Tuesday, June 30, 2009

പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം ജനവഞ്ചന

സാമ്പത്തികവളര്‍ച്ചയും ധനകമ്മി നിയന്ത്രണവുമാണ് അടിയന്തരലക്ഷ്യങ്ങളെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറയുമ്പോള്‍ എത്ര മഹത്തായ ലക്ഷ്യങ്ങള്‍ എന്ന് ആര്‍ക്കും തോന്നിപ്പോകും. കോണ്‍ഗ്രസിന്റെ സാമ്പത്തിക സിദ്ധാന്തം മാറ്റമില്ലാതെ തുടരുമെന്നും സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തുമെന്നുമാണ് മുഖര്‍ജി പറഞ്ഞതിന്റെ സാരാംശം. സാമ്പത്തിക വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതിയും കൈവരുത്തുമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ. അതാണ് കോണ്‍ഗ്രസിന്റെ നയസമീപനവും ഇടതുപക്ഷത്തിന്റെ നയസമീപനവും തമ്മിലുള്ള വ്യത്യാസവും. സാമ്പത്തിക വളര്‍ച്ചയെന്നാല്‍ കോണ്‍ഗ്രസിന് ദേശീയവരുമാന വളര്‍ച്ചയാണ്. സമ്പന്നരുടെ സ്വത്തും വരുമാനവും അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും അളവും കൂടിയാല്‍ ദേശീയ വരുമാനം വര്‍ധിക്കും. ഒരു സൈക്കിളിന്റെ സ്ഥാനത്ത് ഒരു ആഡംബരക്കാറുണ്ടാക്കിയാല്‍ ദേശീയവരുമാനം അത്രകണ്ടു വര്‍ധിക്കുമല്ലോ. അത്തരം സാമ്പത്തികവളര്‍ച്ചകൊണ്ട് സാധാരണക്കാരന് എന്തു പ്രയോജനം? സാധാരണക്കാരന് പട്ടിണിയും തൊഴിലില്ലായ്മയും സമ്മാനിക്കുന്ന സാമ്പത്തികനയം തുടരും എന്നാണ് പ്രണബ് മുഖര്‍ജി വ്യക്തമാക്കിയത്.

അഞ്ച് പതിറ്റാണ്ടായി തുടരുന്ന സാമ്പത്തിക നയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുതല്‍ രൂക്ഷമായി എന്നുള്ളതാണ്. അമേരിക്കന്‍ മാഗസിനായ ഫോബ്സിന്റെ കണക്കുപ്രകാരം അമേരിക്കയ്ക്കുപുറത്തുള്ള 500 വന്‍കിട കമ്പനിയില്‍ ഒന്നുമാത്രമാണ് ഇന്ത്യന്‍ സ്വകാര്യ കമ്പനി-റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2005ല്‍ നൂറ് ശതകോടീശ്വരന്മാരില്‍ 14 പേര്‍ ഇന്ത്യക്കാരായിരുന്നു. 2007ല്‍ അത് 36 ആയും 2008ല്‍ 53 ആയും 2009ല്‍ 56 ആയും വളര്‍ന്നു. 56 ശതകോടീശ്വരന്മാരുടെ ആസ്തി 367 ശതകോടി ഡോളറായി വികസിച്ചു. ആദ്യത്തെ പത്തു ശതകോടീശ്വരന്മാരുടെ ആസ്തി ആകെ 56 ശതകോടീശ്വരന്മാരുടെ ആസ്തിയുടെ 72.48 ശതമാനമാണ്. വന്‍കിടക്കാരുടെ എണ്ണം കൂടുകമാത്രമല്ല ചെയ്യുന്നത്; അവര്‍ക്കിടയിലെ കേന്ദ്രീകരണം ശക്തിപ്പെടുകയാണ്. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും മനഃപുര്‍വമായ സാമ്പത്തികനയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്്. അതിന് അവര്‍ക്കൊരു ന്യായമുണ്ട്. അതായത്, സമ്പന്നരുടെ സാമ്പത്തികവളര്‍ച്ചയുടെ ഗുണഫലം കാലക്രമത്തില്‍ സാധാരണക്കാരിലേക്കും കിനിഞ്ഞിറങ്ങും. അതിന്റെ പേരാണ് ട്രിക്കിള്‍ ഡൌണ്‍ സിദ്ധാന്തം. ഇവിടെ മേല്‍പ്പറഞ്ഞ രീതിയിലുള്ള കിനിഞ്ഞിറങ്ങല്‍ ഉണ്ടായില്ല എന്നതാണ് അനുഭവം. ഇന്ത്യയിലെ ജനസംഖ്യയില്‍ 27.5 ശതമാനം, അഥവാ, 30 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നു എന്നാണ് പ്ളാനിങ് കമീഷന്റെ കണക്ക്. ഇത് 2004-05 ലെ കണക്കാണ്. 28.3 ശതമാനം ഗ്രാമീണരുടെ പ്രതിദിനവരുമാനം 11 രൂപ 87 പൈസയില്‍ താഴെയാണ് -രണ്ട് ചായയും രണ്ടു വടയും കഴിക്കുമ്പോള്‍ തീരുന്ന തുക. പട്ടണങ്ങളില്‍ അത് 17 രൂപ 35 പൈസയായി കണക്കാക്കിയിരിക്കുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവര്‍ പട്ടണവാസികളില്‍ 25.7 ശതമാനവും.

അസംഘടിതമേഖലയെക്കുറിച്ചു പഠനം നടത്തിയ അര്‍ജുന്‍ സെന്‍ഗുപ്ത കമീഷന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്:

"കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ സാമ്പത്തികവളര്‍ച്ച 23 ശതമാനത്തിനുമാത്രമേ പ്രയോജനം ചെയ്തുള്ളൂ. 77 ശതമാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. 77 ശതമാനത്തിന്റെ പ്രതിശീര്‍ഷ പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണ്''.

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നുവെന്ന് ധനമന്ത്രി പറയുമ്പോള്‍ അതിനര്‍ഥം സമ്പന്നകേന്ദ്രീകൃത, ജനവിരുദ്ധ, നയങ്ങള്‍ അനുസ്യൂതം തുടരുമെന്നാണ്. നിലവിലുള്ള സാമ്പത്തികസ്ഥിതിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍. സര്‍ക്കാരിന്റെ പ്രത്യേകമായ പരിഗണനയും നിക്ഷേപവര്‍ധനയും ആവശ്യമാക്കുന്നതാണ് ഇന്നത്തെ സാമ്പത്തികസ്ഥിതി. 2009 മെയ് 29ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക വിവരങ്ങള്‍ കാണുക. വളര്‍ച്ചനിരക്ക് താഴോട്ടാണെന്നു മനസ്സിലാക്കാം.

വളര്‍ച്ചനിരക്ക് (ശതമാനം) 2007-08 2008-09
ദേശീയവരുമാനം 9 6.7
കാര്‍ഷികവളര്‍ച്ച 4.9 1.6
വ്യവസായവളര്‍ച്ച 8.5 2.4

കാര്‍ഷികവരുമാനത്തിലെ തകര്‍ച്ച വ്യവസായ വളര്‍ച്ചയിലും ദേശീയ വരുമാനവളര്‍ച്ചയിലും പ്രതിഫലിച്ചതായി കാണാം. പടുകുഴിയില്‍ പതിച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വു പകരാന്‍ ഗവമെന്റ് പ്രഖ്യാപിച്ച ഉത്തേജകപാക്കേജുകളൊന്നും പര്യാപ്തമായിട്ടില്ല. വന്‍തോതിലുള്ള മുതല്‍മുടക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. നികുതി സമാഹരണം ശക്തിപ്പെടുത്തിയോ വന്‍തോതില്‍ വായ്പ വാങ്ങിയോ കമ്മിപ്പണമടച്ചോ നിക്ഷേപം വര്‍ധിപ്പിക്കാം. ആദ്യത്തെ മാര്‍ഗം- നികുതിവര്‍ധന-സര്‍ക്കാര്‍ സ്വീകരിക്കുകയില്ലെന്നു വ്യക്തം. വായ്പയും കമ്മിപ്പണവും ധനകമ്മി വര്‍ധിപ്പിക്കും. സാമ്പത്തികസ്ഥിതി പിന്നോട്ടടിക്കുന്ന പശ്ചാത്തലത്തില്‍ ധനകമ്മിയെക്കുറിച്ചുള്ള അധികവേവലാതി അപ്രസക്തമാണ്.സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തി വാങ്ങല്‍ക്കഴിവ് കൂട്ടുകയാണ് വേണ്ടത്. ധനകമ്മി ഉയരുന്നതിലുള്ള വേവലാതി സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള ന്യായവാദമാണ്. ഈ വാദത്തിന്റെ ചുവടുപിടിച്ചാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് വിഭവസമാഹരണം നടത്തണമെന്ന ആവശ്യം ഉന്നയിക്കപ്പെടുന്നത്.

വാസ്തവത്തില്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനും നടപടികള്‍ക്കും 18 വര്‍ഷത്തെ പഴക്കമുണ്ട്. 1991 ജൂലൈ 24 ലെ വ്യവസായനയപ്രഖ്യാപനമാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്കു പച്ചക്കൊടി കാണിച്ചത്. ഇന്ത്യയുടെ വ്യവസായ വികസനത്തിന് പൊതുമേഖല അടിത്തറപാകി. 1951ല്‍ അഞ്ച് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അവയുടെ എണ്ണം 247 ആണ്. നിക്ഷേപം 29 കോടിയില്‍നിന്ന് 4,21,089 കോടി രൂപയായി വളര്‍ന്നു. സര്‍ക്കാരിന്റെ നയങ്ങളും നടപടികളുംകൊണ്ട് ഒന്നിനൊന്നു കരുത്താര്‍ജിച്ച സ്വകാര്യമേഖല ഇന്ന് പൊതുമേഖലയെ ഏറ്റെടുക്കാന്‍ തക്കനിലയിലേക്കു വളര്‍ന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഹരിവില്‍പ്പന സര്‍ക്കാരിന്റെ സജീവപരിഗണനയിലെത്തുന്നത്. 2005-06ലെ കണക്കനുസരിച്ച് 157 കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ (ഇന്‍ഷുറന്‍സ് ഒഴികെ) ലാഭത്തിലായിരുന്നു. നികുതികഴിച്ച് ആകെ ലാഭം 76,240 കോടി രൂപ. 58 സ്ഥാപനം നഷ്ടത്തിലായിരുന്നു. നഷ്ടം 5952 കോടി രൂപ. ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനാണ് ശ്രമം. സ്വകാര്യവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മാരകങ്ങളായിരിക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തന്നെ സ്വകാര്യമേഖലയുടെ ലാഭമോഹങ്ങള്‍ക്കു വിടുന്നത് തികച്ചും വഞ്ചനാപരമാണ്, ആത്മഹത്യാപരമാണ്.

വിഭവസമാഹരണത്തിനു സര്‍ക്കാരിനുമുന്നില്‍ മാര്‍ഗങ്ങളേറെയുണ്ട്. അതിലൊന്നാണ് തടിച്ചുകൊഴുക്കുന്ന ഓഹരികമ്പോളം. പ്രതിദിനം 20,000 കോടി രൂപയ്ക്കുമേല്‍ ഓഹരി ഇടപാട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടക്കുന്നുണ്ടെന്നാണ് മതിപ്പുകണക്ക്. നികുതിവരുമാനത്തിനുള്ള നല്ല ഉറവിടമാണ് ഓഹരി ഇടപാടുകള്‍. ഒരു ഉദാഹരണം 2008 ഡിസംബര്‍ അഞ്ചിന് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില 1118.60 രൂപയായിരുന്നു. 2009 ജൂണ്‍ അഞ്ചിന് വില 2211.85 രൂപയായി വര്‍ധിച്ചു. ഓഹരി ഉടമയ്ക്ക് കൈവരുന്നത് 1093.25 രൂപയാണ് (ക്യാപിറ്റല്‍ ഗെയിന്‍). ഒരാള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ലക്ഷക്കണക്കിന് ഓഹരിയാണ്. അതനുസരിച്ചുള്ള ക്യാപിറ്റല്‍ ഗെയിനുമുണ്ടാകും.

ഓഹരികൈമാറ്റത്തിന്മേല്‍ ചുമത്തുന്ന നികുതിയാണ് കടപ്പത്രകൈമാറ്റനികുതി. 0.125 ശതമാനമാണ് നികുതിനിരക്ക്. അതായത് ഉദാഹരണത്തിന് ഓഹരി ഉടമ നല്‍കേണ്ടത് ഒരു രൂപ മുപ്പത്താറുപൈസ മാത്രം!! എന്തുകൊണ്ട് നികുതിനിരക്ക് ഉയര്‍ത്തിക്കൂടാ. നികുതി ഒഴിവാക്കാന്‍ രാജ്യത്തെ 800 പ്രമുഖ സ്റ്റോക്ക് ബ്രോക്കര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് നാഷണല്‍ എക്സ്ചേഞ്ച് മെമ്പേഴ്സ് ഓഫ് ഇന്ത്യ സമ്മര്‍ദം ചെലുത്തിവരുകയാണ്. നികുതി ഒഴിവാക്കണം അല്ലെങ്കില്‍ നിരക്കു കുറയ്ക്കണം എന്നാണ് ആവശ്യം. ഓഹരികള്‍ വാങ്ങി ഒരു കൊല്ലത്തിനകം വിറ്റാല്‍ ഹ്രസ്വകാല ക്യാപിറ്റല്‍ ഗെയിന്‍ നികുതി നല്‍കണം. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞാണു കൈമാറുന്നതെങ്കില്‍ ദീര്‍ഘകാല ക്യാപിറ്റല്‍ ഗെയിന്‍ നികുതി നല്‍കേണ്ടതില്ല. നേരത്തെ പ്രസ്തുത നികുതി ചുമത്തിയിരുന്നു. സമ്മര്‍ദത്തിനുവഴങ്ങി അത് ഉപേക്ഷിച്ചു. എന്തുകൊണ്ട് അത് തിരിച്ചുകൊണ്ടുവന്നുകൂടാ?

പക്ഷേ, അതുകൊണ്ടുമാത്രം കാര്യമായില്ല. ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ നിക്ഷേപത്തിലെ ഗണ്യമായ പങ്ക് വരുന്നത് മൌറീഷ്യസിലൂടെയാണ്. ഒന്നുകില്‍ മൌറീഷ്യസിലെ വ്യാജനിക്ഷേപകസ്ഥാപനത്തിന്റെ പേരില്‍. അല്ലെങ്കില്‍ മൌറീഷ്യസിലെ വ്യാജതാമസക്കാരന്റെ പേരില്‍. മുംബൈയിലെ താമസക്കാരനായ ഇന്ത്യക്കാരന്‍ മൌറീഷ്യസിലെ വീട്ടുമേല്‍വിലാസം ഉപയോഗിച്ചാവും നിക്ഷേപം നടത്തുന്നത്. ഇന്ത്യയും മൌറീഷ്യസും തമ്മില്‍ 26 കൊല്ലം പഴക്കമുള്ള ഒരു കരാറുണ്ട്- ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍. മൌറീഷ്യസില്‍ നികുതി കൊടുക്കുന്നയാള്‍ ഇന്ത്യയില്‍ നികുതി ചുമത്തപ്പെടാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മൌറീഷ്യസാകട്ടെ ക്യാപിറ്റല്‍ ഗെയിന്‍ നികുതി ഉപേക്ഷിച്ചു. ആ സ്ഥിതിക്ക് ആ നികുതി ഇന്ത്യയില്‍ ചുമത്തുന്നതിന് ഒരു തടസ്സവുമില്ല. വര്‍ഷം 4000 കോടി രൂപയുടെ നികുതിനഷ്ടം ഇന്ത്യക്കുണ്ടാകുന്നെന്നാണ് കണക്ക്.

മറ്റൊരുപ്രശ്നം പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്റെയാണ്. പി-നോട്ട് എന്ന് അത് അറിയപ്പെടുന്നു. സെബിയില്‍ രജിസ്റ്റര്‍ചെയ്ത വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ അങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത മറ്റു സ്ഥാപനങ്ങള്‍ക്ക് പി-നോട്ട് നല്‍കുന്നു. അതിന്റെ ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നു. ഇങ്ങനെ നിക്ഷേപം നടത്തുന്നത് ആരെന്നു സെബിക്ക് അറിഞ്ഞുകൂടാ. അവരെ നികുതിവിധേയരാക്കാനും കഴിയുന്നില്ല. പി-നോട്ട് നിരോധിക്കുകയും മൌറീഷ്യസുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പരിഷ്കരിക്കുകയും വേണം.

പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുകയല്ല പോംവഴി. നികുതി സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കേരളസര്‍ക്കാരിന്റെ ബദല്‍ നയസമീപനങ്ങളുടെ പരിശോധന ഇത്തരുണത്തില്‍ സംഗതമാണ്. സാമ്പത്തിക വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതിയും കൈവരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുകയല്ല നയം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയെ ലാഭത്തിലാക്കാന്‍ സഹായിക്കുകയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയെ ശക്തിപ്പെടുത്തുകയുമാണ് സര്‍ക്കാര്‍നയം. 42 സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തില്‍ 28 എണ്ണം (67 ശതമാനം) ലാഭത്തിലാക്കിയത് ഈ നയസമീപനത്തിന്റെ പിന്തുണയോടെയാണ്. കേരളത്തിന്റെ ബദല്‍ സമീപനങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പലപാഠവും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 30 ജൂണ്‍ 09

1 comment:

  1. അഞ്ച് പതിറ്റാണ്ടായി തുടരുന്ന സാമ്പത്തിക നയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുതല്‍ രൂക്ഷമായി എന്നുള്ളതാണ്. അമേരിക്കന്‍ മാഗസിനായ ഫോബ്സിന്റെ കണക്കുപ്രകാരം അമേരിക്കയ്ക്കുപുറത്തുള്ള 500 വന്‍കിട കമ്പനിയില്‍ ഒന്നുമാത്രമാണ് ഇന്ത്യന്‍ സ്വകാര്യ കമ്പനി-റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2005ല്‍ നൂറ് ശതകോടീശ്വരന്മാരില്‍ 14 പേര്‍ ഇന്ത്യക്കാരായിരുന്നു. 2007ല്‍ അത് 36 ആയും 2008ല്‍ 53 ആയും 2009ല്‍ 56 ആയും വളര്‍ന്നു. 56 ശതകോടീശ്വരന്മാരുടെ ആസ്തി 367 ശതകോടി ഡോളറായി വികസിച്ചു. ആദ്യത്തെ പത്തു ശതകോടീശ്വരന്മാരുടെ ആസ്തി ആകെ 56 ശതകോടീശ്വരന്മാരുടെ ആസ്തിയുടെ 72.48 ശതമാനമാണ്. വന്‍കിടക്കാരുടെ എണ്ണം കൂടുകമാത്രമല്ല ചെയ്യുന്നത്; അവര്‍ക്കിടയിലെ കേന്ദ്രീകരണം ശക്തിപ്പെടുകയാണ്. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും മനഃപുര്‍വമായ സാമ്പത്തികനയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്്. അതിന് അവര്‍ക്കൊരു ന്യായമുണ്ട്. അതായത്, സമ്പന്നരുടെ സാമ്പത്തികവളര്‍ച്ചയുടെ ഗുണഫലം കാലക്രമത്തില്‍ സാധാരണക്കാരിലേക്കും കിനിഞ്ഞിറങ്ങും. അതിന്റെ പേരാണ് ട്രിക്കിള്‍ ഡൌണ്‍ സിദ്ധാന്തം. ഇവിടെ മേല്‍പ്പറഞ്ഞ രീതിയിലുള്ള കിനിഞ്ഞിറങ്ങല്‍ ഉണ്ടായില്ല എന്നതാണ് അനുഭവം. ഇന്ത്യയിലെ ജനസംഖ്യയില്‍ 27.5 ശതമാനം, അഥവാ, 30 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നു എന്നാണ് പ്ളാനിങ് കമീഷന്റെ കണക്ക്. ഇത് 2004-05 ലെ കണക്കാണ്. 28.3 ശതമാനം ഗ്രാമീണരുടെ പ്രതിദിനവരുമാനം 11 രൂപ 87 പൈസയില്‍ താഴെയാണ് -രണ്ട് ചായയും രണ്ടു വടയും കഴിക്കുമ്പോള്‍ തീരുന്ന തുക. പട്ടണങ്ങളില്‍ അത് 17 രൂപ 35 പൈസയായി കണക്കാക്കിയിരിക്കുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവര്‍ പട്ടണവാസികളില്‍ 25.7 ശതമാനവും.

    ReplyDelete