Sunday, February 2, 2014

ആധാര്‍ ബന്ധിപ്പിച്ചവര്‍ കുടുങ്ങി പാചകവാതക സിലിണ്ടറിന് 1291 രൂപ

പാചകവാതക സ്ബ്സിഡി ലഭിക്കാന്‍ ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഉപയോക്താക്കള്‍ കുടുക്കിലായി. ആധാര്‍ ബന്ധിപ്പിക്കലും ബാങ്ക് വഴിയുള്ള സബ്സിഡി വിതരണവും മരവിപ്പിച്ചെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ മുഴുവന്‍ തുകയും ഈടാക്കണമെന്ന് വ്യക്തമാക്കി പെട്രോളിയം കമ്പനികള്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്‍കി. ആധാര്‍ ബന്ധിപ്പിച്ചവര്‍ പാചകവാതകം കിട്ടണമെങ്കില്‍ സിലിണ്ടറിന് 1291 രൂപ തന്നെ നല്‍കണം. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ 441.50 രൂപ നല്‍കിയാല്‍ മതി. കേന്ദ്രസര്‍ക്കാറും പെട്രോളിയം കമ്പനികളും അന്ത്യശാസനം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ഇവര്‍ക്കാണ് ഇരുട്ടടിയേറ്റത്. പദ്ധതി മരവിപ്പിച്ച സാഹചര്യത്തില്‍ എല്ലാ ഉപയോക്താവും സബ്സിഡി കഴിച്ചുള്ള തുക നല്‍കിയാല്‍ മതിയെന്ന് കരുതിയിരിക്കുന്നതിനിടെയാണ് മുഴുവന്‍ തുകയും ഈടാക്കണമെന്ന കമ്പനികളുടെ അറിയിപ്പ്. എണ്ണക്കമ്പനികളും പെട്രോളിയം മന്ത്രാലയവും തമ്മില്‍ വ്യക്തമായ ധാരണയുണ്ടാകാത്തതിനാല്‍ രണ്ടുദിവസമായി സിലിണ്ടര്‍ ബുക്കിങ് 60 ശതമാനത്തോളം കുറഞ്ഞതായി ഗ്യാസ് വിതരണ ഏജന്‍സികളുടെ സംഘടനകള്‍ അറിയിച്ചു.

ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് പാചകവാതക സബ്സിഡി നല്‍കുന്നതില്‍ നിരവധി ആശയക്കുഴപ്പങ്ങളുള്ളതിനാല്‍ തല്‍ക്കാലം പദ്ധതി നിര്‍ത്തിവയ്ക്കുകയാണെന്നാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വീരപ്പമൊയ്ലി പ്രഖ്യാപിച്ചത്. സബ്സിഡിപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച മന്ത്രാലയതല സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. നിര്‍ദേശം ഫെബ്രുവരി ഒന്നുമുതല്‍ നടപ്പാകുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാല്‍ നിലവിലുള്ള സ്ഥിതി തുടരാനാണ് ഏജന്‍സികളെ എണ്ണക്കമ്പനികള്‍ അറിയിച്ചത്. സംസ്ഥാനത്ത് ഏജന്‍സികള്‍വഴിയുള്ള പാചക വാതക വിതരണം വെള്ളിയാഴ്ച ഉച്ചയോടെ നിലച്ചു. ശനിയാഴ്ച പകല്‍ രണ്ടിനുശേഷം ഭാരത് ഗ്യാസിന്റെ ചില ഏജന്‍സികളില്‍നിന്നുള്ള അത്യാവശ്യ സിലിണ്ടറുകള്‍ മാത്രമാണ് വിതരണം ചെയ്തത്. എണ്ണക്കമ്പനികള്‍ ബില്ലിങ് സോഫ്റ്റ്വെയര്‍ പുതുക്കി നല്‍കാത്തതാണ് ഇതിന് കാരണമായി ഏജന്‍സികള്‍ പറയുന്നത്. വില സംബന്ധിച്ച വ്യക്തമായ തീരുമാനം ആകാത്തതിനാലാണിത്. എല്ലാ മാസവും അവസാന പ്രവൃത്തിദിവസം പകല്‍ മൂന്നിനാണ് ഏജന്‍സികളുടെ ബില്ലിങ് സോഫ്റ്റ്വെയര്‍ പുതുക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നത്. പിറ്റേന്ന് രാവിലെ ബില്ലിങ് സംവിധാനം ക്രമീകരിച്ച സോഫ്റ്റ്വെയര്‍ ഏജന്‍സികള്‍ അപ്ഡേറ്റ് ചെയ്യും. ഇതനുസരിച്ച് ജനുവരി 31ന് പകല്‍ മൂന്നിന് സോഫ്റ്റ്വെയറുകള്‍ ഓഫ് ചെയ്തു. ശനിയാഴ്ച പകല്‍ 11 ആയിട്ടും എണ്ണക്കമ്പനികള്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്തില്ല. ഇതോടെ പാചകവാതക വിതരണം പാടേ നിലച്ചു. പകല്‍12നുശേഷം ബിപിസിഎല്‍ മാത്രം സോഫ്റ്റ്വെയര്‍ നല്‍കി. ഐഒസിയും എച്ച്പിയും നല്‍കിയതുമില്ല. സ്ഫോറ്റ്വെയര്‍പ്രശ്നംമൂലം ഒരാഴ്ചയോളം വിതരണ പ്രതിസന്ധിയുണ്ടാകും.

deshabhimani

No comments:

Post a Comment