്‌‐ ഹിന്ദുമഹാസഭാ നേതാക്കൾ. മുൻനിരയിൽ ഇടത്തുനിന്ന്‌ വലത്തോട്ട്‌: നാഥുറാം വിനായക്‌ ഗോഡ്‌സെ, നാരായൺ ആപ്‌തെ, വിഷ്‌ണു കാർക്കറെ. രണ്ടാം നിരയിൽ ഇടത്തുനിന്ന്‌ വലത്തോട്ട്‌ ഡി ആർ ബാഡ്‌ഗെ, ശങ്കർ കിസ്‌തയ്യ, ഗോപാൽ ഗോഡ്‌സെ. മൂന്നാം നിരയിൽ വി ഡി സവർക്കർ, ഡി എസ്‌ പച്ചുരെ. 1948 മെയ്‌ മാസത്തിൽ കേസിന്റെ വിചാരണ വേളയിൽ എടുത്ത ചിത്രം]

സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ പൂർണമായും വിട്ടു നിന്ന, കൊളോണിയൽ മേധാവിത്വം ഇന്ത്യയിൽ തുടരണമെന്ന്‌ ആത്മാർഥമായി ആഗ്രഹിച്ച ഒരു പ്രസ്ഥാനം മാത്രമേ രാജ്യത്തുള്ളൂ. അത്‌ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടി ഉയർത്തുന്ന ആർഎസ്‌എസാണ്‌. രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക്‌  വെടിയുണ്ടയുതിർക്കാൻ മടിക്കാത്ത പ്രസ്‌ഥാനം ഇന്നും  സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ്‌ ആശയങ്ങളെയും രാഷ്ട്രത്തിന്റെ ഐക്യത്തെയും നിരന്തരം വധിച്ചുകൊണ്ടിരിക്കുകയാണ്‌. ദശാബ്‌ദങ്ങൾ നീണ്ട സ്വാതന്ത്ര്യപോരാട്ടത്തിന്റെ പ്രോജ്വലമായ ചരിത്രത്തിലെങ്ങും ഹിന്ദുത്വരാഷ്ട്രീയ ശക്തികൾക്ക്‌ ഇടമില്ല. എന്നാൽ സ്വാതന്ത്ര്യ സമരത്തെ ദുർബലമാക്കാൻ അവർ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു താനും. ആ കറുത്ത ഏടുകളിലേക്ക്‌–-

സ്വാതന്ത്ര്യപോരാളികളെ പിന്തിരിപ്പിച്ചു ഹെഡ്‌ഗേവാർ


സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഘട്ടത്തിൽ 1925ലാണ്‌  ആർഎസ്‌എസ്‌ രൂപംകൊള്ളുന്നത്‌. സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാർ വ്യക്തിയെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും സംഘടനയെന്ന നിലയിൽ ആർഎസ്‌എസ്‌ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണമെന്ന്‌ ഒരിക്കൽപോലും ആഹ്വാനം ചെയ്‌തിട്ടില്ല.  ആർഎസ്‌എസിന്‌ മുന്നോടിയായി രൂപീകരിക്കപ്പെട്ട പഞ്ചാബിലെ ഹിന്ദു മഹാസഭ 1909ൽ മിന്റോ പ്രഭുവിനയച്ച കത്തിൽ അക്കാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ അരാജവാദകപരമെന്നാണ്‌ മുദ്ര കുത്തിയത്‌. ഇതേവർഷം ചേർന്ന അഖിലേന്ത്യാ ഹൈന്ദവസമ്മേളനത്തിൽ ‘ഒരുവൻ പ്രഥമമായി ഹിന്ദുവാണെന്നും പിന്നീട്‌ മാത്രമേ അവൻ ഇന്ത്യക്കാരനാകുന്നുള്ളുവെന്നും’ പ്രഖ്യാപിച്ചു. ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിനെതിരെയോ അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനവിഭാഗങ്ങളുടെ മോചനത്തിന്‌ വേണ്ടിയോ സ്വന്തം നിലയിൽ ഒരു സമരവും നടത്താത്ത സംഘടന കൂടിയാണ്‌ ആർഎസ്‌എസ്‌. ഹെഡ്‌ഗേവാർ 1931ന്‌ ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. സ്വാതന്ത്ര്യപോരാളികളെ ഹെഡ്‌ഗേവാർ പിന്തിരിപ്പിച്ചതായി അദ്ദേഹത്തിന്‌ ശേഷം സർസംഘചാലകായ എം എസ്‌ ഗോൾവാൾക്കർ വ്യക്തമാക്കിയിട്ടുണ്ട്‌. 1930–-31ൽ  നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാതിരുന്നാൽ, സ്വാതന്ത്ര്യാനന്തരം സംഘടന പിറകിലാകുമെന്നും അതൊഴിവാക്കപ്പെടണമെന്നും അഭ്യർഥിച്ച്‌ ഒരു പ്രതിനിധി സംഘം ഹെഡ്‌ഗേവാറെ കണ്ടകാര്യമാണ്‌ 1960 മാർച്ച്‌ ഒമ്പതിന്‌ ഇൻഡോറിലെ    പ്രസംഗത്തിൽ ഗോൾവാൾക്കർ ഓർത്തെടുത്തത്‌. ‘സത്യഗ്രഹത്തിൽ പങ്കെടുത്ത്‌ ജയിലിൽ പോകാൻ തയ്യാറാണെന്ന്‌ ഒരു മാന്യൻ പറഞ്ഞപ്പോൾ ഡോക്ടർജി പ്രതികരിച്ചു. ‘അപ്പോൾ ആരാണ്‌ നിങ്ങളുടെ കുടുംബത്തെ പുലർത്തുക? ആ മാന്യൻ മറുപടി നൽകി ‘രണ്ട്‌ വർഷക്കാലത്തേക്ക്‌ എന്റെ കുടുംബത്തിന്‌ വേണ്ടതെല്ലാം മാത്രമല്ല ആവശ്യാനുസരണം പിഴകൾ ഒടുക്കാനുള്ള വിഭവങ്ങളും ഞാൻ കരുതിയിട്ടുണ്ട്‌’ അപ്പോൾ ഡോക്ടർജി പ്രതിവചിച്ചു. ‘നിങ്ങൾ വിഭവങ്ങൾ പൂർണമായും സമാഹരിച്ചിട്ടുണ്ടെങ്കിൽ രണ്ട്‌ വർഷക്കാലം സംഘിന്‌ വേണ്ടി പ്രവർത്തിക്കാൻ വരിക.’ അതായത്‌ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന്‌.

ജിന്നയ്‌ക്കൊപ്പം ഭരിച്ചു ‘ഭീരു’ സവർക്കർ


ഹിന്ദുത്വ രാഷ്ട്രീയമെന്ന പ്രത്യയശാസ്‌ത്രത്തിന്‌  വിത്തിട്ടത്‌ വി ഡി സവർക്കറായിരുന്നു. സ്വാതന്ത്ര്യ സമര നായകനായാണ്‌ ഹിന്ദുത്വവാദികൾ സവർക്കറെ വാഴ്‌ത്തുന്നത്‌. ഭാരതരത്‌നം നൽകണമെന്നാണ്‌ പുതിയ ആവശ്യം. ബ്രിട്ടനിൽ പഠിക്കുമ്പോൾ കടുത്ത ബ്രിട്ടീഷ്‌ വിരുദ്ധനായിരുന്നു സവർക്കർ. അതിന്റെ പേരിൽ ബാരിസ്റ്റർഷിപ്‌ നിഷേധിച്ചു, അറസ്റ്റുചെയ്‌തു. ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച്‌ ബ്രിട്ടനിൽനിന്നും പുറത്താക്കി അൻഡമാൻ ജയിലിലടച്ചു. ജയിൽവാസം നീണ്ടതോടെ ആറുതവണ മാപ്പപേക്ഷ നൽകിയ സവർക്കർ സ്വാതന്ത്ര്യ പോരാട്ടത്തെ  വഞ്ചിച്ചവരിൽ മുമ്പനായി. ‘(ബ്രിട്ടീഷ്)സർക്കാരിനെ അവരാഗ്രഹിക്കുംവിധം സേവിക്കാൻ തയ്യാറാണെന്ന്' എഴുതിക്കൊടുത്ത്   മോചിതനായ ‘ഭീരു’ സവർക്കർ ബിജെപിക്കാർക്ക്‌ ‘വീര സവർക്കർ.’ അക്രമപാത ഉപേക്ഷിക്കുമെന്നും ബ്രിട്ടീഷ്‌ നിയമങ്ങളും ഭരണഘടനയും അംഗീകരിക്കുമെന്നും മൊണ്ടേഗു ചെംസ്‌ഫോർഡ്‌  ഭരണപരിഷ്‌കാരങ്ങൾ  വിജയിപ്പിക്കാൻ ശ്രമിക്കുമെന്നും സവർക്കർ എഴുതിയ കത്തിൽ പറയുന്നുണ്ട്‌. (1995 ഏപ്രിൽ ഏഴ്‌ ലക്കം ഫ്രണ്ട്‌ലൈൻ). ഈ മാപ്പപേക്ഷയുടെ ബലത്തിൽ  മോചിതനായ സവർക്കർ ബ്രിട്ടീഷ്‌ തിട്ടൂരമനുസരിച്ച്‌ രത്‌നഗിരി ജില്ലയിൽനിന്ന്‌ പുറത്തുപോകാതെ ജീവിച്ചു. രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിച്ചത്‌ 1937ൽ പ്രവിശ്യകളിൽ കോൺഗ്രസ്‌ ഭരണം വന്നപ്പോൾ മാത്രം. ഹിന്ദു മഹാസഭ പ്രസിഡന്റായി. പിന്നീട്‌  ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിൽ  പങ്കെടുത്തില്ല. ഈ സാമ്രാജ്യത്വ സേവ ക്വിറ്റ് ഇന്ത്യാ സമരകാലത്തെ  നിലപാടുകളിൽ വ്യക്തം. 1942 ആഗസ്‌ത്‌ എട്ടിന്‌ കോൺഗ്രസ്‌ അവതരിപ്പിച്ച ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തിന്‌ ഹിന്ദു മഹാസഭയും ആർഎസ്‌എസും എതിരായിരുന്നു.  ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യുവാക്കളോട് ബ്രിട്ടീഷ് സേനയിൽ ചേരാൻ സവർക്കർ ആവശ്യപ്പെട്ടു. ഗാന്ധിജി ക്വിറ്റ്‌ ഇന്ത്യാ മുദ്രാവാക്യം ഉയർത്തിയപ്പോൾ സവർക്കർ പറഞ്ഞു: ‘ഹിന്ദുസംഘടനകളിലുള്ളവരോട്‌ എനിക്കുള്ള നിർദേശം (ബ്രിട്ടീഷ്‌) ഗവർമെന്റിൽ എന്തെങ്കിലും പദവികളിലുള്ളവർ  തുടർന്നും  കൃത്യനിർവഹണം നടത്തണമെന്നാണ്‌’  (എ ജി നൂറാണി, ഫ്രണ്ട്‌ലൈൻ ഡിസംബർ 1, 1995). 1942 ആഗസ്‌ത്‌ 31ന്‌ ഹിന്ദു മഹാസഭ വർക്കിങ്‌ കമ്മിറ്റി പാസാക്കിയ പ്രമേയത്തിലും ഇതാവർത്തിക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രവിശ്യാ സർക്കാരുകളോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടപ്പോൾ സവർക്കറും ഹിന്ദുമഹാസഭയും അതിനെ എതിർത്തു. മാത്രമല്ല ജിന്നയുടെ മുസ്ലിംലീഗുമായി ചേർന്ന് സിന്ധിലും ബംഗാളിലും സഖ്യസർക്കാരിൽ തുടരുകയും ചെയ്‌തു.  ബംഗാളിൽ ജനസംഘത്തിന്റെ പ്രഥമ അധ്യക്ഷൻ ശ്യാമപ്രസാദ്‌ മുഖർജി തന്നെ അംഗമായിരുന്നു. 1943 ബ്രിട്ടീഷ്‌ ആഭ്യന്തര മന്ത്രാലയം ഇങ്ങനെ എഴുതിവച്ചു: ‘ആർഎസ്‌എസ്‌ ക്രമസമാധാനത്തിന്‌ ഭീഷണി ഉയർത്തുമെന്ന്‌ വാദിക്കുക വിഷമമാണ്‌.’ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭകാലത്തെ അക്രമസംഭവങ്ങൾ പ്രതിപാദിക്കവെ ബോംബെ ആഭ്യന്തരവകുപ്പ്‌ ഇങ്ങനെ കുറിച്ചു: ‘നിയമത്തിന്റെ നാലതിരുകൾക്കുള്ളിൽ പ്രവർത്തിക്കുന്നതിൽ സംഘ്‌  അതീവ ശ്രദ്ധ പുലർത്തി. 1942 ആഗസ്‌തിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽനിന്ന്‌ അവർ വിട്ടു നിന്നു.’ രണ്ടംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്‌ പിന്നാലെ കോൺഗ്രസ്‌ പ്രവിശ്യാസർക്കാരുകൾ രാജിവച്ചപ്പോൾ 1939 ഒക്ടോബർ മൂന്നിന്‌ വൈസ്രോയി ലിൻലിത്‌ഗോവിനെ സന്ദർശിച്ച സവർക്കർ ബ്രിട്ടിഷുകാർക്ക്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌ ലിൻലിത്‌ഗോ, സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഓഫ്‌ ഇന്ത്യ, സെറ്റ്‌ലാൻഡ്‌ പ്രഭുവിനയച്ച കത്തിൽ ഇങ്ങനെ എഴുതി ‘ഹിന്ദുയിസവും ഗ്രേറ്റ്‌ ബ്രിട്ടനും ചങ്ങാത്തം സ്ഥാപിക്കേണ്ടത്‌ അനിവാര്യമാണ്‌. ഭൂതകാലവിരോധം ഇനി മാറ്റിവയ്‌ക്കാം’  (ദ ആർഎസ്‌എസ്‌  എ മെനസ്‌ ടു ഇന്ത്യ: എജി നൂറാനി.) ബ്രിട്ടീഷ് സേനയിൽ ചേരാൻ ആഹ്വാനംചെയ്‌തതിനെ പലരും  രൂക്ഷമായി വിമർശിച്ചപ്പോൾ സവർക്കർ പറഞ്ഞത് ഹിന്ദുക്കളെ സൈനികവൽക്കരിക്കാനാണ് താനിത് ചെയ്യുന്നതെന്നാണ്. ‘ഹിന്ദുക്കളെ സൈനികവൽക്കരിക്കുക, രാഷ്ട്രത്തെ ഹിന്ദുവൽക്കരിക്കുക' എന്ന മുദ്രാവക്യമാണ് അന്ന് സവർക്കർ ഏറ്റെടുത്തത്. 

ദ്വിരാഷ്‌ട്രവാദം ഉന്നയിച്ചു

ജിന്നക്ക്‌ മുമ്പ്‌  ദ്വിരാഷ്ട്രവാദം ഉന്നയിച്ചത് സവർക്കറായിരുന്നു. ജിന്ന ഈ വാദം മുന്നോട്ടുവയ്‌ക്കുന്നതിന് രണ്ട് വർഷം മുമ്പ് സവർക്കർ ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചിരുന്നു.1937ൽ അഹമ്മദാബാദിൽ വച്ചാണ് സവർക്കർ ദ്വിരാഷ്ട്രവാദം ഉയർത്തുന്നത്. ‘രണ്ട് രാഷ്‌ട്രങ്ങൾ ചേർന്നതാണ് ഇന്ത്യ. ഹിന്ദുക്കളും മുസ്ലിംങ്ങളും' എന്ന് സവർക്കർ പ്രഖ്യാപിച്ചു.  ഇത് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം 1939ലാണ് ജിന്ന ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ബ്രിട്ടനെതിരെ പൊരുതേണ്ടെന്ന്‌ പറഞ്ഞു ഗോൾവാൾക്കർ


ഹിന്ദുരാഷ്ട്രത്തിന്റെ രൂപീകരണം ഉറപ്പു നൽകാത്തതിനാൽ സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ വിട്ടുനിൽക്കുക എന്ന നയമാണ്‌ രണ്ടാം സർസംഘചാലക്‌  എം എസ്‌ ഗോൾവാൾക്കർ  സ്വീകരിച്ചത്‌. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുക എന്നത്‌ ആർഎസ്‌എസ്‌ അജൻഡയുടെ ഭാഗമല്ലെന്ന്‌ ഗോൾവാൾക്കർ സംശയരഹിതമായി പ്രഖ്യാപിച്ചു. ‘മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലുടെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കറിച്ചാണ്‌ നമ്മുടെ പ്രതിജ്ഞയിൽ പറഞ്ഞതെന്ന കാര്യം നാം ഓർമിക്കണം. അതിൽ ബ്രിട്ടീഷുകാരുടെ നിർഗമനത്തെക്കുറിച്ച്‌ ഒരു പരാമർശവുമില്ല.’ (ഗുരുജി സമഗ്ര ദർശനം വാല്യം നാല്‌).  നിസ്സഹകരണ പ്രസ്ഥാനത്തെയും ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തെയും ഗോൾവാൾക്കർ പരസ്യമായി തള്ളിപ്പറഞ്ഞു.  ‘നിസ്സംശയമായും സമരം മോശപ്പെട്ട ഫലങ്ങളുണ്ടാക്കും. 1920–-21ലെ പ്രസ്ഥാനത്തിന്‌ ശേഷം കുട്ടികൾ അനുസരണയില്ലാത്തവരായി തീർന്നിരിക്കുന്നു. ഇതെവിടെയും സമരത്തിനുശേഷം പ്രതീക്ഷിക്കാവുന്ന ഉൽപ്പന്നങ്ങളാണ്‌. ഇതിനെ ശരിയാംവിധം നിയന്ത്രിക്കാൻ നമുക്ക്‌ കഴിഞ്ഞില്ല. 1942ന്‌ ശേഷം നിയമത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട ആവശ്യമില്ലെന്ന്‌ പലപ്പോഴും ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.’ ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ ക്രൂരനിയമങ്ങൾ അനുസരിക്കണമെന്നാണ്‌ ഗോൾവാൾക്കർ പറഞ്ഞത്‌. കൊളോണിയൽ മേധാവിത്വം ഒരനീതിയാണെന്നു പോലും ഗോൾവാൾക്കർ കരുതുന്നില്ല.  ‘ദുർബലരോട്‌ കാണിക്കുന്ന അന്യായത്തിന്‌ പ്രബലനെ കുറ്റപ്പെടുത്തുന്നത്‌ വിഫലമാണ്‌. സംഘിന്‌ അതിന്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ ആക്ഷേപിച്ചോ വിമർശിച്ചോ പാഴാക്കേണ്ട ആവശ്യമില്ല. വൻമത്സ്യം ചെറുമത്സ്യത്തെ ഭക്ഷിക്കുമെന്ന്‌ നമുക്ക്‌ അറിയാമെങ്കിൽ അതിന്‌ വൻമത്സ്യത്തെ കുറ്റപ്പെടുത്തുന്നത് ശുദ്ധഭ്രാന്താണ്‌.’ (ഗുരുജി സമഗ്ര ദർശൻ വാല്യം നാല്‌ )

ത്രിവർണപതാക അവർക്ക്‌ ദുശ്ശകുനം

ദേശീയ പതാകയെ അംഗീകരിക്കാൻ ഹിന്ദുത്വ രാഷ്‌ട്രവാദികൾ തയ്യാറായിരുന്നില്ല.  മൂവർണക്കൊടി  ദുശ്ശകുനമാണെന്നും കാവിപ്പതാകയാണ്‌ വേണ്ടതെന്നുമായിരുന്നു വാദം. ആർഎസ്‌എസിന്റെ ഇംഗ്ലീഷ്‌ മുഖവാരികയായ ‘ഓർഗനൈസറി’ന്റെ മൂന്നാം ലക്കത്തിൽ(1947 ജൂലായ്‌ 17) പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ സ്വതന്ത്ര ഇന്ത്യൻ പതാക കാവിപ്പതാകയാകണമെന്ന്‌ ആവശ്യപ്പെട്ടു. ജൂലായ്‌ 31 ലക്കത്തിൽ രാജ്യത്തിന്റെ പേര്‌ ഹിന്ദുസ്ഥാൻ എന്നാകണമെന്നും ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തലേന്ന്‌ ‘കാവിപ്പതാകയ്‌ക്ക്‌ പിറകിലെ നിഗൂഢത’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ  ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല കാവിപ്പതാകയാണ്‌ ഉയർത്തേണ്ടത്‌ എന്നാണ്‌ ആവശ്യപ്പെടുന്നത്‌. ‘വിധിയുടെ  (ബ്രിട്ടീഷുകാരുടെ ) പിൻവാങ്ങൽമൂലം അധികാരത്തിലെത്തിയ ത്രിവർണപതാക നമ്മുടെ കൈകളിൽ തന്നേക്കാമെങ്കിലും അതൊരിക്കലും ആദരിക്കപ്പെടുകയോ ഹിന്ദുക്കൾ അതിനെ സ്വന്തമെന്ന്‌ വിളിക്കുകയോ ചെയ്യുകയില്ല. മൂന്ന്‌ എന്ന വാക്ക്‌ തന്നെ തിന്മയാണ്‌. മൂന്ന്‌ നിറത്തിലുള്ള പതാക തീർച്ചയായും വളരെ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും, രാജ്യത്തിന്‌ ക്ഷതമേൽപ്പിക്കും.’(ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു ഒരു വിമർശനം –- ഷംസുൽ ഇസ്ലാം).

കൊന്നു, അഹിംസയുടെ പ്രവാചകനെ

സ്വാതന്ത്ര്യസമരത്തോടുള്ള ഹിന്ദുത്വവാദികളുടെ വെറുപ്പും വിദ്വേഷവും ഗാന്ധിവധത്തിലാണ്‌ കലാശിച്ചത്‌. ആർഎസ്‌എസിന്റെ മുൻ ബൗദ്ധിക്‌ പ്രചാരകും പുണെയിലെ ഹിന്ദുമഹാസഭാ സെക്രട്ടറിയുമായ ഗോഡ്‌സെയാണ്‌ ഗാന്ധിജിയെ വെടിവച്ച്‌ കൊന്നത്‌. മൊറാർജി ദേശായ്‌ ആത്മകഥയിൽ എഴുതി: ‘നാഥുറാം വിനായക്‌ ഗോഡ്‌സെയായിരുന്നു കൊലയാളി. അയാൾ പുണെയിലെ ആർഎസ്‌എസ്‌ പ്രവർത്തകനും പത്രത്തിന്റെ അധിപനുമായിരുന്നു. ‘ശ്യാമപ്രസാദ്‌ മുഖർജിക്കയച്ച കത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ്‌ പട്ടേൽ പറഞ്ഞു:  ‘ഹിന്ദുമഹാസഭയിലെ തീവ്രവാദി വിഭാഗത്തിന്‌  ഗൂഢാലോചനയിൽ പങ്കാളിത്തമുണ്ട്‌. ആർഎസ്‌എസ്‌ പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെയും രാജ്യത്തിന്റെയും നിലനിൽപ്പിന്‌ വ്യക്തമായ ഭീഷണിയായിട്ടുണ്ട്‌’. ഗോൾവാൾക്കറിന്‌  1948 സെപ്‌തംബർ 11ന്‌ എഴുതിയ കത്തിൽ പട്ടേൽ പറഞ്ഞു:  ‘അവരുടെ (ആർഎസ്‌എസ്‌) പ്രസംഗങ്ങളെല്ലാം വർഗീയവിഷം നിറഞ്ഞതാണ്‌.  ഈ വിഷലിപ്‌ത  പ്രചാരണങ്ങളുടെ അന്തിമഫലം ഗാന്ധിജിയുടെ അമൂല്യമായ ജീവിതം രാജ്യത്തിന്‌ നഷ്ടപ്പെട്ടതാണ്‌.’ ഗാന്ധിജിയുടെ മുസ്ലിം പ്രീണനമാണ്‌ പാകിസ്ഥാൻ രൂപീകരണത്തിന്‌ കാരണമെന്ന്‌ കള്ളം പ്രചരിപ്പിച്ചാണ്‌ രാഷ്ട്രപിതാവിനെ അവർ വധിച്ചത്‌. സമൂഹത്തിന്‌ വിനാശം വിതക്കുന്ന രാക്ഷസനെയാണ് വധിച്ചതെന്ന്‌ പറഞ്ഞ്‌ മധുരപലഹാരം വിതരണം ചെയ്യാൻ പോലും സംഘപരിവാർ അംഗങ്ങൾ തയ്യാറായി. ഗാന്ധിജിയെ വധിച്ചതിൽ ഒരു പശ്‌ചാത്താപവും ഗോഡ്‌സെ പ്രകടിപ്പിച്ചിരുന്നില്ല. ഗോഡ്‌സെയുടെ ഉദ്ദേശ്യം നല്ലതായിരുന്നു. മാർഗം പിഴച്ചുപോയി എന്നാണ്‌ ആർഎസ്‌എസ്‌ മേധാവിയായിരുന്ന രാജേന്ദ്ര സിങ് പ്രതികരിച്ചത്‌.

വി ബി പരമേശ്വരൻ

Sunday, July 11, 2021

സഹകരണമേഖലയിലും മോഡിയുടെ കച്ചവടക്കണ്ണ്‌

കൊട്ടുംകുരവയുമായി നരേന്ദ്ര മോഡി ജൂലൈ ഏഴിന്‌ നടപ്പാക്കിയ മന്ത്രിസഭാ പുനഃസംഘടന ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പലവിധ ഗൂഢതാൽപ്പര്യങ്ങൾ നിറഞ്ഞതാണ്‌. എന്നാൽ, മാധ്യമങ്ങൾ അതെല്ലാം മറച്ചുവച്ച്‌ സ്‌തുതിഗീതങ്ങൾ മുഴക്കുകയാണെന്നു കാണാം. 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്‌, ഗുജറാത്ത്‌ സംസ്ഥാനങ്ങൾക്ക്‌ പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുംവിധം അമിത പ്രാധാന്യമാണ്‌ നൽകിയത്‌. അന്ധമായ കോർപറേറ്റ്‌ പ്രീണനത്തിനും ലക്കില്ലാത്ത ആസ്‌തി വിൽപ്പനയ്‌ക്കും പച്ചക്കൊടിയെന്നതാണ്‌ മറ്റൊരു ദിശ. നേർവിപരീതവും വ്യത്യസ്‌തവുമായ താൽപ്പര്യങ്ങളുള്ള രാസവള‐ ആരോഗ്യ മന്ത്രാലയങ്ങൾ ഒരാളുടെ കീഴിലാക്കിയതും പ്രധാനം. വ്യവസായമന്ത്രി ഉപഭോക്‌തൃകാര്യത്തിന്റെയും ചുമതല നിർവഹിക്കുമെന്നതും പതിവല്ല. ഇതുവരെ ഘനവ്യവസായ മന്ത്രാലയത്തിന്‌ കീഴിലുണ്ടായ പൊതുമേഖലാ വകുപ്പിനെ ധനമന്ത്രാലയത്തിന്റെ ഭാഗമാക്കി കണ്ണുംപൂട്ടിയുള്ള വിറ്റുതുലയ്‌ക്കൽ പരിപാടി ത്വരിതഗതിയിലാക്കുമെന്ന പേടിപ്പെടുത്തുന്ന സൂചനയും നൽകിയിരിക്കുകയാണ്‌.

വിപുലമായ അസ്തിവാരമുള്ള രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിലാണ്‌ കോർപറേറ്റ്‌ ഹിന്ദുത്വ വ്യവസായികളുടെയും അവരുടെ യജമാനന്മാരായ നേതൃത്വങ്ങളുടെയും പുതിയ കച്ചവടക്കണ്ണ്‌. ഭരണഘടന പ്രകാരം പൂർണമായും സംസ്ഥാന വിഷയമായിരുന്നിട്ടും സഹകരണരംഗത്തിന്‌ പുതിയ മന്ത്രാലയം രൂപീകരിച്ച്‌ അമിത്‌ ഷായെ ഏൽപ്പിച്ചിരിക്കുകയാണ്‌ മോഡി. ബ്രിട്ടീഷ്‌ കാലഘട്ടത്തോളം ചരിത്രമുള്ള ഗുജറാത്തിലെ സഹകരണ സ്ഥാപനങ്ങളെ കോൺഗ്രസിൽനിന്ന്‌ അടർത്തിയെടുത്ത്‌ ബിജെപിയുടെ കൈപ്പിടിയിലാക്കിയതിന്റെ മുഖ്യആസൂത്രകനാണ്‌ അദ്ദേഹം. കോൺഗ്രസ്‌ വിമുക്ത ഗുജറാത്തിലേക്കുള്ള ആദ്യ ചുവടായി ഷാ ഉപയോഗിച്ചത് സഹകരണ ബാങ്കുകളെയും ക്ഷീരോൽപ്പാദന സംഘങ്ങളെയുമാണ്.

ആ സംസ്ഥാനത്ത്‌ ബിജെപി പടിപടിയായി എത്തിപ്പിടിച്ച മേൽക്കൈക്കും അപ്രമാദിത്വത്തിനുമുള്ള പ്രധാനകാരണം അമിത് ഷാ രണ്ടു പതിറ്റാണ്ടുമുമ്പ്‌ സഹകരണമേഖലയിൽ ആരംഭിച്ച കാവിവൽക്കരണമായിരുന്നു. അമൂൽ കുര്യനെ ക്ഷീര സഹകരണ മേഖലയിൽനിന്ന്‌ പുകച്ചുപുറത്തു ചാടിച്ചതിനുപിന്നിലും സമാനമായ കുതന്ത്രങ്ങളായിരുന്നു. ആ സംസ്ഥാനത്തെ സഹകരണമേഖല ബിജെപിയുടെ പ്രധാന രാഷ്ട്രീയ‐ സാമ്പത്തിക അടിത്തറയാണ്. ആ വെട്ടിപ്പിടിക്കൽ പരീക്ഷണത്തിന്റെ ആദ്യരംഗം തലസ്ഥാന നഗരിയിലെ സഹകരണ ബാങ്കുകളായിരുന്നുവെന്നത്‌ മറ്റൊരു കഥ. തുടർന്ന്‌, അവശേഷിച്ച ധാർമികമൂല്യങ്ങളും ദരിദ്രാഭിമുഖ്യവും മതനിരപേക്ഷ ഉള്ളടക്കവും ഇല്ലാതാകുകയും സഹകരണമേഖല പൂർണമായും അമിത് ഷായുടെ ഉരുക്കുമുഷ്‌ടിയിൽ അമരുകയുംചെയ്‌തു.

സഹകരണമേഖലയുടെ പോരായ്‌മകൾ തീർക്കാനും അവയെ ശക്തിപ്പെടുത്താനും പ്രത്യേക ഭരണനിർവഹണ–- നിയമപരിപാലന–- നയ ചട്ടക്കൂടിന്‌ രൂപം നൽകലാണ്‌ ലക്ഷ്യമെന്ന്‌ കേന്ദ്ര ഗവൺമെന്റ്‌ പരസ്യമായി അവകാശപ്പെടുമ്പോഴും മന്ത്രാലയത്തിന്റെ അധികാര വിസ്‌തൃതിയും പ്രവർത്തന രീതികളും അതിന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല. സഹകരണസ്ഥാപനങ്ങളെ കേന്ദ്ര നിയന്ത്രണത്തിലേക്കെത്തിക്കലാണ്‌ മനസ്സിലിരിപ്പെന്ന്‌ വ്യക്തം. വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട്‌ തോന്നുംപടി സഹകരണ സ്ഥാപനങ്ങൾ പടുത്തുയർത്താനും കേന്ദ്രഗവൺമെന്റ്‌ ലക്ഷ്യമിടുന്നു. ഇതെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസലുകൾക്കും ഏറ്റുമുട്ടലുകൾക്കും വഴിതുറക്കും. കോർപറേറ്റുകൾക്കായി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കുകയും അവയെ അനാകർഷകമാക്കി ഉപഭോക്താക്കളെ അകറ്റുകയുംചെയ്‌ത മോഡി സർക്കാർ സഹകരണമേഖലയിൽ കൈവയ്‌ക്കുന്നത്‌ ഫെഡറലിസത്തിന്‌ വിരുദ്ധമാണ്‌. വിനാശകരമായ ഈ നീക്കത്തെ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ ശക്തിയുക്തം എതിർക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുകയാണ്‌. പ്രശ്‌നത്തിന്റെ ഗൗരവം ഊന്നി മറ്റ്‌ പ്രതിപക്ഷ പാർടികളുമായി ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ഭരണഘടനയുടെ ഏഴാംപട്ടികയിലെ ‘സംസ്ഥാന പട്ടിക’യിൽ 32–-ാമതായിവരുന്ന സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാനങ്ങളുടെ അധികാരമാണ്. ആ കാഴ്‌ചപ്പാടിനെ ദുർബലമാക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. പ്രാഥമിക കൂടിയാലോചനയ്‌ക്കുപോലും കേന്ദ്രം തയ്യാറായതുമില്ല.

സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ സംഘപരിവാറും മോഡിസർക്കാരും മുഖ്യമായും ലക്ഷ്യമിടുന്നത്‌ കേരളത്തെയാണ്‌. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടിയുടെ നിക്ഷേപം കൊത്തിവലിക്കാൻ കുത്തകകൾക്ക്‌ അവസരമൊരുക്കാനാണ്‌ വെട്ടിപ്പിടിത്തങ്ങളുടെ രാജാവായ അമിത്‌ ഷായ്‌ക്കുതന്നെ ചുമതല നൽകിയതും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഊടുംപാവുമായ ഈ‌‌ സമാന്തര സംരംഭത്തിന്റെ അടിത്തറയിലാണ്‌ ഇവിടത്തെ മതനിരപേക്ഷ സമൂഹം നിലനിൽക്കുന്നത്‌. അതിനെ തകർക്കുക കുറച്ചു വർഷങ്ങളായി ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യമാണ്‌. അതിനാൽ സഹകരണമേഖലയെ മൂലധന താൽപ്പര്യങ്ങളുടെ കാൽക്കീഴിൽ വയ്‌ക്കുന്നത്‌ സർവശക്തിയുമുപയോഗിച്ച്‌ എതിർക്കേണ്ടതുണ്ട്‌.

deshabhimani editorial 1072021

സഹകരണ മന്ത്രാലയം അമിത്‌ ഷായ്‌ക്ക്‌ നൽകിയത്‌ ഗൂഢതാൽപ്പര്യം: പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി > പുതിയ കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർടികൾ. ഇടതുപക്ഷ പാർടികൾക്ക്‌ പുറമെ കോൺഗ്രസ്‌, എൻസിപി തുടങ്ങിയവയും മന്ത്രാലയ രൂപീകരണത്തിനെതിരെ രംഗത്തുവന്നു. സഹകരണമേഖല ശക്തമായ മഹാരാഷ്ട്ര, ഗുജറാത്ത്‌, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ്‌ നീക്കമെന്ന്‌ പ്രതിപക്ഷ പാർടികൾ ആരോപിച്ചു. മന്ത്രാലയചുമതല അമിത്‌ ഷായ്‌ക്ക്‌ നൽകിയതിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്‌ ഇവർ കുറ്റപ്പെടുത്തി.

കൃഷി മന്ത്രാലയത്തിന്‌ കീഴിൽ സഹകരണവകുപ്പാണ്‌ ഇതുവരെ കേന്ദ്രത്തിലുണ്ടായിരുന്നത്‌. ഭരണതലത്തിൽ വലിയ മാറ്റമുണ്ടാവില്ലെങ്കിലും മന്ത്രാലയം അമിത്‌ ഷായുടെ നിയന്ത്രണത്തിലാണെന്നത്‌ അപകടസൂചനയാണ്‌. പഞ്ചസാര മേഖലയടക്കം സഹകരണപ്രസ്ഥാനം ശക്തമായ മഹാരാഷ്ട്രയിൽ കൂടുതൽ സ്ഥാപനങ്ങളും കോൺഗ്രസ്‌ – എൻസിപി നിയന്ത്രണത്തിലാണ്‌. ബിജെപിക്കെതിരെ ശരത്‌ പവാറിന്റെയും മറ്റും നേതൃത്വത്തിൽ കൂട്ടായ്‌മ രൂപപ്പെടുന്ന ഘട്ടത്തിലാണ്‌ പുതിയ നീക്കം.

സഹകരണ വകുപ്പുള്ളപ്പോൾ പ്രത്യേക മന്ത്രാലയത്തിന്റെ ആവശ്യമെന്താണെന്ന്‌ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പൃഥ്വിരാജ്‌ ചവാൻആരാഞ്ഞു. വകുപ്പ്‌ കൈകാര്യംചെയ്യുന്നത്‌ അമിത്‌ ഷായാണെന്നത്‌ ഗൗരവമുള്ള വിഷയമാണ്‌. സഹകരണ സ്ഥാപനങ്ങൾ നിർണായകമായ മഹാരാഷ്ട്രയും ഗുജറാത്തും ബിജെപിക്ക്‌ പ്രധാനവുമാണ്‌. ഗുജറാത്തിൽ 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ട്‌. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യംതുടർന്നാൽ മഹാരാഷ്ട്രയിൽ ബിജെപി പാടെ തകരും. ഈ പശ്‌ചാത്തലത്തിലാണ്‌  അമിത്‌ ഷാ കളത്തിലിറങ്ങുന്നത്‌. സഹകരണ സ്ഥാപനങ്ങൾക്ക്‌ വലിയ സ്വാധീനമുള്ളതിനാൽ അവയ്‌ക്ക്‌ മേൽ പിടിമുറുക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം–- ചവാൻ പറഞ്ഞു.

സർക്കാർനീക്കം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സഹകരണ മേഖലയിൽ ആഭ്യന്തര മന്ത്രിക്ക്‌ എന്താണ്‌ കാര്യമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരവും അവകാശവും അപഹരിക്കുകയാണെന്നും രാജ പറഞ്ഞു.

കേന്ദ്രം സഹകരണരംഗം കയ്യടക്കുന്നു: കെ മുരളീധരന്‍

കോഴിക്കോട്> സഹകരണ സ്ഥാപനങ്ങളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കയ്യാളുകയാണെന്ന് കെ മുരളീധരന്‍ എംപി. ഓരോ മേഖലയായി മോഡി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കയാണ്. സഹകരണമന്ത്രിയായുള്ള അമിത്ഷായുടെ വരവ് ഇതിന്റെ ഭാഗമാണ്.

പെട്രോള്‍ വില ദിവസവും കൂട്ടി ജനദ്രോഹം തുടരുന്നവര്‍  എന്ത് മുഖം മിനുക്കിയാലും നന്നാവില്ല- ഇന്ധനവിലവര്‍ധനക്കെതിരായ യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്ത് മുരളീധരന്‍ പറഞ്ഞു.

സഹകരണ മന്ത്രാലയം; ‘ഹിന്ദു ബാങ്കി’ന്‌ നിലമൊരുക്കൽ

തിരുവനന്തപുരം > കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌‌ ഷായുടെ ചുമതലയിൽ സഹകരണമന്ത്രാലയം രൂപീകരിക്കുന്നതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്‌ കേരളത്തിൽ ബിജെപിക്കാർ തുടങ്ങിയ ‘ഹിന്ദു ബാങ്കു’കൾക്ക്‌ അടിത്തറയൊരുക്കൽ. ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക് എന്നാണ് ഈ ബാങ്കുകളുടെ മുദ്രാവാക്യം.

കേന്ദ്രസർക്കാരിന്റെ 2014ലെ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കേതര ധനസ്ഥാപനങ്ങളാണിവ. 870 കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്‌ ബിജെപി കേന്ദ്രങ്ങൾ പറയുന്നു. ഇവയിലൊരുഭാഗം കേന്ദ്ര സഹകരണ നിയമപ്രകാരമുള്ള അന്തർ സംസ്ഥാന സംഘങ്ങളാണ്. അതിലൊന്നാണ്‌ നിക്ഷേപകരുടെ പണം തട്ടി മുങ്ങിയ ചെർപ്പുളശേരി ഹിന്ദു ബാങ്ക്. ഹിന്ദുനിധി കമ്പനികളെ അന്തർസംസ്ഥാന സഹകരണ സംഘങ്ങളാക്കാനോ പുതിയവ ആരംഭിക്കാനോ ആയിരിക്കും മന്ത്രാലയത്തിന്റെ ശ്രമം. ഹിന്ദു ബാങ്കുകൾക്ക് ധനസഹായത്തിന്‌ കേന്ദ്ര സർക്കാർ മുൻകൈയിൽ അന്തർ സംസ്ഥാന സഹകരണ ബാങ്ക്‌ ആരംഭിക്കാനുള്ള സാധ്യതയും തള്ളാനാകില്ലന്ന്‌ മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

കേരളത്തിലെ നൂറ്റാണ്ട്‌ പഴക്കമുള്ള ജനകീയ സംഘങ്ങളെ തകർക്കാൻ റിസർവ്‌ ബാങ്കിനെയാകും ഉപയോഗിക്കുകയെന്ന്‌ ഐസക്‌ വിലയിരുത്തി. ബാങ്കിങ്‌ നിയന്ത്രണ നിയമഭേദഗതിയിലൂടെ അർബൻ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും റിസർവ്‌ ബാങ്ക്‌ കൈപ്പിടിയിലാക്കി. പ്രാഥമിക കാർഷിക സംഘങ്ങൾക്കും കാർഷിക വികസന സംഘങ്ങൾക്കും ബാങ്ക് വിശേഷണം നിഷേധിക്കപ്പെടാം.  ഇതോടെ അമിത് ഷായുടെ ചൊൽപ്പടിക്കുനിൽക്കുന്ന അന്തർ സംസ്ഥാന സഹകരണ ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും സംസ്ഥാന സഹകരണ മേഖല നിയന്ത്രിക്കും. വായ്‌പാ സംഘങ്ങൾ വരുതിയിലാക്കി മറ്റു സംഘങ്ങളെയും കീഴ്‌പ്പെടുത്തുകയാകും തന്ത്രം.

ചെർപ്പുളശ്ശേരിയിൽ ബിജെപിയുടെ "ഹിന്ദു ബാങ്ക്‌' തട്ടിപ്പ്‌; നിക്ഷേപകരെ പറ്റിച്ചത്‌ കോടികൾ

ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (ഹിന്ദു ബാങ്ക്‌) ന്റെ പേരിൽ സംഘപരിവാർ നടത്തിയത്‌ കോടി കണക്കിന്‌ രൂപയുടെ തട്ടിപ്പ്‌. നിരവധി നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടർന്നാണ്‌ ബാങ്ക് കഴിഞ്ഞദിവസം പൂട്ടിയത്. സജീവ ആർഎസ്എസ് പ്രവർത്തകനും സംഘപരിവാറിന്റെ സോഷ്യൽമീഡിയ ചുമതലക്കാരനുമായ ബാങ്കിന്റെ ചെയർമാൻ സുരേഷ് കൃഷ്‌ണക്കെതിരെ 15 പേർ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകി. ഇവരിൽ നിന്ന് 97 ലക്ഷം രൂപ സ്വരൂപിച്ചെന്നാണ് പരാതി. ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും ആരോപണമുണ്ട്‌. അതേസമയം, ബാങ്കിന്റെ ഡയറക്‌ടർമാർ തന്നെ ചെയർമാനെതിരെ പരാതി നൽകി നിക്ഷേപകരെ കബളിപ്പിക്കാനാണ്‌ ആർഎസ്എസ് - ബിജെപി നേതാക്കളുടെ നീക്കം.

നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന്‌ രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആർഎസ്എസ് -ബിജെപി നേതാക്കളായ ഡയറക്‌ട‌ർമാരെ രക്ഷപ്പെടുത്താനാണ്‌ ഭരണസമിതിയിലെ ഒരാൾക്കെതിരെ പരാതി നൽകിയത്‌. ഈ തട്ടിപ്പ് ആർഎസ്എസ് - ബിജെപി നേതാക്കളുടെ അറിവോടെയാണ്. പണം എങ്ങോട്ട് പോയി എന്നതിൽ വിശദമായ അന്വേഷണം നടത്താനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌.

ഹിന്ദുക്കളുടെ ഉന്നമനത്തിനായി ലാഭം വിനിയോഗിക്കും എന്നായിരുന്നു ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കിന്റെ പേരിലുള്ള പ്രചാരണം. പേര് പിന്നീട് എച്ച്ഡിബി നിധി ലിമിറ്റഡ് എന്നാക്കി മാറ്റി. നിരവധി പേരിൽ നിന്ന് 16 ശതമാനം വരെ പലിശ നൽകാം എന്ന് വിശ്വസിപ്പിച്ചാണ്‌ നിക്ഷേപം സ്വീകരിച്ചതെന്ന്‌ പരാതിയിൽ പറയുന്നു‌. ഉയർന്ന പലിശ ലഭിക്കുമെന്ന്‌ വിശ്വസിച്ച ഒരു ബിജെപി പ്രവർത്തകൻ ഭാര്യയുടെ സ്വർണം മറ്റു ബാങ്കിൽ പണയപ്പെടുത്തി പണം ഇവിടെ നിക്ഷേപിച്ചു. ആർഡി എന്ന പേരിൽ 2500 രൂപയും വ്യാപകമായി പിരിച്ചു.

ജോലി വാഗ്‌ദാനം ചെയ്‌തും ബിജെപി പ്രവർത്തകരായ ചിലരിൽനിന്നും പണം വാങ്ങി. കോടികൾ തട്ടിയെടുത്ത ഈ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും. കൂടുതൽ നിക്ഷേപകർ പണം തിരിച്ചു ലഭിക്കുന്നതിന് പരാതിയുമായി രംഗത്തുവരുമെന്നും പറയുന്നു. ബാങ്കിന്റെ മുഴുവൻ ഡയറക്‌ട‌‌ർമാരും ബിജെപി - ആർഎസ്‌എസ്‌ പ്രവർത്തകരാണ്‌.

ബാങ്ക് തുടങ്ങി ഒരു വർഷത്തിൽ കോടികൾ സമാഹരിച്ച ശേഷമാണ് പൂട്ടുന്നതെന്ന് നിക്ഷേപകർ പരാതിയില്‍ പറയുന്നു. ബാങ്ക് അധികൃതരുടെ നിലപാടില്‍ അനിഷ്‌ട‌‌മുണ്ടായ ഇടപാടുകാര്‍ നിക്ഷേപം തിരികെ ചോദിച്ചതിനു ശേഷമാണ് ബാങ്ക് പൂട്ടിയത്. പണം നഷ്‌ടപ്പെട്ടവര്‍ ബാങ്ക് അധികൃതരോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറായില്ല.

വലിയ പലിശ വാഗ്‌ദാനം ചെയ്‌താണ് സുരേഷ്‌കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപം സമാഹരിച്ചത്. സ്ഥാപനം "ഹിന്ദു ബാങ്ക്' എന്ന പേരിലും ഇവർ പ്രചരിപ്പിച്ചിരുന്നു. ബിജെപി, ആർഎസ്എസ് പ്രവർത്തകരും പണം നിക്ഷേപിച്ചവരിലുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തി​ന്റെ ഉടമയെയും മാസങ്ങളായി വാടക നല്‍കാതെ വഞ്ചിച്ചു. കള്ളപ്പണവും കുഴൽപ്പണവും തട്ടിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാക്കൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണ് ചെർപ്പുളശേരിയില്‍ ബാങ്കിന്റെ മറവിലുള്ള പണം തട്ടിപ്പ്.

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌: ഡയറക്ടർമാരുടെ ബിജെപി ബന്ധം പുറത്തുവിട്ട്‌ ചെയർമാൻ

പാലക്കാട്‌> ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്ക് (ഹിന്ദു ബാങ്ക്) പൂട്ടി നിക്ഷേപകരെ കബളിപ്പിച്ച സംഭവത്തിൽ ബിജെപി ബന്ധം പുറത്തുവിട്ട്‌ ബാങ്ക്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ. ബാങ്ക്‌ നടത്തിപ്പിൽ പങ്കില്ലെന്ന്‌ ബിജെപി നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ്‌ ഡയറക്ടർമാരെല്ലാം ബിജെപി–ആർഎസ്‌എസ്‌ നേതാക്കളാണെന്ന് ചെയർമാൻ സാമൂഹ്യമാധ്യമം വഴി പുറത്തുവിട്ടത്‌. തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നു.

നിക്ഷേപകരെ കബളിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയെന്ന്‌ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകിയത്‌ ബാങ്ക്‌ ഡറക്ടർമാർതന്നെയാണ്‌. എന്നാൽ, ഒരു വ്യക്തിക്ക്‌ മാത്രമായി തട്ടിപ്പ്‌ നടത്താനാകില്ലെന്നും ഡയറക്ടർമാരുടെ അറിവോടെമാത്രമേ അതിന്‌ കഴിയൂവെന്നും സുരേഷ്‌ കൃഷ്‌ണ പറയുന്നു.

ബിജെപി ഷൊർണൂർ നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനോദ് കുളങ്ങര,- രാജു കൂട്ടാല,  ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സഹകാര്യവാഹ് അനൂപ് തരുവക്കോണം,ആർഎസ്എസ് ചെർപ്പുളശേരി നഗർ ശാരീരിക് പ്രമുഖ് മനീഷ്-, സേവാഭാരതി ചെർപ്പുളശേരി മുനിസിപ്പൽ സെക്രട്ടറി കാർത്തിക്, കൃഷ്ണപ്രഭ തൂത, ആർഎസ്എസ് നെല്ലായ പ്രമുഖ് അനിൽകുമാർ, ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സേവാപ്രമുഖ് പ്രശാന്ത്- എന്നിവരാണ്‌ ബാങ്ക്‌ ഡയറക്ടർമാർ. ചെയർമാൻ സുരേഷ്‌ കൃഷ്‌ണ -ആർഎസ്എസ് മുൻ ജില്ലാ ജാഗരൺ പ്രമുഖാണ്‌.

ബാങ്കുമായി ബന്ധപ്പെട്ട് മുപ്പതോളം വരുന്ന ആർഎസ്‌എസ്‌ പ്രവർത്തകർ വീട്ടിൽ കയറി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു. അതിനാൽ തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും സുരേഷ്‌ കൃഷ്‌ണ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു. നിക്ഷേപകര്‍ക്ക് 97 ലക്ഷം രൂപ നഷ്ടമായെന്നാണ്‌ പരാതി.

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌; പണം തട്ടിയത്‌ ആർഎസ്‌എസ്‌ നേതാവിന്റെ നേതൃത്വത്തിൽ

ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ്‌ ബാങ്കി(ഹിന്ദു ബാങ്ക്‌)ന്റെ പേരിൽ തട്ടിപ്പ്‌ നടന്നതായി മുൻ ഡയറക്‌ടർ. ആർഎസ്എസ് നെല്ലായ മണ്ഡൽ മുൻ ബൗദ്ധിക്പ്രമുഖായ അനിൽകുമാറാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഹരിയായും നിക്ഷേപമായും പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്‌.

ബാങ്ക്‌ ചെയർമാനും ആർഎസ്‌എസ്‌ മുൻ ജില്ലാ ജാഗരൺ പ്രമുഖുമായ സുരേഷ്‌ കൃഷ്‌ണ, ബിജെപി നേതാവ്‌ പ്രശാന്ത്‌ ആച്ചങ്ങാട്ട്‌ എന്നിവരാണ്‌ പണം പിരിച്ചത്‌. എസ്‌ ബി അക്കൗണ്ട്‌ എന്ന പേരിലായിരുന്നു പണപ്പിരിവ്‌. കഴിഞ്ഞ വർഷം ആരംഭിച്ച സ്ഥാപനം ഉപയോഗിച്ച്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ വൻ തോതിൽ സാമ്പത്തിക ഇടപാട്‌ നടത്തി. 2010ൽ ഒരുബൈക്ക്‌ മാത്രമുണ്ടായിരുന്ന ഇയാൾക്ക്‌ ഇപ്പോൾ മാരുതി ഈക്കോ നാലെണ്ണം,  മാരുതി സ്വിഫ്‌റ്റ്‌, ടൊയോട്ട ഗ്ലാൻസ, ബൊലേറൊ, നാല്‌ ബൈക്ക്‌ എന്നിവയുണ്ട്‌. തൃശൂർ ഹൈസൺ ജീപ്പ്‌ ഷോറൂമിൽ ജീപ്പ്‌ കോംപസ്‌ ബുക്ക്‌ ചെയ്യാൻ 50,000 രൂപ അഡ്വാൻസും നൽകി. ഈ പണമെല്ലാം ബാങ്കിന്റെ മറവിൽ തട്ടിയതാണ്‌. സുരേഷ്‌ കൃഷ്‌ണ, ഭാര്യ ഉമാ ദാക്ഷായണി, പ്രശാന്ത്‌ ആച്ചങ്ങാട്ടിൽ, വിനീത ദേവൻ എന്നിവരാണ്‌ തട്ടിപ്പിന് കൂട്ടുനിന്നത്‌. ഏഴ്‌ ഡയറക്‌ടർമാരുണ്ട്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ചു. യഥാർഥത്തിൽ മൂന്ന്‌ പേരാണ്‌ ഡയറക്‌ടർമാർ.

സ്ഥാപനം നടത്തിപ്പും ഓഹരി നിക്ഷേപിച്ചതും സംഘപരിവാർ ബന്ധമുള്ളവരാണ്‌. എല്ലാ ഡയറക്‌ടർമാർക്കും ഉത്തരവാദിത്തമുണ്ടെന്ന സുരേഷ്‌ കൃഷ്‌ണയുടെ ആരോപണത്തെ തുടർന്നാണ് ഈ തുറന്നു പറച്ചിൽ. ബാങ്കിങ്‌ സ്ഥാപനം നടത്താനുള്ള അനുമതിയില്ലാതെ പണമിടപാട്‌ നടത്തുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടതിനാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഡയറക്‌ടർസ്ഥാനം രാജിവച്ചതായും അനിൽകുമാർ പറഞ്ഞു. ബിജെപി നേതാക്കളായ വിനോദ് കുളങ്ങര, രാജു കൂട്ടാല, കാർത്തിക് കറുത്തേടത്ത്, അനൂപ് തരുവക്കോണം, മനീഷ്, കൃഷ്‌ണപ്രഭ എന്നിവരും വാർത്താസമ്മേളനത്തിൽപങ്കെടുത്തു.

നിക്ഷേപാനുകൂലമല്ല കേരളം എന്ന വാദം അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം> കാലഹരണപ്പെട്ടതും  വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  മാധ്യമങ്ങളോട് വ്യക്തമാക്കി . കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള  മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള  നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ്  ഈ മാസം പ്രസിദ്ധപ്പെടുത്തിയ   സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്.

സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ്  ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍  മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍  നാലാം സ്ഥാനവും കേരളത്തിന്  കൈവരിക്കാനായി.

നാഷണല്‍ കൗണ്‍സില്‍ ഓഫ്  അപ്ലൈഡ്  എക്കണോമിക്‌സ് റിസര്‍ച്ചിന്റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം  തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു  ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി  സോഫ്റ്റ് വെയര്‍ അധിഷ്ഠിത പരാതി രഹിത  സംവിധാനമുണ്ടാക്കും. നിലവിലുള്ള ത്രിതല സംവിധാനത്തിന് പുറമേ സംസ്ഥാനത്തെ എല്ലാ വ്യവസായ പാര്‍ക്കുകളിലും സംരംഭകര്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ്.

എംഎസ്എംഇകള്‍ക്ക് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. കൊച്ചി  ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ  ഡിസംബറില്‍ പൂര്‍ത്തിയാക്കും. നിയമങ്ങളില്‍ മാറ്റം വരുത്തിയും നടപടികള്‍ ലളിതമാക്കിയും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഒട്ടേറെ നടപടികളാണ്  എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍  ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് കേരള  ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്

ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി.നിക്ഷേപത്തിനുള്ള  ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ആവിഷ്‌കരിച്ചു.

മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം ഇതിന്റെ ഭാഗമായി തയ്യാറാക്കി. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഇല്ലെങ്കില്‍  കല്‍പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു.

മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം.  മൂന്നുവര്‍ഷം കഴിഞ്ഞ്  ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.നൂറുകോടി രൂപ വരെ  മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം ആവശ്യമായ അംഗീകാരം നല്‍കും. കെ സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം.

എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെ എസ് ഐ ഡി സി എംഡി കണ്‍വീനറായി നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ രൂപീകരിച്ചു.സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടോള്‍ ഫ്രീ സൗകര്യം, സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രൂപീകരിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍,  ഇന്‍വെസ്റ്റ് കണക്ട് ന്യൂസ് ലെറ്റര്‍, വ്യവസായ ലൈസന്‍സ് കാലാവധി 5 വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള നടപടി, ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോ റിന്യൂവല്‍ സൗകര്യം, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അനുമതി,  അസെന്‍ഡ് നിക്ഷേപക സംഗമം  തുടങ്ങിയവ  നിക്ഷേപം ആകര്‍ഷിക്കുന്നതിന്  കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികളും പദ്ധതികളുമാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് ഈ വര്‍ഷമെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടയില്‍ ഒറ്റപ്പെട്ട എന്തെങ്കിലും  ചൂണ്ടിക്കാണിച്ച്  സംസ്ഥാനത്തിന്റെ  വ്യവസായ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകര്‍ക്കാനുള്ളതായി വിലയിരുത്തപ്പെടും.  

നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് . പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും. അത്തരം പരിശോധനകള്‍ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല.

അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളം വ്യവസായ സൗഹൃദം: വി ഡി സതീശൻ

കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന്‌ വിരുദ്ധമായ  പ്രചാരണം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു. ഇവിടെ വ്യവസായ സൗഹൃദ അന്തരീക്ഷമല്ലെന്ന സന്ദേശം നൽകുമ്പോൾ നമ്മുടെ നിക്ഷേപത്തെയും തൊഴിലിനെയും ബാധിക്കും. പരാതി ഉയരുമ്പോൾ പരിശോധിക്കണം. എന്നാൽ വ്യവസായികളെ പീഡിപ്പിക്കരുതെന്നും കേസരി സ്‌മാരക ട്രസ്‌റ്റ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ അദ്ദേഹം പറഞ്ഞു‌.

കേരളത്തിൽ മിലിറ്റന്റ്‌ ട്രേഡ്‌ യൂണിയനിസം ഇല്ല. ട്രേഡുയൂണിയനുകളും ഉടമകളും നല്ല സൗഹൃദത്തിലാണ്‌.  പോക്‌സോ കേസിലെ പ്രതിയെ മാത്യു കുഴൽനാടൻ എംഎൽഎ സംരക്ഷിക്കുന്നെന്ന പരാതിയിൽ ഡിസിസി അന്വേഷണം നടത്തുന്നുണ്ട്‌. കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്നാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ഷാൻമുഹമ്മദിനെതിരായ പരാതി. പോക്‌സോ നിയമ പ്രകാരം അത്‌ തെറ്റല്ലെ എന്ന്‌ ചോദിച്ചപ്പോൾ അങ്ങനെയാണ്‌ നിയമമെന്ന്‌ സതീശൻ പറഞ്ഞു.

കോവിഡ്‌ മരണനിരക്ക്‌ കൃത്യമായി അറിയിക്കണം. പത്ത്‌ ദിവസത്തിനകം നടപടിയില്ലെങ്കിൽ എന്ത്‌ വേണമെന്ന്‌ പ്രതിപക്ഷം ആലോചിക്കും. ഡെത്ത്‌ ഓഡിറ്റ്‌ കമ്മിറ്റിക്കെതിരെ അന്വേഷണം വേണം. യുഡിഎഫ്‌ കൺവീനറുമായി ബന്ധപ്പെട്ട കാര്യം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും സതീശൻ  പറഞ്ഞു.

കിറ്റെക്‌സ്‌ പോകുന്നത്‌ ശൂന്യമായ പാർക്കിലേക്ക്‌; ഒരു സംരംഭവുമില്ലാതെ കാകതീയ

ന്യൂഡൽഹി > കേരളത്തെ തള്ളിപ്പറഞ്ഞ്‌ തെലങ്കാനയിലേക്ക്‌ പോകാനൊരുങ്ങുന്ന കിറ്റെക്‌സ്‌, ആയിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നത്‌ നാലു വർഷത്തോളമായി ശൂന്യമായി കിടക്കുന്ന ടെക്‌സ്‌റ്റൈൽ പാർക്കിൽ. വാറങ്കലിലെ കാകതീയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലേക്കാണ്‌ തെലങ്കാന കിറ്റെക്‌സിനെ കൊണ്ടുപോകുന്നത്‌. 2017 സെപ്‌തംബർ 22നാണ്‌ മുഖ്യമന്ത്രി കെ ചന്ദ്രശേഖർറാവു പാർക്ക്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കോടികളുടെ നിക്ഷേപമുണ്ടാകുമെന്നും ആയിരക്കണക്കിനാളുകൾക്ക്‌ തൊഴിലവസരമുണ്ടാകുമെന്നും ടിആർഎസ്‌ സർക്കാർ അവകാശപ്പെട്ടെങ്കിലും ഒരു കമ്പനിപോലും എത്തിയില്ല.

പാർക്കിന്റെ ഉദ്‌ഘാടനവേളയിൽ 22 കമ്പനിയുമായി ധാരണപത്രമായെന്നും 3900 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. 27,000 പേർക്ക്‌ നേരിട്ടും അരലക്ഷം പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ, ധാരണപത്രത്തിനപ്പുറം കാര്യങ്ങൾ നീങ്ങിയില്ല. 1200 ഏക്കർ പാർക്ക്‌ നോക്കുകുത്തിയായത്‌ വലിയ രാഷ്ട്രീയ വിവാദവുമായി. മുഖ്യമന്ത്രിയുടെ മകൻ കെ ടി രാമറാവുവാണ്‌ സംസ്ഥാന കൈത്തറി മന്ത്രി. നിക്ഷേപമൊന്നും വരാത്തത്‌ മന്ത്രിയുടെ പിടിപ്പുകേടാണെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. വാറങ്കലിൽ ഏപ്രിലിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായതും ടെക്‌സ്‌റ്റൈൽ പാർക്കാണ്‌. ആറു മാസത്തിനകം പാർക്ക്‌ പ്രവർത്തിക്കുമെന്നും അല്ലെങ്കിൽ രാജിവയ്‌ക്കുമെന്നും പഞ്ചായത്തീരാജ്‌ മന്ത്രി ഇ ദയാകർ റാവു പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു.

മൂന്നുമാസം പിന്നിട്ടിട്ടും കാര്യങ്ങൾ മാറിയില്ല. അതിനിടെയാണ്‌ കിറ്റെക്‌സ്‌ ചെയർമാൻ സാബു എം ജേക്കബിന്റെ  പ്രഖ്യാപനം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്‌. പാർക്കിൽ ഒരു യൂണിറ്റെങ്കിലും തുടങ്ങി മുഖംരക്ഷിക്കാനാണ്‌ തെലങ്കാന സർക്കാർ കിണഞ്ഞുശ്രമിക്കുന്നത്‌.

കിറ്റക്‌സിനെതിരെ കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയിട്ടുണ്ടെന്ന്‌ വി ഡി സതീശൻ; പരിശോധന സ്വാഭാവികം

 കിറ്റക്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്

തിരുവനന്തപുരം > മലിനീകരണ പ്രശ്‌നത്തില്‍ കിഴക്കമ്പലം കിറ്റക്‌സ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. പി ടി തോമസ്, എല്‍ദോസ് കുന്നപ്പിള്ളില്‍, മാത്യു കുഴല്‍നാടന്‍, ടി ജെ വിനോദ് എന്നിവര്‍ കഴിഞ്ഞ ജൂണ്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

ആധുനിക മലിനജല ശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കുമെന്ന് കിറ്റക്‌സ് നല്‍കിയ ഉറപ്പിന്മേലാണ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയതെന്നും, എന്നാല്‍ നാളിതുവരെയായിട്ടും പ്ലാന്റ് സ്ഥാപിക്കുവാന്‍ കിറ്റക്‌സ് തയ്യാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. ആയതിനാല്‍ വ്യവസ്ഥ ലംഘിച്ച കിറ്റക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം ആധുനിക ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കുന്നതുവരെ നിര്‍ത്തിവെക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

പ്രതിദിന മലിനജല ഉല്‍പാദനം കുറയ്ക്കണമെന്ന നിര്‍ദേശം കമ്പനി പാലിക്കണം, ജല ഉപഭോഗവും മലിനജല ഉല്‍പാദനവും കൃത്യമായി അറിയുവാന്‍ വാട്ടര്‍ മീറ്റേഴ്‌സ് സ്ഥാപിക്കണം, തുടങ്ങിയ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും എംഎല്‍എമാര്‍ നല്‍കിയിട്ടുണ്ട്.

കിറ്റക്‌സിനെതിരെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നു എന്ന് പ്രചരണം നടക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാരുടെ കത്തും പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തിലായിരുന്നു കിറ്റക്‌സ് കമ്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

കിറ്റക്‌സിനെതിരെ കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയിട്ടുണ്ടെന്ന്‌ വി ഡി സതീശൻ; പരിശോധന സ്വാഭാവികം

കൊച്ചി > കിറ്റക്‌സ്‌ കമ്പനിക്കെതിരെ എറണാകുളം ജില്ലയിലെ നാലു കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയെന്നത്‌ സത്യമാണെന്ന്‌  പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞു. കടമ്പ്രയാർ മലീനീകരണമാണ്‌ എംഎൽഎമാർ പ്രധാനമായും പരാതിയിൽ ഉന്നയിച്ചത്‌. ജനപ്രതിനിധികളുശട പരാതി ലഭിച്ചാൽ സർക്കാർ പരിശോധന നടത്തുന്നത്‌ സ്വാഭാവിക നടപടിയാണ്‌. അതിൽ തെറ്റില്ലെന്നും അദ്ദേഹം  വാർത്താലേഖകരോടു പറഞ്ഞു.

ജനപ്രതിനിധികൾക്കുമാത്രമല്ല സാധാരണക്കാർക്കും പരാതി നൽകാം. പൊതുമേഖലാ സ്ഥാപനത്തിനെതിരെപൊലും പരാതി ലഭിച്ചാൽ പരിശോധിക്കേണ്ടത്‌ സർക്കാരിന്റെ കടമയാണ്‌. കിറ്റക്‌സിന്‌ ഇക്കാര്യത്തിൽ പ്രത്യേക അവകാശം ഇല്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന്‌ വി ഡി സതീശൻ ആവർത്തിച്ചു. മറിച്ചുള്ള പ്രചാരണം സംസ്ഥാനത്തിന്റെ മഹിമ കളയുമെന്നും അദ്ദേഹം പറഞ്ഞു.