Friday, February 21, 2014

ജപ്പാന്‍ തകര്‍ച്ചയിലേക്ക്; വ്യാപാര കമ്മി റെക്കോര്‍ഡില്‍

സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിയ ജപ്പാന്റെ പ്രതിമാസ വ്യാപാരക്കമ്മി പുതിയ റെക്കോര്‍ഡിലെത്തി. റെക്കോര്‍ഡ് വാര്‍ഷിക വ്യാപാരക്കമ്മിയുടെ വാര്‍ത്തകള്‍ പുറത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്. പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സാമ്പത്തിക പരിഷ്കരണ നടപടികളില്‍ പെട്ട് വീണ്ടും യെന്നിന്റെ വിലയിടിഞ്ഞതാണ് മൂന്നാമത്തെ ലോകസാമ്പത്തിക ശക്തിയായ ജപ്പാന്റെ പുതിയ പ്രതിസന്ധിക്കു കാരണം. യെന്നിന്റെ വിലയിടിഞ്ഞതോടെ ഇറക്കുമതി ചിലവ് വര്‍ധിച്ചു. കയറ്റുമതിയില്‍ നിന്ന് രാജ്യമുദ്ദേശിച്ച വരുമാനമുണ്ടായതുമില്ല. ഡിസംബറിലെ വ്യാപാരക്കമ്മിയില്‍ നിന്ന് 71 ശതമാനത്തിന്റെ വര്‍ധനവാണ് ജനുവരിയില്‍ നേരിട്ടത്. 16200 കോടി രൂപയുടെ കമ്മിയാണ് കഴിഞ്ഞ മാസം അവസാനം റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായി പത്തൊമ്പതാമത്തെ മാസമാണ് ജപ്പാനില്‍ വമ്പന്‍ വ്യാപാരക്കമ്മി റിപ്പോര്‍ട്ട് ചെയ്യുന്നത്. യെന്നിന്റെ വിലയിടിച്ചുള്ള ഷിന്‍സോ ആബേയുടെ പരിഷ്കാരങ്ങള്‍ തിരിച്ചടിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2011ലെ സുനാമിയില്‍ ഫുക്കോഷിമയിലെ ആണവനിലയം തകര്‍ന്നതിനുശേഷം വര്‍ദ്ധിച്ച ആവശ്യങ്ങള്‍ നേരിടാന്‍ ഇന്ധനം രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതാണ് ഇറക്കുമതി ചെലവ് കൂടാന്‍ കാരണമായത്. അതേസമയം കുറഞ്ഞ വിലയ്ക്ക് കയറ്റുമതി നടത്താനുളള നീക്കം ഫലം കണ്ടതുമില്ല. ഏപ്രിലില്‍ വില്‍പന നികുതി നിരക്ക് ഉയര്‍ത്തുന്നതോടെ പ്രതിസന്ധി ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

deshabhimani

No comments:

Post a Comment