Tuesday, June 9, 2009

ജനകീയാധികാരം v/s ഏകാധിപത്യ സംവിധാനം

ഗവര്‍ണര്‍ മന്ത്രിസഭയുടെ അഭിപ്രായം തൃണവല്‍ഗണിച്ച് ഏതെങ്കിലുമൊരു പൊലീസ് മേധാവിയുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയില്‍ സ്വരാജിനു പകരം പൊലീസ് രാജ് ആകും നടപ്പാവുക. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ പിന്‍ബലത്തില്‍ മന്ത്രിസഭ നല്‍കുന്ന ഉപദേശം തള്ളിക്കളയുകയും പൊലീസിന്റെ ഉപദേശത്തിന് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് അതെഴുതിയ കടലാസിന്റെ വിലപോലും കല്‍പ്പിക്കാതെ നിസ്സാരമായി കാണുന്നതിനേക്കാള്‍ പക്ഷപാതപരവും യുക്തിരഹിതവുമാണ്. ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളയാനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംസ്ഥാനം ഭരിക്കാനും അധികാരമുണ്ടോ എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പിടിച്ചുകുലുക്കുന്ന ഗുരുതരമായ പ്രശ്നം. അങ്ങനെ അദ്ദേഹം ഒരു കേസില്‍ പ്രവര്‍ത്തിച്ചാല്‍, തെളിവൊന്നുമില്ലാതെ അധികാരത്തിന്റെ പിന്‍ബലത്തില്‍മാത്രം നടത്തുന്ന അത്തരം പ്രവര്‍ത്തനം ഓരോ മന്ത്രിസഭാ തീരുമാനത്തെയും മറികടക്കാന്‍ ഉപയോഗപ്പെടുത്തിയെന്നുവരും. അങ്ങനെ ഉണ്ടായാല്‍ ഡല്‍ഹിയില്‍നിന്നു കെട്ടിയിറക്കുന്ന ഏതെങ്കിലുമൊരു അസംബന്ധം കേരളം ഭരിക്കുന്ന സ്ഥിതിയായിരിക്കും സംജാതമാവുക. ഇത് ശുദ്ധ ഭോഷ്കായി മാറും.

അടിസ്ഥാനപരമായി ജനാധിപത്യരാഷ്ട്രമായ ഇന്ത്യയുടെ പരമാധികാരവും മേധാവിത്വവും ജനങ്ങളോട് സമാധാനം ബോധിപ്പിക്കാന്‍ ബാധ്യതയില്ലാത്ത ഏതെങ്കിലും അധികാരകേന്ദ്രത്തിനല്ല. മറിച്ച് ജനപ്രതിനിധികള്‍ക്കാണ്. ഈ അടിസ്ഥാനഘടന ലംഘിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ഭരണഘടന വെറും കടലാസ് പുലിയാകും. ജനകീയാധികാരത്തിന് വിലയുമില്ലാതാകും. ഒരു മന്ത്രി ഉള്‍പ്പെട്ടുവെന്നതോ, ഒരു പാര്‍ടിനേതാവ് അപകടത്തിലാവുമെന്നതോ അല്ല പ്രശ്നം. മറിച്ച് ജനകീയാധികാരത്തിനുമേല്‍ ഏകാധിപത്യസംവിധാനത്തിന് എത്രത്തോളം നിലനില്‍ക്കാനാവുമെന്നതാണ്. ഇന്ത്യയിലേത് ജനാധിപത്യമാണോ അതോ ഏകാധിപത്യമാണോ എന്നതാണ് പ്രശ്നം. ഗവമെന്റ് ഉത്തരവുകള്‍ ഒരാളുടെ ഏകാധിപത്യ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു നിശ്ചയിക്കപ്പെടുമ്പോള്‍ മന്ത്രിസഭ ഒന്നുമല്ലാതാവുകയാണ്. അങ്ങനെ വരുമ്പോള്‍ പൊതുതെരഞ്ഞെടുപ്പുതന്നെ വെറും ഗോഷ്ടിയോ അസംബന്ധ നാടകമോ ഒക്കെയായി മാറും. ഇത് ഭീകരമായ അവസ്ഥയാണ്. ഷംഷെര്‍സിങ് കേസില്‍ (ഏഴംഗ ബെഞ്ച്) സുപ്രീംകോടതി ചീഫ് ജസ്റ്റീസ് റേ പറഞ്ഞത് ഗവര്‍ണര്‍ മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണെന്നാണ്. മന്ത്രിസഭയുടെ ശുപാര്‍ശ നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഭൂരിപക്ഷവിധിയില്‍ ജസ്റ്റിസ് റേ പറഞ്ഞു. എന്നാല്‍, ഇതില്‍ ചുരുക്കം ചില അപവാദങ്ങള്‍ ഉണ്ടെന്ന എന്റെ അഭിപ്രായം പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്. പരമാധികാര ഭരണസംവിധാനത്തില്‍ പ്രസിഡന്റും ഗവര്‍ണറുമൊക്കെ മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. അങ്ങനെയല്ലാത്ത അവസരങ്ങള്‍വളരെ വളരെ ചെറുതാണ്. ഇത് അനാവശ്യമായി വ്യാപിപ്പിച്ചാല്‍ ജനാധിപത്യ ഭരണസംവിധാനം രാഷ്ട്രപതിഭവനിലെയോ രാജ്ഭവനിലെയോ ഏതെങ്കിലുമൊരു ഏകാധിപതിയുടെ കൈയിലെ കളിപ്പാവയായി മാറുകയായിരിക്കും ഫലം. മുന്‍ അറ്റോര്‍ണി ജനറല്‍ പരാശരന്‍, പ്രശസ്ത നിയമജ്ഞന്‍ പ്രശാന്ത് ഭൂഷ, മുന്‍ ഡല്‍ഹി ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ എന്നിവരും പൊതുവില്‍ എന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണെന്നു പറയാന്‍ എനിക്കു സന്തോഷമുണ്ട്.

സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയെ മറികടന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായി ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണചെയ്യാന്‍ അനുമതി നല്‍കിയതിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത്.

3 comments:

  1. ഗവര്‍ണര്‍ മന്ത്രിസഭയുടെ അഭിപ്രായം തൃണവല്‍ഗണിച്ച് ഏതെങ്കിലുമൊരു പൊലീസ് മേധാവിയുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയില്‍ സ്വരാജിനു പകരം പൊലീസ് രാജ് ആകും നടപ്പാവുക. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ പിന്‍ബലത്തില്‍ മന്ത്രിസഭ നല്‍കുന്ന ഉപദേശം തള്ളിക്കളയുകയും പൊലീസിന്റെ ഉപദേശത്തിന് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് അതെഴുതിയ കടലാസിന്റെ വിലപോലും കല്‍പ്പിക്കാതെ നിസ്സാരമായി കാണുന്നതിനേക്കാള്‍ പക്ഷപാതപരവും യുക്തിരഹിതവുമാണ്. ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളയാനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംസ്ഥാനം ഭരിക്കാനും അധികാരമുണ്ടോ എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പിടിച്ചുകുലുക്കുന്ന ഗുരുതരമായ പ്രശ്നം.

    ReplyDelete
  2. അടിസ്ഥാനപരമായി ജനാധിപത്യരാഷ്ട്രമായ ഇന്ത്യയുടെ പരമാധികാരവും മേധാവിത്വവും ജനങ്ങളോട് സമാധാനം ബോധിപ്പിക്കാന്‍ ബാധ്യതയില്ലാത്ത ഏതെങ്കിലും അധികാരകേന്ദ്രത്തിനല്ല. മറിച്ച് ജനപ്രതിനിധികള്‍ക്കാണ്.

    അപ്പോള്‍ എകെജി സെന്ററോ?

    ReplyDelete
  3. ഹാവൂ, ബൂര്‍ഷ്വാ കോടതിയിലെ എക്സ്. ജഡ്ജി പറഞ്ഞതൊക്കെ കേട്ടുതുടങ്ങി അല്ലേ :-) നന്നാ‍യി.


    കൊടിയെരി പറയുന്നു - ഇതുവരെ മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും അംഗീകരിച്ച ഗവര്‍ണ്ണര്‍ ആദ്യമായി ആണ് മന്ത്രിസഭയുടെ തീരുമാനം തള്ളുന്നതെന്ന്. കൃഷ്ണയ്യര്‍ തന്നെ പറയുന്നു - മന്ത്രിസഭയ്ക്കനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കേണ്ട അവസരങ്ങള്‍ ചെറുതാണെന്ന്. എന്തരോ എന്തോ.

    ReplyDelete