Saturday, July 11, 2009

അനര്‍ഹന്‍ വേദമോതുമ്പോള്‍

സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് മലയാള മാധ്യമലോകത്ത് ചെറുതല്ലാത്ത സമ്മതിയാണ് ലഭിച്ചത്. ചാനലുകളിലെ സ്ഥിരം വിശകലനവിദഗ്ധന്‍. മാര്‍ക്സിസം - ലെനിനിസം, സിപിഐ എമ്മിന്റെ ഭരണഘടന, സംഘടന എന്നിവ സംബന്ധിച്ച് വിധിപറയാനും വേണ്ടിവന്നാല്‍ നേതൃത്വത്തെ ഓരോരുത്തരെയായി പിഴുതെടുത്ത് അവരുടെ ശക്തിദൌര്‍ബല്യങ്ങളില്‍ ചൂഴ്ന്നിറങ്ങി അപ്രതീക്ഷിതമായ നിഗമനങ്ങളിലെത്തി ജനസാമാന്യത്തെ വിറകൊള്ളിക്കാനും കഴിവുള്ളയാള്‍ - സര്‍വോപരി മാതൃഭൂമി എഡിറ്റോറിയല്‍ പേജിലെ ഇടതുപക്ഷം കാത്തുസൂക്ഷിക്കുന്നയാള്‍. എല്ലാം ആയിക്കോട്ടെ. പക്ഷേ, എല്ലാ എഴുത്തും നിരീക്ഷണവും ചിന്തയും സിപിഐ എമ്മിന് എതിരെയാകുന്നതിന്റെ യുക്തിയെന്താണ്? നൂറ്റിപ്പത്തുകോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയുടെ നവലോകസ്വപ്നങ്ങള്‍ക്ക് തടസ്സം സിപിഐ എം ആണെന്നാണോ? രണ്ടു ദശകത്തോടടുക്കുന്ന പുത്തന്‍ സാമ്പത്തികനയം തകര്‍ത്തെറിഞ്ഞ ഗ്രാമീണഭാരതത്തിന്റെ ഒടുങ്ങാത്ത വേദനകള്‍ക്ക് കാരണം സിപിഐ എം ആണെന്നാണോ? ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ പരമാധികാരത്തെ സംശയത്തിന്റെ മുന്നിലേക്കെത്തിക്കുന്ന ഭരണവര്‍ഗനയങ്ങള്‍ക്ക് ഉത്തരവാദി സിപിഐ എം ആണെന്നാണോ? രാജ്യത്തെ വര്‍ഗീയതയുടെ ശവപ്പറമ്പാക്കാന്‍ കോപ്പുകൂട്ടുന്നത് സിപിഐ എം ആണോ?

അപ്പുക്കുട്ടന്‍ ഒരു ദശകത്തിലേറെയായി ചെയ്തുകൊണ്ടിരിക്കുന്ന സിപിഐ എം വിരുദ്ധപ്രചാരണം ഏതുതരം ജനാധിപത്യബോധത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്? ഒരു കമ്യൂണിസ്റ്റിന്റെ മൂടുപടമണിഞ്ഞ് കമ്യൂണിസ്റ്റ് വിരുദ്ധപ്രചാരവേല തൊഴിലാക്കിയ അദ്ദേഹം ചിലപ്പോള്‍ സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്യുന്നതുപോലെയാണ് പെരുമാറുന്നത്. യഥാര്‍ഥ സിപിഐ എം അപ്പുക്കുട്ടന്റെ വേദോപദേശമാണ് സ്വീകരിക്കേണ്ടതെന്ന മട്ടില്‍. അപ്പുക്കുട്ടന്‍ സിപിഐ എമ്മില്‍ വേണ്ട എന്ന് തീരുമാനിച്ചത് കേരള സംസ്ഥാനകമ്മിറ്റിയല്ല. സഖാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായിരിക്കെ സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് ആണ്. ഉള്‍പ്പാര്‍ടി ജനാധിപത്യവും ഭരണഘടനയും ജനാധിപത്യ കേന്ദ്രീകരണതത്വവുമൊക്കെ പറയുന്നുണ്ടല്ലോ. ഈ തത്വങ്ങള്‍ക്കും ഭരണഘടനാസങ്കല്‍പ്പങ്ങള്‍ക്കും അനുരോധമായാണ് പാര്‍ടി കോണ്‍ഗ്രസ് അപ്പുക്കുട്ടന്‍ പാര്‍ടിയില്‍ വേണ്ട എന്ന് തീരുമാനിച്ചത്. അതോടെ സിപിഐ എം 'ജനവിരുദ്ധ'മായി. പിന്നെയാണ് യഥാര്‍ഥ കമ്യൂണിസ്റിന്റെ തിരുവിളയാട്ടം. ഒടുവില്‍ അപ്പുക്കുട്ടന്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളത് സിപിഐ എം പിബിയും കേന്ദ്രകമ്മിറ്റിയും കൂടുന്നത് സംബന്ധിച്ചാണ്. പിബിക്കുവേണ്ടി സീതാറാം യെച്ചൂരി പറഞ്ഞതല്ല കാര്യം; അപ്പുക്കുട്ടന്റെ ഊഹാധിഷ്ഠിതമായ നിഗമനങ്ങളാണ്. സിപിഐ എം പിബിയിലും തര്‍ക്കം തുടങ്ങി എന്ന അപ്പുക്കുട്ടന്മാരുടെ വിധിയെഴുത്തിന് ജൂലൈ 12 വരെയേ ആയുസ്സുള്ളുവെന്ന എം കെ പന്ഥെയുടെ മറുപടി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കേട്ടില്ല. കേട്ടത് ലാവ്ലിന്‍ ചര്‍ച്ചചെയ്യുമെന്നാണ്.

അപ്പുക്കുട്ടനും കേരളത്തിലെ കമ്യൂണിസ്റ്റ് വിദഗ്ധമാധ്യമവിശാരദന്മാരും സമീപകാലത്ത് വിടാതെ ചര്‍ച്ചചെയ്ത് മടക്കിക്കെട്ടിയ വിഷയങ്ങളെന്തൊക്കെയാണ്? നിഷ്പക്ഷമതികളായ ജനസാമാന്യത്തിന്റെ ശ്രദ്ധപതിയുമോ ഇക്കാര്യങ്ങളിലേക്ക്. എല്ലാ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കാനായിരുന്നു വ്യഗ്രത. 2003ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ വിഷയം ജനകീയാസൂത്രണത്തില്‍ വിദേശഫണ്ട് സ്വീകരിച്ചുവെന്ന ശുദ്ധനുണയായിരുന്നു. പിന്നെ എഡിബി ലോണ്‍ സംബന്ധിച്ച വിവാദമായി. തുടര്‍ന്ന് കിളിരൂര്‍ കേസും ഭൂമാഫിയാ ബന്ധവും ക്രിമിനല്‍ ഗുണ്ടാബന്ധവുമായി. ഒരു കൂട്ടം പാര്‍ടിനേതാക്കളുടെ മക്കളെ കേന്ദ്രീകരിച്ചായി പിന്നത്തെ ആക്രമണം. ഒടുവില്‍ ലാവ്ലിന്‍ കേസും. ഇതിനൊക്കെ സിപിഐ എം കേന്ദ്രകമ്മിറ്റി എന്ത് മറുപടിയാണ് നല്‍കിയതെന്ന് ഓര്‍മയുണ്ടോ?

പാര്‍ടിയുടെ കെട്ടുറപ്പും വിശ്വാസവും തകര്‍ക്കാന്‍ ബോധപൂര്‍വം കെട്ടിപ്പൊക്കിയ പച്ചനുണകളുടെ സ്വാധീനത്തില്‍ കുറെ ശുദ്ധാത്മാക്കള്‍ പെട്ടിട്ടുണ്ടെന്നത് നേരുതന്നെ. ഇത് 2009ലെ പാര്‍ലമെന്റ് ഇലക്ഷനിലും സ്വാധീനിച്ചുവെന്നത് നാം കണ്ടു.

ജൂലൈ 12ന് സിപിഐ എം കേന്ദ്രകമ്മിറ്റിയെടുക്കുന്ന തീരുമാനം കേരളത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യമാണോ എന്നതാണത്രേ അപ്പുക്കുട്ടന്റെ പ്രശ്നം. ഭൂരിപക്ഷം സീറ്റും കേരളത്തില്‍ ലഭിച്ചില്ലെങ്കിലും 42 ശതമാനത്തോളം വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പമാണെന്നത് ഒരു ജനപിന്തുണയല്ലെങ്കില്‍, പിന്നെ അപ്പുക്കുട്ടന്റെ പാര്‍ടിക്ക് കിട്ടിയ വോട്ടാണോ യഥാര്‍ഥ ജനപിന്തുണ? 42 ശതമാനം വോട്ടുകിട്ടിയ മുന്നണിക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടതില്ല; അതിനേക്കാള്‍ കൂടുതല്‍ വോട്ടുകിട്ടിയ അപ്പുക്കുട്ടന്റെ പാര്‍ടി ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കും എന്നാണ്. ഒരു തെരഞ്ഞെടുപ്പിലെ തോല്‍വി ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ കഥ കഴിച്ചുകളയുമെന്ന് രാഷ്ട്രീയഹ്രസ്വദൃഷ്ടികള്‍ക്കേ നിഗമനത്തിലെത്താനാകൂ. കേരളത്തിന്റെ സമീപകാലചരിത്രംതന്നെ ഈ നിഗമനത്തെ ചവറ്റുകൊട്ടയിലെറിയും.

കേരളത്തിലെ സിപിഐ എമ്മില്‍ നിര്‍ഭാഗ്യകരമായ വിഭാഗീയതയുടെ തിരയടിച്ചു തുടങ്ങിയ കാലത്താണ് അപ്പുക്കുട്ടന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായതെന്നത് അപ്പുക്കുട്ടന്‍ മറക്കരുത്. ഒരു പത്രസ്ഥാപനമെന്ന നിലയില്‍ ദേശാഭിമാനിയില്‍ അതിന്റെ എല്ലാ പരിരക്ഷയുടെയും തണലില്‍നിന്നാണ് അദ്ദേഹം സംസ്ഥാനകമ്മിറ്റി അംഗമാകുന്നത്. ഏഴുവര്‍ഷം സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന ലേബലിലാണ് വലതുമാധ്യമങ്ങള്‍ അപ്പുക്കുട്ടനെ കൊണ്ടാടുന്നത്. ജനകീയപ്പോരാട്ടങ്ങളുടെ അഗ്നിപഥങ്ങളില്‍നിന്ന് ദേശാഭിമാനിയില്‍ വന്നവരും ആ മണ്ണിലേക്ക് തിരിച്ചുപോയവരുമുണ്ട്. അപ്പുക്കുട്ടന്‍ ആ ഗണത്തില്‍ വരില്ല. കേരളത്തെ ഇളക്കിമറിച്ച ഉടന്തടി കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ ഗണത്തില്‍പ്പോലും അപ്പുക്കുട്ടന്‍ വരില്ല. പത്രമാഫീസിന്റെ നാലതിരുകളില്‍ അലയടങ്ങിയ ക്ഷോഭവിക്ഷോഭങ്ങളല്ല ജനങ്ങളുടെ പോരാട്ടം. ആത്മനിഷ്ഠമായ വിധിന്യായങ്ങളുടെ പിന്‍ബലത്തില്‍ യാന്ത്രികമായ വാദപ്രതിവാദങ്ങളിലൊതുങ്ങും അപ്പുക്കുട്ടന്റെ വേദോപദേശം. അതിന് അധികം ആയുസ്സില്ലെന്ന് അറിയാന്‍ ദീര്‍ഘനാളത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമൊന്നും വേണ്ട. മേല്‍പ്പറഞ്ഞ ഉടന്തടി വിപ്ളവകാരികളുടെ ചുവടുപറ്റി താമസിയാതെ അപ്പുക്കുട്ടനും എത്തേണ്ടിടത്ത് എത്തും.

സി എന്‍ മോഹനന്‍

2 comments:

  1. "പത്രമാഫീസിന്റെ നാലതിരുകളില്‍ അലയടങ്ങിയ ക്ഷോഭവിക്ഷോഭങ്ങളല്ല ജനങ്ങളുടെ പോരാട്ടം."

    unintentionally written, but a little modification of above sentence would better suit to prakash karat....!!!

    ReplyDelete
  2. I can't support your argument.comrade appukuttan and many communist how expelled from party.just because of groupism,still continue that....
    i am only support pinarayi for his strong leadership.he is the person only leading the party to right way.same time pinarayi wants re consider about his development stand.

    ReplyDelete