Sunday, November 22, 2009

ശര്‍മ്മിള ഉപവസിക്കുന്നു...നമുക്ക് വേണ്ടി

ഇറോം ശര്‍മിള ഇന്ന് ഒരു വ്യക്തി മാത്രമല്ല. ഒരു ജനതയുടെ മുഴുവന്‍ വികാരമാണ്. അമ്മമാര്‍ ഇവരെ സ്വന്തം മക്കളേക്കാള്‍ സ്നേഹിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇവര്‍ സഹോദരിയോ, ഗുരുനാഥയോ, വഴികാട്ടിയോ ആണ്. കാരണം, ഈ യുവ കവയത്രിയുടെ പോരാട്ടം തങ്ങളിലോരോരുത്തര്‍ക്കും വേണ്ടിയാണെന്ന് ഇവര്‍ക്കറിയാം. ഇക്കാരണത്താല്‍തന്നെയാണ് ശര്‍മിള ജയില്‍ മോചിതയാവുന്ന നാള്‍ മണിപ്പൂര്‍ ഇതുവരെ ദര്‍ശിക്കാത്ത ജനത്തിരക്ക് ഇവരെ സ്വീകരിക്കാനെത്തുന്നത്. മണിപ്പൂരുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വാതന്ത്ര്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ശബ്ദങ്ങള്‍ ദൃശ്യവല്‍ക്കരിക്കാനോ റിപ്പോര്‍ട്ട്ചെയ്യാനോ എത്താത്ത മാധ്യമങ്ങള്‍ അന്നിവിടെയെത്തും; ഈ പോരാളിയുടെ സമരസഹനത്തോടും, നിശ്ചയദാര്‍ഢ്യത്തോടുമുള്ള അതിരറ്റ ആദരവോടെ.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അറുപതാണ്ട് കഴിഞ്ഞിട്ടും അസ്വാതന്ത്ര്യത്തിന്റെ, അവഗണനയുടെ, ചൂഷണത്തിന്റെ, അന്യതാബോധത്തിന്റെ പടുകുഴിയില്‍ ഉലയുന്ന തങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഭരണകൂടത്തെ ഓര്‍മിപ്പിക്കുന്ന ഇവരുടെ സമരത്തിന് ഈ നവംബര്‍ രണ്ടിന് ഒരുപതിറ്റാണ്ട് തികഞ്ഞു.

നിയമവും, ഭരണകൂടവും ഭരണാധികാരികളുമെല്ലാം ജനങ്ങളുടെ സുരക്ഷക്കാണ്. അവരുടെ ജീവിക്കാനുള്ള അവകാശത്തിന് സംരക്ഷണം നല്‍കുക എന്നതാണ് ഇവയുടെയെല്ലാം ആത്യന്തിക ലക്ഷ്യം. എന്നാല്‍ നിയമങ്ങളെ ഭരണാധികാരിയുടെ അധീശത്വം ഉറപ്പിക്കാന്‍ ദുരുപയോഗം ചെയ്തത് ഒരു ചരിത്ര സത്യമാണ്. ഹിറ്റ്ലറും മുസ്സോളിനിയും എന്തിനധികം ജനാധിപത്യത്തിന്റെ മഹിമയില്‍ പുളകിതരാകുന്ന ഇന്ത്യയില്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും ഭരണകൂട അടിച്ചമര്‍ത്തലുകളുടെ നഗ്നയാഥാര്‍ഥ്യങ്ങളാണ്.

ഭരണകൂടത്തിന്റെ പീഡനങ്ങളിലാണ് പിന്നീട് ഐതിഹാസികമെന്ന് രേഖപ്പെടുത്തിയ പല സമരങ്ങളുടെയും പിറവി. ഇറോം ശര്‍മിളയെന്ന കവയത്രി ഒരുപതിറ്റാണ്ട് കാലം കഴിഞ്ഞിട്ടും നടത്തിക്കൊണ്ടിരിക്കുന്ന സഹനസമരത്തിന്റെ ഉത്ഭവവും ഇതുപോലെയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് മാറിമാറിവരുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ തുടരുന്ന നിസ്സംഗതയോടുളള പ്രതികരണം. ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന ഒരു ജനതയെ സായുധ സേനയുടെ തോക്കിന്‍മുനമ്പില്‍ നിര്‍ത്തി ജീവിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതിനെതിരെയുള്ള പോരാട്ടം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലും സേനക്ക് പ്രത്യേക അധികാരം നല്‍കി 1958-ല്‍ പാര്‍ലമെന്റ് പാസാക്കിയ കിരാതനിയമം - അഫ്സ്പാ പ്രാവര്‍ത്തികമാക്കാന്‍ ആരംഭിച്ചതോടെയാണ് ഇവിടെ ജനങ്ങളുടെ പോരാട്ടം തുടങ്ങുന്നത്. ഈ നിയമത്തിന്റെ മറവില്‍ സായുധസേന നടത്തിയ കൊലവിളിയും ചൂഷണവും ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍ എന്ന് ഊറ്റംകൊള്ളുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നും വേണ്ടവിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വന്തം നഗ്നത തെരുവില്‍ പ്രദര്‍ശിപ്പിച്ച് തങ്ങള്‍ക്കും മക്കള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഭാരതഭൂവില്‍ സ്ത്രീകള്‍ പ്രകടനം നടത്തിയതും ഈ കിരാത നിയമത്തിനെതിരെയാണ്.

ജനാധിപത്യമെന്ന വാക്കുതന്നെ ഒരു ഫലിത പ്രയോഗമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. അന്യതാബോധവും വിവേചനങ്ങളും പെരുകുന്ന കാലഘട്ടങ്ങളില്‍ സ്വയംനിര്‍ണയാവകാശം വേണമെന്ന് ആവശ്യപ്പെട്ടവരോട് കരിനിയമങ്ങള്‍കൊണ്ടും അറുകൊലകൊണ്ടും മറുപടി പറഞ്ഞു ഭരണകൂടം. അടിമുടി സായുധവല്ക്കരിക്കപ്പെട്ട മേഖലകളില്‍ ഒന്നാണിവിടം. ഒരുകാലത്ത് വെള്ളക്കാര്‍ തങ്ങളെ കണ്ടിരുന്ന അതേ അവജ്ഞയോടെ ഇന്ത്യന്‍ ദേശീയവാദികള്‍ ഇവിടുത്തെ ഗോത്രവാസികളെ കാണാന്‍തുടങ്ങി. നരഭോജികളുടെയും തലയെടുക്കുന്നവരുടെയും പട്ടിതീറ്റക്കാരുടെയും കൂട്ടങ്ങളാണിവിടെയുള്ളതെന്ന ഭാവമായിരുന്നു ഭരണാധികാരികള്‍ക്കെന്നും.

2000 നവമ്പര്‍ ഒന്നിന് നടന്ന മാലോം കൂട്ടക്കൊലയ്ക്ക് പിറ്റേന്നാളാണ് ശര്‍മിള സമരം ആരംഭിക്കുന്നത്. സാമൂഹ്യജീവിയെന്ന നിലയില്‍ ചുറ്റുപാടുമുണ്ടാകുന്ന അനീതിക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ബോധ്യമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. മാലോം ഗ്രാമത്തിലെ പത്ത് നിരപരാധികളെയാണ് അന്ന് സൈന്യം കൊന്നുതള്ളിയത്. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് മുടി എണ്ണപുരട്ടുന്നതും ചീകുന്നതും വര്‍ജിച്ച് അന്ന് തുടങ്ങിയ സമരം അവര്‍ തുടരുകയാണ്.

ഈ പ്രതിഷേധത്തെ അത്യന്തം നിന്ദ്യമായ രീതിയിലാണ് സര്‍ക്കാരുകള്‍ നേരിട്ടത്. മൂക്കില്‍ ട്യൂബിട്ട് നിര്‍ബന്ധമായി ഭക്ഷണം നല്‍കി ആത്മഹത്യാകുറ്റത്തിന് കേസെടുത്ത് ജയിലിലടച്ചും ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും അഫ്സ്പാ പിന്‍വലിക്കാന്‍ ആലോചിച്ചിട്ടേയില്ല.

നിരാഹാരസമരം തുടങ്ങുമ്പോള്‍ 28 വയസ്സായിരുന്നു ശര്‍മിളയുടെ പ്രായം. ഇന്ത്യയുടെ ചരിത്രത്തിലെന്നല്ല, ലോക ചരിത്രത്തില്‍തന്നെ ഇത്രയും നീണ്ടൊരു നിരാഹാര സമരം ഉണ്ടായിട്ടില്ല.

മണിപ്പൂരിലെയും സമാന സ്വഭാവത്തിലുള്ള കഷ്ടതയനുഭവിക്കുന്ന മറ്റു പ്രദേശത്തെയും വലിയൊരു ജനവിഭാഗത്തിന്റെ ആരാധനാമൂര്‍ത്തിയായ ശര്‍മിളയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ ഇപ്പോള്‍ ഭയവിഹ്വലരാണ് ഭരണകൂടം. അതുകൊണ്ടു തന്നെയാണ് എങ്ങനെയും ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കനത്ത ബന്തവസ്സോടെ ആശുപത്രിയിലെ ജയില്‍മുറിയില്‍ പാര്‍പ്പിച്ച് ബലമായാണ് മൂക്കിലൂടെ ഭക്ഷണം നല്‍കുന്നത്. അവിടെ ചെന്ന് അവരെ കാണാന്‍ രണ്ടാഴ്ച മുമ്പെങ്കിലും അപേക്ഷിക്കണം. എന്നാലും അനുവാദം കിട്ടിയെന്ന് വരില്ല. സായുധ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊരുതുന്ന ശര്‍മിളയുടെ പേരില്‍ ഐപിസി 309 അനുസരിച്ച് ആത്മഹത്യാശ്രമ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒരു വര്‍ഷമേ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാനാവു. അത് കഴിഞ്ഞാല്‍ വിട്ടയയ്ക്കും. ഒരു ദിവസം കഴിഞ്ഞാല്‍ വീണ്ടും ജയിലില്‍. ഇതാണ് പതിവ്.

കവിതയെഴുതിയും കഥപറഞ്ഞും ദേശീയതയും ഭാരത സംസ്കാരവും പ്രചരിപ്പിക്കേണ്ട ഈ യുവകവയത്രി ഇന്ന് ജീവിക്കാന്‍വേണ്ടിയുള്ള പോരാട്ടത്തിലാണ്. തനിക്കുവേണ്ടി മാത്രമല്ല, പ്രത്യേക നിയമം നല്‍കിയ പരിരക്ഷയില്‍ സാധാരണക്കാര്‍ക്ക് നേരെ കിരാതമായ ആക്രമണങ്ങള്‍ നടത്തി ക്രൂരമായി ആനന്ദിക്കുന്ന സൈന്യത്തിന്റെ മുമ്പില്‍ ഭയചകിതരായി, നിസ്സഹായരായി നില്‍ക്കുന്ന സ്വാതന്ത്രത്തിന്റെ ചെറുകണികപോലും അനുഭവിച്ചിട്ടില്ലാത്ത തന്റെ നാട്ടുകാര്‍ക്കുവേണ്ടി.

ജീവിതത്തിലെ എല്ലാ സൌഖ്യവും വേണ്ടെന്ന് വച്ച ഇവര്‍ക്കറിയില്ല, ഈ സമരം എന്ന് അവസാനിക്കുമെന്ന്്. വികസനത്തിന്റെ, സമത്വത്തിന്റെ പുതിയ ലോകത്ത് ഭയമില്ലാതെ, കര്‍ഫ്യൂ എന്ന തടവറയില്ലാതെയുള്ള ഒരു പുതുപുലരി എന്ന് പിറക്കുമെന്ന്.

പക്ഷേ, ഒന്നറിയാം. തന്റെ ജീവന്‍ പോയാലും ശരി അബദ്ധവശാലെങ്കിലും ഒരുതുള്ളി വെള്ളംപോലും തന്റെ തൊണ്ടക്കുഴിയിലൂടെ ഇറങ്ങരുതെന്ന ദൃഢനിശ്ചയം ലംഘിക്കപ്പെടരുതെന്ന്.

ഹാറൂണ്‍ റഷീദ് ദേശാഭിമാനി

1 comment:

  1. ഇറോം ശര്‍മിള ഇന്ന് ഒരു വ്യക്തി മാത്രമല്ല. ഒരു ജനതയുടെ മുഴുവന്‍ വികാരമാണ്. അമ്മമാര്‍ ഇവരെ സ്വന്തം മക്കളേക്കാള്‍ സ്നേഹിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇവര്‍ സഹോദരിയോ, ഗുരുനാഥയോ, വഴികാട്ടിയോ ആണ്. കാരണം, ഈ യുവ കവയത്രിയുടെ പോരാട്ടം തങ്ങളിലോരോരുത്തര്‍ക്കും വേണ്ടിയാണെന്ന് ഇവര്‍ക്കറിയാം. ഇക്കാരണത്താല്‍തന്നെയാണ് ശര്‍മിള ജയില്‍ മോചിതയാവുന്ന നാള്‍ മണിപ്പൂര്‍ ഇതുവരെ ദര്‍ശിക്കാത്ത ജനത്തിരക്ക് ഇവരെ സ്വീകരിക്കാനെത്തുന്നത്. മണിപ്പൂരുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വാതന്ത്ര്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ശബ്ദങ്ങള്‍ ദൃശ്യവല്‍ക്കരിക്കാനോ റിപ്പോര്‍ട്ട്ചെയ്യാനോ എത്താത്ത മാധ്യമങ്ങള്‍ അന്നിവിടെയെത്തും; ഈ പോരാളിയുടെ സമരസഹനത്തോടും, നിശ്ചയദാര്‍ഢ്യത്തോടുമുള്ള അതിരറ്റ ആദരവോടെ.

    ReplyDelete