Friday, February 21, 2014

സിബിഐയ്ക്ക് വിടാനുള്ള ശുപാര്‍ശ ഗൂഢാലോചനയുടെ അവിശുദ്ധ സന്തതി

ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചന സിബിഐയ്ക്ക് വിടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശുപാര്‍ശ നിയമവ്യവസ്ഥയേയും നീതിന്യായ സംവിധാനത്തേയും അവഹേളിക്കുന്നതാണ്. കോണ്‍ഗ്രസും ആര്‍.എം.പിയും യുഡി.എഫിലെ ചില നേതാക്കളും സംസ്ഥാന ഭരണാധികാരികളും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ അവിശുദ്ധ സന്തതിയാണ് സി.ബി.ഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ. ഈ ഗൂഢാലോചനയില്‍ പോലീസ് സേനയിലെ ഉന്നതര്‍ ഉള്‍പ്പെടെ പങ്കാളികളായി എന്നതും അത്യന്തം ഗൗരവമുള്ളതാണ്.

ഗുരുതരമായ നിയമ-ഭരണ-രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഫാസിസ്റ്റുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് ഇതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. തല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിയമസംഹിതയേയും ഭരണസംവിധാനത്തേയും നഗ്നമായി ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്. പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണകഴിഞ്ഞ് കോടതി വിധി പറഞ്ഞ കേസാണിത്. അതില്‍ ഗൂഢാലോചന എന്ന ആക്ഷേപത്തില്‍ സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കി പുതിയ അന്വേഷണത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത് നീചമായ രാഷ്ട്രീയ കളിയുടെ ഭാഗമായാണ്.

കോടതി പരിഗണിച്ച വിഷയങ്ങളെ ആസ്പദമാക്കി കോടതി നിര്‍ദ്ദേശമില്ലാതെ മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. ഗൂഢാലോചന കുറ്റം വിചാരണ കോടതി വിശദമായി പരിശോധിച്ചിരുന്നു.

ചന്ദ്രശേഖരന്‍ കേസില്‍ 284 പേരുടെ സാക്ഷിപട്ടികയും 76 പേരുടെ പ്രതിപട്ടികയുമായാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ പ്രാഥമികമായ തെളിവുപോലും ഇല്ലെന്നുകണ്ടും മറ്റുകാരണങ്ങളാലും 22 പേരെ ആദ്യം തന്നെ കേസില്‍ നിന്നും കോടതി ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഹൈക്കോടതി സ്റ്റേ ഉള്‍പ്പെടെയുള്ള മറ്റ് നടപടികളും ഉണ്ടായി. ബാക്കിയുള്ള 36 പേരാണ് അവസാന വിചാരണ നേരിട്ടത്. പാര്‍ടി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ മാസ്റ്റര്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ. കെ. കൃഷ്ണന്‍ എന്നിവരടക്കം 24 പേരെ തെളിവില്ലെന്ന് കണ്ടും കോടതി വിട്ടയച്ചു. പി മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയത് ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളായിരുന്നു. ഓര്‍ക്കാട്ടേരി ടൗണിലെ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയില്‍ പി. മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത ഗൂഢാലോചന നടന്നു എന്നതായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ഇതിന് ശക്തി നല്‍കുന്നതിന് കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ സാക്ഷി മൊഴിയും നല്‍യിരുന്നു.

എന്നാല്‍ പൂക്കട ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അതിനുവേണ്ടി ഹാജരാക്കിയ സാക്ഷികളും തെളിവുകളും വിശ്വസനീയമല്ലെന്നും കോടതി വിധി പ്രസ്താവിച്ചു. കേസില്‍ മറ്റ് കുറ്റങ്ങള്‍ക്ക് 12 പേരെ കോടതി ശിക്ഷിച്ചിരുന്നു. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ ജഡ്ജിയുടെ വിധിയെ വാഴ്ത്തി യു.ഡി.എഫ് അനുകൂല മാധ്യമങ്ങളടക്കം മുഖപ്രസംഗവും പ്രത്യേക അവലോകനവും എല്ലാം നല്‍കിയിരുന്നു. വിധി വന്നശേഷമാകട്ടെ കേസന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തിന് സംസ്ഥാനസര്‍ക്കാരിന്റെ പാരിതോഷികവും സുത്യര്‍ഹസേവന സര്‍ട്ടിഫിക്കറ്റും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യുകയും ചെയ്തു.

അതെല്ലാം കഴിഞ്ഞിട്ടാണ് ഇപ്പോള്‍ ഗൂഢാലോചനാ അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള നിയമവിരുദ്ധ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. 2009 ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഒരു ഗൂഢാലോചന നടന്നു എന്നാരോപിച്ച് 2012 ല്‍ ചാര്‍ജ്ജ് ചെയ്ത കേസ് കോടതിയില്‍ വിചാരണയ്ക്കുവേണ്ടി കാത്തിരുപ്പുണ്ട്. ഇതിനുംപുറമെ ഗൂഢാലോചന സംബന്ധിച്ച തുടരന്വേഷണം ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യേണ്ടിയിരുന്നത് കേസന്വേഷിച്ച പോലീസ് ടീം തന്നെയായിരുന്നു. അവരെ ഒഴിവാക്കി സര്‍ക്കാരിന്റെ രാഷ്ട്രീയ ഇംഗിതത്തിന് കീഴ്പ്പെടുന്ന ഉദ്യോഗസ്ഥന്മാരെ ഉപയോഗപ്പെടുത്തി അന്വേഷണ ടീം രൂപീകരിക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണം മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ അന്വേഷണ സംഘത്തെ നിശ്ചയിച്ചത്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനുള്ള ഒരു റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല മാത്രമെ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

അത്തരത്തില്‍ എഴുതി വാങ്ങിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനം എടുത്തിയിരിക്കുന്നത്. ഗൂഢാലോചനയില്‍ സിപിഐ എം ന്റെ പ്രമുഖ നേതാക്കളുണ്ടെന്ന പുകമറ സൃഷ്ടിച്ച് അതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന പാഴാകാന്‍ പോകുന്ന പരീക്ഷണത്തിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. അതിനായി ഇന്ത്യന്‍ പീനല്‍കോഡും ക്രിമിനല്‍ പ്രൊസീജര്‍ കോഡുമൊക്കെ ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്. ഒരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത ഭരണാതിക്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ ജനാധിപത്യ കശാപ്പിനെതിരെ അതിശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാ ജനാധിപത്യവാദികളോടും സി.പി ഐ എം ഘടകങ്ങളോടും പാര്‍ടി സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

deshabhimani

No comments:

Post a Comment