Tuesday, July 7, 2009

ഊന്നല്‍ ഉദാരവല്‍ക്കരണം തന്നെ

പുത്തന്‍ സാമ്പത്തികനയത്തിന്റെ വഴിതന്നെയാണ് ആഗോള സാമ്പത്തികപ്രതിസന്ധിയുടെ നാളുകളിലും തങ്ങള്‍ തുടരുന്നതെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റ്. ഒരു മേഖലയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കാതെയുള്ള ബജറ്റ് ഇന്നത്തെ കാലത്ത് രാജ്യം നേരിടുന്ന വെല്ലുവിളിയെ നേരിടുന്നതിനു പര്യാപ്തമല്ല. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് വര്‍ധിപ്പിച്ച് സമ്പദ്ഘടനയ്ക്ക് ചലനാത്മകത നല്‍കുന്ന രീതിയാണ് മിക്കവാറും രാജ്യങ്ങള്‍ ഇപ്പോള്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്. സാമ്പത്തികച്ചെലവ് വര്‍ധിച്ചതും പുതിയ ചരിത്രം സൃഷ്ടിച്ചതും ആവേശപൂര്‍വം പ്രഖ്യാപിക്കുന്ന ധനമന്ത്രി ചൈനപോലുള്ള അയല്‍ രാജ്യങ്ങളിലെ സ്ഥിതിഗതി നോക്കുന്നത് നന്നായിരിക്കും. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 15 ശതമാനത്തിലധികം പുതിയ പാക്കേജിനായി ചെലവഴിക്കുന്നവരുമായി താരതമ്യം ചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ് നമ്മുടേത്. ബജറ്റില്‍ പറയുന്ന പണംതന്നെ എവിടെനിന്ന് വരുന്നെന്ന കൃത്യമായ ചിത്രം ധനമന്ത്രിക്കില്ല. പൊതുമേഖല വിറ്റഴിക്കുന്നതില്‍നിന്നുതന്നെയായിരിക്കണം അധികവരുമാനം പ്രതീക്ഷിക്കുന്നത്. ഓഹരി വില്‍പ്പനയുടെ വേഗം വര്‍ധിപ്പിക്കുമെന്ന് അമിതാവേശത്തോടെ ധനസെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞതില്‍നിന്ന് അത് വ്യക്തമാണ്.

ദേശസാല്‍ക്കരണത്തിന്റെയും പൊതുനിക്ഷേപ വര്‍ധനയുടെയും പഴയ വഴിയിലൂടെ ആഗോള മുതലാളിത്തം വീണ്ടും സഞ്ചരിക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴും കോണ്‍ഗ്രസിനു പഥ്യം സ്വകാര്യമൂലധനമാണ്. ധനമേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ഉറപ്പു പറയുന്നുണ്ടെങ്കിലും അത് കുറുപ്പിന്റെ ഉറപ്പായി മാറാനാണ് സാധ്യത. അധിക വരുമാനം കണ്ടെത്തണമെന്നും നികുതിഘടന പരിഷ്കരിക്കണമെന്നും സൂചിപ്പിക്കുന്നുണ്ടെങ്കിലും സാധ്യതയുള്ള മേഖലകളില്‍ തൊടാന്‍ ധൈര്യം കാണിക്കുന്നില്ല. പ്രത്യക്ഷനികുതിയില്‍ വര്‍ധനയൊന്നും വരുത്തിയിട്ടില്ല. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ലാഭത്തില്‍നിന്നുള്ള നികുതി ചെറുതായി വര്‍ധിപ്പിച്ചെങ്കിലും ഉയര്‍ന്ന വരുമാനക്കാരുടെ ആദായനികുതി നിരക്ക് ഉയര്‍ത്താനും പ്രണബ് മുഖര്‍ജി തയ്യാറാകാത്തത് ഈ സര്‍ക്കാരിന്റെ പക്ഷപാതിത്വത്തെയാണ് കാണിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പൂര്‍ണമായും എടുത്തുകളയണമെന്ന സാമ്പത്തിക സര്‍വേയുടെ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചുതന്നെയാണ് പുതിയ ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അധികം വൈകാതെ ഈ പ്രക്രിയ പൂര്‍ത്തീകരിക്കും. ഇതുതന്നെയാണ് രാസവളങ്ങളുടെ സബ്സിഡിയുടെ കാര്യത്തിലുമുള്ളത്. കര്‍ഷകന് നേരിട്ട് സബ്സിഡി നല്‍കണമെന്ന കാര്യം വര്‍ഷങ്ങള്‍ക്കുമുമ്പ് ചിദംബരം പറഞ്ഞതാണ്. പടിപടിയായി സബ്സിഡി ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

വിലക്കയറ്റംമൂലം കഷ്ടപ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന ജനതയ്ക്ക് ആശ്വാസം നല്‍കുന്ന ക്രിയാത്മക പദ്ധതിയൊന്നുംതന്നെ പ്രഖ്യാപിക്കാത്തത് കഷ്ടമാണ്. സാമൂഹ്യ സേവനമേഖലകള്‍ക്ക് ആവശ്യമായ പണം ഒട്ടുംതന്നെ വകയിരുത്തിയിട്ടില്ല. സാര്‍വത്രിക വിദ്യാഭ്യാസം നിയമപരമായി ഉറപ്പുവരുത്തുന്ന കാലത്ത് അതിനുള്ള വകയിരുത്തലില്‍ ആനുപാതിക വര്‍ധന വരുത്താത്തത് പ്രതിഷേധാര്‍ഹമാണ്. ആരോഗ്യമേഖലയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് നാമമാത്ര വര്‍ധന മാത്രമാണ് വരുത്തിയിട്ടുള്ളത്. പുതിയ നിയമം നടപ്പാക്കുന്നതിന് എത്ര പണം മാറ്റിവയ്ക്കുമെന്ന് കൃത്യമായി പറയാനും തയ്യാറായിട്ടില്ല. തൊഴിലുറപ്പു പദ്ധതിയിലെ മിനിമം കൂലി 100 രൂപയാക്കി ഉയര്‍ത്തിയത് പല സംസ്ഥാനത്തിനും സഹായകരമാണ്. എന്നാല്‍, ഉയര്‍ന്ന കൂലിനിരക്കുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഇത് വലിയ ഗുണംചെയ്യില്ല. കാര്‍ഷികമേഖലയിലും ഗ്രാമീണ റോഡ് നിര്‍മാണരംഗത്തും പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി വ്യാപിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. കാര്‍ഷികമേഖലയുടെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുതിയ നിര്‍ദേശം ഒന്നുംതന്നെ ബജറ്റില്ലില്ല. നാലു ശതമാനം പലിശ നിരക്കില്‍ കര്‍ഷകന് വായ്പ നല്‍കണമെന്ന ന്യായമായ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ് ധനമന്ത്രി. ഭക്ഷ്യസുരക്ഷാപദ്ധതി നിലവിലുള്ള ആനുകൂല്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അന്ത്യോദയപദ്ധതിപ്രകാരം രണ്ടു രൂപയ്ക്ക് 35 കിലോ അരി ലഭിക്കുന്ന അതിദരിദ്രര്‍ക്ക് ഇനി ഒരു കിലോ അരിക്ക് മൂന്നു രൂപ നല്‍കേണ്ടിവരും. ലഭിക്കുന്ന അരിയുടെ അളവ് 25 കിലോയായി കുറയുകയും ചെയ്യും. എപിഎല്ലുകാര്‍ക്ക് ഉള്‍പ്പെടെ റേഷന്‍ സമ്പ്രദായമുള്ള കേരളത്തിന് ഇത് കനത്ത ബാധ്യത സൃഷ്ടിക്കും. പൊതുവെ പാപ്പരീകരണവും തൊഴിലില്ലായ്മയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.

കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശയാണുള്ളത്. പുതിയ വന്‍ പദ്ധതിയൊന്നുംതന്നെ പ്രഖ്യാപിച്ചില്ല. കൊച്ചി മെട്രോയ്ക്ക് ആസൂത്രണ കമീഷന്റെ അനുമതികൂടി ലഭിച്ചതോടെ ഈ ബജറ്റില്‍ പച്ചക്കൊടിയും വകയിരുത്തലും പ്രതീക്ഷിച്ചിരുന്നു. കനത്ത സമ്മര്‍ദം ചെലുത്തി അത് നേടിയെടുക്കേണ്ടതുണ്ട്. പുതിയ ഐഐടികള്‍ ആരംഭിക്കുന്നതിനുള്ള വകയിരുത്തലുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്റെ ചിരകാല സ്വപ്നത്തോട് ഇത്തവണയും നീതി പുലര്‍ത്താന്‍ തയ്യാറായില്ല. അലിഗഢ് സര്‍വകലാശാലയുടെ ക്യാമ്പസ് മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്നതിന് 25 കോടി വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനസര്‍ക്കാരിന്റെ ദീര്‍ഘകാലത്തെ ശ്രമത്തിന്റെ വിജയമാണത്. ബജറ്റില്‍ പണം വകയിരുത്താത്തതാണ് ക്യാമ്പസ് തുടങ്ങാന്‍ കഴിയാത്തതിന്റെ മുഖ്യതടസ്സമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം ശരിവയ്ക്കപ്പെട്ടതോടെ നുണപ്രചാരവേല നടത്തിയിരുന്നവര്‍ മാപ്പുപറയാന്‍ തയ്യാറാകണം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. കേരളംപോലുള്ള സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് അത്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നത്തെ ആവശ്യത്തിന്റെ വക്കുകടിക്കാന്‍ അതു തികയാതെ വരും. ജനസംഖ്യാനുപാതികമായ കേന്ദ്രനിക്ഷേപം സംസ്ഥാനത്തിനു ലഭിക്കുന്നതിന് കനത്ത സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 2009 ജൂലൈ 07

2 comments:

  1. കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശയാണുള്ളത്. പുതിയ വന്‍ പദ്ധതിയൊന്നുംതന്നെ പ്രഖ്യാപിച്ചില്ല. കൊച്ചി മെട്രോയ്ക്ക് ആസൂത്രണ കമീഷന്റെ അനുമതികൂടി ലഭിച്ചതോടെ ഈ ബജറ്റില്‍ പച്ചക്കൊടിയും വകയിരുത്തലും പ്രതീക്ഷിച്ചിരുന്നു. കനത്ത സമ്മര്‍ദം ചെലുത്തി അത് നേടിയെടുക്കേണ്ടതുണ്ട്. പുതിയ ഐഐടികള്‍ ആരംഭിക്കുന്നതിനുള്ള വകയിരുത്തലുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്റെ ചിരകാല സ്വപ്നത്തോട് ഇത്തവണയും നീതി പുലര്‍ത്താന്‍ തയ്യാറായില്ല. അലിഗഢ് സര്‍വകലാശാലയുടെ ക്യാമ്പസ് മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്നതിന് 25 കോടി വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനസര്‍ക്കാരിന്റെ ദീര്‍ഘകാലത്തെ ശ്രമത്തിന്റെ വിജയമാണത്. ബജറ്റില്‍ പണം വകയിരുത്താത്തതാണ് ക്യാമ്പസ് തുടങ്ങാന്‍ കഴിയാത്തതിന്റെ മുഖ്യതടസ്സമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം ശരിവയ്ക്കപ്പെട്ടതോടെ നുണപ്രചാരവേല നടത്തിയിരുന്നവര്‍ മാപ്പുപറയാന്‍ തയ്യാറാകണം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. കേരളംപോലുള്ള സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് അത്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നത്തെ ആവശ്യത്തിന്റെ വക്കുകടിക്കാന്‍ അതു തികയാതെ വരും. ജനസംഖ്യാനുപാതികമായ കേന്ദ്രനിക്ഷേപം സംസ്ഥാനത്തിനു ലഭിക്കുന്നതിന് കനത്ത സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.

    ReplyDelete
  2. പരിഷ്കരണത്തില്‍നിന്ന് പിന്നോട്ടില്ല: പ്രണബ്
    വി ജയിന്‍
    ന്യൂഡല്‍ഹി: ഉദാരവല്‍ക്കരണം, ധനമേഖലാ പരിഷ്കരണം, ഓഹരി വിറ്റഴിക്കല്‍ എന്നിവയില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ബജറ്റ് അവതരണത്തിനുശേഷം ചൊവ്വാഴ്ച വ്യവസായ സംഘടനകളുമായി നടത്തിയ ആശയവിനിമയത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ആന്‍ഡ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി), കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്(സിഐഐ) എന്നീ സംഘടനകളുടെ പ്രതിനിധികള്‍ കരഘോഷത്തോടെ മന്ത്രിയുടെ പ്രഖ്യാപനം സ്വീകരിച്ചു. മത്സരാധിഷ്ഠിതവും സ്വകാര്യമേഖലയ്ക്ക് നിര്‍ണായക പങ്കുള്ളതുമായ സാമ്പത്തിക വികസനമാണ് ലക്ഷ്യം. ധനമേഖലാ പരിഷ്കരണത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എത്രയും വേഗം ഉയര്‍ന്ന വളര്‍ച്ചനിരക്കിലെത്താന്‍ ആഗ്രഹിക്കുന്നു. വളര്‍ച്ച സ്ഥിതിവിവരക്കണക്കില്‍ മാത്രമായിരിക്കില്ല, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതുമായിരിക്കും. കാര്‍ഷികമേഖല, പശ്ചാത്തലസൌകര്യ വികസന മേഖല എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധയും നിക്ഷേപസാഹചര്യങ്ങളും ഒരുക്കി വളര്‍ച്ചയ്ക്ക് കളമൊരുക്കും. വളര്‍ച്ചനിരക്ക് നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉയര്‍ന്ന ധനകമ്മി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഈ സാമ്പത്തികവര്‍ഷവും തുടരുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. പ്രതിസന്ധിയില്‍നിന്ന് രാജ്യം കരകയറിയെന്നു പറയാവുന്ന സാഹചര്യമൊന്നും ഇപ്പോഴില്ല. ഒറ്റ ബജറ്റുകൊണ്ട് എല്ലാ പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ ധനകമ്മി നാല് ശതമാനമായി കുറയ്ക്കാന്‍ നടപടിയെടുക്കും. സാമ്പത്തികമാന്ദ്യം നേരിടാന്‍ പ്രഖ്യാപിച്ച ഉത്തേജകപാക്കേജുകളില്‍നിന്ന് പിന്നോട്ടു പോകില്ല. ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത്. സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിച്ചാകും ചരക്ക് സേവനനികുതി അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കുക. കോര്‍പറേറ്റ് മേഖലയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കും. സാമ്പത്തികവളര്‍ച്ചയ്ക്ക് ആ മേഖലയുടെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ബജറ്റിനെ സ്വാഗതം ചെയ്യുന്നെന്ന് സിഐഐ പ്രസിഡന്റ് വേണു ശ്രീനിവാസന്‍ പറഞ്ഞു. കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയ പരിഗണന എടുത്തുപറഞ്ഞായിരുന്നു വേണു ശ്രീനിവാസന്റെ പ്രസംഗം. സ്വകാര്യനിക്ഷേപവുമായി ബന്ധപ്പെട്ട നികുതികള്‍ കുറച്ചതും പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളുടെ നയപരമായ തടസ്സം നീക്കാന്‍ സ്വീകരിച്ച നടപടികളും സിഐഐ സ്വാഗതംചെയ്തു. തിങ്കളാഴ്ച കാര്യമായി പ്രതികരിക്കാതിരുന്ന വ്യവസായ സംഘടനകള്‍ ധനമന്ത്രിയുടെ വിശദീകരണത്തോടെ ബജറ്റിനെ സ്വാഗതംചെയ്തു. ഉദാരവല്‍ക്കരണ, പരിഷ്കരണ നടപടികളില്‍ ഉറച്ചുനില്‍ക്കുമോ എന്ന അവരുടെ സംശയം ധനമന്ത്രി നേരിട്ട് ദൂരീകരിച്ചതോടെയാണിത്.

    ReplyDelete