Friday, January 18, 2013
ഇ ബാലാനന്ദന്‍ ദിനം ആചരിക്കുക: സിപിഐ എം
ഇ ബാലാനന്ദന്റെ നാലാം ചരമദിനം 19ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. 1943ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായ ബാലാനന്ദനെ സിപിഐ എം രൂപീകരണ സമ്മേളനത്തില്‍ത്തന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നിര്‍വ്വഹിച്ചത്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘകാല അനുഭവം സഖാവിനുണ്ടായിരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ സമരപോരാട്ടങ്ങളില്‍ സജീവ നേതൃത്വമായി ബാലാനന്ദനുണ്ടായിരുന്നു.
ആഗോളവല്‍ക്കരണനയങ്ങള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ആപല്‍ക്കരമാണെന്ന് വ്യക്തമാക്കുന്ന നിലയില്‍ ആഗോളസാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് ബാലാനന്ദന്റെ ഓര്‍മ പുതുക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഈ പ്രതിസന്ധിയുടെ ഭാഗമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ മുതലാളിത്തത്തിനകത്തെ ആന്തരിക വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടി. മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്സ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു സാമ്പത്തിക പ്രതിസന്ധിയും അതിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളും. ലോകത്തെ ഈ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കുന്നതിനു പകരം ആഗോളവല്‍ക്കരണനയങ്ങള്‍ തീവ്രമായി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് അടിസ്ഥാനമായി നില്‍ക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുന്നു. കാര്‍ഷിക മേഖലയില്‍ കര്‍ഷകരുടെ ആത്മഹത്യ ഇപ്പോഴും തുടരുകയും കോര്‍പറേറ്റ് ശക്തികള്‍ പിടിമുറുക്കുകയും ചെയ്യുകയാണ്. ധനമൂലധനത്തിന് കടന്നുവരുന്നതിനായി രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ മുഴുവന്‍ അപകടപ്പെടുത്തുന്നു. കേന്ദ്രനയങ്ങള്‍ രാജ്യത്ത് അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു. പാചകവാതകം പോലും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. രാജ്യത്തെ തകര്‍ക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം മുന്നോട്ടുവരുന്നതിനും നാം സാക്ഷ്യം വഹിക്കുകയാണ്. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന രണ്ടുദിവസത്തെ തൊഴിലാളി പണിമുടക്ക് ഇതിന്റെ ഭാഗമാണ്. കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ ശക്തമായി സംസ്ഥാനത്ത് നടപ്പാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.
ഭൂപരിഷ്കരണം അട്ടിമറിക്കുകുയും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി തകര്‍ക്കുകയും ചെയ്യുന്നു. പൊതുവിതരണ മേഖലയെ തഴഞ്ഞതുമൂലം വിലക്കയറ്റം സംസ്ഥാനത്ത് ഏറെ രൂക്ഷമായി. കേരളത്തിലെ ക്രമസമാധാനിലയും തകര്‍ന്നിരിക്കുകയാണ്. ഗുണ്ടകളും പെണ്‍വാണിഭ സംഘങ്ങളും നാട് ഭരിക്കുന്നു. ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിച്ച് കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷതാ സംസ്കാരവും യുഡിഎഫ് സര്‍ക്കാര്‍ അപകടപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ ജനാധിപത്യവിരുദ്ധമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ബാലാനന്ദന്റെ ഓര്‍മകള്‍ കരുത്ത് പകരും. പാര്‍ടി പതാക ഉയര്‍ത്തിയും ഓഫീസ് അലങ്കരിച്ചും അനുസ്മരണസമ്മേളനങ്ങള്‍ ചേര്‍ന്നും ദിനാചരണം വിജയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.
deshabhimani
Labels:
ഓര്‍മ്മ,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment