Monday, May 31, 2021

മൈഥിലി ശിവരാമൻ: പ്രതിബദ്ധതയുടെ പ്രതീകം - എ കെ പത്മനാഭൻ എഴുതുന്നു

മെെഥിലി ശിവരാമൻ അമേരിക്കയിൽനിന്ന്‌ ചെന്നൈയിൽ തിരിച്ചെത്തിയത്‌ 1968ലാണ്‌. അമേരിക്കയിൽ ഉപരിപഠനത്തിനിടെ അവർ ഐക്യരാഷ്ട്രസംഘടനയിൽ ജോലിയും ചെയ്‌തു. അതിനിടെ രഹസ്യമായി ക്യൂബയും സന്ദർശിച്ചു. അമേരിക്കൻ ജീവിതാനുഭവങ്ങളാണ്‌ മൈഥിലിയെ ഇടതുപക്ഷ ചിന്താഗതിക്കാരിയാക്കി മാറ്റിയത്‌. സാമ്രാജ്യത്വത്തിന്റെ സ്വഭാവം അവർ ശരിയായി മനസ്സിലാക്കി. കറുത്തവംശജർക്കുനേരെ അമേരിക്കയിൽ  നടക്കുന്ന അതിക്രമങ്ങളും വിയത്‌നാം യുദ്ധവും മൈഥിലിയുടെ രാഷ്ട്രീയബോധത്തെ സ്വാധീനിച്ചു.

കീഴ്‌ വെൺമണിയിൽ 44 കർഷകത്തൊഴിലാളികളെ ചുട്ടുകൊന്നത്‌ 1968 ഡിസംബർ 25നാണ്‌. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവിടെ എത്തിയ മൈഥിലി  അതിക്രൂരമായ സംഭവത്തിന്റെ പൂർണമായ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചു. ഇതിനുശേഷം, ഭൂപ്രഭുത്വത്തിനെതിരായി കിഴക്കൻ തഞ്ചാവൂരിൽ നടന്ന സമരങ്ങളെക്കുറിച്ച്‌ പഠിക്കുകയും എഴുതുകയും ചെയ്‌തു. 1969ൽ ചെന്നൈയിൽ നടന്ന കർഷകരുടെ മഹാപ്രകടനത്തോടനുബന്ധിച്ചാണ്‌ മൈഥിലിയെ ഞാൻ നേരിട്ട്‌ പരിചയപ്പെട്ടത്‌. 2002 വരെ ചെന്നൈയിൽ മാത്രമല്ല, തമിഴ്‌നാട്ടിലാകെ നിറഞ്ഞുനിന്ന  മുഴുവൻസമയ പ്രവർത്തകയായിരുന്നു അവർ. ട്രേഡ്‌ യൂണിയൻ രംഗത്തും മഹിളാപ്രസ്ഥാനം രൂപീകരിക്കുന്നതിലും വലിയ പങ്കുവഹിച്ചു. വർക്കിങ്‌ വിമൻസ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്‌ നിർണായക നേതൃത്വം വഹിച്ചു. സ്‌ത്രീത്തൊഴിലാളികൾക്കുനേരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിലും മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചു.

ചെന്നൈ നഗരത്തിൽ സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവർ താമസിക്കുന്ന മേഖലകളിൽ മഹിളാ സംഘടനയുടെയും സിപിഐ എമ്മിന്റെയും പ്രവർത്തനം വ്യാപിക്കുന്നതിലും പൊലീസുകാരുടെയും ഗുണ്ടകളുടെയും ആക്രമണങ്ങളിൽനിന്ന്‌ അവരെ സംരക്ഷിക്കുന്നതിലും നേതൃത്വം നൽകി. രാഷ്ട്രീയ, താത്വിക പഠനക്ലാസുകൾ നടത്തുന്നതിലും അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ധർമപുരിയിലെ വാച്ചാത്തി എന്ന ആദിവാസിഗ്രാമത്തിൽ 1992ൽ നടന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കുന്നതിനും മൈഥിലി നേതൃത്വം നൽകി.  ഡിമൻഷ്യ(ഓർമ നഷ്ടപ്പെടൽ) രോഗം ബാധിച്ച്‌  കുറച്ച്‌ മാസങ്ങളായി സ്ഥിതി വളരെ മോശമായിരുന്നു. ഒടുവിൽ കോവിഡും ബാധിച്ചു. 1970കൾ മുതൽ മൈഥിലിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ആളെന്ന നിലയിൽ, അവരെക്കുറിച്ച്‌ ഒറ്റവാചകത്തിൽ പറഞ്ഞാൽ  ‘‘മൈഥിലിയെന്നത്‌ പ്രതിബദ്ധതയും കൂറുമാണ്‌’’. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ എന്നും അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ നേതൃനിരയിൽ പ്രവർത്തിച്ച സഖാവിനെയാണ്‌ നഷ്ടമായത്‌.

എ കെ പത്മനാഭൻ 

No comments:

Post a Comment