Thursday, February 4, 2010

എല്ലാവരുടെയും മുംബൈ

രാഷ്ട്രത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും നിലനില്‍പ്പിനെത്തന്നെയും ഭീഷണിപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് മുംബൈയില്‍ ഉണ്ടാകുന്നത്. മറാത്താ വികാരം ആളിക്കത്തിക്കാന്‍ ശിവസേന തുടക്കത്തില്‍ ആയുധമാക്കിയത് ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ നിലപാടായിരുന്നു. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മഹാനഗരത്തില്‍ ജീവിതം തേടിയെത്തിയ പാവപ്പെട്ട തമിഴരെയും മലയാളികളെയും തെലുങ്കരെയും കന്നഡിഗരെയും തെരുവില്‍ കൈകാര്യംചെയ്ത ആ ഫാസിസ്റ് അക്രമത്തിന് അന്ന് കൂട്ടുനിന്നത് സംഘപരിവാര്‍ ശക്തികള്‍ ആകെയാണ്. മണ്ണിന്റെ മക്കള്‍വാദവും തെരുവുതെമ്മാടിത്തവുമായി അഴിഞ്ഞാടിയ ശിവസേന ആദ്യം മുംബൈയിലെ സുശക്തമായ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തില്‍ വര്‍ഗീയതയുടെയും വംശീയതയുടെയും പ്രാദേശിക സങ്കുചിത്വത്തിന്റെയും വിഷബീജം കുത്തിവച്ചു. പിന്നെ അവിടത്തെ പുരോഗമനപരമായ എല്ലാറ്റിനെയും കടന്നാക്രമിച്ചു. മുംബൈ എന്ന പേരിനോട് ഭീകരതയുടെയും അധോലോക പ്രവര്‍ത്തനങ്ങളുടെയും ലജ്ജയില്ലാത്ത വര്‍ഗീയതയുടെയും കലാപങ്ങളുടെയും വിശേഷണങ്ങള്‍ ചേര്‍ത്തുവച്ചതില്‍ ശിവസേനയ്ക്കുള്ള പങ്ക് നിസ്സാരമല്ല. ആ ശിവസേന ആര്‍എസ്എസിന്റെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളുടെയും സഖ്യകക്ഷിയായാണ് ഒട്ടുമിക്ക സമയത്തും പ്രവര്‍ത്തിച്ചത്. സംഘപരിവാറിന്റെ ആശിര്‍വാദത്തോടെയാണ് ശിവസേനയുടെ കാടന്‍ പ്രവര്‍ത്തനം മുംബൈയില്‍ അരങ്ങേറിയതെന്നര്‍ഥം.

ഇന്ന് ശിവസേനയ്ക്ക് പഴയ പ്രതാപവും സ്വാധീനവുമില്ല. രണ്ടായി പിളര്‍ന്ന ആ സംഘടന ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാ സേനയുമായി വേറിട്ടുനിന്ന് മണ്ണിന്റെ മക്കള്‍വാദമുയര്‍ത്താന്‍ മത്സരിക്കുകയാണ്. 'മുംബൈ മറാത്തക്കാര്‍ക്കുമാത്രം' എന്ന നിലപാട് ഏറ്റവും മോശമായി എങ്ങനെ നടപ്പാക്കണം എന്നതിലാണ് ഇരുസംഘടനകളും മത്സരിക്കുന്നത്. മഹാരാഷ്ട്രയില്‍ ജോലിചെയ്യണമെങ്കില്‍ മറാത്ത മണ്ണില്‍ ജനിച്ചവരായിരിക്കണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ പറയുന്നു. മറാത്തി എഴുതാനും വായിക്കാനും അറിയുന്നത് മഹാരാഷ്ട്രയില്‍ ജോലിചെയ്യാനുള്ള യോഗ്യതയല്ലെന്നും മുംബൈയില്‍ ഉപജീവനം തേടണമെങ്കില്‍ ജന്മംകൊണ്ട് മറാത്തിയായിരിക്കണമെന്നുമാണ് മറയില്ലാതെ രാജ്താക്കറെ പ്രഖ്യാപിക്കുന്നത്. ഇതേ അഭിപ്രായം ശിവസേനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ദവ് താക്കറെയും മുന്നോട്ടുവയ്ക്കുന്നു. മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്നും രാജ്യത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും അവിടെ ജോലി ചെയ്യാമെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്തിന്റെ അഭിപ്രായത്തെ വിമര്‍ശിച്ച്, പ്രശ്നത്തില്‍ ആര്‍എസ്എസ് വ്യാകുലപ്പെടേണ്ടെന്നും രാഷ്ട്രസ്നേഹവും ഐക്യവും പഠിപ്പിക്കേണ്ടെന്നുമാണ് ഉദ്ദവിന്റെ പ്രതികരണം.

എല്ലാറ്റിനെയും കൈയൂക്കുകൊണ്ട് നേരിട്ടും സമൂഹത്തില്‍ സര്‍വാദരണീയരായ വ്യക്തിത്വങ്ങളെപ്പോലും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കിയും രാഷ്ട്രീയ അധികാരം പിടിച്ചുപറ്റാനുള്ള ഇത്തരം ശ്രമങ്ങള്‍ ഇക്കാലമത്രയും പ്രോത്സാഹിപ്പിച്ച സംഘപരിവാര്‍ ഇപ്പോള്‍ മറ്റൊരു സ്വരമുയര്‍ത്തുന്നത് പശ്ചാത്താപംകൊണ്ടോ തെറ്റുതിരുത്തലിന്റെ ഭാഗമായോ അല്ല. മറിച്ച്, ശിവസേനയുടെയും നവനിര്‍മാ സേനയുടെയും ആക്രമണത്തിന്റെ കുന്തമുന തിരിഞ്ഞിരിക്കുന്നത് ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ ആയതിനാലാണ്. ഹിന്ദി ഹൃദയഭൂമിയില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തില്‍ വിള്ളലുണ്ടാക്കുന്നതാണ് മുംബൈയിലെ അക്രമങ്ങളെന്ന് ആര്‍എസ്എസും ബിജെപിയും കരുതുന്നു. യുപിയിലും ബിഹാറിലും മറ്റും ഇക്കാരണത്താല്‍ ബിജെപിക്ക് പ്രത്യക്ഷത്തില്‍ത്തന്നെ തിരിച്ചടിയുണ്ടായി. അത് കൂടുതല്‍ രൂക്ഷമാകുന്നത് തടയാനാണ്, മുസ്ളിങ്ങള്‍ പാകിസ്ഥാനിലേക്കു പോകാന്‍ ആജ്ഞാപിച്ച അതേ നാവുകൊണ്ട് സര്‍വമത സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സൂക്തങ്ങള്‍ ബിജെപി നേതൃത്വം ഉരുവിടുന്നത്. ഭാഷയും വസ്ത്രവും വ്യത്യസ്തമാണെങ്കിലും ഇന്ത്യ ഒരു രാജ്യമാണെന്നാണ് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞിരിക്കുന്നത്.

സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഈ സമീപനത്തിനു പിന്നിലെങ്കിലും ബിജെപിപോലും ഇത്തരമൊരു പ്രസ്താവനയ്ക്ക് നിര്‍ബന്ധിതരായിരിക്കയാണ്. ഏതര്‍ഥത്തിലായാലും മുംബൈയിലേതുപോലുള്ള പ്രാദേശിക വാദങ്ങളും വംശീയമായ അതിക്രമങ്ങളും ഇന്ത്യയില്‍ അനുവദിച്ചുകൂടാ. അത് ഫാസിസത്തിന്റെ തികഞ്ഞ വകഭേദമാണ്. മുംബൈയില്‍ മറാത്ത വംശജനും കേരളത്തില്‍ മലയാളിയും തമിഴ്നാട്ടില്‍ തമിഴ് സംസാരിക്കുന്നവനും മാത്രം ജീവിച്ചാല്‍മതിയെങ്കില്‍ ഇന്ത്യക്കാരന്‍ എവിടെ ജീവിക്കും? ഭീകരപ്രവര്‍ത്തനമായി കണക്കാക്കി കര്‍ക്കശമായി നേരിടേണ്ട പ്രവണതയാണിത്. രാജ്യം ഭരിക്കുന്ന കോഗ്രസിന് ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദിത്തമുണ്ട്. മറാത്ത വികാരം എതിരാകുമെന്ന് ഭയപ്പെട്ട് കോഗ്രസ് സ്വീകരിച്ച അഴകൊഴമ്പന്‍ നയങ്ങളാണ് ശിവസേനയുടെയും എംഎന്‍എസിന്റെയും ഇന്നത്തെ ശൌര്യത്തിന് ഒരു പ്രധാന കാരണം എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. മുംബൈയെ ഇന്ത്യയുടെ ഹൃദയമായി കാണാനും അതല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും ശക്തമായ ജനവികാരം ഉയര്‍ന്നുവരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 040210

ഇറ്റാലിയന്‍ മമ്മിക്കുള്ളതല്ല മുംബൈയെന്ന് ശിവസേന

മുംബൈ: മുംബൈ വിവാദത്തില്‍ സോണിയ ഗാന്ധിയുടെ വിദേശപൌരത്വ പ്രശ്നമുയര്‍ത്തി എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കെതിരെ ശിവസേന. 'മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമായിരിക്കാം. എന്നാല്‍, അതെങ്ങനെയാണ് ഇറ്റാലിയന്‍ മമ്മിയുടേതാവുക'- ശിവസേന മുഖപത്രമായ 'സാംന'യിലെ ലേഖനത്തില്‍ ശിവസേന തലവന്‍ ബാല്‍ താക്കറെ ആരോപിക്കുന്നു. ആര്‍ക്കും കയറിയിറങ്ങാവുന്ന സത്രമല്ല മുംബൈ. മുംബൈ മറാത്തി ജനതയ്ക്കും മഹാരാഷ്ട്രയ്ക്കുമുള്ളതാണ്. ഈ സത്യത്തെ കൊലചെയ്യാന്‍ ഒരുമ്പെടുന്നവര്‍ മഹാരാഷ്ട്രയുടെ ആയുധങ്ങളെ നേരിടേണ്ടിവരുമെന്നും താക്കറെ ഭീഷണി മുഴക്കുന്നു. കോണ്‍ഗ്രസ്സിലെ യുവരാജാവ് നിരാശയിലാണെന്നും അതുകൊണ്ടാണ് മറാഠികളെ ആക്ഷേപിക്കുന്നതെന്നും പത്രം തുടര്‍ന്നു. മുംബൈ ആര്‍ക്കും വന്ന് തുപ്പിപ്പോകാവുന്ന ധര്‍മശാലയല്ലെന്നും താക്കറെ പറയുന്നു.

'ഹിന്ദുമുന്നണി'യില്‍ തര്‍ക്കം: മറാത്തവാദം ശക്തമാക്കി ശിവസേനയും എംഎന്‍എസും

ന്യൂഡല്‍ഹി: മണ്ണിന്റെ മക്കള്‍വാദം ശക്തമാക്കി മഹാരാഷ്ട്രയില്‍ നേട്ടമുണ്ടാക്കാന്‍ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാ സേനയും ശ്രമം ശക്തമാക്കി. ഇരു പാര്‍ടികളുടെയും നേതാക്കള്‍ തിങ്കളാഴ്ച കടുത്ത നിലപാടുമായാണ് രംഗത്തെത്തിയത്. അതിനിടെ പ്രശ്നത്തില്‍ 'മുംബൈ' ഹിന്ദു മുന്നണിയില്‍ തര്‍ക്കം രൂക്ഷമായി. 'മുംബൈ മറാത്തക്കാര്‍ക്ക് മാത്രം' എന്ന ശിവസേനാ നിലപാടിനെതിരെ ബിജെപി രംഗത്തുവന്നതോടെ ഇരുപാര്‍ടികളും തമ്മില്‍ ദശകങ്ങള്‍ നീണ്ട സഖ്യം പ്രതിസന്ധിയിലാണ്. മഹാരാഷ്ട്രയില്‍ ജോലിചെയ്യണമെങ്കില്‍ മറാത്ത മണ്ണില്‍ ജനിച്ചവരായിരിക്കണമെന്ന് തിങ്കളാഴ്ച എംഎന്‍എസ് നേതാവ് രാജ് താക്കറെ പറഞ്ഞു. മറാത്തി എഴുതാനും വായിക്കാനും അറിയുന്നത് മഹാരാഷ്ട്രയില്‍ ജോലിചെയ്യാനുള്ള യോഗ്യതയല്ല. മുംബൈയില്‍ ഉപജീവനം തേടണമെങ്കില്‍ ജന്മംകൊണ്ട് മറാത്തിയായിരിക്കണം. മറാത്തി പഠിക്കാന്‍ 40 ദിവസം സമയം കൊടുത്ത് ഉത്തരേന്ത്യക്കാര്‍ക്ക് പുസ്തകം വിതരണംചെയ്ത പ്രവര്‍ത്തകരെ താക്കറെ വിമര്‍ശിച്ചു.

മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്നും രാജ്യത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും അവിടെ ജോലി ചെയ്യാമെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്തിന്റെ അഭിപ്രായത്തെ ശിവസേന എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ദവ് താക്കറെ വിമര്‍ശിച്ചു. പ്രശ്നത്തില്‍ ആര്‍എസ്എസ് വ്യാകുലപ്പെടേണ്ടെന്നും രാഷ്ട്രസ്നേഹവും ഐക്യവും പഠിപ്പിക്കേണ്ടെന്നും ഉദ്ദവ് പറഞ്ഞു. മുംബൈയുടെ കാര്യത്തില്‍ തങ്ങളുടെ നിലപാട് പുതിയതല്ല. മുംബൈ മറാത്തികളുടേതാണ്. ശിവസേനയെ വിമര്‍ശിക്കുന്നതിന് പകരം അസമിലും മറ്റും ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യക്കാരെ സഹായിക്കുന്നതാണ് ആര്‍എസ്എസിന് നല്ലതെന്നും ഉദ്ദവ് പറഞ്ഞു. അതിനിടെ, ആര്‍എസ്എസ് നിലപാടിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. ഭാഷയും വസ്ത്രവും വ്യത്യസ്തമാണെങ്കിലും ഇന്ത്യ ഒരു രാജ്യമാണെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. മുംബൈയെച്ചൊല്ലി തര്‍ക്കം മൂര്‍ച്ഛിപ്പിച്ച് പിന്തുണയാര്‍ജിക്കാനാണ് ശിവസേനയും എംഎന്‍എസും കരുനീക്കുന്നത്. ഉത്തരേന്ത്യക്കാര്‍ക്കെതിരെ പ്രാദേശികവികാരം തിരിച്ചുവിടുകയാണ് ലക്ഷ്യം. മഹാരാഷ്ട്രയില്‍ ശിവസേന നടത്തുന്ന വിദ്വേഷപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന സമീപനമായിരുന്നു സംഘപരിവാറിന്. ഇത് യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിനെ ക്ഷീണിപ്പിച്ചതോടെയാണ് നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത്. ദക്ഷിണേന്ത്യക്കാര്‍ക്കു നേരെ കടന്നാക്രമണം നടത്തിയാണ് മഹാരാഷ്ട്രയില്‍ ശിവസേന ചുവടുറപ്പിച്ചത്. അക്കാലത്തും ആര്‍എസ്എസ് ശിവസേനയെ പിന്തുണയ്ക്കുകയായിരുന്നു.
(എം പ്രശാന്ത്)

14 comments:

  1. രാഷ്ട്രത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും നിലനില്‍പ്പിനെത്തന്നെയും ഭീഷണിപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് മുംബൈയില്‍ ഉണ്ടാകുന്നത്. മറാത്താ വികാരം ആളിക്കത്തിക്കാന്‍ ശിവസേന തുടക്കത്തില്‍ ആയുധമാക്കിയത് ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ നിലപാടായിരുന്നു. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മഹാനഗരത്തില്‍ ജീവിതം തേടിയെത്തിയ പാവപ്പെട്ട തമിഴരെയും മലയാളികളെയും തെലുങ്കരെയും കന്നഡിഗരെയും തെരുവില്‍ കൈകാര്യംചെയ്ത ആ ഫാസിസ്റ് അക്രമത്തിന് അന്ന് കൂട്ടുനിന്നത് സംഘപരിവാര്‍ ശക്തികള്‍ ആകെയാണ്. മണ്ണിന്റെ മക്കള്‍വാദവും തെരുവുതെമ്മാടിത്തവുമായി അഴിഞ്ഞാടിയ ശിവസേന ആദ്യം മുംബൈയിലെ സുശക്തമായ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തില്‍ വര്‍ഗീയതയുടെയും വംശീയതയുടെയും പ്രാദേശിക സങ്കുചിത്വത്തിന്റെയും വിഷബീജം കുത്തിവച്ചു. പിന്നെ അവിടത്തെ പുരോഗമനപരമായ എല്ലാറ്റിനെയും കടന്നാക്രമിച്ചു. മുംബൈ എന്ന പേരിനോട് ഭീകരതയുടെയും അധോലോക പ്രവര്‍ത്തനങ്ങളുടെയും ലജ്ജയില്ലാത്ത വര്‍ഗീയതയുടെയും കലാപങ്ങളുടെയും വിശേഷണങ്ങള്‍ ചേര്‍ത്തുവച്ചതില്‍ ശിവസേനയ്ക്കുള്ള പങ്ക് നിസ്സാരമല്ല. ആ ശിവസേന ആര്‍എസ്എസിന്റെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളുടെയും സഖ്യകക്ഷിയായാണ് ഒട്ടുമിക്ക സമയത്തും പ്രവര്‍ത്തിച്ചത്. സംഘപരിവാറിന്റെ ആശിര്‍വാദത്തോടെയാണ് ശിവസേനയുടെ കാടന്‍ പ്രവര്‍ത്തനം മുംബൈയില്‍ അരങ്ങേറിയതെന്നര്‍ഥം.

    ReplyDelete
  2. നാണമില്ലല്ലോ, അടുത്ത വീട്ടില്‍ കഞ്ഞിക്കരിയിട്ടെന്നു കേള്‍ക്കുംബോള്‍ പാത്രം എടുത്തു അങ്ങോട്ട്‌ പോകാന്‍!

    സമ്മതിച്ചു, മുംബൈ (മാത്രമല്ല, ഇന്ത്യയില്‍ എവിടെയും) ഇന്ത്യകാര്‍ക്ക് ജോലി ചെയ്യാം, പക്ഷെ അത് സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ നിവര്‍ത്തി ഇല്ലാത്തത് കൊണ്ടാകരുത്!!!!!! ആദ്യം സ്വന്തം സ്ഥലം നന്നാക്കു, എന്നിട്ട് അവിടത് കാരെ നന്നാക്കു!

    ഞാന്‍ ചോദിക്കട്ടെ.. ചുമട്ടു തൊഴിലാളിക്കാര്‍, നോക്ക് കൂലിക്കാര്‍ എല്ലാം ഇതേ വാദം അല്ലെ നമ്മുടെ നാട്ടില്‍ പറയുന്നത്? ആ നാട്ടിലെതല്ലാത്ത ആരെയെങ്കിലും അവിടെ ഒരു ലോഡ്‌ ഇറക്കണോ കേറ്റ്നോ സമ്മതിക്കുമോ ? ഇതേ ന്യായം അല്ലെ പറയുന്നത് ?

    കുറെ പറയാനുണ്ട്‌... സ്വന്തമായി ചിന്തിക്കു. കേരളത്തില്‍ ഒരു ജോലിക്കുള്ള വക ഉണ്ടാക്കു, രാഷ്ടിയം കളിക്കാതെ.

    ReplyDelete
  3. ഇന്ത്യാ മഹാരാജ്യത്തിന്റെ യശസ്സിനു ആഗോളതലത്തില്‍ കോട്ടം വരുത്തുന്ന നിലപാടുകള്‍ക്ക് എന്നും മുന്‍പിലായിരുന്നു ശിവസേന. ആഗോളസിനിമയില്‍ തന്നെ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കുന്ന ബോളിവുഡിലെ പല വമ്പന്മാരും വെറുമൊരു പ്രാദേശിക വാദിക്കു മുന്‍പില്‍ മുട്ടുമടക്കാന്‍ മത്സരിക്കുന്നത് എന്തിന്റെ പേരിലായാലും അപഹാസ്യമാണ്. ഇപ്പോഴെങ്കിലും ഷാരുഖ്ഖാന്‍, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ (എന്തിന്റെ പേരിലായാലും) മുന്നോട്ടു വന്നതില്‍ ആശ്വാസം തോന്നുന്നു. വിചിത്രമായി തോന്നുന്നത് അവര്‍ക്ക് പിന്തുണ നല്കാനെങ്കിലും മനസ് കാണിക്കാത്ത താരരാജാക്കന്മാരുടെ മൌനമാണ്.

    മുകളില്‍ അനോണിമല്ലു പറഞ്ഞതിലും ചില കാര്യങ്ങളുണ്ട്. മലയാളിക്ക് മുട്ട് വിറക്കാത്തതും അഭിമാനക്കുറവ് തോന്നാതതുമായ എത്ര മേഘലകളില്‍ ഇവിടെ അന്യ സംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നുണ്ട്?

    ReplyDelete
  4. ഞാന്‍ ഇതിനെ കുറിച്ചാണ് ഇന്നലെ എന്റെ ബ്ലോഗില്‍ പറഞ്ഞത് ( http://anonymallu.wordpress.com). ഇവര്‍ എന്തെല്ലാം വാദിച്ചാലും ഒരു രസ്ട്രവാദികല്‍ പ്രക്ഷോഭണം തുടങ്ങുമ്പോ ഓടി രക്ഷപെടെണ്ടി വരും. ജീവന്‍ രക്ഷികം ഒരു ജന ശക്തിയും കാണില്ല!
    അത് മുംബൈലും ആകാം ഗള്‍ഫ്‌ലും ആകാം. സ്വന്തം സ്ഥലത്ത് പണി എടുക്കാന്‍ ജോലിയും ഇല്ല.. പണം ഉണ്ടാക്കി തിരിച്ചു വന്നാല്‍ ഒരു ബിസിനസ്‌ ചെയ്യന്നും സംമാതിക്കയും ഇല്ല.. അന്നേരം പൈസ ഉണ്ടാക്കി വന്നവര്‍ കുത്തകകള്‍ ആണത്രേ!!

    ReplyDelete
  5. ശിവസേനയെ സപ്പോര്‍ട്ട് ചെയ്തതല്ലാ... ആ അനൊനിമല്ലൂ.. ആയാള്‍ നേരില്‍ കണ്ടവ പറഞ്ഞെന്ന് മാത്രം എന്തെ എഡിറ്റര്‍ക്ക് ഒരു മറുപടി ഇല്ലേ?

    “ഞാന്‍ ചോദിക്കട്ടെ.. ചുമട്ടു തൊഴിലാളിക്കാര്‍, നോക്ക് കൂലിക്കാര്‍ എല്ലാം ഇതേ വാദം അല്ലെ നമ്മുടെ നാട്ടില്‍ പറയുന്നത്? ആ നാട്ടിലെതല്ലാത്ത ആരെയെങ്കിലും അവിടെ ഒരു ലോഡ്‌ ഇറക്കണോ കേറ്റ്നോ സമ്മതിക്കുമോ ? ഇതേ ന്യായം അല്ലെ പറയുന്നത് ?“

    good poit Anonymallu!!

    ReplyDelete
  6. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കുക ദയവായി. പാവപ്പെട്ട ചുമട്ടു തൊഴിലാളി അവന്റെ പണി ഇല്ലാതാ‍ക്കി ആരെയെങ്കിലും പകരം ഏര്‍പ്പാടാക്കുന്നതിനെ എതിര്‍ക്കുന്നതും മുംബൈയില്‍ നടക്കുന്നതും ഒരുപോലെ ആണെന്ന് കരുതുന്നുവെങ്കില്‍ ഒന്നും പറയാനില്ല. ട്രിവിയലൈസ് ചെയ്യുന്നതിനു പകരം പോസ്റ്റിലെ വിഷയത്തെക്കുറിച്ച് സംസാരിക്കുക. അതില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് ചോദ്യം.

    ReplyDelete
  7. "..അവന്റെ പണി ഇല്ലാതാക്കി ആരെയെങ്കിലും പകരം.."
    മുകളില്‍ പറഞ്ഞിരിക്കുന്ന കമന്റില്‍ നിന്നും.

    ഇത് തന്നെ ആണ് ശിവസേനക്കാരും പറയുന്നത്! നിങ്ങടെ നാട്ടില്‍ പണി ഇല്ലാത്തതിന് എന്റെ നാട്ടില്‍ വന്നു എന്റെ പണി ഇല്ലാതാക്കല്ലെന്നു. ഇവിടെ ബഹളം വെക്കുന്ന രാഷ്ട്രിയ കാരും, മീഡിയയും എന്ത് കൊണ്ട് സ്വന്തം സ്ഥലം നന്നാക്കാന്‍ നോക്കുന്നില്ല എന്നവര്‍ ചോദിക്കുന്നു.
    നാഴികക്ക് നാപ്പതു വട്ടം മീഡിയ/ചാനല്‍ കളെ കുറ്റം പറയുന്ന വര്‍ക്ക് മനസിലാകുനില്ലേ അവര്‍ ആള്‍ക്കാര്‍ക്ക് ഇഷമുള്ളത് മാത്രമേ quote ചെയ്യാറുള്ളൂ എന്ന്?
    നേരിടുള്ള interviewയില്‍ ഇതെല്ലം കേള്‍ക്കാമായിരുനല്ലോ!

    നമ്മുടെ നാട്ടില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ ഇത് പോലല്ലേ നമ്മള്‍ ഓരോരുത്തരും പ്രതികരിക്കുക? "localsനെ തൊട്ടാല്‍.." വേറെ ആരാ ഈ "locals"? അപ്പൊ സ്വന്തം ഇഷത്തിനു locals ആവാം!

    ReplyDelete
  8. "പാവപ്പെട്ട ചുമട്ടു തൊഴിലാളി അവന്റെ പണി ഇല്ലാതാ‍ക്കി ആരെയെങ്കിലും പകരം ഏര്‍പ്പാടാക്കുന്നതിനെ എതിര്‍ക്കുന്നതും മുംബൈയില്‍ നടക്കുന്നതും ഒരുപോലെ ആണെന്ന് കരുതുന്നുവെങ്കില്‍"

    ഞാന്‍ വലിയ വ്യതിയാസം കാണുനില്ല... ഇവിടുത്തെ പലരും.. ഒന്ന് വ്യക്തമാക്കി തരാമോ? ഇതിനു തൊട്ടു മുമ്പിലെ കമന്‍റു കൂടി refer ചെയ്തു മറുപടി പറയുക..

    നന്ദി,

    ReplyDelete
  9. നാട്ടില്‍ പണി ഇല്ലാതെ കള്ള കപ്പലു കേറിയും വിസ ഇല്ലതയും എങ്ങനെയെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരെ diplomatic ആയിട്ട് ചവിട്ടി പുറത്താക്കുമ്പോള്‍ കുഴപ്പമില്ല!
    അവിടെ രാഷ്ട്രിയം നടക്കില്ലല്ലോ!

    ReplyDelete
  10. ജനശക്തിയും ദേശാപമാനിയും ഒക്കെ വാര്‍ത്തകളെയും വസ്തുതകളെയും ഒക്കെ എങ്ങനെ വളച്ചൊടിച്ചു സംഘപരിവാറിനെ എങ്ങനെ വെട്ടിലാക്കാം എന്ന് മാത്രമാണ് ശ്രദ്ധിക്കുന്നത് എന്ന് കാണാം.. ആര്‍ എസ് എസ്സിന്റെ മോഹന്‍ ഭഗവത്ജി തന്നെ ശിവസേനയെ എതിര്‍ത്തതാണ് ഇപ്പോള്‍ ഈ പ്രശ്നം വാര്‍ത്തയാക്കാന്‍ സഹായിച്ചത്.. പക്ഷെ അതൊക്കെ ആരെങ്കിലും അറിയാന്‍ ഇട കൊടുക്കാമോ? ആര്‍ എസ് എസ്സിന്റെ ആദര്‍ശം എന്താണെന്ന് അറിയാമെങ്കില്‍ പോലും ജനം ആര്‍ എസ് എസ് എന്നാ സംഘടനയെ മനസ്സിലാക്കരുത് എന്നത് മാത്രമല്ലേ ഉള്ളിലിരിപ്പ്? ഇതൊക്കെ എത്ര നാള്‍ ഓടും മാഷേ?

    ശിവസേന സംഘപരിവാര്‍ അംഗം ആണെന്ന്(ആയിരുന്നു എന്നോ) കൂടെ താങ്ങാന്‍ മേലാരുന്നോ? അതൊക്കെ അല്ലെ അതിന്റെ ശരി? ....

    ReplyDelete
  11. anony mallu, you put him on cross.. poor janasakathi.. there is no answer for his comments!!! yeaa. now you can say blah blah.....

    ReplyDelete
  12. kangress ( madamma ) party implemented the new rule that taxi drivers should know marathi.. :)

    yea... politics :) I dont know when gulf people are dumping all mallus from there.. then there will be a revolution in kerala !

    ReplyDelete
  13. പോസ്റ്റ് തന്നെ വ്യക്തമാണ്. അതിനോട് യോജിക്കുന്നില്ല എന്ന് പറയാന്‍ കഴിയാത്തതുകൊണ്ടാണ് ഒരു ബന്ധവുമില്ലാത്ത മറ്റു വിഷയങ്ങള്‍ പറഞ്ഞ് സമയം കളയുന്നത്. അതിനു മറുപടി മുകളില്‍ പറഞ്ഞിട്ടുണ്ട്. ആവര്‍ത്തിച്ചുകൊണ്ടിരിക്കേണ്ടവര്‍ക്ക് അതാകാം.

    ReplyDelete
  14. ഉത്തരം മുട്ടുമ്പോള്‍ വീണിടം വിഷ്ണുലോകം അല്ലെ ജനശകതി? ആദ്യം സ്വന്തമായി വല്ലതും എഴുതാന്‍ പഠിക്കു, കണ്ട പത്രത്തിലും വാരികകളിലും വരുന്നത് 'കോപി-പേസ്റ്റ്' ചെയ്യാതെ... അതൊ ഇതിനു വല്ലതും തടയുന്നുണ്ടൊ?

    ReplyDelete