ആം ആദ്മിയില്‍ മനുഷ്യത്വം മരിച്ചെന്ന് സ്ഥാപകനേതാവ്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ടിയില്‍ മനുഷ്യത്വം മരിച്ചെന്ന് സ്ഥാപകനേതാവും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥയുമായ മധു ഭാദുരി പറഞ്ഞു. പാര്‍ടിയുടെ ലിംഗനീതി, വിദേശനയം, ദേശീയസുരക്ഷ എന്നിവ നിര്‍ണയിക്കുന്ന സമിതികളില്‍നിന്ന് താന്‍ രാജിവയ്ക്കുകയാണെന്നും ഭാദുരി പറഞ്ഞു. ആം ആദ്മി ഇപ്പോള്‍ ഒരുകൂട്ടം മുന്‍വിധിക്കാരുടെ കൈയിലാണെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന ആം ആദ്മി ദേശീയകൗണ്‍സില്‍ യോഗത്തില്‍ ആഫ്രിക്കന്‍ വനിതകളെ അപമാനിച്ച മന്ത്രി സോംനാഥ് ഭാരതിയുടെ നടപടി അപലപിക്കുന്ന പ്രമേയം പാസാക്കണമെന്ന് മധു ഭാദുരി ആവശ്യപ്പെട്ടിരുന്നു. പ്രമേയം ആം ആദ്മി ദേശീയ എക്സിക്യൂട്ടീവ് അംഗമായ പ്രശാന്ത്ഭൂഷണ് 17ന് തന്നെ അയച്ചുകൊടുത്തിരുന്നു. എന്നാല്‍, അദ്ദേഹം പ്രതികരിച്ചില്ല. യോഗത്തില്‍ പ്രമേയം സംബന്ധിച്ച് സംസാരിക്കാന്‍ തുനിഞ്ഞ തന്നെ പാര്‍ടിവക്താവ് യോഗേന്ദ്രയാദവ് ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് തടഞ്ഞു. കെജ്രിവാള്‍ മനുഷ്യത്വത്തിന്റെ മഹത്വത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നുണ്ട്. എന്നാല്‍, ആം ആദ്മിയില്‍ മനുഷ്യത്വം മരിച്ചു-ഭാദുരി പറഞ്ഞു. ലിസ്ബണില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ച ശേഷമാണ് ഭാദുരി അരവിന്ദ് കെജ്രിവാളിനോടൊപ്പം പ്രവര്‍ത്തനം തുടങ്ങിയത്. പാര്‍ടിയില്‍നിന്ന് രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് താന്‍ ആം ആദ്മി സ്ഥാപക നേതാവാണെന്നും രാജിവച്ചൊഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.
എസ്എഫ്ഐ അപലപിച്ചു
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ വംശീയ അധിക്ഷേപത്തെതുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തെ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അപലപിച്ചു. പത്തൊമ്പതുകാരനായ നിഡോ താനിയാന്റെ ദാരുണമരണം ദുഃഖകരമാണ്. രാജ്യത്ത് വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ക്കെതിരെ ആക്രമണങ്ങള്‍ പതിവായിട്ടുണ്ട്. ഡല്‍ഹി സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാട്ടുകയാണ്. രാജ്യത്തെ എല്ലാ ക്യാമ്പസിലും പ്രതിഷേധപ്രകടനം നടത്താനും വംശവിവേചനത്തിനെതിരായ പോരാട്ടം ശക്തമാക്കാനും എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് ഡോ. വി ശിവദാസനും ജനറല്‍ സെക്രട്ടറി റിതബ്രത ബാനര്‍ജിയും ആഹ്വാനംചെയ്തു.
deshabhimani
No comments:
Post a Comment