Tuesday, February 2, 2010

മൂന്നാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം

മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരുതരത്തിലും പകരംവയ്ക്കാന്‍ കഴിയാത്ത അമൂല്യമായ പ്രകൃതിസമ്പത്താണ് ഭൂമി. മൂന്നാറാണെങ്കില്‍ പ്രകൃതിയാല്‍ അനുഗൃഹീതമായ പ്രദേശമാണ്. സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും നിയന്ത്രണത്തിലുള്ള ഭൂമി കൈയേറി റിസോര്‍ട്ടും മറ്റും സ്ഥാപിക്കുന്ന വന്‍ സംഘങ്ങള്‍ കുറെക്കാലമായി ഇവിടെ സജീവമാണ്. മൂന്നാറിന്റെ ജീവിതവുമായി ഏറെക്കാലത്തെ ബന്ധമുള്ള ടാറ്റയും കൈയേറ്റം നടത്തുകയും തങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന മട്ടില്‍ അനധികൃതമായി തടയണ നിര്‍മിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശനമായ സമീപനമാണ് സ്വീകരിച്ചത്. മൂന്നാറിലെ ഭൂപ്രശ്നത്തെ കുറിച്ച് സിപിഐ എമ്മും എല്‍ഡിഎഫും ചര്‍ച്ചചെയ്യുകയും കര്‍ശന സമീപനം സ്വീകരിക്കുകയുംചെയ്തു. പാവപ്പെട്ട കര്‍ഷകരുടെ ചെലവില്‍ വന്‍കിടക്കാര്‍ രക്ഷപ്പെടാതിരിക്കുന്നതിനുള്ള മൂര്‍ത്തമായ നിലപാടാണ് ഇതിലൂടെ അംഗീകരിച്ചത്. അതോടൊപ്പം പാവപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ രീതിയില്‍ പട്ടയം നല്‍കുകയും വേണം. 1977 നു മുമ്പുള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും അതിനുശേഷം മൂന്നാര്‍ ഓപ്പറേഷന്‍ തുടങ്ങുന്നതുവരെയുള്ളവരില്‍ അര്‍ഹരായവര്‍ക്കും പട്ടയം നല്‍കണമെന്നതാണ് എല്‍ഡിഎഫിന്റെ പൊതുനിലപാട്. തലമുറകളായി ഇവിടെ കൃഷിചെയ്തു ജിവിക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. രാജഭരണകാലം മുതല്‍ ജീവിക്കുന്നവര്‍വരെ കുടിയിറക്കു ഭീഷണിയിലായിരുന്നു.

മൂന്നാര്‍ ഓപ്പറേഷന്റെ യഥാര്‍ഥ ലക്ഷ്യം അട്ടിമറിക്കുന്നതിനു ചിലര്‍ നടത്തിയ നീക്കങ്ങളാണ് പ്രശ്നം വഷളാക്കിയത്. മൂന്നാര്‍ ഓപ്പറേഷന്‍ തുടങ്ങിയതിനുശേഷവും കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ വന്‍കിടയെന്നോ ചെറുകിടയെന്നോ വ്യത്യാസം നോക്കേണ്ടതില്ല. ഇത്തരക്കാരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണം. അതിനാവശ്യമായ പഴുതില്ലാത്ത ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അതോടൊപ്പം മൂന്നാര്‍ ടൌണ്‍ഷിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും വേണം. എല്‍ഡിഎഫ് സ്വീകരിച്ച ഈ നിലപാടിനു കേരളീയ സമൂഹത്തിന്റെ പൊതുപിന്തുണയാണ് ലഭിച്ചിട്ടുള്ളത്. മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയുംചെയ്തു. മൂന്നാറില്‍ ടാറ്റ നിര്‍മിച്ച രണ്ടു ഡാമും അനധികൃതമാണെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു. കോടികള്‍ മുടക്കി ഡാം നിര്‍മിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയാതെയാകാന്‍ തരമില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകണം.

മൂന്നാറിനെക്കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഇപ്പോള്‍ അവിടെ ടാറ്റയ്ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരുതരത്തിലും തടയണ പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ മൂന്നാറിലെ പ്രധാന നേതാവും മുന്‍എംഎല്‍എയുമായ എ കെ മണി പറയുന്നത്. യഥാര്‍ഥത്തില്‍ യുഡിഎഫാണ് ടാറ്റയ്ക്കും മറ്റു വന്‍കിട കൈയേറ്റക്കാര്‍ക്കും എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്തത്. മൂന്നാര്‍ പ്രശ്നത്തിലുള്ള കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് മണിയുടെ പ്രസ്താവനയില്‍ തെളിയുന്നത്.

എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ നിശ്ചയിച്ച നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനു കഴിയണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 12,000 ഏക്കര്‍ ഭൂമിയാണ് മൂന്നാറില്‍ കയ്യേറ്റക്കാരില്‍നിന്നും തിരിച്ചുപിടിച്ചത്. അതു ഭൂബാങ്കില്‍ നിക്ഷേപിക്കുകയുംചെയ്തു. ഒരുതരി ഭൂമിപോലും ഏറ്റെടുക്കാതെ, ഭരണത്തില്‍ ഇരിക്കുമ്പോള്‍ കൈയേറ്റക്കാര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴാണ് കേരളത്തിന്റെ കണ്ണായ സ്ഥലത്തെല്ലാം വന്‍കിടക്കാന്‍ കൈയേറ്റം നടത്തിയത്. അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനായി 28,850 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. അടിയന്തരമായി അത് വിതരണംചെയ്ത് കുടിയേറ്റപ്രശ്നം പരിഹരിക്കണം. നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിനായി വനംവകുപ്പ് ഏറ്റെടുത്ത ഭൂമിയിലെ കൃഷിക്കാരുടെ പ്രശ്നത്തിനും പരിഹാരം ഉടന്‍ കാണണം. പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സൂക്ഷ്മതയോടെ മാത്രമേ നടത്താവൂ. വര്‍ഷങ്ങളായുള്ള ജനജീവിതത്തിന്റെ ഭാഗമായി നഗരങ്ങളായി വികസിച്ച പ്രദേശങ്ങള്‍ വനപ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന നടപടികള്‍ ഉണ്ടാകരുത്.

സര്‍ക്കാര്‍ ഉറച്ച നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടുന്നതിനും വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനും മാധ്യമങ്ങളില്‍ ചിലര്‍ കുട്ടുനില്‍ക്കുന്നെന്ന ആരോപണം ഗൌരവമുള്ളതാണ്. സര്‍ക്കാരിലും മുന്നണിയിലും ആശയക്കുഴപ്പമെന്ന് വരുത്തിത്തീര്‍ക്കുന്ന വാര്‍ത്തകള്‍മാത്രമേ നല്‍കാവൂ എന്ന നയം അംഗീകരിച്ച മാധ്യമങ്ങളും കൂട്ടത്തിലുണ്ട്. ഇടുക്കി ജില്ലയ്ക്ക് പുറത്തേക്കുള്ള പത്രത്തില്‍ എല്ലാവരെയും ഒഴിപ്പിക്കണമെന്ന് വാശിയോടെ എഴുതുന്നവര്‍ അവിടെ എത്തുമ്പോള്‍ കുടിയേറ്റക്കാരുടെ കണ്ണീര്‍ കാണുന്നതിന് സര്‍ക്കാരിനു കണ്ണില്ലേയെന്നു ചോദിക്കുകയുംചെയ്യും. ഇത്തരക്കാരാണ് നാടിനു ദോഷമുണ്ടാക്കുന്നത്. ഭൂമിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കണമെന്നൊന്നും ഇവര്‍ ആഗ്രഹിക്കുന്നില്ല. എങ്ങനെയെങ്കിലും വെള്ളം കലക്കി മീന്‍ പിടിക്കണമെന്നു മാത്രമേയുള്ളു. അവരുടെ പ്രചാരവേലയില്‍ ജനം കുരുങ്ങാതിരിക്കുന്നതിനു സഹായകരമായ രീതിയില്‍ സുതാര്യമായി കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിന് സര്‍ക്കാരിനു കഴിയണം

ദേശാഭിമാനി മുഖപ്രസംഗം 020210

1 comment:

  1. സര്‍ക്കാര്‍ ഉറച്ച നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടുന്നതിനും വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനും മാധ്യമങ്ങളില്‍ ചിലര്‍ കുട്ടുനില്‍ക്കുന്നെന്ന ആരോപണം ഗൌരവമുള്ളതാണ്. സര്‍ക്കാരിലും മുന്നണിയിലും ആശയക്കുഴപ്പമെന്ന് വരുത്തിത്തീര്‍ക്കുന്ന വാര്‍ത്തകള്‍മാത്രമേ നല്‍കാവൂ എന്ന നയം അംഗീകരിച്ച മാധ്യമങ്ങളും കൂട്ടത്തിലുണ്ട്. ഇടുക്കി ജില്ലയ്ക്ക് പുറത്തേക്കുള്ള പത്രത്തില്‍ എല്ലാവരെയും ഒഴിപ്പിക്കണമെന്ന് വാശിയോടെ എഴുതുന്നവര്‍ അവിടെ എത്തുമ്പോള്‍ കുടിയേറ്റക്കാരുടെ കണ്ണീര്‍ കാണുന്നതിന് സര്‍ക്കാരിനു കണ്ണില്ലേയെന്നു ചോദിക്കുകയുംചെയ്യും. ഇത്തരക്കാരാണ് നാടിനു ദോഷമുണ്ടാക്കുന്നത്. ഭൂമിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കണമെന്നൊന്നും ഇവര്‍ ആഗ്രഹിക്കുന്നില്ല. എങ്ങനെയെങ്കിലും വെള്ളം കലക്കി മീന്‍ പിടിക്കണമെന്നു മാത്രമേയുള്ളു. അവരുടെ പ്രചാരവേലയില്‍ ജനം കുരുങ്ങാതിരിക്കുന്നതിനു സഹായകരമായ രീതിയില്‍ സുതാര്യമായി കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിന് സര്‍ക്കാരിനു കഴിയണം.

    ReplyDelete