Sunday, January 6, 2013

പങ്കാളിത്ത പെന്‍ഷന്‍, തസ്തിക വെട്ടിക്കുറയ്ക്കല്‍: ന്യായീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പ്രചാരണം


 പങ്കാളിത്ത പെന്‍ഷനെയും തസ്തിക വെട്ടിക്കുറയ്ക്കലടക്കമുള്ള നടപടികളെയും ന്യായീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാനസര്‍ക്കാരിന്റെ പ്രചാരണം. ചെലവുചുരുക്കലിന്റെ പേരില്‍ പെന്‍ഷന്‍ പദ്ധതി തന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ചിരിക്കുന്ന സര്‍ക്കാര്‍, ഇതിനെ ന്യായീകരിച്ച് ബഹുവര്‍ണ ലഘുലേഖ പുറത്തിറക്കി. പങ്കാളിത്ത പെന്‍ഷന്‍ നാടിന്റെ ഭാവിക്ക് എന്ന പേരില്‍ പത്തുലക്ഷത്തിലധികം ലഘുലേഖയാണ് പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ജീവനക്കാരും അധ്യാപകരും എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ലഘുലേഖ വിതരണ ചുമതല ചില സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകളെ ഏല്‍പ്പിച്ചിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ സര്‍ക്കാര്‍ ചെലവില്‍ ലഘുലേഖകള്‍ എത്തിക്കും. അവിടെ നിന്ന് ഉടന്‍ വിതരണം ചെയ്യണമെന്നും നിര്‍ദേശം പോയിട്ടുണ്ട്. തിരുവനന്തപുരത്തെ ഗവ. പ്രസില്‍ മറ്റെല്ലാ ജോലിയും നിര്‍ത്തിവച്ച് ലഘുലേഖ അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനക്കാര്‍ തയ്യാറാക്കിയ ലഘുലേഖ അതേ രീതിയില്‍ സര്‍കാര്‍ ചെലവില്‍ അച്ചടിക്കുകയായിരുന്നത്രേ. കൂടാതെ ലക്ഷങ്ങള്‍ മുടക്കിയുള്ള മറ്റു പ്രചാരണപരിപാടികളും അണിയറയില്‍ തയ്യാറാകുന്നുണ്ട്.

സര്‍വത്ര ആശയക്കുഴപ്പവും ജീവനക്കാര്‍ക്കും പൊതുസമൂഹത്തിനും ആശങ്ക രൂക്ഷമാക്കുന്നതുമായ പരാമര്‍ശങ്ങളാണ് ലഘുലേഖയിലുടനീളം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് സന്തോഷത്തോടെയല്ലെന്നു പറയുന്ന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ട് നേട്ടമില്ലെന്നും വന്‍ബാധ്യത വരുത്തുമെന്നും പറയുന്നു (പേജ് 7). ഒപ്പം സംസ്ഥാനത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതിനെ പഴിക്കുകയും ചെയ്യുന്നു. ഓഹരിക്കമ്പോളത്തിലേക്ക് പെന്‍ഷന്‍ ഫണ്ട് എറിഞ്ഞുകൊടുക്കുമെന്ന് വ്യക്തമായ സൂചന ലഘുലേഖയിലുണ്ട്. കോര്‍പറേറ്റ് ഓഹരിക്കമ്പോളം, കടപ്പത്രം തുടങ്ങിയവയെല്ലാം ഒന്നിനൊന്ന് ആദായമാണെന്നു പറയുന്ന സര്‍ക്കാര്‍ ഇത് നടപ്പാക്കിയ രാജ്യങ്ങളില്‍ പെന്‍ഷന്‍ പദ്ധതി തന്നെ പൂര്‍ണമായി ഇല്ലാതായ വിവരം മറച്ചുവയ്ക്കുന്നു. പെന്‍ഷന്‍ ഫണ്ട് ഓണ്‍ലൈന്‍ വഴി കാണാന്‍ അവസരമുണ്ടെന്ന് പരിഹാസ്യമായ വിശദീകരണവും സര്‍ക്കാര്‍ നല്‍കുന്നു.

"ഖരമാലിന്യം കേരളത്തെ വിഴുങ്ങാന്‍ പോകുന്ന വ്യാളി"യായി വളര്‍ന്നതും വാര്‍ധക്യകാലത്തെ ജനങ്ങളുടെ അലംഭാവവുമെല്ലാം പങ്കാളിത്ത പെന്‍ഷനിലേക്ക് ചുവടുമാറ്റത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്രേ. നിലവിലുള്ള ജീവനക്കാരും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറേണ്ടിവരുമെന്ന സൂചനയും ലഘുലേഖയില്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍, സബ്സിഡികള്‍ തുടങ്ങിയവ അധികകാലം ഉണ്ടാകില്ലെന്നും പരാമര്‍ശവുമുണ്ട്. കൂടുതല്‍ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും ലഘുലേഖ നല്‍കുന്നു. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച് ഒരു പത്രം എഴുതിയ മുഖപ്രസംഗവും ലഘുലേഖയില്‍ നിരത്തിയിട്ടുണ്ട്.

ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്ന തുകയുടെയുംശതമാനത്തിന്റെയും കാര്യത്തില്‍ ഊതിപ്പെരുപ്പിച്ച കണക്കാണ് ലഘുലേഖയിലുള്ളത്. സര്‍ക്കാര്‍ തന്നെ നിയോഗിച്ച എക്സ്പെന്റിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തവുമാണ് ഇത്.

deshabhimani 060113

No comments:

Post a Comment