Tuesday, November 6, 2018

ക്ഷേത്രപ്രവേശനവും മന്നത്ത‌് പത്മനാഭനും

ശബരിമല ക്ഷേത്രത്തിൽ ഏത് പ്രായത്തിലുള്ള സ്ത്രീയെയും വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിവിധി വലിയ ചർച്ചയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ മന്നത്ത് പത്മനാഭനുണ്ടായിരുന്നെങ്കിൽ  എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നത് ഭൂതകാലാനുഭവത്തിന്റെ സഹായത്താൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും. സമുദായവ്യത്യാസമില്ലാതെ ഒരു ജനത നടത്തിയ കൂട്ടായ പോരാട്ടമാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ജാതിവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശിക്കാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയത്. അതിൽ എൻഎസ്എസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ മന്നത്ത് പത്മനാഭനും സ്ഥാപക പ്രസിഡന്റായ കെ കേളപ്പനും പ്രമുഖ സ്ഥാനം വഹിച്ചവരാണ്. അവരിരുവരും ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ സമരത്തിലെ പ്രധാനികളായിരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോഴും കേളപ്പന്റെയും മന്നത്തിന്റെയും നവോത്ഥാനസമരത്തിലെ സംഭാവനകളെ ചെറുതാക്കി കാണുന്നതിനെ നമ്മളാരും ഇഷ്ടപ്പെടുന്നില്ല.

അക്കാലത്തെ നായർ തറവാടുകളിലെ മനുഷ്യർ നമ്പൂതിരിമാരുടെ ദാസ്യവേലക്കാരെപോലെയാണ് പരിഗണിക്കപ്പെട്ടത്. നമ്പൂതിരിമാരുടെ താൽപ്പര്യസംരക്ഷണത്തിനായി ഉണ്ടാക്കിയ പലവിധ ആചാരാനുഷ്ഠാനങ്ങൾക്കൊത്താണ് നായർ വിഭാഗത്തിൽപ്പെട്ടവർ ജീവിക്കേണ്ടിവന്നത്. അജ്ഞതയുടെ ഇരുൾ മൂടിയതും സാമൂഹ്യതിന്മകൾ പ്രബലവുമായ അന്തരീക്ഷത്തിലാണ് വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ അതിനെതിരായൊരു പ്രതികരണം ഉയർന്നുവരുന്നത്. ശ്രീനാരായണഗുരു, അയ്യൻകാളി, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, ചട്ടമ്പി സ്വാമികൾ, കുമാരനാശാൻ, വി ടി, ഇ എം എസ് തുടങ്ങിയവരെല്ലാമതിന്റെ മുന്നിൽത്തന്നെ നിലയുറപ്പിച്ചവരായിരുന്നു. സമുദായോദ്ധാരണമെന്നത് അന്നത്തെ കാലത്ത് അവരുയർത്തിയ വലിയ പരിഷ്കരണ മുദ്രാവാക്യമായിരുന്നു.

താലികെട്ട്,  കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട്

നായർ സമുദായത്തിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്കാണ് മന്നത്ത് പത്മനാഭൻ പ്രധാനമായും നേതൃത്വം നൽകിയത്. എന്നാലത് കേവലമായ നായർ സമുദായത്തിൽ മാത്രമായി ഒതുങ്ങിയിരുന്നുമില്ല. നായർ കുടുംബങ്ങളുടെ തകർച്ചയ്ക്ക് കാരണം താലികെട്ട്,  കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട് എന്നിങ്ങനെയുള്ള നാലുകെട്ടുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. താലികെട്ടെന്നാൽ ഇന്നത്തെ വിവാഹങ്ങളായിരുന്നില്ല. പടുവൃദ്ധന്മാരായ നമ്പൂതിരിമാർ നായർ പെൺകുട്ടികളുടെ കഴുത്തിൽ താലികെട്ടുന്ന ചടങ്ങാണത്. പലപ്പോഴും പെൺകുട്ടികൾ താലികെട്ടുവേളയിൽ അമ്മമാരുടെ മടിയിലിരിക്കുന്നത്രയും ചെറുതായിരിക്കും. നമ്പൂതിരിമാർ ശൂദ്രന്മാരായിക്കാണുന്ന നായന്മാരെ വേളി കഴിക്കാറില്ല. നായർ സ്ത്രീകളുമായി സംബന്ധം മാത്രമാണുണ്ടാകുക. താലികെട്ടിന്റെ ഭാഗമായി നായർ തറവാട്ടുകാർ കരക്കാരെ മുഴുവൻ വിളിച്ച് നാലുദിവസം തുടർച്ചയായി സദ്യകൊടുക്കണമായിരുന്നു. അതിലൂടെ പല കുടുംബങ്ങളും വലിയ കടക്കാരായ് മാറിയിട്ടുണ്ടത്രെ. കാളയുടെയും കുതിരയുടെയും വലിയ രൂപങ്ങൾ മരത്തിലുണ്ടാക്കി ആളുകൾ തോളുകളിലെടുത്തും രഥത്തിൽവച്ച് വലിച്ചും കൊണ്ടുപോകുന്നതാണ് കുതിരകെട്ട് അല്ലെങ്കിൽ കെട്ടുകാഴ്ച. അതിന് വലിയ പണച്ചെലവ് വരുമായിരുന്നു. ഉത്സവകാലത്ത് കരക്കാർതമ്മിൽ മത്സരിച്ച് വെടിക്കെട്ടിനുവേണ്ടിയും ധാരാളം പണം ചെലവാക്കിയിരുന്നു. തറവാട്ടുകാർ തമ്മിലുള്ള കോടതി കേസുകളായിരുന്നു മറ്റൊന്ന്. കേസുകെട്ടുകളെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇതൊക്കെയാണ് മന്നം വിശേഷിപ്പിച്ച നാലുകെട്ടുകൾ.

നമ്പൂതിരി മേധാവിത്വം

നമ്പൂതിരിയായ അച്ഛനെ നായർസ്ത്രീയിലെ മക്കൾ തൊടുന്നത് അശുദ്ധിയായി കണ്ടിരുന്നതാണ് നായർ തറവാടുകളിലെ ഭൂതകാലം. കാമപൂർത്തീകരണത്തിനായിമാത്രം നായർ വീടുകളിലെത്തുന്ന നമ്പൂതിരിമാർ അവർക്ക് പിറക്കുന്ന മക്കളോട് ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല. മകന് നമ്പൂതിരിയായ അച്ഛനെ അച്ഛനെന്ന് വിളിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല, അച്ഛനെ തമ്പുരാനെന്ന് വിളിക്കേണ്ടിയിരുന്നു.  അത്തരം ആചാരങ്ങൾക്കെതിരായ പ്രതികരണം ഉയർന്നതിനെക്കുറിച്ച് മന്നം എഴുതിയതിങ്ങനെയാണ്, “നായന്മാർക്ക് വിവാഹബന്ധമില്ലെന്നും അവരുടെ അച്ഛൻ ആരാണെന്ന് നിശ്ചയമില്ലെന്നും അവർ വേശ്യാപുത്രന്മാരാണെന്നും അവരുടെ സന്തതികൾക്ക് അച്ഛനിൽനിന്ന് സംരക്ഷണം ആഗ്രഹിക്കാൻ അവകാശമില്ലെന്നും ഹൈക്കോടതിയിലെ ബ്രാഹ്മണ ജഡ്ജിമാരിൽ ചിലർ വിധിയെഴുതിയ വസ്തുത ജനസാമാന്യം ഗ്രഹിച്ചുകഴിഞ്ഞപ്പോൾ അവരുടെ തണുത്ത രക്തത്തിലും ചൂടുകേറാതിരുന്നില്ല’’. മന്നത്ത് പത്മനാഭന്റെ അച്ഛൻ സമ്പന്നകുടുംബത്തിൽനിന്നുള്ള നമ്പൂതിരിയായിരുന്നു. പക്ഷേ മന്നത്ത് വളർന്നതാകട്ടെ പ്രയാസകരമായ ചുറ്റുപാടിലായിരുന്നു.

നമ്പൂതിരിമേധാവിത്വത്തിന്റെ ദുരിതങ്ങൾ ചെറുപ്രായത്തിൽത്തന്നെ അനുഭവിക്കേണ്ടിവന്ന അനേകായിരങ്ങളിൽ ഒരാളായിരുന്നു മന്നത്ത് പത്മനാഭനും. അതുകൊണ്ടുകൂടിയാകാം നമ്പൂതിരിമാരുടെ മേധാവിത്വത്തിനെതിരെ ശക്തമായ ഭാഷാപ്രയോഗങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായത്. അദ്ദേഹം പറഞ്ഞത് നായർ നമ്പൂതിരിയെക്കാൾ താണവനല്ലെന്നും പുലയനെക്കാൾ ഉയർന്നവനല്ലെന്നുമായിരുന്നു.  “എനിക്ക് പൂണൂലിനെ വലിയ ഭയവും വെറുപ്പുമാണ്. ഈ പൂണൂലാണ് ഭാരതഭൂമിയെ ജാതി സങ്കുലമാക്കിത്തീർത്ത ഭയങ്കര വസ്തു’’ എന്ന് വിളിച്ചുപറഞ്ഞ അക്കാലത്തെ അപൂർവമാളുകളിലൊരാളായും മന്നത്ത് പത്മനാഭൻ മാറുകയുണ്ടായി. ക്ഷേത്രാചാരങ്ങൾ ലഘിക്കുന്നതിൽ മന്നത്തിനൊരു പ്രത്യേക ഉത്സാഹംതന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയമ്മാവനായ ചിറമുറ്റത്ത് വേലുപ്പിള്ള മരിച്ചപ്പോൾ പുലമാറാതെ പെരുന്നയിൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ കയറിയെന്നപേരിൽ മന്നത്തിനെതിരെ നമ്പൂതിരിമാർ മഹാരാജാവിന് പരാതികൊടുത്തിരുന്നു. ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദമുയർന്നത്. അദ്ദേഹം ചോദിച്ചു, “നികൃഷ്ട ജന്തുക്കളെന്ന് കരുതപ്പെടുന്ന പട്ടികൾക്കും പൂച്ചകൾക്കും മതിലിനകത്തും നാലമ്പലത്തിലും പ്രവേശനമുണ്ട്...തീണ്ടൽ ആർക്കാണ്? ഈശ്വരനോ മനുഷ്യനോ? ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാൻ സാധ്യമല്ല. മനുഷ്യനെ മനുഷ്യന് തീണ്ടലുണ്ടെന്നതിൽപ്പരം ഒരു പാപം ഉണ്ടെന്ന് തോന്നുന്നില്ല.’’  ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളോടെയായിരുന്നു 1922ൽ ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം പ്രസംഗിച്ചത്. ക്ഷേത്രഭരണത്തിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണമെന്ന് വാദിച്ചവരിലൊരാളായിരുന്നു മന്നമെന്നത് വിസ്മരിക്കരുത്.

വൈക്കം സത്യഗ്രഹം

വൈക്കം ക്ഷേത്രത്തിന്റെ വഴിയിലൂടെ താണജാതിക്കാർക്ക് നടക്കുന്നതിനുവേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം. അസ്പൃഷ്ടരെന്ന് വിളിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ക്ഷേത്രപരിസരത്തുകൂടി സഞ്ചരിക്കുന്നതിന് അക്കാലത്ത് വിലക്കായിരുന്നു. അതിനെതിരായി ശ്രീനാരായണഗുരുവുൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ അനുഗ്രഹാശിസ്സുകളോടെയാണ് സമരം നടന്നത്. വൈക്കം ക്ഷേത്രപരിസരത്തെ തീണ്ടൽപലകയ്ക്കപ്പുറത്തേക്ക് യാത്രചെയ്യാൻ ജാതിശ്രേണിക്ക് പുറത്തുള്ള, നമ്പൂതിരിമാർ നികൃഷ്ടജന്മങ്ങളായ് കരുതുന്ന, ഈഴവർ, തീയർ, പുലയർ തുടങ്ങിയവർക്ക്  സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനെതിരായി കൈപിടിക്കുന്നവർക്ക് നേതൃത്വം നൽകാൻ മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.  ഇരുപത് മാസം  നീണ്ടുനിന്ന വൈക്കം സമരത്തിന്റെ ഫലമായാണ് ക്ഷേത്രത്തിന് സമീപത്തെ വഴികളിൽനിന്ന് തീണ്ടൽ പലകകൾ എടുത്തുമാറ്റപ്പെടുന്നത്. എന്നിട്ടും അതുവഴി നടക്കാൻ അവർണവിഭാഗത്തിൽപ്പെട്ടവർ ഭയപ്പെട്ടിരുന്നു. നമ്പൂതിരിമാരുടെ ഗുണ്ടകളുടെ ആക്രമണത്തെയെന്നപോലെ ദൈവകോപമുണ്ടാകുമെന്ന ഭയവും അവരിലുണ്ടായിരുന്നു.

സമരാനന്തരം വഴിനടക്കാനുള്ള അവകാശം ലഭിച്ചതോടെ മന്നത്ത് പത്മനാഭൻ സംതൃപ്തനായിരുന്നില്ല. ഏതാനും മുഴം റോഡ് തുറന്നുകിട്ടാനുള്ള അവകാശത്തിനല്ല സത്യഗ്രഹം ആരംഭിച്ചതെന്നും തീണ്ടലിനെയും തൊടീലിനെയും ഈ രാജ്യത്തുനിന്ന് ബഹിഷ്കരിക്കാനും പ്രാഥമിക പൗരാവകാശസമത്വമെങ്കിലും സ്ഥാപിക്കാനുംവേണ്ടിയായിരുന്നു സമരമെന്നും നായർ സർവീസ് സൊസൈറ്റിയുടെ സർവീസ് മാസികയിൽ അദ്ദേഹം എഴുതുകയുണ്ടായി. ഗുരുവായൂർ ക്ഷേത്രപ്രവേശനസമരത്തിന്റെ  പ്രധാന നേതാക്കളായിരുന്നു കെ  കേളപ്പൻ, എ കെ ജി, കൃഷ്ണപിള്ള, മന്നത്ത് പത്മനാഭനുമുൾപ്പെടെയുള്ളവർ. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ പ്രചാരണാർഥം എ കെ ജിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽനിന്ന് തിരുവനന്തപുരത്തേക്കുണ്ടായ ജാഥയിൽ പലയിടത്തും മന്നം പ്രസംഗിക്കുകയുണ്ടായി.

നമ്പൂതിരിമാർ നായന്മാരെ ശൂദ്രരായാണ് കണ്ടിരുന്നത്. കേരളത്തിലെ ആദ്യകാല സർക്കാർ രേഖകളിൽ നായർ എന്ന പദമായിരുന്നില്ല ഉപയോഗിച്ചിരുന്നത്, മലയാള ശൂദ്രർ എന്നായിരുന്നു. ഭൃത്യപണിക്കാർ എന്നർഥമുള്ള ശൂദ്രരെന്ന പദത്താൽ തങ്ങളെ വിളിക്കരുതെന്നത് കേരളത്തിലെ നായർ സമുദായക്കാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. നീണ്ടകാലത്തിനുശേഷമാണ് പ്രസ്തുതയാവശ്യം അനുവദിക്കപ്പെട്ടത്. പേരിലും ആചാരത്തിലും മനുഷ്യർ അപമാനിക്കപ്പെടരുതെന്ന ചിന്തയാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ നയിച്ചിരുന്നത്. അത് മന്നത്ത് പത്മനാഭന്റെ പ്രവൃത്തികളിൽ കാണാനാകും. അന്ധമായി അനുഷ്ഠിക്കപ്പെടുന്ന ആചാരങ്ങൾക്കെതിരായി ദേശീയ പ്രസ്ഥാനത്തിന്റെ നാളുകളിൽ നിരന്തരപ്രവർത്തനം അദ്ദേഹം ഏറ്റെടുത്തിരുന്നു. വൈക്കത്തെ പെരുമശ്ശേരി കാവിലെ കുളത്തിൽ കുളിച്ച സത്യഗ്രഹികളെ അയിത്തജാതിക്കാരെന്നാക്ഷേപിച്ച് ആക്രമിക്കാൻ നോക്കിയപ്പോൾ ക്ഷേത്രഭാരവാഹികൾക്കെതിരെ മടിയേതുമില്ലാതെ ശബ്ദിച്ചവരിലൊരാൾ മന്നമായിരുന്നു.  പല ക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളിലെ പലയിടത്തും ഇപ്പോഴും നമ്പൂതിരിമാർക്ക് മാത്രമേ പ്രവേശനമുള്ളൂ. വൈദിക ബ്രാഹ്മണ്യത്തിന്റെ ആലകുഴിയിൽ ആണ്ടിരിക്കുന്നവർ അക്കാലത്തെ മന്നത്തിന്റെ വാക്കുകൾ ഇക്കാലത്തെ സംഭവങ്ങളുമായി ചേർത്തുവച്ചുനോക്കുക, “മണിയടിച്ച് തൊഴാനോ മണ്ഡപത്തിൽ കയറിയിരുന്ന് ഈശ്വരഭജനം ചെയ്യാനോ  അവകാശമുണ്ടെന്ന് വിചാരിക്കുന്നതുപോലും പാപമാണെന്ന് വിശ്വസിക്കുന്നകൂട്ടർക്ക് ബ്രാഹ്മണരെപോലെ ഈശ്വരനെ നേരിട്ട് പൂജിക്കണമെന്ന് തോന്നാത്തതിൽ അത്ഭുതമില്ല.’’

സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടം
നവോത്ഥാനപ്രസ്ഥാനങ്ങളുടെ ചരിത്രവും വർത്തമാനവും ഇന്നത്തെ കേരളീയസമൂഹത്തിൽ ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. ജാതി‐ജന്മി‐നാടുവാഴി മേധാവിത്വത്തിനെതിരായി കേരളത്തിൽ ഉയർന്നുവന്ന പ്രതിഷേധപ്രസ്ഥാനങ്ങൾക്ക് പലരൂപങ്ങളുണ്ടായിരുന്നു. സമുദായ പ്രസ്ഥാനങ്ങളിൽപ്പെട്ടവരിൽ പലർക്കും ജാതിചൂഷണങ്ങളിലെ വർഗപരമായ കാരണങ്ങൾ തിരിച്ചറിയാനായില്ല. വർഗപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരിലൊരുകൂട്ടർ ജാതിചൂഷണത്തെയും അതിന്റെ വർഗപരമായ ബന്ധങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. അതാകട്ടെ പിൽക്കാലത്തെ കേരളീയ സാമൂഹ്യമുന്നേറ്റത്തിനായുള്ള പോരാട്ടങ്ങളുടെ ശക്തിയെ പരിമിതപ്പെടുത്തുകയാണ് ചെയ്തത്. കേരളത്തിന്റെ മുന്നേറ്റത്തിൽ സാമ്പത്തീക അസമത്വങ്ങൾക്കെതിരായ സമരങ്ങൾക്കെന്നപോലെ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടങ്ങൾക്കും വലിയ പങ്കാണുള്ളത്. ഒന്നിനെ മറ്റൊന്നിൽനിന്ന് അടർത്തി മാറ്റി പരിശോധിക്കുകയെന്നത് അസാധ്യമാണ്. ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി സുപ്രധാന സംഭവമായാണ് ചരിത്രം വിലയിരുത്തുക. അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവർ തീർച്ചയായും മന്നത്ത് പത്മനാഭനെപോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

ഡോ. വി ശിവദാസൻ

(http://www.deshabhimani.com/articles/temple-entry-proclamation-and-mannathu-padmanabhan/761966)

No comments:

Post a Comment