ഹൈദരാബാദ്: കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ടികളുടെ രാഷ്ട്രീയസഖ്യം അഖിലേന്ത്യാതലത്തില്‍ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ രൂപീകരിക്കാനാകും ഈ സഖ്യം പ്രവര്‍ത്തിക്കുക. വിലക്കയറ്റത്തിലും കൊടിയ അഴിമതിയിലും വര്‍ധിക്കുന്ന തൊഴിലില്ലായ്മയിലും കടുത്ത കാര്‍ഷിക പ്രതിസന്ധിയിലും പൊറുതിമുട്ടിയ ജനങ്ങളുടെ രോഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാക്കുമെന്നും കാരാട്ട് പറഞ്ഞു. സിപിഐ എം ആന്ധ്രപ്രദേശ് സംസ്ഥാന സമിതി ആസ്ഥാനമായ ഹൈദരാബാദിലെ എം ബി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
ഇതൊരു മൂന്നാംബദല്‍ അല്ല, മറിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സഹകരിക്കാനുള്ള സഖ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സാഹചര്യത്തിനനുസരിച്ച് ഈ കൂട്ടായ്മ ഒരു മൂര്‍ത്തരൂപം കൈക്കൊള്ളുമെന്ന് കാരാട്ട് ചോദ്യത്തിന് മറുപടി നല്‍കി. പാര്‍ലമെന്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട പൊതുസമീപനം ചര്‍ച്ചചെയ്യാന്‍ ഫെബ്രുവരി അഞ്ചിന് കോണ്‍ഗ്രസ്- ബിജെപി ഇതര പാര്‍ടികളുടെ യോഗം പാര്‍ലമെന്റില്‍ ചേരും. എഐഎഡിഎംകെ, ബിജു ജനതാദള്‍, സമാജ്വാദി പാര്‍ടി, ജനതാദള്‍ യു, ജനതാദള്‍ എസ് എന്നിവയും നാല് ഇടതുപക്ഷ പാര്‍ടികളും മറ്റ് പ്രാദേശിക പാര്‍ടികളും യോഗത്തില്‍ പങ്കെടുക്കും. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍മാത്രം ചേരുന്ന സമ്മേളനത്തില്‍ ചില ബില്ലുകള്‍കൂടി പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട സമീപനമെന്തെന്ന് യോഗം തീരുമാനിക്കും. ജനങ്ങളിലെ കോണ്‍ഗ്രസ് വിരുദ്ധ വികാരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മോഡിയുടെ വികസന സമീപനം നവലിബറല്‍ നയങ്ങളുടെ തീവ്രരൂപമാണ്. അത് കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണ്.
ബിജെപിയുടെ വിഘടന അജന്‍ഡയെ ചെറുക്കാന്‍ കോണ്‍ഗ്രസ്- ബിജെപി ഇതര മതനിരപേക്ഷ കക്ഷികള്‍ക്കേ കഴിയൂ. രാഷ്ട്രീയ പാര്‍ടികളുടെ പ്രകടനപത്രികയ്ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. വാഗ്ദാനം നല്‍കുന്നത് നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം രൂപീകരിക്കണമെന്നാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമീഷനോട് നിര്‍ദേശിച്ചത്. സൗജന്യവിദ്യാഭ്യാസവും സൗജന്യ ആരോഗ്യരക്ഷയും വാഗ്ദാനംചെയ്യാന്‍ പാടില്ലെന്നാണോ ഇതിനര്‍ഥം? പ്രകടനപത്രികയ്ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ പാടില്ല. വാഗ്ദാനങ്ങള്‍ വിലയിരുത്തേണ്ടത് ജനങ്ങളാണ്- കാരാട്ട് പറഞ്ഞു. ആം ആദ്മി പാര്‍ടി ഇടതുപക്ഷത്തിന് പകരമാകില്ലെന്ന് കാരാട്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എഎപിയുടെ നയങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. നയം വ്യക്തമാക്കിയശേഷം സിപിഐ എം പ്രതികരിക്കും.
എന്‍ എസ് അര്‍ജുന്‍ ദേശാഭിമാനി
No comments:
Post a Comment