Thursday, September 12, 2013

പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണം: വി എസ്

പാമൊലിന്‍ കേസ്: ജിജി തോംസണെ ഒഴിവാക്കുന്നു

തൃശൂര്‍: പാമൊലിന്‍ അഴിമതികേസില്‍ നിന്ന് സിവില്‍ സെപ്ലെസ് കോര്‍പറേഷന്‍ മുന്‍ എംഡി. ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. കോടതിയുടെ അനുമതിയോടെ ഒഴിവാക്കാനാണ് തീരുമാനം. എന്നിവരെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കണമെന്ന് ജിജി തോംസണ്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് മന്ത്രിസഭാതീരുമാനം.

1991-92 വര്‍ഷമാണ് മലേഷ്യയില്‍ നിന്ന് പാമൊലിന്‍ ഇറക്കുമതി ചെയ്തത്. ഇടപാടില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും 2.32 കോടിയുടെ ക്രമക്കേട് നടന്നെന്നും സിഎജി. കണ്ടെത്തി. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതി കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് പിന്നീട് യുഡിഎഫ്. സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കോടതികള്‍ തടഞ്ഞു.

ഇതിനിടെ 2011ല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസിലെ പ്രതി ടി എച്ച് മുസ്തഫ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കുകയും ഭക്ഷ്യമന്ത്രിയായിരുന്ന തന്നെ പ്രതിയാക്കുകയും ചെയതത് ന്യായമല്ലെന്ന് മുസ്തഫ വാദിച്ചു. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉത്തരവിട്ട ജഡ്ജിക്കെതിരെ യുഡിഎഫ് നേതാക്കള്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞതോടെ ജഡ്ജി കേസില്‍ നിന്ന് ഒഴിവായി. തുടര്‍ന്ന് കേസ് തൃശൂരിലേക്ക് മാറ്റി.

പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണം: വി എസ്

തിരു: പ്രതിപക്ഷനേതാവ് വിഎസ് പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേസില്‍നിന്ന് ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്നും വിജിലന്‍സ് കോടതിയില്‍ ഇതിനെ ശക്തിയായി എതിര്‍ക്കുമെന്നും വിഎസ് പറഞ്ഞു. സര്‍ക്കാരിന്റെ ഈ ദുരുപദിഷ്ട നീക്കം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും, സുപ്രീംകോടതിയുടെ നീരീക്ഷണത്തോടുള്ള അവഹേളനമാണെന്നും വിഎസ് ചൂണ്ടിക്കാട്ടി. ഏറെ കോളിളക്കമുണ്ടാക്കിയ പാമോയില്‍ കേസില്‍നിന്ന് തലയൂരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ഷങ്ങളായി സ്വീകരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ യു.ഡി.എഫ്. ഗവര്‍മെണ്ടിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തിയതായിരുന്നു. പിന്നീട് 2006ല്‍ എല്‍.ഡി.എഫ്. ഗവര്‍മെണ്ടാണ് വീണ്ടും കേസിന്റെ നടപടികളുമായി മുന്നോട്ടുപോയത്.

കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ഘട്ടത്തില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുത്ത കേസില്‍, കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച്, "അഴിമതിക്കേസുകള്‍ പരവതാനിക്കടിയില്‍ ഒളിപ്പിച്ചുവെച്ച് കേസില്ലാതാക്കാന്‍ കഴിയില്ലെ"ന്ന് സുപ്രീംകോടതി പരാമര്‍ശിക്കുകയുണ്ടായി. അപ്രകാരം ഫയല്‍ ചെയ്ത കേസില്‍നിന്നും ഏതുവിധേനയും രക്ഷപ്പെടാനുള്ള ഗൂഢനീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പി.സി ജോര്‍ജിനെക്കൊണ്ട് വിജിലന്‍സ് ജഡ്ജി ഹനീഫയ്ക്കെതിരെ ഭീഷണികള്‍ മുഴക്കി. ഇതേത്തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍നിന്ന് അദ്ദേഹം പിന്‍വാങ്ങി. പിന്നീട് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയതിനു ശേഷം തന്റെ ആശ്രിതനായ വിജിലന്‍സ് ഉദ്യോഗസ്ഥനെക്കൊണ്ട് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ പാരിതോഷികമായി ആ ഉദ്യോഗസ്ഥന് ഐ.പി.എസ്. നല്‍കുകയും ചെയ്തു.

അതിനും ശേഷമാണ്, പാമോയില്‍ ഇറക്കുമതിക്ക് ഒപ്പുവെച്ച അന്നത്തെ സപ്ലൈകോ എം.ഡി.യായിരുന്ന ജിജി തോംസണെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ കേസ്തന്നെ ഇല്ലാതാകുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment