Friday, July 17, 2009

അമ്പലപ്പുഴയിലെ രാഷ്ട്രീയ വേലകളി


കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക. മദ്ധ്യകാലഘട്ടത്തിലെ നായര്‍ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാര്‍ന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാര്‍ വേഗത്തില്‍ ചുവടുവെക്കുകയും മെയ്‌വഴക്കത്തോടെ വാദ്യസംഗീതത്തിനൊപ്പിച്ച് വാള്‍ വീശുകയും ചെയ്യുന്നു. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ് അകമ്പടി വാദ്യങ്ങള്‍. അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉല്‍ഭവം.

ഇത് വിക്കിപീഡിയയില്‍ വേലകളിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതിന്റെ തുടക്കം.

ഇക്കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ നായര്‍ ഭടന്മാരുടെ വേഷത്തിനു പകരം സി.പി.എം പ്രവര്‍ത്തകരുടെ വേഷവും ധരിച്ച് സി.പി.എം പതാകയുമേന്തി മറ്റു പാര്‍ട്ടികളിലെ കലാകാരന്മാര്‍ നടത്തിയത് രാഷ്ട്രീയ വേലകളിയോ അതോ തമാശ നാടകമോ? കൈരളി-പീപ്പിള്‍ വാര്‍ത്താ‍ സംഘവും ദേശാഭിമാനിയും ജാഗ്രതയോടെ ഇരുന്നതിനാല്‍ വേലകളിയും തമാശനാടകവും ഏശിയില്ല.

പൊളിഞ്ഞുപാളീസായ കള്ളക്കളിയെക്കുറിച്ച് ദേശാഭിമാനി എഴുതിയ മുഖപ്രസംഗം താഴെ:

സിപിഐ എമ്മിന്റെ ശത്രുക്കളുടെ അജന്‍ഡ

ആലപ്പുഴ ജില്ലയിലെ പുറക്കാട്ടുനിന്നുള്ള വാര്‍ത്ത അല്‍പ്പം കൌതുകകരവും അതിലേറെ ഗൌരവമായ പരിചിന്തനം അര്‍ഹിക്കുന്നതുമാണ്. സിപിഐ എം പതാകയേന്തി 'വി എസ് അനുകൂല' പ്രകടനം നടത്തിയ കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി കുറ്റം ഏറ്റുപറഞ്ഞതായാണ് ആ വാര്‍ത്ത. തിങ്കളാഴ്ച രാത്രി അമ്പലപ്പുഴയില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത മോഹനന്‍, ബാബു എന്നിവരാണ് കുറ്റസമ്മതം നടത്തിയത്. തങ്ങളെപ്പോലെ, മറ്റു പാര്‍ടികളുടെ പ്രവര്‍ത്തകരായ മറ്റുപലരും സിപിഐ എമ്മിന്റെ കൊടിയും വി എസിന്റെ ചിത്രവുമേന്തി പ്രകടനം നടത്തിയിരുന്നെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകരും ഐഎന്‍ടിയുസി പായല്‍ക്കുളങ്ങര യൂണിറ്റിലെ അംഗങ്ങളുമായ ആ രണ്ടുപേരും പ്രകടനത്തില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. കൈരളി-പീപ്പിള്‍ വാര്‍ത്താസംഘം ഇതുസംബന്ധിച്ച് നേരത്തെതന്നെ വാര്‍ത്ത നല്‍കിയിരുന്നു. കോണ്‍ഗ്രസ്, ബിജെപി, സിഎംപി പാര്‍ടികളില്‍ പെട്ടവര്‍ സിപിഐ എം പ്രവര്‍ത്തകരാണെന്ന വ്യാജേന പ്രകടനംനടത്തിയത് അവരുടെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയത്.

ഒരു സ്വതന്ത്ര രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ സിപിഐ എമ്മിനെ പ്രവര്‍ത്തിക്കാനനുവദിക്കില്ല എന്ന വാശിയോടെയാണ് ഏതാനും മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ നാളായി ഇടപെടുന്നത്. പാര്‍ടി കേന്ദ്ര കമ്മിറ്റി ചേര്‍ന്ന്, കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയതിനുമുമ്പുതന്നെ അതുസംബന്ധിച്ച ഊഹാപോഹങ്ങളും കല്‍പ്പിത കഥകളുമായി രംഗത്തിറങ്ങിയവര്‍, കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം വന്നതോടെ അതിനെതിരായ പ്രതികരണത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനാണ് മുതിര്‍ന്നത്. സിപിഐ എമ്മില്‍ അഭൂതപൂര്‍വമായ എന്തെല്ലാമോ സംഭവിക്കുന്നു; പിബിയിലും സിസിയിലും കടുത്ത ഭിന്നത; വി എസിനുമേല്‍ മാത്രം അച്ചടക്കനടപടി കൈക്കൊണ്ട് പിണറായിയെ വെറുതെ വിട്ടതുവഴി പാര്‍ടി അഴിമതിയെ മൂടിവയ്ക്കുകയും ന്യായീകരിക്കുകയുമാണ്- ഇങ്ങനെയൊക്കെയുള്ള പ്രചാരണമാണ് തുടര്‍ച്ചയായി നടന്നത്. കേരളത്തിലെ ഉള്‍പാര്‍ടി സ്ഥിതിഗതികളെ വിലയിരുത്തുന്ന രേഖ ചര്‍ച്ചചെയ്ത് അംഗീകരിച്ച കേന്ദ്രകമ്മിറ്റി, പാര്‍ടിയുടെ സംഘടനാതത്വങ്ങളും അച്ചടക്കവും ലംഘിച്ചതിന് വി എസിനെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് നീക്കാനുള്ള തീരുമാനമാണെടുത്തത്. കേന്ദ്രകമ്മിറ്റി നടപടി അംഗീകരിക്കുന്നെന്ന് വ്യക്തമായി വി എസ് മാധ്യമങ്ങളോട് പറയുകയുംചെയ്തു. ഒരു പാര്‍ടിക്ക്, അതിലെ അംഗങ്ങളോ നേതാക്കളോ അച്ചടക്കം ലംഘിക്കുന്നത് തടയാനും സംഘടനാ തത്വങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനുമുള്ള അവകാശമുണ്ട്. ഇവിടെയും അതാണ് നടന്നത്. എന്നാല്‍, പാര്‍ടി ചെയ്തതിനെയും അത് വി എസ് ഉള്‍ക്കൊണ്ടതിനെയും മുഖവിലയ്ക്കെടുക്കാതെ നാട്ടില്‍

സിപിഐ എം വിരുദ്ധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയാണ് ഇവിടത്തെ മാധ്യമങ്ങള്‍ ചെയ്തത്. സിപിഐ എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുക, പാര്‍ടിയിലെ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങളെ തുരങ്കംവയ്ക്കാന്‍ വ്യാജപ്രചാരണങ്ങളിലും കുതന്ത്രങ്ങളിലുമേര്‍പ്പെടുക, പാര്‍ടിക്കെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പരസ്യമായ ആഹ്വാനംമുഴക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുക, ഒറ്റപ്പെട്ട പ്രകടനവാര്‍ത്തകള്‍ പര്‍വതീകരിക്കുക- ഇങ്ങനെയുള്ള കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

അത്തരമൊരു പ്രചാരണത്തില്‍ മുഖ്യമായി അവതരിപ്പിക്കപ്പെട്ടതും പിന്നീട് നിയമസഭാ ചര്‍ച്ചയിലടക്കം ഉയര്‍ന്നുവന്നതുമായ ഒന്നാണ് അമ്പലപ്പുഴ പ്രകടനം. ആ പ്രകടനം നടത്തിയത് യുഡിഎഫ് പ്രവര്‍ത്തകരുള്‍പ്പെടെയായിരുന്നെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അതിനര്‍ഥം, സിപിഐ എമ്മിനകത്തെ കുഴപ്പങ്ങള്‍ എന്നപേരിലും അതിനെതിരായ 'ജനകീയ പ്രതിഷേധം' എന്ന പേരിലും കൊണ്ടാടപ്പെടുന്നത് സിപിഐ എമ്മിന്റെ രാഷ്ട്രീയശത്രുക്കളുടെ അജന്‍ഡയാണ് എന്നുമാത്രമാണ്. പാര്‍ടി കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ ചിലേടങ്ങളില്‍ പ്രകടനങ്ങളുണ്ടായി എന്നത് വാസ്തവമാണ്. കുപ്രചാരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട ഏതാനും പാര്‍ടിബന്ധുക്കളും ഒറ്റപ്പെട്ട രീതിയില്‍ അവയില്‍ ഭാഗഭാക്കായിട്ടുണ്ട്. എന്നാല്‍, ആ പ്രകടനങ്ങള്‍ ഇന്നാട്ടിലെ ചില വാര്‍ത്താ ചാനലുകളും പത്രങ്ങളും പര്‍വതീകരിച്ചത് എത്രത്തോളമാണെന്നത് അത്ഭുതകരമാണ്. ചില ഉള്‍പ്രദേശങ്ങളില്‍ നാലോ അഞ്ചോ ആളുകള്‍ നടത്തിയ പ്രകടനംപോലും ലൈവായോ നിമിഷങ്ങള്‍ക്കകമോ സംപ്രേഷണം ചെയ്ത്, സംസ്ഥാനത്താകെ അത്തരം പ്രകടനങ്ങള്‍ നടത്തിക്കാനുള്ള അമിതാവേശംപൂണ്ട മാധ്യമപദ്ധതിയാണ് അരങ്ങേറിയതും ദയനീയമായി പരാജയപ്പെട്ടതും.

യുഡിഎഫ് കക്ഷികള്‍ നടത്തുന്ന തരംതാണ കളിയാണ് മാധ്യമങ്ങളുടേതിനേക്കാള്‍ ഖേദകരമെന്ന് പറയാതെ വയ്യ. സിപിഐ എം പ്രവര്‍ത്തകര്‍ എന്ന വ്യാജേന, ചെങ്കൊടിയും കൊടുത്ത് സ്വന്തം പ്രവര്‍ത്തകരെ പ്രകടനം നടത്താന്‍ വിടുന്നത് ഏതുതരം രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും വിശദീകരിക്കേണ്ടതുണ്ട്. അത്തരം മുഖംമൂടി പ്രകടനക്കാര്‍ക്ക് തല്ലുകിട്ടിയപ്പോള്‍, പരിക്കേറ്റവരുടെ തല്ലുവാങ്ങിയവരുടെ പേരുവിവരംപോലും മറച്ചുവച്ച് മലയാളമനോരമ വാര്‍ത്ത നല്‍കിയത് സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നു. സിപിഐ എമ്മിന്റെ ആഭ്യന്തരകാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്ന അഹന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്. തങ്ങള്‍ തീരുമാനിച്ചാല്‍, പ്രകടനം നടത്തിക്കാമെന്നും ഇന്നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തളര്‍ത്തിക്കളയാമെന്നുമുള്ളതാണ് ആ മനോവികാരം. അതിന്റെ ബലത്തില്‍ നടത്തുന്ന തരംതാണ കളികള്‍ എല്ലാക്കാലവും മറച്ചുവയ്ക്കാനാകില്ല എന്നതിനുള്ള ഒന്നാന്തരം തെളിവാണ്, പുറക്കാട്ടെ പാര്‍ടി ഓഫീസിലെത്തിയ ഐഎന്‍ടിയുസിക്കാരുടെ കുമ്പസാരം.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിന് അതിന്റേതായ പരിപാടിയും ഭരണഘടനയുമുണ്ട്. അവ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് പാര്‍ടിക്കകത്തുള്ളത്. പാര്‍ടി അച്ചടക്കവും സംഘടനാ തത്വങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്. അതില്‍ കൈകടത്താന്‍ ശ്രമിക്കാതിരിക്കലാണ് രാഷ്ട്രീയശത്രുക്കളുടെയും അവരുടെ അനുകൂലികളായ മാധ്യമങ്ങളുടെയും മാന്യത. ഇവിടെ ആ മാന്യത കളഞ്ഞുകുളിച്ചുള്ള കളിയാണുണ്ടായത്. ആ കളി വിജയിക്കില്ലെന്ന സന്ദേശമാണ് അത്തരം ആഹ്വാനങ്ങളോടും പ്രോത്സാഹനങ്ങളോടും പുറംതിരിഞ്ഞുനിന്നുകൊണ്ട് കേരളജനത നല്‍കിയത്. അതുമനസ്സിലാക്കി ഇനിയെങ്കിലും തിരുത്തണമെന്ന് ഞങ്ങളുടെ മാന്യ സഹജീവികളോടും കോണ്‍ഗ്രസടക്കമുള്ള സിപിഐ എമ്മിന്റെ രാഷ്ട്രീയ ശത്രുക്കളോടും അഭ്യര്‍ഥിക്കട്ടെ. (ദേശാഭിമാനി മുഖപ്രസംഗം 17 ജൂലൈ 2009‌)

1 comment:

  1. ആലപ്പുഴ ജില്ലയിലെ പുറക്കാട്ടുനിന്നുള്ള വാര്‍ത്ത അല്‍പ്പം കൌതുകകരവും അതിലേറെ ഗൌരവമായ പരിചിന്തനം അര്‍ഹിക്കുന്നതുമാണ്. സിപിഐ എം പതാകയേന്തി 'വി എസ് അനുകൂല' പ്രകടനം നടത്തിയ കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി കുറ്റം ഏറ്റുപറഞ്ഞതായാണ് ആ വാര്‍ത്ത. തിങ്കളാഴ്ച രാത്രി അമ്പലപ്പുഴയില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത മോഹനന്‍, ബാബു എന്നിവരാണ് കുറ്റസമ്മതം നടത്തിയത്. തങ്ങളെപ്പോലെ, മറ്റു പാര്‍ടികളുടെ പ്രവര്‍ത്തകരായ മറ്റുപലരും സിപിഐ എമ്മിന്റെ കൊടിയും വി എസിന്റെ ചിത്രവുമേന്തി പ്രകടനം നടത്തിയിരുന്നെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകരും ഐഎന്‍ടിയുസി പായല്‍ക്കുളങ്ങര യൂണിറ്റിലെ അംഗങ്ങളുമായ ആ രണ്ടുപേരും പ്രകടനത്തില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. കൈരളി-പീപ്പിള്‍ വാര്‍ത്താസംഘം ഇതുസംബന്ധിച്ച് നേരത്തെതന്നെ വാര്‍ത്ത നല്‍കിയിരുന്നു. കോണ്‍ഗ്രസ്, ബിജെപി, സിഎംപി പാര്‍ടികളില്‍ പെട്ടവര്‍ സിപിഐ എം പ്രവര്‍ത്തകരാണെന്ന വ്യാജേന പ്രകടനംനടത്തിയത് അവരുടെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയത്.

    ReplyDelete