Sunday, November 22, 2009

കര്‍ണാടകത്തിലെ നാണംകെട്ട ഒത്തുതീര്‍പ്പ്

കര്‍ണാടകത്തിലെ ബിജെപിക്കുള്ളില്‍ രണ്ടാഴ്ചക്കാലത്തോളം നിലനിന്ന രാഷ്ട്രീയ പ്രതിസന്ധി കേന്ദ്ര നേതാക്കന്മാരുടെ മാരത്തോണ്‍ ചര്‍ച്ചയിലൂടെ തല്‍ക്കാലം പരിഹരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ബിജെപി നേതാക്കന്മാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തന്റെ മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താനായി തന്റെ ഉറ്റവരെയെല്ലാം ഉപേക്ഷിക്കാന്‍ താന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നുവെന്ന് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രസ്താവിച്ചതില്‍നിന്ന് അനുമാനിക്കേണ്ടത്, അദ്ദേഹവും അദ്ദേഹത്തിന്റെ ഗ്രൂപ്പും ഏറെ ദുഃഖിതരും അപമാനിതരും ആണെന്നാണ്. ബെല്ലാരിയിലെ ഖനി മാഫിയയുടെ മര്‍ക്കടമുഷ്ടിക്കും പണക്കൊഴുപ്പിനും രാഷ്ട്രീയ ബ്ളാക്മെയിലിങ്ങിനും മുന്നില്‍ മുഖ്യമന്ത്രി മാത്രമല്ല, ബിജെപിയുടെ കേന്ദ്ര നേതൃത്വവും ഉരുക്കുമനുഷ്യനും അവരുടെ പിന്നിലെ ചാലകശക്തിയായ ആര്‍എസ്എസ് നേതൃത്വവും എല്ലാം സാഷ്ടാംഗം നമസ്കരിച്ച് കീഴടങ്ങിയെന്നുവേണം അനുമാനിക്കാന്‍. ജിന്നയെ പ്രകീര്‍ത്തിച്ചുകൊണ്ട് രണ്ട് വാചകം എഴുതിയ തലമുതിര്‍ന്ന നേതാവായ ജസ്വന്ത്സിങ്ങിനെ ഒരൊറ്റ നിമിഷംകൊണ്ട് പാര്‍ടിയില്‍നിന്ന് പുറത്താക്കിയ ബിജെപി നേതൃത്വത്തിന് പക്ഷെ, യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയമൊന്നുമില്ലാത്ത ഖനി-വ്യവസായ മാഫിയകളായ റെഡ്ഡി സഹോദരന്മാരുടെ പിടിവാശിക്കുമുന്നില്‍ നാണംകെട്ട് കീഴടങ്ങേണ്ടിവന്നു.

ഗ്രാമവികസനം പഞ്ചായത്തുമന്ത്രി ശോഭാ കാരന്ത് ലജെയെ (പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാനില്ലെങ്കിലും) മന്ത്രിസഭയില്‍നിന്ന് പുറത്താക്കുക, ബെല്ലാരി-ഗഡഗ് മേഖലയിലേക്ക് ഈയിടെ മുഖ്യമന്ത്രി സ്ഥലംമാറ്റി നിയമിച്ച ഉദ്യോഗസ്ഥരെ മുഴുവന്‍ ഉടനെ സ്ഥലംമാറ്റി പകരം റെഡ്ഡി സഹോദരന്മാരുടെ വിശ്വസ്തരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരെ കൊണ്ടുവരിക, ബെല്ലാരിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ഓരോ ലോഡ് ഇരുമ്പയിരിനും 1000 രൂപ നികുതി ചുമത്താനുള്ള നിര്‍ദ്ദേശം ഉടനെ റദ്ദാക്കുക, തങ്ങളുടെ വിശ്വസ്തരായ അഞ്ച് എംഎല്‍എമാരെ ഉടന്‍ മന്ത്രിമാരാക്കുക (ഇപ്പോള്‍ മന്ത്രിസഭയില്‍ രണ്ട് ഒഴിവുകളേയുള്ളു) തുടങ്ങി റെഡ്ഡി സഹോദരന്മാര്‍ ഉന്നയിച്ച മിക്ക ആവശ്യങ്ങളും ഉടനടി നടപ്പാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി യദ്യൂരപ്പ തന്റെ മുഖ്യമന്ത്രിസ്ഥാനം രക്ഷിച്ചെടുത്തത്. മുഖ്യമന്ത്രിയുടെയും കേന്ദ്ര ബിജെപി നേതൃത്വത്തിന്റെയും കഴിവുകേട് മുഴുവന്‍ വ്യക്തമാക്കുന്ന ഈ ഒത്തുതീര്‍പ്പ്, യഥാര്‍ത്ഥത്തില്‍ മാന്യമായ ഒരു ഒത്തുതീര്‍പ്പൊന്നുമല്ല, നാണംകെട്ട കീഴടങ്ങലാണ് ഖനി മുതലാളിമാരുടെമുന്നില്‍ ഒരിക്കല്‍ പരസ്യമായി കീഴടങ്ങിക്കഴിഞ്ഞാല്‍പിന്നെ, തുടര്‍ന്ന് തന്റെ മുഖ്യമന്ത്രിസ്ഥാനം രക്ഷിക്കാന്‍ യദ്യൂരപ്പയ്ക്ക് വീണ്ടുംവീണ്ടും മുട്ടുകാലില്‍ ഇഴയേണ്ടിവരും എന്ന് ആര്‍ക്കാണ് അറിയാത്തത്?

അഴിമതികൊണ്ട് പുഴുത്തളിഞ്ഞ കോണ്‍ഗ്രസിന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടി എന്ന അവകാശവാദത്തോടുകൂടിയാണ് രണ്ടരപതിറ്റാണ്ടുമുമ്പ് ബിജെപി ഇന്ത്യന്‍ രാഷ്ട്രീയവേദിയില്‍ അവതരിച്ചത്. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് അഴിമതിയുടെയും പണത്തോടുള്ള അത്യാര്‍ത്തിയുടെയും അവസരവാദത്തിന്റെയും കാര്യത്തില്‍ അവര്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടി. ബിജെപിയുടെ മാനദണ്ഡമനുസരിച്ച് രാഷ്ട്രീയ പാരമ്പര്യവും മാന്യതയും പുലര്‍ത്തുന്ന യദ്യൂരപ്പയെ പണക്കൊഴുപ്പും പേശീബലവും അഹങ്കാരവുംകൊണ്ട് പാര്‍ടിയെ വിലയ്ക്കെടുത്തിട്ടുള്ള റെഡ്ഡി സഹോദരന്മാര്‍ക്കുമുന്നില്‍ വലിച്ചെറിഞ്ഞിട്ടുകൊടുത്ത കേന്ദ്ര നേതൃത്വം, എല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയ മൂല്യങ്ങളെയും കാറ്റില്‍പറത്തിയിരിക്കുന്നു. പണത്തിനുമേലെ ബിജെപിയുടെ ഒരു ആദര്‍ശവും പറക്കുകയില്ല എന്ന് അവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമല്ല, പണക്കൊഴുപ്പിനാണ് ആധിപത്യം എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസിനെയെന്നപോലെ, ബിജെപിയേയും വ്യവസായികള്‍ക്കും മാഫിയകള്‍ക്കും വിലയ്ക്കെടുക്കാമെന്ന് വന്നിരിക്കുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈയിടെ മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന അസംബ്ളി തെരഞ്ഞെടുപ്പിലും ജനാധിപത്യമല്ല പണാധിപത്യമാണ് വിജയിച്ചതെങ്കില്‍ കര്‍ണാടകത്തിലെ ബിജെപിയിലെ ഒത്തുതീര്‍പ്പിനുപിന്നിലും വിജയിച്ചത് പണാധിപത്യംതന്നെയാണ്. ജനാധിപത്യത്തെ ബിസിനസ്സുകാരും കുത്തകകളും കോര്‍പ്പറേറ്റുകളും വിലയ്ക്കെടുക്കുന്ന അമേരിക്കന്‍ രീതി ഇന്ത്യയിലേക്കും കടന്നുവന്നിരിക്കുന്നു. ഇത്ര കാലവും അവര്‍ ബൂര്‍ഷ്വാ രാഷ്ട്രീയക്കാരെ കര്‍ട്ടനു പിറകില്‍ നിന്നുകൊണ്ടാണ് ചരടുവലിച്ച് നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇപ്പോഴിതാ ശരിക്കും അരങ്ങത്തു വന്നിരിക്കുന്നു. അതിന്റെ തെളിവാണ് കര്‍ണാടകത്തിലെ നാണംകെട്ട ഒത്തുതീര്‍പ്പ്.

എന്‍ പി chintha

2 comments:

  1. അഴിമതികൊണ്ട് പുഴുത്തളിഞ്ഞ കോണ്‍ഗ്രസിന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടി എന്ന അവകാശവാദത്തോടുകൂടിയാണ് രണ്ടരപതിറ്റാണ്ടുമുമ്പ് ബിജെപി ഇന്ത്യന്‍ രാഷ്ട്രീയവേദിയില്‍ അവതരിച്ചത്. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് അഴിമതിയുടെയും പണത്തോടുള്ള അത്യാര്‍ത്തിയുടെയും അവസരവാദത്തിന്റെയും കാര്യത്തില്‍ അവര്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടി. ബിജെപിയുടെ മാനദണ്ഡമനുസരിച്ച് രാഷ്ട്രീയ പാരമ്പര്യവും മാന്യതയും പുലര്‍ത്തുന്ന യദ്യൂരപ്പയെ പണക്കൊഴുപ്പും പേശീബലവും അഹങ്കാരവുംകൊണ്ട് പാര്‍ടിയെ വിലയ്ക്കെടുത്തിട്ടുള്ള റെഡ്ഡി സഹോദരന്മാര്‍ക്കുമുന്നില്‍ വലിച്ചെറിഞ്ഞിട്ടുകൊടുത്ത കേന്ദ്ര നേതൃത്വം, എല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയ മൂല്യങ്ങളെയും കാറ്റില്‍പറത്തിയിരിക്കുന്നു. പണത്തിനുമേലെ ബിജെപിയുടെ ഒരു ആദര്‍ശവും പറക്കുകയില്ല എന്ന് അവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

    ReplyDelete
  2. കാശ് കൊടുത്ത് കുറെ കുട്ടി സഖാക്കളെ വച്ചത് കൊണ്ട് നാലു ബ്ലോഗ് ദിവസവും വരുന്നുണ്ണ്ട്!!!

    ReplyDelete