Saturday, February 1, 2014

ഹാപ്പിനസ് സര്‍വേയില്‍ ബി.ജെ.പി-സംഘപരിവാര്‍ അജന്‍ഡ

ദേശാഭിമാനി

ഹാപ്പിനസ് സര്‍വേയില്‍ ബിജെപി-സംഘപരിവാര്‍ അജണ്ട

കല്‍പ്പറ്റ: ശ്രീ ശ്രീ രവിശങ്കറിന്റെ വയനാട് സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തുന്ന ഹാപ്പിനസ് സര്‍വേയില്‍ ബിജെപി-സംഘപരിവാര്‍ അജന്‍ഡയുള്ളതായി ആക്ഷേപം. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് ചോദ്യാവലി തയ്യാറാക്കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ ആസൂത്രണം ചെയ്ത നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കാന്‍ പ്രേരിപ്പിക്കുന്ന ചോദ്യങ്ങളും ഇതിലെ സംഘപരിവാര്‍, ബിജെപി രാഷ്ട്രീയസ്വാധീനമാണ് വെളിപ്പെടുത്തുന്നത്. 

മൂന്നിന് കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ആനന്ദോത്സവത്തില്‍ പങ്കെടുക്കാനാണ് രവിശങ്കര്‍ എത്തുന്നത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ ആനന്ദ ശില്‍പ്പശാലയില്‍ വിതരണം ചെയ്ത ചോദ്യാവലിയാണ് വിവാദമായത്. ആകെയുള്ള 11 ചോദ്യങ്ങളില്‍ ഒമ്പതും രാഷ്ട്രീയ ലക്ഷ്യമുള്ളവയാണ്. പല ചോദ്യങ്ങളും അവക്ക് ഉത്തരമായി കൊടുത്ത സൂചനകളും അടുത്ത തെരഞ്ഞെടുപ്പും ഭരണമാറ്റവുമാണ് വിഷയമാക്കിയിരിക്കുന്നത്. പല ചോദ്യങ്ങളും പുരോഗമന മതേതര പ്രസ്ഥാനങ്ങളെ ഇകഴ്ത്തുന്നതുമാണെന്ന് ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഇന്ത്യയില്‍ മികച്ച ഭരണം വരാനായി താങ്കള്‍ കരുതുന്നത് എന്താണ് എന്ന ചോദ്യത്തിന് നല്‍കിയ ഉത്തര സൂചനയില്‍ പ്രധാന പ്രതിപക്ഷം നിശ്ചയദാര്‍ഢ്യമുള്ള ഒരു നേതാവിന്‍ കീഴില്‍ വരിക എന്ന പരാമര്‍ശം നരേന്ദ്രമോഡിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതെന്ന ചോദ്യത്തിന് അഴിമതി, മദ്യപാനം, തൊഴിലില്ലായ്മ എന്നിവയുടെ കൂട്ടത്തില്‍ ഭൗതികവാദവും നിരീശ്വരവാദവും കടന്നുവരുന്നു. അഴിമതിയും മറ്റുംപോലെ വിപത്താണോ ഭൗതികവാദവും നിരീശ്വരവാദവും എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്നതായ പരാമര്‍ശങ്ങളും ഒരു ദേശീയ പാര്‍ടിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണം എന്ന സംഘപരിവാര്‍ പ്രീണനവും ചോദ്യാവലിയില്‍ മറനീക്കുന്നു. മതവിഭാഗീയ രാഷ്ട്രീയ ചിന്താഗതികള്‍ക്കതീതമായി ആരോഗ്യ, യോഗ പ്രസ്ഥാനമെന്ന് കരുതിയാണ് പലരും ആര്‍ട് ഓഫ് ലിവിങ്ങില്‍ ചേരുന്നത്. എന്നാല്‍ ഇത്തരം ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകരെ നിരാശരാക്കുന്നതാണ് ചോദ്യാവലി.

No comments:

Post a Comment