Monday, January 28, 2013

കെ വി സുധീഷിന് സ്മരണാഞ്ജലി


കൂത്തുപറമ്പ്: വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സമാരാധ്യനായ നേതാവ് കെ വി സുധീഷിന് നാടിന്റെ സ്മരണാഞ്ജലി. സുധീഷിന്റെ 19-ാമത് രക്തസാക്ഷി വാര്‍ഷികദിനത്തിന്റെ ഭാഗമായി തൊക്കിലങ്ങാടിയിലെ സുധീഷ് സ്മൃതിമണ്ഡപത്തില്‍ ശനിയാഴ്ച വൈകിട്ട് പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് കൂത്തുപറമ്പ് ടൗണിലേക്ക് റെഡ് വ്ളണ്ടിയര്‍മാര്‍ച്ചും ബഹുജന പ്രകടനവും നടന്നു. അനുസ്മരണ സമ്മേളനം സിപിഐ എം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി പി ജയരാജന്‍, കെ ലീല, കെ ധനഞ്ജയന്‍, ടി ബാലന്‍, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ കെ ശ്രീനിവാസന്‍ അധ്യക്ഷനായി. എം സുകുമാരന്‍ സ്വാഗതം പറഞ്ഞു.

സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ പീഡിപ്പിക്കാന്‍ ശ്രമം: കോടിയേരി

കൂത്തുപറമ്പ്: സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കള്ളക്കേസില്‍പെടുത്തി പീഡിപ്പിക്കാന്‍ പറ്റുമോയെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പരീക്ഷിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെ വി സുധീഷിന്റെ 19-ാം രക്തസാക്ഷി വാര്‍ഷികദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് ടൗണില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായി മാസങ്ങളോളം പ്രവര്‍ത്തകരെ ജയിലിലടച്ച് പീഡിപ്പിക്കുകായിരുന്നു. ഫസല്‍ കൊലക്കേസിന്റെ പേര് പറഞ്ഞ് കാരായി രാജനെയും ചന്ദ്രശേഖരനെയും പീഡിപ്പിക്കുന്നു. വിചാരണ ഇന്ന് തുടങ്ങും, നാളെ തുടങ്ങും എന്ന് പറഞ്ഞ് ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പീഡിപ്പിക്കുന്നു. 32 വര്‍ഷം മുമ്പ് നടന്ന കൊലയുടെ പേരില്‍ എം എം മണിയെ ജയിലിലടച്ചു. പഴയ കേസുകള്‍ പുനരന്വേഷിക്കുകയാണെങ്കില്‍ എത്ര കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് നിശ്ചയമുണ്ടാവില്ല- കോടിയേരി പറഞ്ഞു. ഒരു ഭാഗത്ത് ഇത്തരത്തില്‍ കമ്യൂണിസ്റ്റ്വേട്ട നടക്കുമ്പോള്‍ മറുഭാഗത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ തെളിവുണ്ടായിട്ടും കേസെടുക്കുന്നില്ല. നാല്‍പാടി വാസുവിനെ വെടിവച്ചുകൊന്ന കേസില്‍ അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്ന കെ സുധാകരനെതിരെ കേസില്ല. അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ പി കെ ബഷീറിനെതിരെ നടപടിയില്ല. കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ 307 വകുപ്പ്പ്രകാരമുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഒരു ഭാഗത്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ പൊലീസ് സിപിഐ എം പ്രവര്‍ത്തകരരെ വേട്ടയാടുമ്പോള്‍ മറുഭാഗത്ത് കൊള്ളക്കാരും പിടിച്ചുപറിക്കാരും ഏറിവരികയാണ്. എം എം മണിയെ പിടിക്കാന്‍ 5000 പൊലീസിനെ നിയോഗിച്ച കേരളത്തില്‍ ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കുമ്പോഴേക്കും കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയായെന്നും കോടിയേരി പറഞ്ഞു.

deshabhimani 280113

No comments:

Post a Comment