പാക്കേജിന് അന്തിമ രൂപമായി
കാഞ്ഞങ്ങാട്: ചെങ്ങറ പുനരധിവാസ പാക്കേജിന്റെ ഭാഗമായി പെരിയയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കായി നടപ്പിലാക്കാന്‍ തീരുമാനിച്ച പശുവളര്‍ത്തല്‍ പദ്ധതി അശാസ്ത്രീയം. ഇവര്‍ക്ക് സ്ഥലം നല്‍കിയ പെരിയ പ്രദേശത്ത് പശു വളര്‍ത്തലിന് പറ്റിയ അടിസ്ഥാന സൗകര്യമില്ലാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായമാണ് ഉയരുന്നത്. പാറപ്രദേശം നിറഞ്ഞ പെരിയയില്‍ പുല്‍കൃഷി നടത്തുന്നത് അപ്രായോഗികമാണ്. ആവശ്യത്തിന് പുല്ല് ലഭ്യമാക്കുന്നതിനായി ഈ പദ്ധതിയുടെ അനുബന്ധമായി രണ്ടേക്കറോളം സ്ഥലത്ത് തീറ്റപ്പുല്‍കൃഷിയും ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനുള്ള സാഹചര്യവുമുണ്ടാക്കണം. നിലവില്‍ ഒരു കുഴല്‍കിണര്‍ മാത്രമാണ് ഇവിടെയുള്ളത്. മറ്റ് വെള്ളം ലഭിക്കാനുള്ള സാഹചര്യവും ഇവിടെയില്ല. പിന്നെ എങ്ങനെ പശുവിനെ വളര്‍ത്തുമെന്നാണ് താമസക്കാര്‍ ചോദിക്കുന്നത്. ആദ്യഘട്ടത്തില്‍ കുടുംബത്തിന് ഒരു പശുവിനെ നല്‍കും. വിജയകരമായി മുന്നോട്ടുപോയാല്‍ രണ്ടാംഘട്ടമെന്ന നിലയില്‍ മൂന്ന് മാസത്തിന് ശേഷം രണ്ടാമത്തെ പശുവിനെയും നല്‍കുന്നതാണ് പദ്ധതി. പത്ത് ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പശുവിന് 30,000 രൂപ തോതില്‍ അനുവദിക്കും. തൊഴുത്തും ഉണ്ടാക്കും. ഗുണഭോക്താക്കളും ഡയറി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള കമ്മിറ്റിക്കാണ് പദ്ധതിയുടെ ചുമതല. പാല്‍ വിപണനത്തിനായി സൊസൈറ്റിയുടെ കീഴില്‍ തന്നെ സംവിധാനമുണ്ടാക്കും. പശുവിനെ വളര്‍ത്താന്‍ സാഹചര്യമില്ലാത്ത ഇവിടെ ഇത് പൂര്‍ണ പരാജയമായിരിക്കുമെന്നാണ് പശുവളര്‍ത്തി പരിചയമുള്ള കുടുംബങ്ങള്‍ പറയുന്നത്.
ചെങ്ങറ പുനരധിവാസ പാക്കേജില്‍ കെ ആര്‍ നാരായണന്‍ സൊസൈറ്റിക്ക് കീഴില്‍ പെരിയയില്‍ താമസിക്കുന്ന അമ്പതോളം ഗുണഭോക്താക്കള്‍ക്ക് വീടും അനുബന്ധ സൗകര്യങ്ങളുമുള്‍പ്പെടെയുള്ള പദ്ധതി അന്തിമ രൂപത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുണഭോക്താക്കള്‍ക്കുള്ള വീട്, ജലസേചനം, കൃഷി, ജീവിത സാഹചര്യം മെച്ചപ്പെടുത്താനാവശ്യമായ ജോലി, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തല്‍ തുടങ്ങിയ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. പദ്ധതിയിലുള്‍പ്പെട്ട 360 കുടുംബങ്ങളില്‍ 100 കുടുംബങ്ങളാണ് എത്തിയത്. ഇതില്‍ അമ്പതോളം കുടുംബങ്ങള്‍ ഈ സ്ഥലം വേണ്ടെന്നുപറഞ്ഞ് തിരിച്ചുപോയി. ഇവരില്‍ 45 കുടുംബങ്ങള്‍ക്ക് ചീമേനി പഞ്ചായത്തില്‍ സ്ഥലം അനുവദിച്ചു. 32 കുടുംബങ്ങളാണ് നിലവില്‍ പെരിയയില്‍ താമസിക്കുന്നത്. നേരത്തെ ഇവിടുന്ന് വിട്ടുപോയ കുടുംബങ്ങള്‍ എത്തുകയാണെങ്കില്‍ അവരെയും പദ്ധതിയിലുള്‍പ്പെടുത്തും. ഇല്ലെങ്കില്‍ പുല്ലൂര്‍ - പെരിയ പഞ്ചായത്തിലെ 18 കുടുംബങ്ങളെ ഉള്‍പ്പെടുത്തി പദ്ധതിയില്‍ 50 പേരെ അംഗങ്ങളാക്കും. ഇവര്‍ക്കുള്ള വീട് നിര്‍മിക്കാന്‍ പിഡബ്ല്യുഡി അംഗീകരിച്ച പ്ലാന്‍ പ്രകാരം നിര്‍മിതികേന്ദ്രയും കെയര്‍ എന്ന എന്‍ജിഒ സംഘടനയും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുടംബത്തിന് രണ്ടുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ബെഡ്റൂം, ഹാള്‍ , അടുക്കള എന്നിങ്ങനെ മൂന്ന് മുറിയും കക്കൂസും വരാന്തയും ചേര്‍ന്നുള്ള 320 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിക്കുന്നത്.360 കുടുംബങ്ങള്‍ക്കായി 11 കോടി രൂപയാണ് സര്‍ക്കാര്‍ ചെങ്ങറ പാക്കേജ് പ്രകാരം കെ ആര്‍ നാരായണന്‍ സൊസൈറ്റിക്ക് അനുവദിച്ചിരുന്നത്. വീട് നിര്‍മിക്കാനുള്ള ചെങ്കല്ല് പെരിയയിലെ സ്ഥലത്ത് നിന്നുതന്നെ ഗുണഭോക്താക്കളെ ഉപയോഗിച്ച് തൊഴില്‍ നല്‍കി കൊത്തിയെടുക്കാനുള്ള പരിപാടിയും പരിഗണനയിലുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച്- ഏപ്രില്‍ മാസമാകുമ്പോള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
(ടി വി വിനോദ്)
deshabhimani 121111
ചെങ്ങറ പുനരധിവാസ പാക്കേജിന്റെ ഭാഗമായി പെരിയയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കായി നടപ്പിലാക്കാന്‍ തീരുമാനിച്ച പശുവളര്‍ത്തല്‍ പദ്ധതി അശാസ്ത്രീയം. ഇവര്‍ക്ക് സ്ഥലം നല്‍കിയ പെരിയ പ്രദേശത്ത് പശു വളര്‍ത്തലിന് പറ്റിയ അടിസ്ഥാന സൗകര്യമില്ലാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായമാണ് ഉയരുന്നത്. പാറപ്രദേശം നിറഞ്ഞ പെരിയയില്‍ പുല്‍കൃഷി നടത്തുന്നത് അപ്രായോഗികമാണ്.
ReplyDelete