Sunday, June 7, 2009

ഗവര്‍ണര്‍ എന്ന ചട്ടുകം

സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കു വിലകല്‍പ്പിക്കാതെ ലാവ്ലിന്‍കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ജനാധിപത്യ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറ്റിയ ഗവമെന്റിനു മേലെയാണോ ഒരു ജനാധിപത്യ പ്രക്രിയയിലൂടെയുമല്ലാതെ നോമിനേറ്റുചെയ്യപ്പെട്ട ഗവര്‍ണര്‍ എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. സംസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയുടെ ശുപാര്‍ശയെ കേന്ദ്രഭരണകക്ഷിയാല്‍ നോമിനേറ്റു ചെയപ്പെട്ട ഒരു ഗവര്‍ണര്‍ക്കു കാറ്റില്‍ പറത്താമെന്നുവന്നാല്‍ ജനാധിപത്യത്തിന് എന്താണ് വില? ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാവുന്ന മേഖലകള്‍ 1974ലെ ഷംഷേര്‍സിങ് കേസില്‍ സുപ്രീംകോടതി നിര്‍വഹിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം അയുക്തികമോ ദുരുദ്ദേശ്യപരമോ തന്നിഷ്ടപ്രകാരമുള്ളതോ പക്ഷപാതപരമായതോ ആണെങ്കില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം എന്നാണതില്‍ പറയുന്നത്. മന്ത്രിസഭ സ്വന്തം ഇഷ്ടപ്രകാരം ഒരു പ്രക്രിയയിലൂടെയുമല്ലാതെ എടുത്ത തീരുമാനമാണെങ്കില്‍മാത്രമേ ആ തീരുമാനത്തെ ഇപ്പറഞ്ഞ ഏതെങ്കിലും വാക്കുകൊണ്ടു വിശേഷിപ്പിക്കാനാവൂ. മന്ത്രിസഭ ഇവിടെ ചെയ്തത് സ്വയം തീരുമാനിക്കലല്ല. ഭരണഘടനാസ്ഥാപനമായ അഡ്വക്കറ്റ് ജനറലിനു പ്രശ്നം റഫര്‍ ചെയ്യുകയും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അംഗീകരിച്ചറിയിക്കുകയുമാണ്. നിയമസഭയിലും മന്ത്രിസഭയില്‍പോലും ചെന്നു നിയമകാര്യങ്ങള്‍ വിശദീകരിക്കാന്‍ അധികാരമുള്ള ഭരണഘടനാസ്ഥാനമാണ് അഡ്വക്കറ്റ് ജനറലിന്റേത്. അത്തരമൊരു സ്ഥാപനത്തിന്റെ ഉപദേശപ്രകാരം കൈക്കൊള്ളുന്ന നടപടി എങ്ങനെ തന്നിഷ്ടപ്രകാരമുള്ളതാവും? ദുരുദ്ദേശ്യപരമാവും? അയുക്തികമോ പക്ഷപാതപരമോ ആണെന്നു പറയാനാവും. നിയമ പ്രക്രിയയിലൂടെയാണ് മന്ത്രിസഭ തീരുമാനത്തിലെത്തിയത് എന്നതുകൊണ്ടുതന്നെ ഗവര്‍ണര്‍ക്കു മറിച്ചൊരു ഇടപെടല്‍ നടത്താന്‍ ഇടമില്ലാത്തതാണ്. പ്രശ്നം അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തില്‍ ആസ്പദമായത് അല്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കുന്നതിന് ഇടമുണ്ട് എന്നു പറയാമായിരുന്നു. പക്ഷേ, ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ, മന്ത്രിസഭാ തീരുമാനത്തെ പൊളിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലാത്തതാണ്. മന്ത്രിസഭാ തീരുമാനത്തെ പാലിക്കാന്‍ വിധേയനാണ് എന്നതാണ് ഷംഷേര്‍ സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ സാരം.

ഇവിടെ ഗവര്‍ണര്‍ ആരുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിച്ചത് എന്നുകൂടി നോക്കേണ്ടതുണ്ട്. ഭരണഘടനാ സ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെയല്ല; തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയല്ല. മറിച്ച് സിബിഐ എന്ന പൊലീസ് സംഘടനയുടെ ഉപദേശം. പൊലീസിന്റെ ഉപദേശത്തിന് ഭരണഘടനാസ്ഥാപനത്തിനും പരമോന്നത ജനാധിപത്യ സ്ഥാപനത്തിനും മേലെ പ്രാധാന്യം കല്‍പ്പിക്കുന്നത് നീതി നിര്‍വഹണത്തിന്റെയോ ജനാധിപത്യത്തിന്റെയോ താല്‍പ്പര്യത്തിലാവുമോ? ഇല്ല എന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. ഈ പ്രക്രിയയില്‍ മന്ത്രിസഭയുടെ ശുപാര്‍ശയെ മാത്രമല്ല, പരമോന്നത നീതിന്യായ പീഠമായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിതീര്‍പ്പിനെക്കൂടിയാണ് ഗവര്‍ണര്‍ കാറ്റില്‍ പറത്തിയത്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിനു കീഴില്‍ പ്രസിഡന്റിനുള്ളതിനു സമാനമായ അധികാരങ്ങളാണ് തനിക്കുള്ളത് എന്നു ഗവര്‍ണര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവണം. ഇന്ത്യയിലുള്ളത് വാഷിങ്ട രീതിയല്ല, പ്രസിഡന്‍ഷ്യല്‍ രീതിയല്ല. മറിച്ച് വെസ്റ്റ് മിനിസ്റ്റര്‍ സമ്പ്രദായത്തെ മാതൃകയാക്കുന്ന പാര്‍ലമെന്ററി ജനാധിപത്യരീതിയാണ് എന്നും അത് പ്രസിഡന്റിനോ ഗവര്‍ണര്‍ക്കോ അമിതാധികാരങ്ങള്‍ നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിന്റെ 19(1) വകുപ്പും ക്രിമിനല്‍ പ്രൊഡ്യൂസര്‍ കോഡിന്റെ 197-ാംവകുപ്പും പ്രോസിക്യൂഷന് അനുമതി വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഉത്തമവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ മുന്‍ നിര്‍ത്തി നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശല്യവ്യവഹാരങ്ങള്‍ കൊണ്ടു വലയ്ക്കുന്നതിനെ തടയാനാണ്. അത്തരം സ്ഥാനങ്ങളിലിരുന്നിട്ടുള്ളവര്‍ക്ക് നിയമം നല്‍കുന്ന പരിരക്ഷയാണത്. ആ പരിരക്ഷ ഇവിടെ നിഷേധിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നിഷേധിക്കപ്പെടുന്നത് ഭരണഘടനാപരമായ അവകാശംതന്നെയാണ്. ഇതു നിഷേധിക്കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചതെന്താവാം?

അദ്ദേഹത്തിനുമേലുണ്ടായ നിരന്തരമായ രാഷ്ട്രീയസമ്മര്‍ദം എന്നതാണ് ആ ചോദ്യത്തിനുള്ള ഉത്തരം.

ഗവര്‍ണറെക്കൊണ്ട് തങ്ങളുടെ നിലപാട് അംഗീകരിപ്പിക്കാനുള്ള രാഷ്ട്രീയസമ്മര്‍ദതന്ത്രങ്ങളാണ് യുഡിഎഫ് തുടര്‍ച്ചയായി പ്രയോഗിച്ചുപോന്നത്. സെക്രട്ടറിയറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ, പിന്നാലെ നടന്ന ഹര്‍ത്താല്‍, രണ്ടുവട്ടം ഗവര്‍ണറെ കണ്ട് നടത്തിയ നിവേദനം എന്നിവയെല്ലാം രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായിരുന്നു. സ്വതന്ത്രമായി തീരുമാനമെടുക്കേണ്ടയാളാണ് ഗവര്‍ണര്‍ എന്നു പരസ്യമായി പറഞ്ഞുകൊണ്ടുതന്നെ അങ്ങനെയൊരു തീരുമാനമെടുക്കല്‍ ഗവര്‍ണര്‍ക്ക് അസാധ്യമാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് യുഡിഎഫില്‍ നിന്നുണ്ടായിക്കൊണ്ടിരുന്നത്. ഇത് നിയമത്തെ അതിന്റെ സ്വാഭാവികമായ വഴിക്കു പോകാന്‍ അനുവദിക്കാതിരിക്കലായിരുന്നു; തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ചു വഴി തിരിച്ചുവിടാന്‍ ശ്രമിക്കലായിരുന്നു. നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഭരണാഘടനാ വിരുദ്ധവുമായിരുന്നു പ്രതിപക്ഷത്തിന്റെ ഈ ഇടപെടല്‍. നിയമപരമായ നില പരിശോധിച്ചു തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രാപ്തിയുണ്ട് എന്നു ഭരണഘടന കരുതുന്ന സ്ഥാപനമാണ് ഗവര്‍ണറുടേത്. ഗവര്‍ണറുടെ ആ പ്രാപ്തിയില്‍ അവിശ്വാസം രേഖപ്പെടുത്തുക കൂടിയായിരുന്നു ഇത്തരം ഇടപെടലുകളിലൂടെ പ്രതിപക്ഷം ചെയ്തത്. ആ ഭരണഘടനാസ്ഥാനത്തിന്റെ അന്തസ്സിടിക്കല്‍ കൂടിയായിരുന്നു അത്. ഈ നിലയ്ക്ക് ഇതു ജനാധിപത്യവിരുദ്ധമായിരുന്നു.

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് ഗവര്‍ണറുടേത്. ഭരണഘടനതന്നെ സംശയാതീതമായി ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയല്ല, ജനങ്ങളാല്‍ നിരാകരിക്കപ്പെട്ട തങ്ങളുടെ അഭിപ്രായപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന സന്ദേശം നല്‍കുകയാണ് ഇത്തരം ചെയ്തികളിലൂടെ പ്രതിപക്ഷം ചെയ്തത്. ഈ നിലയ്ക്ക് ഇതു ഭരണഘടനാവിരുദ്ധമായിരുന്നു. ഔദ്യോഗികസ്ഥാനത്തിരുന്നുകൊണ്ട് ചെയ്യുന്നതും നീതിയുക്തമെന്നു സ്വയം ബോധ്യമുള്ളതുമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരാളെയും അനാവശ്യമായ വ്യവഹാരങ്ങളില്‍ കുടുക്കി വലച്ചുകൂടാ എന്നതാണ് നിയമവ്യവസ്ഥയുടെ നില. അതുകൊണ്ടാണ് അത്തരം സ്ഥാപനങ്ങളിലിരുന്നു ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രോസിക്യൂഷന്‍ നടത്തണമെങ്കില്‍ അതിന് അനുമതി വേണമെന്നു വ്യവസ്ഥചെയ്തിട്ടുള്ളത്. ആ വ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ മന്ത്രിമാര്‍ക്കും മന്ത്രിസ്ഥാനത്ത് ഇരുന്നിട്ടുള്ളവര്‍ക്കും കോടതിവരാന്തകളില്‍ നിന്നിറങ്ങാനേ സമയമുണ്ടാവില്ല. അത്രയേറെയാവും ശത്രുതാപരമായ ശല്യവ്യവഹാരങ്ങള്‍. വൈരനിര്യാതനത്തിനായുള്ള അത്തരം വ്യവഹാരങ്ങളില്‍നിന്നുള്ള പരിരക്ഷ നിയമപരമായി വ്യവസ്ഥചെയ്യപ്പെട്ടിട്ടുള്ളതാണ്. ആ പരിരക്ഷ നിഷേധിക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ ഈ ഇടപെടല്‍ നിയമവിരുദ്ധമായിരുന്നു.

പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെകണ്ട് അറിയിച്ചത് എതിര്‍വാദങ്ങളാണ്. എന്നാല്‍, അനുകൂലമായ വാദങ്ങള്‍ ഗവര്‍ണര്‍ക്കു മുമ്പാകെ ചെന്നു നിരത്തി സ്വയം ന്യായീകരിക്കാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് അവസരമില്ല. ആ ഭാഗത്തിനു സ്വയം ന്യായീകരിക്കാന്‍ ഒരു സന്ദര്‍ഭവുമില്ല എന്നിരിക്കെ എതിര്‍വാദങ്ങള്‍മാത്രം അറിയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത് പ്രതിചേര്‍ക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സാമാന്യനീതിയുടെ നിഷേധമായി. ഗവര്‍ണര്‍ ഈ പ്രശ്നം മന്ത്രിസഭയുടെ ഉപദേശത്തിനു വിട്ടത് താന്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട സ്ഥാനത്താണിരിക്കുന്നത് എന്ന ബോധ്യംകൊണ്ടാണ്. അതല്ലെങ്കില്‍ ഗവര്‍ണര്‍ പ്രശ്നം മന്ത്രിസഭയ്ക്കു വിടുമായിരുന്നില്ലല്ലോ. മന്ത്രിസഭയാകട്ടെ, സ്വയം തീരുമാനമെടുക്കുകയല്ല, മറിച്ച് ഭരണഘടനാസ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടി അതിന്റെ അടിസ്ഥാനത്തില്‍ നിലപാടെടുക്കുകയാണ് ചെയ്തത്. അതാണു നിയമത്തിന്റെ വഴി. എന്നിട്ടും ആ വഴിയെ തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. തള്ളാനാണെങ്കില്‍ പിന്നെ മന്ത്രിസഭ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടേണ്ടതില്ലല്ലോ.

നിയമപ്രക്രിയ അതിന്റെ സ്വാഭാവിക വഴിക്കു പോകുന്നതു കാത്തിരിക്കാന്‍ കൂട്ടാക്കാത്ത രാഷ്ട്രീയ അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്. സമാനമായ ഒരു സാഹചര്യത്തിലും ഏതെങ്കിലും രാഷ്ട്രീയനേതാക്കള്‍ നിയമപ്രക്രിയ നടക്കുന്നതിനിടയ്ക്ക് അതിനെ അട്ടിമറിക്കാന്‍ ഇങ്ങനെ ഹര്‍ത്താലും സമരങ്ങളുമായി നടന്ന ചരിത്രമില്ല. നിയമപ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതിന്റെ ക്ളാസിക് ഉദാഹരണമായി അത്. ഈ സമ്മര്‍ദത്തിന്റെ ശക്തികൊണ്ടാണ് യുഡിഎഫ് ഭരണകാലത്തെ വിജിലന്‍സുതന്നെയും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം ഗവര്‍ണര്‍ ശ്രദ്ധിക്കാതിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം തിരക്കിട്ട് പ്രശ്നം സിബിഐക്കു വിട്ടതിലെ രാഷ്ട്രീയതാല്‍പ്പര്യം കാണാതെ പോയത്. പിണറായി വിജയന്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയതായി സിബിഐക്കുപോലും അതിന്റെ റിപ്പോര്‍ട്ടില്‍ പറയാന്‍ കഴിയാതിരുന്ന കാര്യം ശ്രദ്ധിക്കാന്‍ കഴിയാതെ പോയത്.

ഈ വിധത്തില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി ഗവര്‍ണര്‍ക്കു തീരുമാനം എടുക്കേണ്ടിവന്നത് എന്തു കൊണ്ടാണ്? ഗവര്‍ണര്‍ കേന്ദ്രഭരണകക്ഷിയുടെ നോമിനിയായതുകൊണ്ട്. ഞങ്ങളുടെ പാര്‍ടിയാണ് നിങ്ങളെ ഗവര്‍ണറാക്കിയത് എന്നതായിരുന്നു പ്രതിപക്ഷം എടുത്ത സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാനം. ഇങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കുമേലെ നോമിനേറ്റു ചെയ്യപ്പെട്ട ഒരു ഗവര്‍ണര്‍ വേണോ? ഇനി ഇതാണ് രാജ്യം ചര്‍ച്ച ചെയ്യേണ്ട വിഷയം.

പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം

3 comments:

  1. സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കു വിലകല്‍പ്പിക്കാതെ ലാവ്ലിന്‍കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ജനാധിപത്യ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറ്റിയ ഗവമെന്റിനു മേലെയാണോ ഒരു ജനാധിപത്യ പ്രക്രിയയിലൂടെയുമല്ലാതെ നോമിനേറ്റുചെയ്യപ്പെട്ട ഗവര്‍ണര്‍ എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. സംസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയുടെ ശുപാര്‍ശയെ കേന്ദ്രഭരണകക്ഷിയാല്‍ നോമിനേറ്റു ചെയപ്പെട്ട ഒരു ഗവര്‍ണര്‍ക്കു കാറ്റില്‍ പറത്താമെന്നുവന്നാല്‍ ജനാധിപത്യത്തിന് എന്താണ് വില? ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാവുന്ന മേഖലകള്‍ 1974ലെ ഷംഷേര്‍സിങ് കേസില്‍ സുപ്രീംകോടതി നിര്‍വഹിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം അയുക്തികമോ ദുരുദ്ദേശ്യപരമോ തന്നിഷ്ടപ്രകാരമുള്ളതോ പക്ഷപാതപരമായതോ ആണെങ്കില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം എന്നാണതില്‍ പറയുന്നത്. മന്ത്രിസഭ സ്വന്തം ഇഷ്ടപ്രകാരം ഒരു പ്രക്രിയയിലൂടെയുമല്ലാതെ എടുത്ത തീരുമാനമാണെങ്കില്‍മാത്രമേ ആ തീരുമാനത്തെ ഇപ്പറഞ്ഞ ഏതെങ്കിലും വാക്കുകൊണ്ടു വിശേഷിപ്പിക്കാനാവൂ. മന്ത്രിസഭ ഇവിടെ ചെയ്തത് സ്വയം തീരുമാനിക്കലല്ല. ഭരണഘടനാസ്ഥാപനമായ അഡ്വക്കറ്റ് ജനറലിനു പ്രശ്നം റഫര്‍ ചെയ്യുകയും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അംഗീകരിച്ചറിയിക്കുകയുമാണ്. നിയമസഭയിലും മന്ത്രിസഭയില്‍പോലും ചെന്നു നിയമകാര്യങ്ങള്‍ വിശദീകരിക്കാന്‍ അധികാരമുള്ള ഭരണഘടനാസ്ഥാനമാണ് അഡ്വക്കറ്റ് ജനറലിന്റേത്. അത്തരമൊരു സ്ഥാപനത്തിന്റെ ഉപദേശപ്രകാരം കൈക്കൊള്ളുന്ന നടപടി എങ്ങനെ തന്നിഷ്ടപ്രകാരമുള്ളതാവും? ദുരുദ്ദേശ്യപരമാവും? അയുക്തികമോ പക്ഷപാതപരമോ ആണെന്നു പറയാനാവും. നിയമ പ്രക്രിയയിലൂടെയാണ് മന്ത്രിസഭ തീരുമാനത്തിലെത്തിയത് എന്നതുകൊണ്ടുതന്നെ ഗവര്‍ണര്‍ക്കു മറിച്ചൊരു ഇടപെടല്‍ നടത്താന്‍ ഇടമില്ലാത്തതാണ്. പ്രശ്നം അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തില്‍ ആസ്പദമായത് അല്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കുന്നതിന് ഇടമുണ്ട് എന്നു പറയാമായിരുന്നു. പക്ഷേ, ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ, മന്ത്രിസഭാ തീരുമാനത്തെ പൊളിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലാത്തതാണ്. മന്ത്രിസഭാ തീരുമാനത്തെ പാലിക്കാന്‍ വിധേയനാണ് എന്നതാണ് ഷംഷേര്‍ സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ സാരം.

    ReplyDelete
  2. oru rajyathinte niyamathinatheetharanu chilarennu thudate thudare vadikkunnathil lajjayille? janangal janathipathyaprakriyayiloode adhikarathilettiya sarkkarinu aa janangngalodu oru kadamayille? avarude manassil pukayunna oru samsayam dooriikarikkan ulla baadhyathayille? anchuvarshathinullil orikkal theranjnjedutha sarkkarinethirayi onnum cheyyan kazhiyatha nissahayaraaya paavam pothujanathinodu.

    abhaya kolacasil sabha kanikkunna sameepanam thanne alle lavlin casil idathintethum. verum rashtriiyaprerithamanu ee case enkil athu niyamaparamaayi theliyikkan pinarayi vijayanaville? athalle athinte sari. lavlin case oru rashtreeyaparamaya case aanennum, minister joseph ulpetta polulla naattacase allennum idathinodu manasikamayenkilum aduppamullavar ariyunna sthithikku, avare idathil ninnakattunnathinano ee karidinam polullava kondadunnath.

    VS inte chiriyeyum Governerum theerumanathineyum okke janam pratheekshayode nokkunna avasthayilekku kondu chennethicharanu?

    (indiayude rashtapathiyyeyum janam nerittallalo theranjeduthathu.aano? )

    ReplyDelete
  3. ജനാധിപത്യത്തെയും ഗവര്‍ണരെയും പറ്റി വാതോരാതെ പറയുന്നല്ലോ... ഒരു ചോദ്യം ചോദിച്ചോട്ടെ?...

    ഇപ്പൊ വോട്ടെടുപ്പ് നടത്തിയാല്‍, നിങ്ങള്‍ പറഞ്ഞ, വിചാരണ ചെയ്യേണ്ട എന്ന് തീരുമാനിച്ച ഈ മന്ത്രിസ്സഭ ഉണ്ടാവുമോ?...

    കേരളത്തില്‍ ഇപ്പോള്‍ "പിണറായി യെ പ്രോസ്സിക്യുട്ടു ചെയ്യണോ ?" എന്ന് ചോദിച്ചു കൊണ്ടു ഒരു വോട്ടെടുപ്പ്‌ നടത്തിയാല്‍ അതിന്റെ ഫലം എന്തായാലും ഞങ്ങള്‍ അംഗീകരിക്കുമോ?...

    കേരളത്തിലെ ജനങ്ങളുടെ മനസ്സിലിരുപ്പ്‌ എന്താണെന്ന് കഴിഞ്ഞ പതിനാറാം തിയതി ഉച്ചയോടെ തന്നെ നിങ്ങളുടെ തലയില്‍ കേറിയതല്ലേ?...

    ആരെ കാണിക്കാനാണ് ഈ ലേഖനങ്ങള്‍ പടച്ചു വിടുന്നത്?... ആത്മ നിര്വൃതിക്കോ?...

    ReplyDelete