Friday, July 31, 2009

ഇല്ലിമുളം കാടുകളില്‍ ലല്ലലലം നിലച്ച കാലം

പൂക്കാലം എന്നാല്‍ വസന്തം. സൌന്ദര്യവും സൌരഭ്യവും മാത്രമല്ല, ശുഭപ്രതീക്ഷകളും വിടരുന്ന കാലം. ഫലസമൃദ്ധിയുടെ വാഗ്ദാനം. എന്നാല്‍ സാധാരണ പൂക്കാലം വര്‍ഷത്തിലൊരിക്കല്‍ എത്തുമ്പോള്‍ ഇല്ലിയുടേത് ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ മാത്രം. അതോടെ ഇല്ലി നശിക്കുകയും ചെയ്യുന്നു. അല്‍പം അരി വിളയുമെങ്കിലും മുഖ്യമായി നമ്മുടെ മുഖത്തടിക്കുന്നത് ചാരനിറംകൊണ്ടുമൂടിയ ഒരാസന്ന മരണഗന്ധം മാത്രം. 1975ലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടു മാത്രം താരതമ്യപ്പെടുത്താവുന്ന ഇന്ത്യന്‍ ജനാധിപത്യ ധ്വംസനം നടന്ന ജൂലൈ 31 ഇല്ലി പൂക്കുന്ന 1959ലായിരുന്നു. ഉച്ചിവെച്ച കൈകള്‍കൊണ്ട് ഉദകക്രിയ ചെയ്യുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യ ശില്‍പിയായി പ്രകീര്‍ത്തിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റുതന്നെയാണ് ഈ കടുംകൈ ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ അടിയന്തിരാവസ്ഥയിലൂടെ കയ്യേറ്റം നടത്തിയ മകള്‍ ഇന്ദിരാഗാന്ധിയുടെ പ്രേരണമൂലമാണ് തന്റെ ശുഭ്രമായ ഖാദിവസ്ത്രത്തില്‍ കളങ്കമേല്‍പിച്ച ഈ അകൃത്യത്തിന് നെഹ്റു മുതിര്‍ന്നത് എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. അത്രക്ക് സ്വപ്രത്യയസ്ഥൈര്യം ഇല്ലാത്തയാളായിരുന്നോ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി? എന്തോ?

നെഹ്റുവിന്റെ ജനാധിപത്യവിശ്വാസ വിളംബരങ്ങളും സോഷ്യലിസ്റ്റ് ആദര്‍ശവുമെല്ലാം ബൂര്‍ഷ്വാ താല്‍പര്യ സംരക്ഷണത്തിനുള്ള താല്‍പര്യങ്ങള്‍ മാത്രമാണെന്ന് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തമനുസരിച്ച് പഠിച്ചിരുന്നു എങ്കിലും (അജയ്ഘോഷിന്റെ, നെഹ്റു സോഷ്യലിസം, എ ഹോക്സ്'', 1955) ഇത്ര വലിയൊരു ജനാധിപത്യധ്വംസനം അദ്ദേഹം നടത്തുമെന്നാരും, കമ്യൂണിസ്റ്റുകാര്‍പോലും കരുതിയിരുന്നില്ല- നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക എന്ന ധ്വംസനം. പിരിച്ചുവിടല്‍ വിളംബരത്തില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായ, യാഥാസ്ഥിതികനെന്ന് പേരുകേട്ട അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ നിര്‍ദേശത്തെപോലും തിരസ്കരിച്ചാണ് അധികാരമദാന്ധയായ മകളുടെ കെണിയില്‍ നെഹ്റു വീണത് എന്ന് പറയപ്പെടുന്നു. പിരിച്ചുവിടലിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് നെഹ്റു സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേരളത്തിലെത്തിയപ്പോള്‍ "ജനാധിപത്യം രക്ഷിക്കാന്‍ ജവഹര്‍ലാല്‍ വരുന്നു'' എന്നാണ് കമ്യൂണിസ്റ്റ് ദിനപത്രം ജനയുഗം കൊടുത്ത മുന്‍പേജിലെ എട്ടുകോളം തലക്കെട്ട്. പള്ളിക്കാരുടെയും തോട്ടക്കാരുടെയും വിദ്യാഭ്യാസകച്ചവടക്കാരുടെയും ജാതി-മത വര്‍ഗീയസംഘടനകളുടെയും നേതൃത്വത്തില്‍ അമേരിക്കന്‍ സാമ്രാജ്യവാദികള്‍ നല്‍കിവന്ന വന്‍ ഡോളര്‍ സംഭാവനകള്‍ ഉപയോഗിച്ച് നടത്തിയ "വിമോചനസമര''മെന്ന മഹാമാധ്യമസൃഷ്ടി ഒരു സാര്‍വജനീന സമരമായിരുന്നുവെന്നാണ് നെഹ്റുവുമായുള്ള അവസാന കൂടിക്കാഴ്ചക്ക് സിംലയിലെത്തിയ ഇ എം എസിനോട് നെഹ്റു പറഞ്ഞത്. ഇത്ര ഉപരിപ്ളവബുദ്ധിയോ നെഹ്റുവെന്ന് അന്ധാളിച്ചുപോയി അദ്ദേഹത്തിന്റെ പഴയ ആരാധകനായിരുന്ന മുഖ്യമന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആരംഭമായിരുന്നു പൂത്തുനരച്ച ഇല്ലിമുളം കാടുകളില്‍ നിലച്ചുപോയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കര്‍ണമധുരമായിരുന്ന 'ലല്ലലലം'.

ഇന്ത്യ- ചൈനാ അതിര്‍ത്തി യുദ്ധം, നെഹ്റുവിന്റെ വലംകയ്യായിരുന്ന കൃഷ്ണമേനോന്റെ അധികാരഭ്രഷ്ട്, ചേരിചേരാനയത്തിന്റെ ചോര്‍ന്നൊലിപ്പ്, 1964 ലെ നെഹ്റുവിന്റെ നിര്യാണത്തോടുകൂടി ഗുല്‍സാരിലാല്‍ നന്ദയുടെയും ശാസ്ത്രിയുടെയും ഇന്ദിരയുടെയും നയവ്യതായാനം എന്നിങ്ങനെ പോകുന്നു ഇല്ലിമുളം കാടുകളുടെതെന്നപോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും അപകര്‍ഷം. പക്ഷെ ഇല്ലികള്‍ പിന്നെയും പൂത്തു, 1967ല്‍ സപ്തകക്ഷി മുന്നണിയെ അതിഗംഭീര ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് നയിച്ച പ്രഥമ കേരള മുഖ്യമന്ത്രി വീണ്ടും അധികാരത്തിന്റെ ചെങ്കോലേന്തി തന്റെ മഹാദൌത്യം തുടര്‍ന്നു.

പ്രമാണിമാരുടെ ഭയം വിമോചനസമരമായി

സമൂഹത്തില്‍ തങ്ങളുടെ പദവി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പ്രമാണിമാരും വിദ്യാഭ്യാസക്കച്ചവടക്കാരും ജാതിമതശക്തികളും ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിച്ചതെന്ന് കെ ആര്‍ ഗൌരിയമ്മ പറഞ്ഞു. പാവപ്പെട്ടവരെയും പിന്നോക്കക്കാരെയും സംരക്ഷിക്കാന്‍ കുടിയിറക്കു നിരോധനവും വിദ്യാഭ്യാസ പരിഷ്കരണവും കൊണ്ടുവന്നതാണ് പ്രമാണിമാരെ ഭയപ്പെടുത്തിയതെന്നും അന്നത്തെ സര്‍ക്കാരില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതല വഹിച്ച കെ ആര്‍ ഗൌരിയമ്മ പറഞ്ഞു. ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന്റെ 50-ാം വാര്‍ഷികവേളയില്‍ 'ദേശാഭിമാനി'യോടു സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാരിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തു ഉജ്വലപ്രകടനം നടന്നതായും ഗൌരിയമ്മ പറഞ്ഞു.

ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം നിലവില്‍ വരുംമുമ്പ് കേരളത്തില്‍ ഭൂമിയുടെ വലിയപങ്കും ദേവസ്വങ്ങള്‍, ബ്രഹ്മസ്വങ്ങള്‍, ജന്മിമാര്‍, ഇടവകകള്‍ എന്നിവരുടെ പക്കലായിരുന്നു. ഈ ഭൂമിയില്‍ ഏറിയകൂറും പാട്ടത്തിനോ കാണത്തിനോ ഏറ്റെടുത്തു നടത്തിയത് നായര്‍പ്രമാണിമാര്‍. കുടിയിറക്ക് നിരോധിച്ച് നിയമംവന്നതോടെ കുടിയാനും പാട്ടം, വാരം, ഓടച്ചാര്‍ത്ത് എന്നിവ നല്‍കി ഭൂമിയില്‍ കൃഷിയിറക്കിയവരും ഭൂമിയുടെ ഉടമകളായി. മാത്രമല്ല, ജാതിയില്‍ അധിഷ്ഠിതമായിരുന്ന അന്നത്തെ ഭൂഉടമാ സമ്പ്രദായം വര്‍ഗാധിഷ്ഠിതമായിത്തുടങ്ങി. സര്‍ സി പി തിരുവിതാംകൂര്‍ ദിവാനായിരിക്കെ 1945ല്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ച് പട്ടയം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. പതിമൂന്നുവര്‍ഷത്തിനുശേഷം 1958ലാണ് കമ്യൂണിസ്റ്റ് മന്ത്രിസഭ ഇത് പുനഃസ്ഥാപിച്ചത് ഇതിന് നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞതും ഗൌരിയമ്മ ഓര്‍മിച്ചു.

സ്വകാര്യ വിദ്യാഭ്യാസരംഗം പരിഷ്കരിക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യമിട്ടു. ഇത് സ്വകാര്യ വിദ്യാലയ ഉടമകള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഗൌരിയമ്മ പറഞ്ഞു.

(തയ്യാറാക്കിയത് എം സുരേന്ദ്രന്‍ )

വിമോചനസമരക്കാര്‍ ചരിത്രത്തില്‍നിന്ന് പഠിക്കേണ്ടത്...

ഒരു സര്‍ക്കാരിനെ പുറത്താക്കിയതുകൊണ്ട് കമ്യൂണിസ്റുകാര്‍ക്ക് അധികാരം നിഷേധിക്കാനാകില്ലെന്ന യാഥാര്‍ഥ്യമാണ് വിമോചനസമരം പ്രതിലോമശക്തികളെ പഠിപ്പിക്കുന്നത്. വീണ്ടും വിമോചനസമരകാഹളം മുഴക്കുന്നവര്‍ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ഇടതുപക്ഷ കക്ഷികള്‍ ഒരു കാരണവശാലും അധികാരത്തില്‍ വരാന്‍ പാടില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് തടയാന്‍ എന്ത് മാര്‍ഗവും ഉപയോഗിക്കുമെന്നുമാണ് സാമൂഹ്യവിരുദ്ധരായ പ്രതിലോമകാരികള്‍ നയിച്ച വിമോചനസമരത്തിന്റെ അര്‍ഥം. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ പലതവണ വീണ്ടും അധികാരത്തിലെത്തി. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സ്ഥാനാരോഹണം ഇന്ത്യയെ മാത്രമല്ല, ലോകത്തെയാകെ അത്ഭുതപ്പെടുത്തി. ഇംഗ്ളണ്ട്, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ് തുടങ്ങിയ പല രാജ്യങ്ങളും ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയാന്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചു. ആ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ കേരളത്തിലെ നേതാക്കളെ നാട്ടിലേക്ക് ക്ഷണിച്ച് അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇന്ത്യയിലെ പ്രതിലോമശക്തികള്‍ക്ക് സഹിക്കാന്‍ കഴിയാത്തതായിരുന്നു കേരളത്തിലെ ആദ്യ സര്‍ക്കാര്‍. ആ സര്‍ക്കാര്‍ തുടര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളും കമ്യൂണിസ്റ്റ് മാര്‍ഗം പിന്തുടര്‍ന്നേക്കുമെന്ന ഭയം കോണ്‍ഗ്രസിനും മറ്റ് പിന്തിരിപ്പന്‍ശക്തികള്‍ക്കുമുണ്ടായി. കേരളത്തിലെ വര്‍ഗീയശക്തികള്‍ക്കും സര്‍ക്കാര്‍ അസഹനീയമായി.

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദ്യം കൊണ്ടുവന്നവയില്‍ ഒന്നായിരുന്നു വിദ്യാഭ്യാസനിയമം. സ്വകാര്യശക്തികള്‍ കൈയടക്കിവച്ചിരുന്ന കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ന്യായമായ നിയന്ത്രണം ഏര്‍പ്പെടുത്താനായിരുന്നു നിയമനിര്‍മാണം. അത് ചില സാമുദായികശക്തികള്‍ക്ക് സഹിക്കാനാകാത്തതായി. അവര്‍ ആ നിയമത്തിനെതിരായ പോരാട്ടത്തിനിറങ്ങി. ഇതോടൊപ്പം വ്യാപകമായ അപവാദപ്രചാരണവും തുടങ്ങി. കമ്യൂണിസ്റ്റുകാര്‍ ദൈവ വിരോധികളാണ്. മതങ്ങള്‍ക്ക് അവര്‍ എതിരാണ്. അവര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ പള്ളികളും അമ്പലങ്ങളും നശിപ്പിക്കും. അതുകൊണ്ട് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കേണ്ടത് ക്രിസ്ത്യാനികള്‍ക്കും മുസ്ളിങ്ങള്‍ക്കും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്ന് ഈ മതഭ്രാന്തന്മാര്‍ പ്രചരിപ്പിച്ചു. ഈ പ്രചാരണം ക്രിസ്ത്യന്‍, മുസ്ളിം ജനവിഭാഗങ്ങളെ ഗണ്യമായി സ്വാധീനിച്ചു. സ്ത്രീകള്‍ വന്‍തോതില്‍ സമരത്തിന് ഇറങ്ങുന്നതിന് കള്ളപ്രചാരണം സഹായിച്ചു.

ആ സമയത്താണ് ഭൂപരിഷ്കരണനിയമവും കൊണ്ടുവന്നത്. അത് ഭൂസ്വമിമാരെ വല്ലാതെ പ്രകോപിപ്പിച്ചു. നൂറ്റാണ്ടുകളായി ഭൂമി മുഴുവന്‍ കൈവശംവച്ച് സുഖജീവിതം നയിച്ചിരുന്ന ജന്മിത്വത്തിന്റെ നിലനില്‍പ്പുതന്നെ അവസാനിക്കാന്‍ ഭൂപരിഷ്കരണനിയമം കാരണമാകുമെന്ന് അവര്‍ മനസ്സിലാക്കി. ഭൂസ്വാമിമാര്‍ ജാതി മത ഭേദമെന്യേ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാന്‍ ഇത് കാരണമായി. വിദ്യാഭ്യാസബില്ലിനെതിരായവരും ജന്മിത്വശക്തികളും കൈകോര്‍ത്തപ്പോള്‍ അത് വലിയ ശക്തിയായി. ജാതിഭ്രാന്തും മതഭ്രാന്തും വല്ലാതെ ഇളക്കിവിട്ടു. അങ്ങനെ വിമോചനസമരത്തിന് ആരംഭമിട്ടു. സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു വിമോചനസമരക്കാരുടെ ലക്ഷ്യം. സര്‍ക്കാരുമായി ഒരു കൂടിയാലോചനയ്ക്കും തയ്യാറായില്ല. ഇതിനായി നിയമസമാധാനം പൂര്‍ണമായും ബലികഴിച്ചു.

ആദ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം ചെറുതായിരുന്നു. സമരം ശക്തമാകുമ്പോള്‍ എംഎല്‍എമാരില്‍ ചിലര്‍ കൂറുമാറുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ കരുതി. അതിനായി വലിയ പരിശ്രമവും നടത്തി. ചില എംഎല്‍എമാര്‍ക്ക് ലക്ഷക്കണക്കിനു രൂപ കോഴ കൊടുക്കാനും ശ്രമം നടന്നു. പക്ഷേ, ഒരു ഫലവും ഉണ്ടായില്ല. സമരത്തിലേക്ക് എടുത്തുചാടിയ പലര്‍ക്കും വിദേശ ശക്തികളുടെ സാമ്പത്തികസഹായം ലഭിച്ചു. അങ്ങനെ ചിലരൊക്കെ സമ്പന്നരായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ അവസരം മുതലെടുക്കാന്‍ മുന്‍നിരയില്‍ നിലയുറപ്പിച്ചു. പലതരം അക്രമം അഴിച്ചുവിട്ട് നിയമസമാധാനത്തെ വെല്ലുവിളിച്ചു. സര്‍ക്കാരിനെ പുറത്താക്കാനാകില്ലെന്ന് സമരക്കാര്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് കേരളസര്‍ക്കാരിനെ പിരിച്ചുവിടാന്‍ സമ്മര്‍ദം നടത്തി. അവസാനം കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ അപമാനമായി. അതുകൊണ്ട് എന്ത് പ്രയോജനം ഉണ്ടായെന്ന് പ്രതിലോമശക്തികള്‍ ഇനിയും ചിന്തിക്കണം.

ദേശാഭിമാനി

1 comment:

  1. പൂക്കാലം എന്നാല്‍ വസന്തം. സൌന്ദര്യവും സൌരഭ്യവും മാത്രമല്ല, ശുഭപ്രതീക്ഷകളും വിടരുന്ന കാലം. ഫലസമൃദ്ധിയുടെ വാഗ്ദാനം. എന്നാല്‍ സാധാരണ പൂക്കാലം വര്‍ഷത്തിലൊരിക്കല്‍ എത്തുമ്പോള്‍ ഇല്ലിയുടേത് ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ മാത്രം. അതോടെ ഇല്ലി നശിക്കുകയും ചെയ്യുന്നു. അല്‍പം അരി വിളയുമെങ്കിലും മുഖ്യമായി നമ്മുടെ മുഖത്തടിക്കുന്നത് ചാരനിറംകൊണ്ടുമൂടിയ ഒരാസന്ന മരണഗന്ധം മാത്രം. 1975ലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടു മാത്രം താരതമ്യപ്പെടുത്താവുന്ന ഇന്ത്യന്‍ ജനാധിപത്യ ധ്വംസനം നടന്ന ജൂലൈ 31 ഇല്ലി പൂക്കുന്ന 1959ലായിരുന്നു. ഉച്ചിവെച്ച കൈകള്‍കൊണ്ട് ഉദകക്രിയ ചെയ്യുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യ ശില്‍പിയായി പ്രകീര്‍ത്തിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റുതന്നെയാണ് ഈ കടുംകൈ ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ അടിയന്തിരാവസ്ഥയിലൂടെ കയ്യേറ്റം നടത്തിയ മകള്‍ ഇന്ദിരാഗാന്ധിയുടെ പ്രേരണമൂലമാണ് തന്റെ ശുഭ്രമായ ഖാദിവസ്ത്രത്തില്‍ കളങ്കമേല്‍പിച്ച ഈ അകൃത്യത്തിന് നെഹ്റു മുതിര്‍ന്നത് എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. അത്രക്ക് സ്വപ്രത്യയസ്ഥൈര്യം ഇല്ലാത്തയാളായിരുന്നോ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി? എന്തോ?

    ReplyDelete