Monday, February 8, 2010

പുനര്‍വായനയിലെ ജനകീയത

1989ലാണ് വിദ്യാര്‍ഥിയായി ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. പഴയനിയമ വേദഭാഗമായിരുന്നു ഐഛിക വിഷയം. 'നീതിയും സമാധാനവും മനുഷ്യാവകാശവും ഒഴുകുന്ന നദിപോലെ പ്രവഹിക്കണം' എന്ന് ആഹ്വാനംചെയ്ത പ്രവാചകശബ്ദം കേട്ട് പ്രചോദിതനായ കാലം. അന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന 'വിമോചന ദൈവശാസ്ത്ര' തത്ത്വങ്ങളില്‍ ആകൃഷ്ടനായിരുന്നു. അമേരിക്കയെക്കുറിച്ച് പഠിച്ച കാര്യങ്ങളുടെ അറിവുവച്ച് കണ്ട കാഴ്ചകള്‍ അസ്വസ്ഥതയുണ്ടാക്കി.

ചിക്കാഗോ യൂണിവേഴ്സിറ്റി പട്ടണത്തിന്റെ ദക്ഷിണഭാഗത്താണ്. അവിടെയാണ് ദരിദ്രരില്‍ ദരിദ്രരായ മനുഷ്യര്‍ വസിച്ചിരുന്നത്. ധാരാളിത്തത്തിന്റെ നാട്ടില്‍ പട്ടിണിക്കാരുണ്ടെന്ന വൈരുധ്യം ദുഃഖമുണ്ടാക്കി. കറുത്തവരും ഇസ്പാനിക്കുകളുമായ അവരുടെ ജീവിതസാഹചര്യം നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടേതിനെക്കാള്‍ മോശം. മനുഷ്യാവകാശത്തെക്കുറിച്ചുഘോഷിക്കുന്ന നാട്ടില്‍ ശക്തിശാലികളായ പുരുഷന്മാര്‍ പന്തുകളിക്കുന്നിടത്ത് ഉശിരുപകരാന്‍ 'ചിയര്‍ ലീഡേഴ്സ്' എന്ന അര്‍ധനഗ്നകളായ പെണ്‍കുട്ടികള്‍ നൃത്തംചെയ്യണം എന്നത് എനിക്കൊരു സമസ്യയായി. രാജ്യം പിടിച്ചടക്കാന്‍ വെള്ളക്കാര്‍ ആദിവാസികളോടുചെയ്ത ക്രൂരതയുടെ കഥകള്‍ വേദനിപ്പിച്ചു. ഇതുപോലെ അനേക വൈരുധ്യങ്ങള്‍ നിറഞ്ഞ ആ സംസ്കാരത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഹവാര്‍ഡ് സിന്‍ എന്ന ചരിത്രകാരനില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ 'എ പീപ്പിള്‍സ് ഹിസ്ററി ഓഫ് യുണൈറ്റഡ് സ്റേറ്റ്സ്' എന്ന കൃതി എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടുപുസ്തകങ്ങളിലൊന്നാണ്.

ചരിത്രം കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് ചരിത്രകാരന്റെ കാഴ്ചപ്പാട് രചനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. സംഭവങ്ങള്‍, പ്രതിഭാസങ്ങള്‍, വസ്തുക്കള്‍ എന്നിവയോട് പ്രധാനമായും രണ്ടു സമീപനങ്ങളാണ് സാധ്യം. ഒന്നാമത്, അധികാരിവര്‍ഗത്തിന്റെ കാഴ്ചപ്പാടും അതിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനവും. രണ്ടാമത്, അധികാരത്തിനുപുറത്തുള്ളവരുടെ, അഥവാ അതിനു കീഴടങ്ങേണ്ടിവരുന്നവരുടെ സമീപനം. ചരിത്രരചനകളില്‍ ഭൂരിഭാഗവും അധികാരിവര്‍ഗത്തിന്റെ കാഴ്ചപ്പാടിലാണ്. അവയില്‍ ജനവികാരമോ ജീവിതസമരമോ ആയിരിക്കില്ല പ്രധാനമായും ഉണ്ടാവുക.

ചരിത്രത്തിനുവിഷയമാകുന്ന മിക്ക സംഭവങ്ങളും പ്രതിഭാസങ്ങളും ജീവിതസമരവുമായി ബന്ധപ്പെട്ടവയായിരിക്കും. ഒരേ സംഭവത്തിന് അവരുടെ കാഴ്ചപ്പാടില്‍നിന്നുള്ള വ്യാഖ്യാനമുണ്ടാകും. അതനുസരിച്ച് സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള അടിമകളുടെ സമരങ്ങളും നിലവിളികളും മനുഷ്യാവകാശസംരക്ഷണത്തിനായുള്ള ശബ്ദങ്ങളും തീവ്രവാദം, വിധ്വംസകത്വം, അക്രമം തുടങ്ങിയ പദങ്ങളുപയോഗിച്ചായിരിക്കും വിശേഷിപ്പിക്കപ്പെടുക.

സമൂഹത്തിന്റെ നിയന്ത്രണം ധാര്‍മികവും വൈകാരികവുമായ തലങ്ങളില്‍ നിര്‍വഹിക്കുന്നു എന്നവകാശപ്പെടുന്ന മതങ്ങളുടെ നിലപാടും ഈ പ്രവണതയുടെ മറ്റൊരു പതിപ്പായിരിക്കും. അവ അധികാരത്തെ, അതെത്ര അധാര്‍മികമായാലും, സാധൂകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ-മതാധികാരങ്ങള്‍ എക്കാലത്തും കൈകോര്‍ത്തുനിന്ന് ചരിത്രരചന നടത്തി പ്രതിലോമചിത്രമാണ് ലോകത്തിനു നല്‍കുക.

ഈ പറഞ്ഞവയെല്ലാം ഒത്തുവരുന്ന ചരിത്രമാണ് യൂറോപ്പിനെയും അമേരിക്കയെയും കുറിച്ചു പഠിച്ചിട്ടുള്ളത്. അമേരിക്കന്‍ചരിത്രം പഠനഗ്രന്ഥങ്ങളില്‍ ആരംഭിക്കുന്നത് കൊളംബസിന്റെ വരവോടെമാത്രമാണ്. കൊളംബസിനെത്തുടര്‍ന്നുള്ള കുടിയേറ്റക്കാരുടെയും കോളനിനേതാക്കളുടെയും കാഴ്ചപ്പാടിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുംമാത്രമാണ് അതു വളരുന്നത്. സത്യത്തില്‍ അവിടെ ചരിത്രത്തിന്റെ പുതിയൊരു അധ്യായം ആരംഭിക്കുകമാത്രമാണുണ്ടായത്. നൂറ്റാണ്ടുകള്‍ക്കുമുമ്പേ വാസമനുഷ്ഠിച്ചവരുടെയും പിന്നീടുണ്ടായ കറുത്ത അടിമകളുടെയും വെളുത്ത തൊഴിലാളികളുടെയും സ്ത്രീകളുടെയും (1920ല്‍മാത്രമാണ് അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത്) കൂട്ടക്കൊലയുടെയും അവകാശനിഷേധത്തിന്റെയും അടിമത്തത്തിന്റെയും പുതിയ ചരിത്രം വിരിയുകയായിരുന്നു. അവയെല്ലാം തമസ്കരിക്കരിച്ച് വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തിന്റെയും വെട്ടിപ്പിടിക്കലുകളുടെയും അതിലൂടെ സംഭവിച്ച 'നവലോക' സൃഷ്ടിയുടെയും ചരിത്രമായി അതിനെ മാറ്റിമറിക്കുകയായിരുന്നു.

ഈ തമസ്കരണത്തിന്റെ തിരുത്തലാണ് ഹവാര്‍ഡ് സിന്‍ എഴുതിയ 'അമേരിക്കന്‍ ഐക്യനാടുകളുടെ ജനകീയചരിത്രം'. ഇതില്‍ കാര്യങ്ങളെ സാമാന്യ ജനപക്ഷത്തുനിന്നു വിലയിരുത്താനാണ് തുനിയുന്നത്. അദ്ദേഹം പറയുന്നു: "ഇത് സര്‍ക്കാരുകള്‍ക്കല്ല, മറിച്ച് ജനകീയപ്രതിരോധങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.....അതുകൊണ്ടുതന്നെ ഇത് പക്ഷപാതപരവും, ഒരു പ്രത്യേക ദിശയില്‍ ചായ്വുള്ളതുമാണ്''. പാശ്ചാത്യസമൂഹം അവകാശപ്പെടുംപോലെ അമേരിക്ക വെള്ളക്കാരന്റെ വരവിനുമുമ്പ് സംസ്കാരശൂന്യരുടെ നാടായിരുന്നില്ല എന്നും അവര്‍ വന്നശേഷമാണ് പല സംസ്കാരശൂന്യപ്രവണതകളും മുളപൊട്ടിയത് എന്നും നാം മനസ്സിലാക്കുന്നു. (വാല്യം 1, പുറം 48-54). ഈ അറിവ് അനേകരെ സംബന്ധിച്ചിടത്തോളം അത്ഭുതകരവും അപ്രതീക്ഷിതവുമായിരിക്കും. ഈ അത്ഭുതത്തിലാണ് സിന്‍ എന്ന ജനകീയ ചരിത്രകാരന്റെയും അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെയും പ്രസക്തി. അധികാരത്തെ സാധൂകരിക്കാനോ അവരുടെ ചെയ്തികളെ ന്യായീകരിക്കാനോ മഹത്വവല്‍ക്കരിക്കാനോ അല്ല അദ്ദേഹം ചരിത്രമെഴുതുന്നത്. മറിച്ച് ബോധപൂര്‍വം ഒഴിവാക്കപ്പെട്ടവരുടെ ജീവിതങ്ങളെയും സ്വപ്നങ്ങളെയും സമരങ്ങളെയും ചരിത്രത്തിന്റെ താളുകളിലേക്ക് പറിച്ചുനടാനാണ്. സിന്‍ രചിച്ച ഗ്രന്ഥം മലയാളത്തിലെത്തിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. ഇന്ത്യയില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഉദ്ഘാടനംചെയ്യപ്പെട്ട ആഗോളവല്‍ക്കരണ പ്രവണത സത്യത്തില്‍ അമേരിക്കയുടെ പുതിയ കോളനിവല്‍ക്കരണ താല്‍പ്പര്യങ്ങള്‍ക്കു കീഴടങ്ങലാണ്. കോര്‍പറേറ്റ് സംസ്കാരം ഇന്ത്യന്‍ ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് എല്ലാ മേഖലകളിലും. നമ്മുടെ സംസ്കാരികപൈതൃകം അമൂല്യമായി കരുതിയിരുന്ന വിവാഹം, കുടുംബം, മനുഷ്യകൂട്ടായ്മകള്‍, സംവാദകത്വം, ചെറുത്തുനില്‍പ്പ് തുടങ്ങിയവപോലും ഈ ദൂഷിത വലയത്തില്‍പ്പെട്ടിരിക്കുന്നു.

ഇത് അമേരിക്കന്‍ ഇറക്കുമതിയാണ്. കമ്പോളത്തിലെ ഉദാര മനോഭാവവും തുറന്നുകൊടുക്കലുംവഴി അവിടെനിന്നാണ് ഈ പ്രവണത തീരുവയില്ലാതെ ഇറക്കുമതിചെയ്തത്. ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന ശതകോടികളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കാത്തവണ്ണം അമേരിക്കവല്‍ക്കരണ വക്താക്കളുടെ ശബ്ദം ഉച്ചസ്ഥായിയിലാണ്. നിസ്സഹായ രാജ്യങ്ങളുടെ രക്ഷകന്‍ (കുവൈത്ത്), ലോകനീതിയുടെ കാവല്‍ക്കാരന്‍ (ഇറാന്‍), ജനാധിപത്യത്തിന്റെ സംരക്ഷകന്‍ (അഫ്ഗാനിസ്ഥാന്‍) എന്നെല്ലാം വീമ്പിളക്കുന്നവന്റെ നാട്ടില്‍ പക്ഷേ, അമരിന്ത്യക്കാരന്റെയും കറുത്തവന്റെയും ഇസ്ളാമിക ന്യൂനപക്ഷത്തിന്റെയും സ്ത്രീകളുടെയും രക്തത്തിന്റെയും സഹനത്തിന്റെയും മുകളില്‍ക്കയറി നിന്നാണ് ഇതു പറയുന്നത്. ഇത്തരം വിഷയങ്ങളിലെ അമേരിക്കന്‍ശ്രദ്ധ അവരുടെ ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. ദേശീയതാല്‍പ്പര്യം എന്നാല്‍, കോര്‍പറേറ്റുകളുടേതാണ്. യുദ്ധവും യുദ്ധാനന്തര പുനര്‍നിര്‍മാണവും ഉദാഹരണം. അമേരിക്കവല്‍ക്കരണത്തില്‍ മുന്‍ പിന്‍ നോക്കാതെ മുന്നേറുന്ന നമ്മെ ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കേണ്ടതാണ്.

ഹവാര്‍ഡ് സിന്നിന്റെ ബൃഹത്തായ മൂലഗ്രന്ഥം മലയാളത്തില്‍ മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1999 വരെയുള്ള (2005 വരെയുള്ള പരിഷ്കരണം അടക്കം) ജനകീയ ചരിത്രം വിശദമായി അവതരിപ്പിക്കുന്ന ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത് (മലയാളം മൂന്നാം വാല്യം) അമേരിക്കന്‍ നിലപാടിന്റെ വിശകലനം അവതരിപ്പിക്കുന്നു. അമേരിക്കയുടെ എല്ലാ അവകാശവാദങ്ങളും വിലയിരുത്തലിനു വിധേയമാകുന്നു. അദ്ദേഹം പറയുന്നു: "രാജ്യത്തെ ഒരു ശതമാനംപേര്‍ മൊത്തം സമ്പത്തിന്റെ മൂന്നിലൊന്നു കൈയടക്കിയിരിക്കുന്നു. ശേഷിക്കുന്ന സമ്പത്ത് 99 ശതമാനംപേര്‍ക്കിടയില്‍ പരസ്പരം ശത്രുത വളര്‍ത്തുംവിധം വിതരണംചെയ്യപ്പെട്ടിരിക്കുന്നു. ചെറിയ സ്വത്തുടമകള്‍ സ്വത്തില്ലാത്തവര്‍ക്കെതിരെയും, കറുത്തവര്‍ വെള്ളക്കാര്‍ക്കെതിരെയും, സ്വദേശജാതന്‍ വിദേശജാതനെതിരെയും, ബുദ്ധിജീവികളും പ്രൊഫഷണലുകളും വിദ്യാവിഹീനര്‍ക്കും അവിദഗ്ധര്‍ക്കും എതിരെയും പോരാടുന്നു. വളരെ സമ്പന്നമായ ഒരു രാഷ്ട്രത്തിലെ, അവശിഷ്ടങ്ങള്‍ പങ്കിടുന്നവര്‍മാത്രമാണ് തങ്ങളെന്ന, അവര്‍ക്കെല്ലാവര്‍ക്കും ബാധകമായ യാഥാര്‍ഥ്യം മറയ്ക്കപ്പെടത്തക്കവിധം ഇവര്‍ പരസ്പരം എതിര്‍ക്കുകയും പരസ്പരം പോരാടുകയുംചെയ്യുന്നു.'' (പുറം 352). ഇവിടെയൊരു പൊട്ടിത്തെറി ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. ഈ "വ്യവസ്ഥയുടെ തടവുകാര്‍ മുമ്പെന്നത്തെയുംപോലെ പ്രതീക്ഷിക്കാത്ത രീതിയിലും പ്രവചിക്കാനാവാത്ത സമയത്തും കലാപമുയര്‍ത്തും'' (പുറം 364). "കോര്‍പറേറ്റ് സമ്പത്തിനാലും സൈനികശക്തിയാലും കാലഹരണപ്പെട്ട രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാലും നിയന്ത്രിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഭയാകുലരായ യാഥാസ്ഥിതികര്‍ ഒരിക്കല്‍ പറഞ്ഞതുപോലെ 'സ്ഥിരമായ എതിര്‍പ്പിന്റെ സംസ്കാരം' എന്നുവിളിക്കുന്ന, വര്‍ത്തമാനത്തെ വെല്ലുവിളിക്കുന്ന, പുതിയ ഭാവി ആഗ്രഹിക്കുന്ന, ഒന്ന് നിലനില്‍ക്കുന്നുണ്ട്'' (പുറം 382-3). ഇതാണ് അദ്ദേഹത്തിന്റെ പ്രത്യാശ.

ഗ്രന്ഥത്തിന്റെ അവസാനം കൊടുത്ത ഷെല്ലിയുടെ കവിത ഉദ്ധരിക്കട്ടെ:

എഴുന്നേല്‍ക്കുവിന്‍, നിദ്രവിട്ട സിംഹങ്ങളെപ്പോല്‍
അജയ്യമാം സംഘബലത്തോടെ
ഉറക്കത്തില്‍ പതിച്ച
ഹിമകണങ്ങളെപ്പോല്‍
കുടഞ്ഞെറിയൂ ചങ്ങലകള്‍
നിങ്ങളസംഖ്യ, മവരോ കുറച്ചും.

യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത ദേശാഭിമാനി സണ്ഡേ സപ്ലിമെന്റ്

1 comment:

  1. ചരിത്രം കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് ചരിത്രകാരന്റെ കാഴ്ചപ്പാട് രചനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. സംഭവങ്ങള്‍, പ്രതിഭാസങ്ങള്‍, വസ്തുക്കള്‍ എന്നിവയോട് പ്രധാനമായും രണ്ടു സമീപനങ്ങളാണ് സാധ്യം. ഒന്നാമത്, അധികാരിവര്‍ഗത്തിന്റെ കാഴ്ചപ്പാടും അതിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനവും. രണ്ടാമത്, അധികാരത്തിനുപുറത്തുള്ളവരുടെ, അഥവാ അതിനു കീഴടങ്ങേണ്ടിവരുന്നവരുടെ സമീപനം. ചരിത്രരചനകളില്‍ ഭൂരിഭാഗവും അധികാരിവര്‍ഗത്തിന്റെ കാഴ്ചപ്പാടിലാണ്. അവയില്‍ ജനവികാരമോ ജീവിതസമരമോ ആയിരിക്കില്ല പ്രധാനമായും ഉണ്ടാവുക

    ReplyDelete