തൃശൂര്‍: എല്ലാ യുദ്ധങ്ങളും അവശേഷിപ്പിക്കുന്നത് പരാജയം തന്നെ. മനുഷ്യകുലത്തിന്റെ സമ്പൂര്‍ണപരാജയം. എന്തിനുവേണ്ടിയായിരുന്നു യുദ്ധമെന്ന് മറന്ന പടയാളിയാണ് യുദ്ധത്തില്‍ മരിച്ചവര്‍ക്കും മുറിവേറ്റവര്‍ക്കുംവേണ്ടി പ്രതികാരം ചെയ്യുമെന്ന് ആണയിടുന്നവന്‍. യുദ്ധങ്ങള്‍ക്കൊടുവില്‍ അവശേഷിക്കുന്നവന്റെ നിര്‍വികാരത, ലോകത്തിലെ മുഴുവന്‍ മനുഷ്യരുടേയും മരവിപ്പാണ്. ഇതാണ് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അഞ്ചാം ദിനത്തെ ശ്രദ്ധേയമാക്കിയത്. ഇറാനിയന്‍ നാടകസംഘം "റുയാക്കി"നുവേണ്ടി ലോകപ്രശസ്തനായ ഹമീദ്രെസ അസാരംഗ് സംവിധാനം ചെയ്ത "റ്റൂ ലിറ്റേഴ്സ് ഇന്‍ റ്റു ലിറ്റേഴ്സ് ഓഫ് പീസ്" എന്ന നാടകം രാഷ്ട്രീയംതന്നെയാണ് പറയുന്നത്. ഇറാനിലെ സാമൂഹ്യരംഗത്തെ പ്രതിസന്ധിയേയും സമ്പദ്രംഗം നേരിടുന്ന തകര്‍ച്ചയേയും നാടകം വരച്ചു കാണിക്കുന്നു. യുദ്ധത്തിനൊടുവില്‍ ഒരു നദിക്കരികില്‍ അവശേഷിച്ച നാലു പടയാളികളാണ് കഥാപാത്രങ്ങള്‍. അശരീരിപോലെ പുറത്തുനിന്നുള്ള ശബ്ദത്തിനനുസരിച്ച് യന്ത്രംപോലെ ചലിക്കുന്ന കഥാപാത്രങ്ങള്‍, വിളറിവെളുത്ത വേദി, എല്ലാം ചേര്‍ന്നപ്പോള്‍ ദുരന്തമവശേഷിപ്പിച്ച വികാരശൂന്യത. പലപ്പോഴും ഗോദോയെക്കാത്തിരിക്കുന്ന സാമുവല്‍ ബെക്കറ്റിന്റെ എസ്ട്രഗണേയും വ്ളാദിമീറിനേയും ഓര്‍മിപ്പിക്കുന്ന കഥാപാത്രങ്ങള്‍.
നോര്‍വേയിലെ തിയറ്റര്‍ ഓഫ് ക്രൂവല്‍റ്റി അഥവാ ഗ്രൂസം ഹെട്ടെന്‍സ് തിയറ്റര്‍ അവതരിപ്പിച്ച "റെവലൂഷണറി മെസേജസ്"വാമൊഴിയെ ഉപേക്ഷിച്ച് ശരീരഭാഷയുടേയും ബിംബങ്ങളുടേയും പ്രയോഗത്തിലൂടെ പലപ്പോഴും ദാലിയന്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതായി. ദൃശ്യപരത നാടകം കാണികളെ പിടിച്ചിരുത്തി. നാടകകൃത്ത് ജയപ്രകാശ് കുളൂരിന് ആദരമായി അദ്ദേഹത്തിന്റെ "തെരഞ്ഞെടുപ്പ്" എന്ന നാടകം അപ്പുണ്ണി ചന്ദ്രനും ഫ്രാന്‍സിലെ പാവനാടകം "ഹിലം", ഇറ്റലിയിലെ മോട്ടസിന്റെ "ദെല്ല ത്വാ കാര്‍ണെ" എന്നിവയുടെ പുനരവതരണവും നടന്നു. രാത്രി നടന്ന "യക്ഷഗാനം" കാണികളെ ആഹ്ലാദിപ്പിച്ചു. രാവിലെ അന്തര്‍ദേശീയ ക്രിട്ടിക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറും നടന്നു. മലയാളത്തില്‍ ഇനിയും വികസിച്ചിട്ടില്ലാത്ത തിയറ്റര്‍ ക്രിട്ടിസിസത്തിന് നവഊര്‍ജം പകരുന്നതായി സെമിനാര്‍. സംവിധായകരുമായി മുഖാമുഖവും നടന്നു.
deshabhimani
No comments:
Post a Comment