Wednesday, February 10, 2010

സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

ശ്രേയാംസ് കൈയേറിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു. ബത്തേരി താലൂക്കില്‍ കൃഷ്ണഗിരി വില്ലേജിലെ റീസര്‍വേ നമ്പര്‍ 701/3ല്‍പ്പെട്ട 16.75 ഏക്കര്‍ സ്ഥലമാണ് കലക്ടര്‍ ടി ഭാസ്ക്കരന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പകല്‍ പത്തരയോടെ പിടിച്ചെടുത്തത്. സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. ഈ ഭൂമിയില്‍ അവകാശം സ്ഥാപിച്ച ആദിവാസികളെ ബലം പ്രയോഗിച്ച് പൊലീസ് നീക്കുകയും ചെയ്തു. ഇതിനിടെ, തിങ്കളാഴ്ച വൈകീട്ട് ഹാരിസണ്‍ മലയാളം കമ്പനി(എച്ച്എംഎല്‍)യുടെ ചുണ്ടേല്‍ എസ്റ്റേറ്റിലെ ഭൂമിയില്‍ ആദിവാസികളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും പ്രവേശിച്ചു. എസ്റ്റേറ്റിലെ അഞ്ച് ഡിവിഷനിലായി ഇരുന്നൂറോളം കുടുംബങ്ങളാണ് എത്തിയത്. ഒരോ കുടുംബത്തിനും 10 സെന്റ് വീതം അളന്ന് നല്‍കി. ഇവിടെ അവകാശം സ്ഥാപിച്ച 11 കുടുംബങ്ങളെ ചൊവ്വാഴ്ച ഒഴിപ്പിച്ചു. വെള്ളാരംകുന്നില്‍ ജോര്‍ജ് പോത്തന്‍ അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയില്‍സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ചൊവാഴ്ച അവിടേക്ക് കൂടുതല്‍ ആദിവാസികളെത്തി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2008 ഫെബ്രുവരി 15നു നല്‍കിയ ഉത്തരവ് പ്രകാരമാണ് കൃഷ്ണഗിരിയിലെ ഭൂമി തിരിച്ചുപിടിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ശ്രേയാംസിന്റെ പക്കലില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. എത്രയുംവേഗം ആദിവാസികള്‍ക്ക് വിതരണം ചെയ്യേണ്ട സ്ഥലമാണിതെന്നും കോടതി ഉത്തരവിലുണ്ട്. 2005 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശ്രേയാംസ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് . ഈ ഭൂമി പിടിച്ചെടുക്കണമെന്ന് നിരവധി തവണ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അവസാനമായി 2007 സപ്തംബര്‍ ഒമ്പതിനും ഉത്തരവിറങ്ങി. ഈ ഭൂമി പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ശ്രേയാംസ് നല്‍കിയ ഹര്‍ജി നിരസിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനാണ് സര്‍ക്കാരിനു വേണ്ടി ഉത്തരവിറക്കിയത്. കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ ഈ ഉത്തരവുകളെല്ലാം മരവിപ്പിക്കുകയായിരുന്നു. ഈ ഭൂമിക്ക് വര്‍ഷങ്ങളായി നികുതി സ്വീകരിക്കുന്നില്ലെന്ന് കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ പറഞ്ഞു. ഇവിടത്തെ ആദായവും ശ്രേയാംസ്കുമാറാണ് എടുക്കുന്നത്. കോഴിക്കോട്-കൊല്ലഗല്‍ 212 ദേശീയപാതയില്‍ വരുന്ന ഈ കാപ്പിത്തോട്ടത്തിന് ഏക്കറിന് 50 ലക്ഷം രൂപ മതിക്കും. എട്ട് കോടി രൂപയിലേറെ വിലവരുന്ന സര്‍ക്കാര്‍ ഭൂമി ശ്രേയാംസ് കൈയേറിയത് 'ദേശാഭിമാനി'യാണ് പുറത്തുകൊണ്ടുവന്നത്.
(പി സുരേശന്‍)

വയനാട്ടിലെ കൈയേറ്റത്തിന് പിന്തുണയുമായി യുഡിഎഫ്

എം പി വീരേന്ദ്രകുമാറിനും മകന്‍ ശ്രേയാംസ്കുമാറിനും വയനാട്ടില്‍ ഭൂമി പിടിച്ചുകൊടുക്കാനുള്ള ദൌത്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ്. സര്‍ക്കാരിന്റെ 17 ഏക്കര്‍ ഭൂമിയില്‍ ആദിവാസികള്‍ പ്രവേശിച്ചതില്‍ ശ്രേയാംസ്കുമാറിനൊപ്പം വെപ്രാളപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് കേരളം കാണുന്നത്. ഭൂമി സര്‍ക്കാരിന്റേതെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ സമ്മതിച്ചവര്‍തന്നെ വയനാട്ടിലെ 'നിയമലംഘന'ത്തെച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കുന്നു. സംസ്ഥാനരാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയ ഭൂപ്രശ്നത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന് വയനാട് മറ്റൊരു ഉദാഹരണമായി.

യുഡിഎഫില്‍ ചേര്‍ന്ന വീരേന്ദ്രകുമാറിനും അവര്‍വഴി വരുതിയിലായ മാതൃഭൂമി പത്രത്തിനും വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ അതിരും വിട്ടാണ് പെരുമാറുന്നത്. ശ്രേയാംസ്കുമാറിന് ഭൂമി വീണ്ടെടുത്ത് കൊടുക്കാന്‍ സേന രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രഖ്യാപനം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും യുഡിഎഫ് കവീനറും ഇതര യുഡിഎഫ് നേതാക്കളും കൈയേറ്റക്കാരെ ന്യായീകരിക്കാന്‍ മത്സരിക്കുന്നു. വെള്ളിയാഴ്ച യുഡിഎഫ് നേതൃയോഗം വയനാട്ടില്‍ ചേരുകയുമാണ്. മൂന്നാറില്‍ യുഡിഎഫ് നേതാക്കള്‍ ഒറ്റയ്ക്കൊറ്റക്കാണ് പോയത്. അവിടെ ഭൂമി വീണ്ടെടുക്കുന്നില്ലെന്നും സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ ആക്ഷേപിച്ചു. അതേസമയം, വയനാട്ടില്‍ അവര്‍ മലക്കംമറിഞ്ഞു. തന്റെ കാപ്പിത്തോട്ടം കൈയേറിയെന്ന ശ്രേയാംസ്കുമാറിന്റെ പരാതി ഏറ്റുചൊല്ലുകയാണ് കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വം.

സുല്‍ത്താന്‍ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേനമ്പര്‍ 764-രണ്ടില്‍പ്പെട്ട 16.75 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റേതാണെന്ന് സിപിഐ എം ഒരു ദിവസം പ്രഖ്യാപിച്ചതല്ല. സര്‍ക്കാര്‍രേഖകള്‍ അത് ശരിവയ്ക്കുന്നു. താന്‍ കൊച്ചുകുഞ്ഞായിരിക്കെ അച്ഛന്‍ വീരേന്ദ്രകുമാര്‍ സമ്മാനിച്ചതാണെന്ന് ഈ ഭൂമി യെന്ന് ശ്രേയാംസ്കുമാര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഉടമസ്ഥനെന്ന് വാദിക്കുന്ന ആള്‍ ഭൂനികുതി അടയ്ക്കുന്നില്ല. മാത്രമല്ല, പിതാമഹന്മാര്‍വഴി തന്നില്‍ വന്നുചേര്‍ന്നതെന്നു പറയുന്ന ഭൂമി പതിച്ചുതരണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി സര്‍ക്കാരിന് നിവേദനം നല്‍കിക്കൊണ്ടിരുന്നു. ഭൂമി കുടുംബവകയെങ്കില്‍ പതിച്ചുതരണമെന്ന അപേക്ഷയുമായി സുല്‍ത്താന്‍ബത്തേരിമുതല്‍ തിരുവനന്തപുരംവരെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പലവട്ടം കയറിയിറങ്ങിയത് എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. ശ്രേയാംസ്കുമാറിന്റെ അധീനതയില്‍ 62.23 ഏക്കര്‍ സര്‍ക്കാര്‍ കരഭൂമിയുണ്ടെന്ന് റവന്യൂ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ ഭൂമിയില്‍ കെട്ടിടം പണിത് വാടകയ്ക്ക് കൊടുത്തതായും റവന്യൂ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ ഭൂമിയില്‍ 16.75 ഏക്കര്‍ പതിച്ചുനല്‍കണമെന്ന ശ്രേയാംസ്കുമാറിന്റെ ആവശ്യം തള്ളി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ 2008ല്‍ ഉത്തരവിട്ടു. സമതലങ്ങളില്‍ പരമാവധി 50 സെന്റും മലയോരത്ത് ഒരേക്കറും ഭൂമി പതിച്ചുനല്‍കാനേ 1964ലെ ഭൂമിപതിവുചട്ടം 15 ഉപചട്ടം ഒന്ന്-ബി അനുശാസിക്കുന്നുള്ളൂ എന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ കൂടുതലുള്ള ഭൂമി കൈവശക്കാരന്‍ തിരിച്ചേല്‍പ്പിക്കണമെന്നും ഇതിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭൂമി കൈവശപ്പെടുത്താനുള്ള നീക്കം തടഞ്ഞ ഉത്തരവ് ഹൈക്കോടതി പിന്നീട് ശരിവച്ചു. ഇത് മറച്ചുപിടിച്ചാണ് ശ്രേയാംസ്കുമാറിന്റെ സ്വകാര്യസ്വത്ത് പോയെന്ന പ്രചാരണം.

ശ്രേയാംസ് ഭൂമി കൈയേറിയെങ്കില്‍ ഏറ്റെടുക്കാമെന്ന് ഉമ്മന്‍ചാണ്ടി

എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ സര്‍ക്കാര്‍ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് അത് ഏറ്റെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. നിയമവിരുദ്ധമായി ആരുടെ കൈയില്‍ ഭൂമിയുണ്ടെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് തങ്ങളുടെ നിലപാട്. വയനാട് കലക്ടര്‍ കൃഷ്ണഗിരിയില്‍ സ്വീകരിക്കുന്ന നടപടിയെ എതിര്‍ക്കില്ല. എന്നാല്‍, അത് നിയമപരവും സുതാര്യവും ആയിരിക്കണമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസികളെ ഉപയോഗിച്ച് നിയമം കൈയിലെടുക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. 1942 മുതല്‍ ശ്രേയാംസ്കുമാറിന്റെ കുടുംബം കൈവശംവച്ചിരിക്കുന്ന ഭൂമിയാണ് ഇത്. ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരിക്കെ നിയമസഭയില്‍ ഈ ഭൂമിയെപ്പറ്റിയുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നു. ടാറ്റ നിര്‍മിച്ച ഡാം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ യുഡിഎഫ് പിന്തുണയ്ക്കും. മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണം. സിപിഐ എമ്മില്‍നിന്ന് രാജിവച്ച മുന്‍ എംപിമാരെ കോണ്‍ഗ്രസില്‍ എടുക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വയനാട്ടില്‍ ഭൂസമരം ശക്തമാകുന്നു

കലക്ടറുടെ ഒഴിപ്പിക്കല്‍ ഭീഷണിയെയും യുഡിഎഫിന്റെ ദുഷ്പ്രചരണത്തെയും അതിജീവിച്ച് വയനാട്ടില്‍ ആദിവാസി സമരം കത്തിപ്പടരുന്നു. ഹാരിസ മലയാളം കമ്പനി (എച്ച്എംഎല്‍)കൈയേറിയ ഭൂമിയിലും ആദിവാസികള്‍ അവകാശം സ്ഥാപിച്ചതോടെ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കെഎസ്കെടിയുവിന്റെ പിന്തുണയോടെ ഭൂരഹിത കര്‍ഷകത്തൊഴിലാളികളും ആദിവാസി ക്ഷേമസമിതി(എകെഎസ്)യുടെ നേതൃത്വത്തില്‍ ആദിവാസികളും ഒന്നിച്ചാണ് ഹാരിസ ഭൂമിയില്‍ പ്രവേശിച്ചത്. എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ജോര്‍ജ് പോത്തന്‍ എന്നിവര്‍ കൈയേറിയ ഭൂമികളില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചിരുന്നു. ശ്രേയാംസ്കുമാര്‍ കൈവശം വച്ചിരുന്ന കൃഷ്ണഗിരിയിലെ ഭൂമിയില്‍ നിന്ന് ആദിവാസികളെ ഒഴിപ്പിക്കാന്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് ചൊവാഴ്ച കലക്ടര്‍ ടി ഭാസ്രന്‍ എത്തിയത്. ആദിവാസി കുടുംബങ്ങളിലുള്ളവര്‍ ജോലിക്കു പോയ സമയത്തായിരുന്നു ബലം പ്രയോഗിച്ച് നീക്കിയത്. സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അവസാനംവരെ ചെറുത്തുനിന്നു. സമരസഹായ സമിതി പ്രവര്‍ത്തകരും ഒഴിപ്പിക്കല്‍ തടയാനെത്തിയിരുന്നു. ആദിവാസികള്‍ക്ക് പതിച്ച് നല്‍കാനുള്ള സര്‍ക്കാര്‍ സ്ഥലമെന്ന ബോര്‍ഡ് വെപ്പിച്ച ശേഷമാണ് ഇവര്‍ കീഴടങ്ങിയത്. ആദിവാസികള്‍ അവകാശം സ്ഥാപിച്ചപ്പോള്‍ മാത്രമാണ് ശ്രേയാംസ്കുമാര്‍ കൈയേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് കലക്ടര്‍ക്ക് ബോധോദയമുണ്ടായത്. കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവുണ്ടായിട്ടും ഇല്ലാത്ത നിയമപ്രശ്നം പറഞ്ഞ് ഭൂമി തിരിച്ചുപിടിക്കല്‍ കലക്ടര്‍ വൈകിപ്പിക്കുകയായിരുന്നു. ജോര്‍ജ് പോത്തന്‍ കൈയേറിയ വെള്ളാരംകുന്ന് മിച്ചഭൂമിയില്‍സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ചൊവാഴ്ച അവകാശം സ്ഥാപിക്കാന്‍ കൂടുതല്‍ ആദിവാസികളെത്തി. സമരത്തെ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പി രാമയ്യ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

ആദിവാസി അവകാശസമരം വിജയിപ്പിക്കുക: സിപിഐ എം

മണ്ണിനുവേണ്ടി വയനാട്ടില്‍ ആദിവാസികള്‍ നടത്തുന്ന അവകാശ സമരം വിജയിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. മൂന്നാറിലും വയനാട്ടിലുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിടക്കാര്‍ കൈയേറിയ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. ഇതു നടപ്പാക്കുന്നതിനാണ് വയനാട്ടിലെ ആദിവാസികള്‍ അവര്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ സമരം തുടങ്ങിയിരിക്കുന്നത്. വയനാട്ടില്‍ സര്‍ക്കാര്‍ഭൂമി കൈയേറിയവരില്‍ എം പി വീരേന്ദ്രകുമാറും മകന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് പോത്തനും ഉള്‍പ്പടെയുള്ള പ്രമാണിമാരും ഹാരിസ അടക്കമുള്ള കമ്പനികളുമുണ്ട്. ശ്രേയാംസ്കുമാറിന്റെ കൈവശമിരുന്ന ഭൂമി സര്‍ക്കാരിന്റേതാണെന്നു പ്രഖ്യാപിച്ച് കലക്ടര്‍ ബോര്‍ഡ് സ്ഥാപിച്ചത് ആദിവാസികള്‍ തുടങ്ങിയ സമരത്തിന്റെ ആദ്യ വിജയമാണെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വീരേന്ദ്രകുമാറും മകനും സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശംവച്ചത് യുഡിഎഫ് ഭരണകാലത്ത് നിയമസഭയെ അറിയിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നടത്തിയ ചുവടുമാറ്റത്തിന് ലഭിച്ച പ്രഹരംകൂടിയാണ് കലക്ടറുടെ തീരുമാനം.

കൃഷ്ണഗിരി വില്ലേജിലെ 16.75 ഏക്കര്‍ ആദിവാസിഭൂമി ശ്രേയാംസ്കുമാര്‍ തട്ടിയെടുത്തതാണെന്ന് ആര്‍ഡിഒയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചതാണ്. ഭൂമി കൈയേറ്റക്കാരുടെ രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ക്ക് അനുസൃതമായി ആദിവാസികളുടെ ഭൂസമരത്തെ വിലയിരുത്തുന്ന ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും നിലപാട് ജനങ്ങള്‍ തിരിച്ചറിയണം. വന്‍കിട ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. തന്റെ കുടുംബത്തിന് 1000 ഏക്കര്‍ ഭൂമി കൈവശമുണ്ടെന്ന് വീരേന്ദ്രകുമാര്‍ പറയാറുണ്ട്. ഭൂമി പതിച്ചുനല്‍കല്‍ നിയമം ഭൂരഹിതര്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി നല്‍കാനുള്ളതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ഭൂമി കൈയേറ്റക്കാരില്‍നിന്ന് ഏറ്റെടുത്തിട്ടില്ലെന്നുമുള്ള യുഡിഎഫിന്റെ ആക്ഷേപത്തില്‍ കഴമ്പില്ല. ഈ സര്‍ക്കാര്‍ ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബത്തിന് 30,000 ഏക്കര്‍ ഭൂമി വിതരണംചെയ്തു. 12,000 ഏക്കര്‍ ഭൂമി മൂന്നാറില്‍ കൈയേറ്റക്കാരില്‍നിന്ന് തിരിച്ചുപിടിച്ചു. അത് ഭൂബാങ്കില്‍ നിക്ഷേപിച്ചു. ഭരണത്തിലിരിക്കുമ്പോള്‍ ഒരുതരി ഭൂമിപോലും കൈയേറ്റക്കാരില്‍നിന്ന് ഏറ്റെടുക്കാതെ അവര്‍ക്ക് സകല സഹായവും ചെയ്തുകൊടുത്ത കോണ്‍ഗ്രസും യുഡിഎഫും ഇപ്പോള്‍ വിമര്‍ശവുമായി രംഗത്തിറങ്ങിയത് അപഹാസ്യമാണ്. അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് മൂന്നാറിലുള്‍പ്പെടെ പട്ടയം നല്‍കണം. ആദിവാസികളുള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി കിട്ടണം. അതിനുവേണ്ടി വയനാട്ടില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കേരളീയ സമൂഹത്തിന്റെ പൊതു പിന്തുണ അര്‍ഹിക്കുന്നതാണ്. സമരത്തിന് എല്ലാ വിഭാഗം ജനങ്ങളും കലവറയില്ലാത്ത പിന്തുണ നല്‍കണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി അടിയന്തരമായി അര്‍ഹരായ ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യും: കലക്ടര്‍

കൃഷ്ണഗിരി എസ്റ്റേറ്റില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഈ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ കുറേക്കാലമായി നടക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഏറ്റെടുക്കല്‍. ജില്ലയില്‍ പലയിടത്തും സ്വകാര്യ ഭൂമികളില്‍ ചിലര്‍ കൈയേറ്റം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് ക്രമസമാധാന പ്രശ്നമാണ്. അത് പൊലീസ് നോക്കിക്കൊള്ളും. ജില്ലാ ഭരണകൂടത്തിന് അതില്‍ ഇടപെടാനാവില്ല. ഹാരിസ മലയാളത്തിന് പലയിടത്തും ഭൂമിയുള്ളതില്‍ കൂടുതലുള്ളത് വയനാട്ടിലാണ്. ഇതില്‍ വൈത്തിരി താലൂക്കില്‍പ്പെട്ട ഭൂമി സബ് കലക്ടര്‍ മാനന്തവാടിയായി നോട്ടിഫൈ ചെയ്തിരിക്കയാണ്. ഇത് സംബന്ധിച്ച കേസ് കോടതിയിലാണ്. വയനാട്ടിലെ പ്രധാന പ്രശ്നം ഭൂമിയാണ്. ഒളിച്ചുവയ്ക്കപ്പെട്ട നിരവധി ഭൂമി ജില്ലയിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരോന്നായി പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ തയ്യാറാക്കിയതിനു പുറമെ 3000 ആധാരം കൂടി തയ്യാറാക്കിക്കഴിഞ്ഞു. ഉദ്യോഗസ്ഥന്മാര്‍ക്ക് ധാരണയില്ലെന്ന് കരുതി ജില്ലയില്‍ പലരും മിച്ചഭൂമി കൈയേറിയിട്ടുണ്ട്.

ഭൂസമരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് അപലപനീയം : എല്‍ഡിഎഫ്

ആദിവാസി ഭൂസമരത്തില്‍ യുഡിഎഫ് രാഷ്ട്രീയം കലര്‍ത്തുന്നത് അപലപനീയമാണെന്ന് എല്‍ഡിഎഫ് ജില്ലാ കവീനര്‍ കെ വി മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതിന് എകെഎസ് നേതൃത്വത്തില്‍ നടത്തുന്ന സമരം രാഷ്ട്രീയ പാര്‍ടികള്‍ക്കോ, വ്യക്തികള്‍ക്കോ എതിരെയുള്ളതല്ല. ആദിവാസികളുടെ ഭൂമിയുടെ അവകാശമാണ് പ്രശ്നം. കൃഷ്ണഗിരിയില്‍ എകെഎസിന്റെ നേതൃത്വത്തില്‍ അവകാശം സ്ഥാപിച്ചത് അവര്‍ക്ക് അവകാശപ്പെട്ട ഭൂമിയിലാണ്. ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമി കൈയേറിയവരെ വെള്ള പൂശാനുള്ള യുഡിഎഫ് ശ്രമം പരിഹാസ്യമാണ്. കൃഷ്ണഗിരിയിലും വെള്ളാരംകുന്നിലും സര്‍ക്കാര്‍ ഭൂമി യുഡിഎഫ് നേതാക്കള്‍ അനധികൃതമായി കൈവശം വെക്കുന്നത് ന്യായീകരിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് നടത്തുന്നത്. വെള്ളാരംകുന്നിലെ മിച്ചഭൂമിയിലേക്ക് കഴിഞ്ഞ വര്‍ഷം എഐസിസി അംഗം കെ കെ രാമചന്ദ്രന്റെ നേതൃത്വത്തി സര്‍ക്കാറിന്റെതെന്ന് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ഭൂമിയിലാണ് ആദിവാസികള്‍ അവകാശം സ്ഥാപിച്ചത്.ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും എല്‍ഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്നും കെ വി മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 100210

1 comment:

  1. കല്‍പ്പറ്റ: വയനാട്ടില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു. ബത്തേരി താലൂക്കില്‍ കൃഷ്ണഗിരി വില്ലേജിലെ റീസര്‍വേ നമ്പര്‍ 701/3ല്‍പ്പെട്ട 16.75 ഏക്കര്‍ സ്ഥലമാണ് കലക്ടര്‍ ടി ഭാസ്ക്കരന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പകല്‍ പത്തരയോടെ പിടിച്ചെടുത്തത്. സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. ഈ ഭൂമിയില്‍ അവകാശം സ്ഥാപിച്ച ആദിവാസികളെ ബലം പ്രയോഗിച്ച് പൊലീസ് നീക്കുകയും ചെയ്തു. ഇതിനിടെ, തിങ്കളാഴ്ച വൈകീട്ട് ഹാരിസണ്‍ മലയാളം കമ്പനി(എച്ച്എംഎല്‍)യുടെ ചുണ്ടേല്‍ എസ്റ്റേറ്റിലെ ഭൂമിയില്‍ ആദിവാസികളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും പ്രവേശിച്ചു. എസ്റ്റേറ്റിലെ അഞ്ച് ഡിവിഷനിലായി ഇരുന്നൂറോളം കുടുംബങ്ങളാണ് എത്തിയത്. ഒരോ കുടുംബത്തിനും 10 സെന്റ് വീതം അളന്ന് നല്‍കി. ഇവിടെ അവകാശം സ്ഥാപിച്ച 11 കുടുംബങ്ങളെ ചൊവ്വാഴ്ച ഒഴിപ്പിച്ചു. വെള്ളാരംകുന്നില്‍ ജോര്‍ജ് പോത്തന്‍ അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയില്‍സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ചൊവാഴ്ച അവിടേക്ക് കൂടുതല്‍ ആദിവാസികളെത്തി.

    ReplyDelete