Sunday, February 21, 2010

ഗഡ്കരിയുടെ അഭ്യര്‍ഥന അപമാനമെന്ന് താക്കറെ

ബാബറി മസ്ജിദ്: ഗഡ്കരിയുടെ ആവശ്യം മുസ്ളിംനേതാക്കള്‍ തള്ളി

ഇന്‍ഡോര്‍: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ നല്‍കണമെന്ന ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ ആവശ്യം രാജ്യത്തെ പ്രമുഖ മുസ്ളിം സംഘടനകളും നേതാക്കളും തള്ളി. മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ചാല്‍ തൊട്ടടുത്ത് ബാബറിമസ്ജിദ് നിര്‍മിക്കാന്‍ അനുവദിക്കാമെന്ന ബിജെപിയുടെ നിര്‍ദേശം സ്വീകാര്യമല്ലെന്ന് ഇവര്‍ വ്യക്തമാക്കി. പ്രശ്നം കോടതിയുടെ മുന്നിലാണെന്നും വിധി വരുന്നതുവരെ കാത്തിരിക്കാനും അത് മാനിക്കാനും ബിജെപി തയ്യാറാവുകയാണ് വേണ്ടതെന്നും വിവിധ മുസ്ളിം സംഘടനകള്‍ അഭിപ്രായപ്പെട്ടു. 'കോടതിയില്‍ തങ്ങള്‍ പരാജയപ്പെട്ടാലും ആ വിധി മാനിക്കാന്‍ മുസ്ളിങ്ങള്‍ തയ്യാറാണ്. ബിജെപി അതിനു തയ്യാറാകുമോ 'എന്ന് എംഐഎം നേതാവും ലോക്സഭാ അംഗവുമായ അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. കോടതി വിധി മാനിക്കുമെന്നു പറയാന്‍ എന്തുകൊണ്ട് ഗഡ്കരിയും ബിജെപിയും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ജഫര്‍യാബ് ജിലാനിയും സയ്യദ് ഷഹാബുദ്ദീനും ഇതേ അഭിപ്രായം മുന്നോട്ടുവച്ചു. മസ്ജിദിന്റെ പേരില്‍ വിലപേശലിന് ഒരു മുസ്ളിമും തയ്യാറാകില്ലെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ് നേതാവും രാജ്യസഭാംഗവുമായ മെഹമൂദ് മദനി പറഞ്ഞു. ആദ്യം ബലപ്രയോഗത്തിലൂടെ ബാബറിമസ്ജിദ് തകര്‍ത്ത കക്ഷികള്‍തന്നെ ഇപ്പോള്‍ മസ്ജിദ് തകര്‍ത്തിടത്ത് ക്ഷേത്രം പണിയാന്‍ സഹായം അഭ്യര്‍ഥിക്കുന്നത് കാപട്യമാണെന്നും അതിന് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും ഡല്‍ഹിയിലെ ജുമാമസ്ജിദ് ഇമാം അഹമ്മദ് ബുഖാരി പറഞ്ഞു.

ഗഡ്കരിയുടെ അഭ്യര്‍ഥന അപമാനമെന്ന് താക്കറെ

മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് സഹകരിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മുസ്ളിങ്ങളോട് അഭ്യര്‍ഥിച്ചത് കര്‍സേവകരെ ആക്ഷേപിക്കുന്നതിനു തുല്യമാണെന്ന് ശിവസേന. രാമക്ഷേത്ര നിര്‍മാണത്തിനായി ജീവന്‍ നല്‍കിയ നൂറുകണക്കിനു കര്‍സേവകര്‍ക്ക് അപമാനമാണ് ഇതെന്നും ശിവസേനാ മുഖപത്രമായ 'സാംന'യില്‍ ബാല്‍ താക്കറെ എഴുതി. ഹിന്ദുത്വ അജന്‍ഡയില്‍ ബിജെപി ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാധീനം വീണ്ടെടുക്കാന്‍ ബിജെപി ശ്രമം

ന്യൂഡല്‍ഹി: വര്‍ഗീയത ഉയര്‍ത്തി ഹൈന്ദവവോട്ടുകള്‍ കൂടെനിര്‍ത്തുന്നതോടൊപ്പം നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനും മൂന്നുദിവസമായി ചേര്‍ന്ന ബിജെപി നേതൃയോഗം പരിപാടികള്‍ ആവിഷ്കരിച്ചു. വിലക്കയറ്റം, ജമ്മു കശ്മീര്‍ പ്രശ്നം എന്നിവ ഉയര്‍ത്തി ദേശീയപ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുപരാജയത്തില്‍ നിരാശരാകരുതെന്ന് പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ച എല്‍ കെ അദ്വാനി പാര്‍ടിയിലും നേതൃത്വത്തിലും അധ്യക്ഷനിലും വിശ്വാസം വേണമെന്നും അഭ്യര്‍ഥിച്ചു. വിലക്കയറ്റപ്രശ്നമുയര്‍ത്തി ഏപ്രില്‍ 21ന് പാര്‍ലമെന്റ് ഉപരോധിക്കും. 10 ലക്ഷംപേരെ ഇതില്‍ പങ്കെടുപ്പിക്കുമെന്ന് അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായിരിക്കും ഇതെന്ന് ഗഡ്കരി അവകാശപ്പെട്ടു. ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കില്ലെന്ന് എല്‍ കെ അദ്വാനി വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ആറുവര്‍ഷക്കാലം മറന്നുപോയ ബിജെപിയാണ് ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം 'ജനകീയപ്രശ്നങ്ങള്‍' ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ജമ്മു കശ്മീരിന് ഭരണഘടനയിലെ 370-ാം അനുച്ഛേദം അനുസരിച്ച് നല്‍കുന്ന പ്രത്യേകപദവി റദ്ദുചെയ്യണമെന്നും പാകിസ്ഥാനുമായി സമഗ്രചര്‍ച്ച പുനരാരംഭിക്കരുതെന്നുമാണ് ബിജെപിയുടെ ആവശ്യം. അയോധ്യവിഷയത്തോടൊപ്പം ഹിന്ദുക്കളെ ബിജെപിക്കുകീഴില്‍ അണിനിരത്താന്‍ കശ്മീര്‍പ്രശ്നവും സഹായിക്കുമെന്ന കണക്കുകൂട്ടലാണ് സംഘപരിവാറിന്റേത്.

വി ബി പരമേശ്വരന്‍

ദേശാഭിമാനി വാര്‍ത്ത 210210

No comments:

Post a Comment