Wednesday, November 21, 2012

കൊച്ചി മെട്രോ: മനോരമ വാര്‍ത്ത പച്ചക്കള്ളം

ഡിഎംആര്‍സിക്ക് കൊച്ചി മെട്രോ ഏറ്റെടുക്കാനാകില്ലെന്നു കാട്ടി കേരള മുഖ്യമന്ത്രിക്ക് താന്‍ കത്തയച്ചിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു. ഇത്തരത്തില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ തികച്ചും അവാസ്തവമാണ്. കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമാകൂ- ഷീല ദീക്ഷിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത പച്ചക്കള്ളമാണെന്ന് ഇതോടെ വ്യക്തമായി.

കൊച്ചി മെട്രോ ഏറ്റെടുക്കുമ്പോള്‍ ഡല്‍ഹി മെട്രോയ്ക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിക്കുകമാത്രമാണ് ചെയ്തത്. അതുതന്നെ ഉമ്മന്‍ചാണ്ടി അയച്ച കത്തിനുള്ള മറുപടി എന്ന നിലയില്‍. ഈ വിഷയത്തില്‍ അന്തിമതീരുമാനമായതായി കത്തില്‍ പറഞ്ഞിട്ടില്ല- ഷീല ദീക്ഷിത് വിശദീകരിച്ചു. വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കവെ തെറ്റിദ്ധരിപ്പിക്കുംവിധം വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്നും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ഷീല ദീക്ഷിത് അയച്ച കത്ത് ചോര്‍ത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്നുതന്നെയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഡല്‍ഹിയില്‍ കൊച്ചി മെട്രോയ്ക്കുവേണ്ടി പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മുന്‍കൈയില്‍ ചര്‍ച്ച നടന്നിരുന്നു.

ആന്റണിയുടെ ഇടപെടല്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി

ബ്രഹ്മോസ് ചടങ്ങില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനുപിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടിയും രംഗത്തിറങ്ങിയത് ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി. മെട്രോയില്‍ ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ കുരുക്കഴിക്കാനാണ് ആന്റണി ശ്രമിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെയും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും എതിര്‍പ്പിലൂടെ ഡിഎംആര്‍സിയുടെ അന്ത്യമായെന്ന് സംസ്ഥാന സര്‍ക്കാര്‍ ആശ്വസിക്കുമ്പോഴാണ് ആന്റണിയുടെ നീക്കം. കൊച്ചി മെട്രോയില്‍ സഹകരിക്കുന്ന കാര്യം തീരുമാനിക്കാനുള്ള നിര്‍ണായക ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗം 27നാണ്. 
 
തിങ്കളാഴ്ച ഷീല ദീക്ഷിതും കമല്‍നാഥുമായി പലവട്ടം ആന്റണി നടത്തിയ ചര്‍ച്ചകള്‍ 27ലെ ഡിഎംആര്‍സി ഡയറക്ടര്‍ബോര്‍ഡ് യോഗതീരുമാനത്തെ സ്വാധീനിച്ചേക്കും. എ കെ ആന്റണി നടത്തിയ ഇടപെടലിലൂടെ കൊച്ചി മെട്രോ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്കുതന്നെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രസ്ഥാപനങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തനിക്ക് ധൈര്യമില്ലെന്ന ആന്റണിയുടെ വിമര്‍ശനത്തിന് കൊച്ചി മെട്രോയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവന്ന വഴിവിട്ട കളികളും കാരണമായിരുന്നെന്ന് കൂടുതല്‍ വ്യക്തമാകും. കൊച്ചി മെട്രോയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ നേരത്തെ പി രാജീവിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം ആന്റണിയെ സന്ദര്‍ശിച്ച് ബോധ്യപ്പെടുത്തിയിരുന്നു. 
 
ഡിഎംആര്‍സിയുടെ കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് 14നുതന്നെ ഷീല ദീക്ഷിത് ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 24ന് ഉമ്മന്‍ചാണ്ടി അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. കൊച്ചി പദ്ധതിയില്‍ ഡിഎംആര്‍സിയെ സഹകരിപ്പിക്കാനാവില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്ന കത്ത് ചൊവ്വാഴ്ച മനോരമ പ്രസിദ്ധീകരിച്ചത് മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്രക്കുള്ള മുന്നൊരുക്കമാണെന്ന് കരുതാം. കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് കമല്‍നാഥിനെയും ഷീല ദീക്ഷിതിനെയും പലവട്ടം കണ്ട് എ കെ ആന്റണി ചര്‍ച്ചകള്‍ നടത്തിയ ദിവസംതന്നെ കത്ത് വാര്‍ത്തയായതും ഡിഎംആര്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തം.

No comments:

Post a Comment