പാമൊലിന്‍ അഴിമതിക്കേസില്‍ പ്രതികളായ മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുന്‍ എംഡി ജിജി തോംസണ്‍ എന്നിവരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട വിടുതല്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. മൂന്നാം പ്രതി മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, നാലാം പ്രതി അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ 29ന് പരിഗണിക്കും.
പാമൊലിന്‍ ഇറക്കുമതി ചെയ്തപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ടി എച്ച് മുസ്തഫ വിടുതല്‍ഹര്‍ജി നല്‍കിയത്. ഇടപാടില്‍ അഴിമതിയില്ലെന്നും മന്ത്രിസഭാ തീരുമാനം പാലിക്കുകമാത്രമാണ് ചെയ്തതെന്നും മുസ്തഫയും ജിജി തോംസനും വാദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ തന്നെ വിചാരണ ചെയ്യാന്‍ കേന്ദ്രാനുമതി വിജിലന്‍സിന് ലഭിച്ചിട്ടില്ലെന്ന ജിജി തോംസന്റെ വാദവും കോടതി അംഗീകരിച്ചില്ല. പാമൊലിന്‍ ഇറക്കുമതി ചെയ്ത പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി പ്രതിനിധികളായ സദാശിവന്‍, ശിവരാമകൃഷ്ണന്‍, ഭക്ഷ്യവകുപ്പ് സെക്രട്ടറിയായിരുന്ന പി ജെ തോമസ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഒന്നാംപ്രതിയായിരുന്ന മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നിര്യാതനായതോടെ കേസില്‍നിന്ന് ഒഴിവാക്കി. 1991-1992 വര്‍ഷമാണ് മലേഷ്യയില്‍നിന്ന് പാമൊലിന്‍ ഇറക്കുമതി ചെയ്തത്. ഇടപാടില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും 2.32 കോടിയുടെ ക്രമക്കേട് നടന്നെന്നുമാണ് സിഎജി കണ്ടെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ജനുവരി ആറിനാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
deshabhimani 090513
No comments:
Post a Comment