ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ മറവില്‍, നിയമവിരുദ്ധമായി മിച്ചഭൂമിയും അനധികൃതയായി പാട്ടഭൂമിയും കൈവശം വെക്കുകയും മറിച്ചു വില്‍പന നടത്തുകയും ചെയ്ത ഹാരിസണ്‍ കമ്പനിയുമായി വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന ആവശ്യവുമായി പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഹാരിസണ്‍ കമ്പനിയുടെ എസ്റ്റേറ്റ് കയ്യേറി കുടില്‍കെട്ടി താമസിക്കുന്ന സമരക്കാരുമായി ഓഗസ്റ്റില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനെ തുര്‍ന്നാണ് ഉന്നതതലത്തില്‍ ഇത്തരത്തില്‍ നീക്കം നടക്കുന്നത്. 2009 ഒക്‌ടോബറില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്ന് സമരഭൂമിയില്‍ ഉണ്ടായിരുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിന് തീരുമാനിച്ചിരുന്നു. അതിനുശേഷം സമരത്തിനെത്തിച്ച 1000 പേര്‍ക്ക് 25 സെന്റ് വീതം ഭൂമി നല്‍കാമെന്നാണ് സാധുജന വിമോചന സമരസമിതിയും സര്‍ക്കാരും തമ്മില്‍ ഓഗസ്റ്റ് 23 ന് ഒത്തുതീര്‍പ്പിലെത്തിയത്. ഇതനുസരിച്ചുള്ള 250 ഏക്കര്‍ ഭൂമി ഹാരിസണ്‍ എസ്റ്റേറ്റില്‍ നിന്ന് വിട്ടുനല്‍കാനും കമ്പനിക്കെതിരായി എല്‍ ഡി എഫ് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ മരവിപ്പിക്കാനും തുടര്‍ നടപടികള്‍ ഒഴിവാക്കുവാനുമാണ് ധാരണയിലെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹാരിസണ്‍ എസ്റ്റേറ്റുകളുടെ സര്‍വ്വേ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെങ്ങറ സമരക്കാര്‍ക്ക് ഹാരിസണ്‍ എസ്റ്റേറ്റില്‍ തന്നെ ഭൂമി നല്‍കുമെന്ന് നിയമസഭയില്‍ റവന്യുവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തുകയുമുണ്ടായി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പുനരധിവസിപ്പിക്കുന്നതിന് നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്നതിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതു തന്നെ തങ്ങളുടെ ഗൂഢനീക്കത്തിന് പൊതുപിന്തുണ ലഭ്യമാക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്. ഹാരിസണ്‍ കമ്പനിയുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പിനെതിരെ പ്രതിഷേധമുയരുമ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ഭൂമി സമരക്കാര്‍ക്ക് സ്വീകാര്യമല്ലെന്നും സര്‍ക്കാരിന്റെ കയ്യില്‍ ഭൂമിയില്ലാത്ത സാഹചര്യത്തില്‍ ഇതല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും വരുത്തിത്തീര്‍ക്കാനുമാണ് ഇത്തരത്തില്‍ ഒരു പരിശോധനയ്ക്ക്് സര്‍ക്കാര്‍ തുനിഞ്ഞിരിക്കുന്നത്.
2007 ഓഗസ്റ്റ് നാലിനാണ് ളാഹ ഗോപാലന്‍ നേതൃത്വം നല്‍കുന്ന സാധുജനവിമോചന സമിതി ചെങ്ങറ എസ്റ്റേറ്റ് കയ്യേറി കുടില്‍കെട്ടി സമരമാരംഭിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ പല തവണ ശ്രമിച്ചുവെങ്കിലും സമരക്കാര്‍ ഒത്തുതീര്‍പ്പിനു സന്നദ്ധമായില്ല. 5 ഏക്കര്‍ കൃഷിഭൂമിയും വീടുവെക്കാന്‍ സാമ്പത്തിക സഹായവും ഉള്‍പ്പെടെയുള്ള ആവശ്യവുമായാണ് സമരം തുടങ്ങിയത്. സമരക്കാരെ ഇറക്കി വിടണമെന്ന് കോടതിയുടെ കര്‍ശനനിര്‍ദ്ദേശമുണ്ടായിട്ടുപോലും ബലംപ്രയോഗിച്ച് ഇറക്കി വിടുന്നതിനോട് സര്‍ക്കാറിന് യോജിപ്പില്ലാതിരുന്നതിനാല്‍ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. അതേസമയം ഒത്തുതീര്‍പ്പ് സാധ്യത ഉണ്ടാകുമ്പോഴെല്ലാം ഏതെങ്കിലും വിധത്തില്‍ പിന്‍മാറുന്ന നിലപാടാണ് സമരനേതാക്കള്‍ സ്വീകരിച്ചത്. ഈ നിലപാട് തന്നെ സംശയത്തിന് വഴിവെച്ചിരുന്നു. സമരത്തിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് അന്നു തന്നെ ആരോപണവുമുയര്‍ന്നിരുന്നു. ആ സംശയത്തെ ബലപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അഞ്ച് ഏക്കര്‍ ഭൂമിയും വീടുവെക്കാന്‍ സാമ്പത്തിക സഹായവുമെന്ന ആവശ്യത്തിനു പകരം പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഒരേക്കര്‍, പട്ടികജാതി വിഭാഗക്കാര്‍ക്ക് അര ഏക്കര്‍, മറ്റുള്ളവര്‍ക്ക് 25 സെന്റ് വീതം ഭൂമിയും വീടുവെക്കാനുള്ള സാമ്പത്തികസഹായവും നല്‍കുന്നതിനാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ തീരുമാനം. ഈ തീരുമാനം അംഗീകരിക്കാതിരുന്നവരാണ് ഇപ്പോള്‍ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ 25 സെന്റ് വീതം നല്‍കാമെന്ന യു ഡി എഫ് സര്‍ക്കാറിന്റെ പാക്കേജ് അംഗീകരിച്ചിരിക്കുന്നത് എന്നതാണ് സംശയം ബലപ്പെടുത്തുന്നത്.
സമരഭൂമിയില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് ശേഖരിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് 2209 ല്‍ 1495 കുടുംബങ്ങളെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭൂമിക്ക് അര്‍ഹരായി കണ്ടെത്തിയത്. ചെങ്ങറ സമരഭൂമിയില്‍ നടത്തിയ സര്‍വ്വേയുടെയും തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ വില്ലേജുകളില്‍ നിന്ന് ലഭ്യമാക്കിയ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഭൂമി ലഭിക്കാന്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ 38 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും 1227 പട്ടികജാതി കുടുംബങ്ങള്‍ക്ക് അര ഏക്കര്‍ വീതവും മറ്റു വിഭാഗത്തില്‍ പെട്ട 230 പേര്‍ക്ക് 25 സെന്റ് വീതവും ഭൂമിയും വീടും നല്‍കുന്നതിനാണ് തീരുമാനമായത്. അതനുസരിച്ച് സംസ്ഥാനത്ത് 9 ജില്ലകളിലായി സര്‍ക്കാര്‍ഭൂമി കണ്ടെത്തുകയും നറുക്കെടുപ്പിലൂടെ ഭൂമി അനുവദിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഭൂമി അനുവദിച്ച കാസര്‍കോട് ജില്ലയില്‍ ഭൂമി കൃഷിയോഗ്യമാക്കുന്നതിനും വീടു വെക്കുന്നതുള്‍പെടെയുള്ള സൗകര്യങ്ങള്‍ അനുവദിച്ച് കമ്മ്യൂണിറ്റി വില്ലേജ് സ്ഥാപിക്കുന്നതിനുമായി 11 കോടി രൂപയും അനുവദിച്ചിരുന്നു. ഇടുക്കി ജില്ലയിലും ഇതുപോലെ ഒരു പദ്ധതി ആവിഷ്‌കരിക്കുകയുണ്ടായി. സമരഭൂമിയിലുണ്ടായിരുന്ന പലരും ഭൂമിയുടെ പട്ടയം വാങ്ങിയെങ്കിലും ഭൂമി ഏറ്റെടുക്കാന്‍ എത്തിയില്ല. 139 പേര്‍ മാത്രമാണ് സ്ഥലം നേരിട്ട് ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ സന്നദ്ധരായവര്‍ പോലും ബാഹ്യ ശക്തികളുടെയും ഭൂമാഫിയയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2005 ലാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡ് കമ്പനി അനധികൃതമായി പാട്ടഭൂമി മറിച്ചു വില്‍ക്കുന്നതായും മിച്ചഭൂമി കൈവശം വെക്കുന്നതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് 2005 ഡിസമ്പര്‍ 16 ന് അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുതിയതായി അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും 2007 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാരിസണ്‍ കമ്പനിക്കെതിരായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.
അബ്ദുള്‍ഗഫൂര്‍ janayugom 121011
ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ മറവില്‍, നിയമവിരുദ്ധമായി മിച്ചഭൂമിയും അനധികൃതയായി പാട്ടഭൂമിയും കൈവശം വെക്കുകയും മറിച്ചു വില്‍പന നടത്തുകയും ചെയ്ത ഹാരിസണ്‍ കമ്പനിയുമായി വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നു.
ReplyDelete