Thursday, June 11, 2009

ഗവര്‍ണറുടെ നടപടി ഫെഡറലിസത്തിനു മേലുള്ള കടന്നുകയറ്റം

ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാരുകളുടെ തലത്തിലേക്ക് ഉയരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരു ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനശിലകളാണ്. ശക്തമായ സംസ്ഥാനം ശക്തമായ കേന്ദ്രത്തിന് പൂരകമാണ്. ഭരണസംവിധാനങ്ങള്‍ അത്തരത്തില്‍ ഉയരുമ്പോള്‍മാത്രമേ നാനാത്വത്തില്‍ ഏകത്വമെന്ന നിലയില്‍ നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന്‍ രാജ്യത്തിന് കഴിയുകയുള്ളൂ. അത് രൂപപ്പെടുത്തുന്നതിനുവേണ്ടിയുള്ള നിരവധി ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണകാലഘട്ടം മുതലേ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നീട് ഇത്തരം ചര്‍ച്ചകളില്‍ ഏറെ ഗൌരവമായി ഉയര്‍ന്നുവന്ന വിഷയമാണ് സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ പ്രതിനിധിയായി ഗവര്‍ണറെന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റശേഷം ആ സര്‍ക്കാരിനെ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ പേരു പറഞ്ഞാണ് പിരിച്ചുവിട്ടത്. 1965ല്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ആ തെരഞ്ഞെടുപ്പില്‍ സിപിഐ എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. സ്വാഭാവികമായും പാര്‍ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതായിരുന്നു. എന്നാല്‍, അത്തരമൊരു നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. നിയമസഭ ഒരു പ്രാവശ്യം പോലും വിളിച്ചുചേര്‍ക്കാതെ പിരിച്ചുവിടുക എന്ന നയമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഇങ്ങനെ ജനാധിപത്യപരമായ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഗവര്‍ണര്‍മാര്‍ നടത്തിയ സംഭവം മുമ്പേ ഉണ്ടായിട്ടുണ്ട്.

അഖിലേന്ത്യാതലത്തില്‍ ഇത്തരം വിഷയങ്ങള്‍ സജീവമായിത്തീര്‍ന്നത് 1967ലെ തെരഞ്ഞെടുപ്പിനുശേഷമാണ്. ആ വര്‍ഷമാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും കോണ്‍ഗ്രസിതര ഗവമെന്റുകള്‍ അധികാരത്തില്‍ വരികയും ചെയ്തത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സമീപനം സ്വീകരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരായി ഗവര്‍ണറെ ഉപയോഗപ്പെടുത്തി ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങളും രാജ്യത്താകമാനം വലിയ പ്രതിസന്ധി രൂപപ്പെടുത്തിയെടുത്തു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ നയിക്കുകയുംചെയ്തു. ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധവും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തില്‍ കൈകടത്തുന്നതുമായ വലിയ വിവാദങ്ങളും ചര്‍ച്ചകളും ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ വ്യാപകമായി ഉയര്‍ന്നുവന്നു. ഈ അവസരത്തില്‍ 1969 മാര്‍ച്ച് 24ന് ദേശാഭിമാനി ദിനപത്രത്തില്‍ സ. ഇ എം എസിന്റെ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:

"ഗവര്‍ണര്‍സ്ഥാനം എടുത്തുകളയണം. അഥവാ ഒരു ഗവര്‍ണര്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ആളായിരിക്കണം. സുശക്തമായ കേന്ദ്രം എന്ന ആശയത്തിന് ഞാന്‍ എതിരല്ല. ഇന്ന് നടക്കുന്ന കാര്യങ്ങള്‍ കേന്ദ്രത്തെ സുശക്തമാക്കുന്നതിനു പകരം ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സുശക്തമായ കേന്ദ്രം വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടുമാത്രം സുശക്തമായ കേന്ദ്രമുണ്ടാവില്ല. എന്തു നയമാണ് പിന്തുടരുന്നത് എന്നതാണ് പ്രശ്നം.''

സംസ്ഥാനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം ഫെഡറലിസത്തെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന ഇ എം എസിന്റെ ദീര്‍ഘവീക്ഷണമാണ് ഇവിടെ കാണാനാവുന്നത്. ഗവര്‍ണറുടെ ഇടപെടലുകള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനരീതിക്ക് തടസ്സം സൃഷ്ടിക്കുന്ന കാര്യം മുഖ്യമന്ത്രിയായിരിക്കെത്തന്നെ വി എസ് അച്യുതാനന്ദനും ഒരു ലേഖനത്തില്‍ ശരിയായ നിലയില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.

"സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍മാരെ ചട്ടുകമാക്കുന്ന സമീപനവും കോണ്‍ഗ്രസ് ഐയുടെ സംഭാവനയാണ്. കേന്ദ്രം ഓരോ സംസ്ഥാനത്തും ഗവര്‍ണര്‍മാരായി നിയമിക്കുന്നത് കേന്ദ്രഭരണകക്ഷിയുടെ നേതാക്കളെയാണ്. കേന്ദ്രത്തിലും കേന്ദ്രഭരണകക്ഷി--ഭരിക്കുന്ന സംസ്ഥാനത്തും മന്ത്രിമാരായി പരിഗണിക്കാന്‍ കഴിയാതെ പോകുന്നവര്‍, കേന്ദ്രഭരണകക്ഷിയുടെ സംസ്ഥാനതല രാഷ്ട്രീയത്തില്‍ ഗ്രൂപ്പുവഴക്ക് ശക്തിപ്പെടുമ്പോള്‍ അതിലൊരു ഗ്രൂപ്പിനെ ,നേതാവിനെ എന്നിങ്ങനെയാണ് ഗവര്‍ണര്‍ നിയമനത്തിനുള്ള മാനദണ്ഡം-പേടിപ്പെടുത്തുന്ന ഒരു വലിയേട്ടനായി കേന്ദ്രം ഗവര്‍ണറെ അവരോധിക്കുന്നു. കേരളത്തില്‍ ജ്യോതി വെങ്കിടാചലം ഗവര്‍ണറായിരിക്കെ നായനാര്‍ ഗവമെന്റിനോട് കൈക്കൊണ്ട സമീപനം ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. കേന്ദ്രഭരണകക്ഷിയുടെ ഏജന്റിനെപ്പോലെ ഗവര്‍ണര്‍പദവിയെ അധഃപതിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് ഐ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്നത്. സംസ്ഥാനങ്ങളിലെ മന്ത്രിസഭകളെ അട്ടിമറിക്കാന്‍ നേരിട്ടിടപെടുന്ന ലജ്ജാകരമായ സമീപനങ്ങളുണ്ടായി. കുതിരക്കച്ചടവടത്തിന് ഗവര്‍ണര്‍ നേരിട്ട് നേതൃത്വം നല്‍കിയ സംഭവം പോലുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍പദവി തുടരണോ എന്ന് പുനരാലോചിക്കണമെന്ന് സിപിഐ എം മുമ്പ് ശക്തമായി ആവശ്യപ്പെട്ടുപോന്നത്.'' (കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍: പുനക്രമീകരണം അനിവാര്യം, മാര്‍ക്സിസ്റ്റ് സംവാദം ലക്കം 28, പേജ് 18)

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട സര്‍ക്കാരിയാ കമീഷന്റെ ചോദ്യാവലിക്കുള്ള മറുപടിയിലും സിപിഐ എം ഈ പ്രശ്നം ഉന്നയിക്കുകയുണ്ടായി.

"ബ്രിട്ടീഷുകാര്‍ മുമ്പ് രൂപീകരിച്ച ഭരണഘടനയില്‍നിന്നെടുത്ത് 1950ലെ ഭരണഘടനയില്‍ ഏഴുതിച്ചേര്‍ത്ത മറ്റൊരു വ്യവസ്ഥയാണ് ഗവര്‍ണറുടെ അധികാരങ്ങളെ സംബന്ധിച്ചുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണഘടനയില്‍ ഗവര്‍ണര്‍ ബ്രിട്ടീഷ് ഗവമെന്റ് നിയമിക്കുന്നയാളും ഗവര്‍ണര്‍ജനറല്‍വഴി ബ്രിട്ടീഷ് ഗവമെന്റിനോട് ഉത്തരവാദിത്തമുള്ളയാളും ആയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയില്‍ ഇത് സംബന്ധിച്ചു വരുത്തിയിട്ടുള്ള ഒരേയൊരു ഭേദഗതി ഗവര്‍ണര്‍ കേന്ദ്രഗവമെന്റ് നിയമിക്കുന്നയാളായിരിക്കും എന്നത് മാത്രമാണ്. ഇതിന്റെ അര്‍ഥം കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഒരു ഏജന്റായിരിക്കും എന്നതാണ്. യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഗവമെന്റിനെ അധികാരത്തിലേറ്റുന്നത് നിഷേധിക്കാനും അവര്‍ക്ക് വേണ്ടാത്ത ഗവമെന്റിനെ അവരോധിക്കാനുംവേണ്ടി ഗവര്‍ണറുടെ പദവിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ ഭരണകക്ഷിയുടെ "ഹൈകമാന്‍ഡിന്'' അലോസരം ഉണ്ടാക്കുന്ന ആ കക്ഷിയിലെതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നേതാവിന് സ്ഥാനം നല്‍കാനായും ഈ പദവിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഗവര്‍ണര്‍ "നിഷ്പക്ഷത'' പാലിക്കുന്ന ആളെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് അപഹാസ്യമായിരിക്കും.''

ഗവര്‍ണര്‍സ്ഥാനം സംസ്ഥാന സര്‍ക്കാരിന്റെ ജനാധിപത്യപരമായ അവകാശങ്ങളെ തകര്‍ക്കുമെന്ന പാര്‍ടിയുടെ ആശങ്കകളും ദീര്‍ഘവീക്ഷണവും അക്ഷരംപ്രതി ശരിയായിരിക്കുന്നു എന്നാണ് ലാവ്ലിന്‍ കേസിന്റെ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ നടപടികള്‍ വ്യക്തമാക്കുന്നത്. ഗവര്‍ണറോട് പ്രോസിക്യൂഷനുള്ള അനുമതി സിബിഐ ആവശ്യപ്പെട്ടപ്പോള്‍ സാധാരണ രീതിയിലെന്നപോലെ മന്ത്രിസഭയ്ക്ക് അത് കൈമാറി. മന്ത്രിസഭ ഭരണഘടന അനുശാസിക്കുന്നതുപോലെ അത് അഡ്വക്കറ്റ് ജനറലിന് കൈമാറി. അഡ്വക്കറ്റ് ജനറലിന്റെ ഉത്തരവാദിത്തമെന്തെന്ന് ഭരണഘടന കൃത്യമായി നിര്‍വചിക്കുന്നുണ്ട്.

"അഡ്വക്കറ്റ് ജനറലിന് അപ്പോഴപ്പോള്‍ ഗവര്‍ണര്‍ അയച്ചുകൊടുക്കുകയോ ഏല്‍പ്പിക്കുകയോ ചെയ്യുന്ന അങ്ങനെയുള്ള നിയമപരമായ വിഷയങ്ങളെക്കുറിച്ച് ആ സംസ്ഥാനത്തിന്റെ സര്‍ക്കാരിന് ഉപദേശം കൊടുക്കുകയും നിയമസ്വഭാവമുള്ള അത്തരം മറ്റ് കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ഈ ഭരണഘടനയാലോ ഭരണഘടനപ്രകാരമോ ആ സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്താലോ നിയമപ്രകാരമോ നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത് അഡ്വക്കറ്റ് ജനറലിന്റെ കര്‍ത്തവ്യമായിരിക്കുന്നതാണ്.'' (ഇന്ത്യന്‍ ഭരണഘടന, 165 (2))

ഇപ്രകാരം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നവിധം സര്‍ക്കാരിനു മുമ്പാകെ വന്ന നിയമപ്രശ്നം എജിക്ക് അയക്കുകയാണ് മന്ത്രിസഭ ചെയ്തത്. ഇതില്‍ അസാധാരണമായി ഒന്നുമില്ല. എജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയുംചെയ്തു. സ്വാഭാവികമായും മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. എന്നാല്‍, ഈ കീഴ്വഴക്കവും ഭരണഘടനാപരമായ ഉത്തരവാദിത്തവും മറന്ന് സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കാനും സിബിഐയുമായി നേരിട്ട് ഇടപാടുകള്‍ നടത്താനും അവരുടെ കൈയില്‍ നേരിട്ട് പ്രോസിക്യൂഷനുള്ള അനുമതി കൊടുക്കുകയുമാണ് ഇവിടെ ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. അതായത്, ഗവര്‍ണര്‍പദവി സംസ്ഥാന സര്‍ക്കാരിന്റെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന് തടസ്സമായിത്തീരുമെന്ന പാര്‍ടിയുടെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയായിത്തീരുകയാണ് ഇവിടെ ഉണ്ടായത്. കേന്ദ്ര ഭരണകക്ഷിയുടെ ചട്ടുകമായി കേന്ദ്രഭരണം നിയോഗിച്ച ഈ ഉദ്യോഗസ്ഥന്‍ മാറുകയാണ് ചെയ്യുന്നത്. മന്ത്രിസഭയുടെ അധികാരത്തിനു മുകളില്‍ പ്രസിഡന്റിനുപോലും കടക്കുന്നതിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടില്ല.
രാഷ്ട്രപതിപോലും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 74-ാം വകുപ്പ് പറയുന്നുണ്ട്.

"രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കുവാനും പ്രധാനമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടായിരിക്കേണ്ടതും രാഷ്ട്രപതി, തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍, അങ്ങനെയുള്ള ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാകുന്നു.'' "എന്നാല്‍, രാഷ്ട്രപതിക്ക് അങ്ങനെയുള്ള ഉപദേശം പൊതുവായോ അല്ലാതെയോ പുനരാലോചിക്കുവാന്‍ മന്ത്രിസഭയോട് ആവശ്യപ്പെടാവുന്നതും അങ്ങനെയുള്ള പുനരാലോചനയ്ക്കുശേഷം നല്‍കിയ ഉപദേശമനുസരിച്ച് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതും ആകുന്നു.''

അതായത് മന്ത്രിസഭകള്‍ക്കുള്ള ഉപദേശം അക്ഷരംപ്രതി അനുസരിക്കാന്‍ രാഷ്ട്രപതിക്കുപോലും ഉത്തരവാദിത്തമുണ്ട്. വിയോജിപ്പുണ്ടെങ്കില്‍ത്തന്നെ മന്ത്രിസഭയ്ക്ക് തിരിച്ചയച്ച് തുടര്‍ന്ന് മന്ത്രിസഭ അയക്കുന്ന ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. രാഷ്ട്രപതിപോലും കേന്ദ്രമന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് എന്നിരിക്കെ ഗവര്‍ണറെ മന്ത്രിസഭയ്ക്ക് മുകളില്‍ സ്ഥാപിക്കുന്നത് ഏത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. രാഷ്ട്രപതി ഒരര്‍ഥത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ആളാണ്. എന്നാല്‍, ഗവര്‍ണറാകട്ടെ കേന്ദ്രം നിയമിക്കുന്ന ഉദ്യോഗസ്ഥനും. ആ ഉദ്യോഗസ്ഥന് മന്ത്രിസഭയ്ക്കുമേലെ അധികാരമുണ്ടെന്ന് ജനാധിപത്യബോധമുള്ള ആരും പറയില്ല.

സംസ്ഥാന സര്‍ക്കാരിന് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഈ നയം ഫെഡറലിസത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഈ കടന്നുകയറ്റം ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധമായ ഈ നടപടിക്കെതിരായുള്ള ചെറുത്തുനില്‍പ്പ് കേവലമായ പ്രോസിക്യൂഷന്റെ പ്രശ്നമല്ല. മറിച്ച്, ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. ശരിയായ ഫെഡറല്‍ സംവിധാനത്തിനുവേണ്ടിയുള്ള സമരവുമാണ്. സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമ്പോള്‍മാത്രമേ ദേശീയ ഐക്യംപോലും ശരിയായ രീതിയില്‍ പുലരുകയുള്ളൂ എന്ന യാഥാര്‍ഥ്യം ഇവിടെ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്

ടി ശിവദാസമേനോന്‍ ദേശാഭിമാനി 11 ജൂണ്‍ 2009

3 comments:

  1. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാരുകളുടെ തലത്തിലേക്ക് ഉയരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരു ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനശിലകളാണ്. ശക്തമായ സംസ്ഥാനം ശക്തമായ കേന്ദ്രത്തിന് പൂരകമാണ്. ഭരണസംവിധാനങ്ങള്‍ അത്തരത്തില്‍ ഉയരുമ്പോള്‍മാത്രമേ നാനാത്വത്തില്‍ ഏകത്വമെന്ന നിലയില്‍ നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന്‍ രാജ്യത്തിന് കഴിയുകയുള്ളൂ. അത് രൂപപ്പെടുത്തുന്നതിനുവേണ്ടിയുള്ള നിരവധി ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണകാലഘട്ടം മുതലേ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നീട് ഇത്തരം ചര്‍ച്ചകളില്‍ ഏറെ ഗൌരവമായി ഉയര്‍ന്നുവന്ന വിഷയമാണ് സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ പ്രതിനിധിയായി ഗവര്‍ണറെന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം.

    ReplyDelete
  2. alla, maangatholi. ariyethra payaranjaazhi...!!!

    ReplyDelete