Friday, April 26, 2013
സ്ത്രീജീവിതങ്ങളുടെ തുടിപ്പും പാരീസിന്റെ സൗരഭ്യവും പേറി പുസ്തകോത്സവം
കൊല്ലം: "ചരിത്രം പുരുഷാധിപത്യത്തിന്റേതു മാത്രമല്ല; അറിഞ്ഞും അറിയാതെയും ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി മാറുന്ന സ്ത്രീജീവിതങ്ങളുടെ കൂടിയാണ്..." ചരിത്രത്തെ അടയാളപ്പെടുത്തുകയും ഒപ്പം പൂര്‍ണതയിലെത്തിക്കാനുമുള്ള ചരിത്രദൗത്യമാണ് പി കെ ഗോപന്‍ എഡിറ്റ് ചെയ്ത സ്ത്രീജീവിതങ്ങള്‍ എന്ന പുസ്തകം നിര്‍വഹിക്കുന്നത്. വി ടിയുടെ നാടകപാഠം പോലെ, അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എത്തി സാമൂഹികനിര്‍മിതിയുടെ നേതൃത്വത്തിന് പുരുഷനോടൊപ്പം ചേര്‍ന്നുനിന്ന 25 മഹനീയ സ്ത്രീരത്നങ്ങളുടെ ജീവിതപാഠമാണ് സ്ത്രീജീവിതം എന്ന ഗ്രന്ഥം. സ്വാതന്ത്ര്യസമര നായികയും കമ്യൂണിസ്റ്റ് പോരാളിയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി മുതല്‍ സാക്ഷരതാപ്രസ്ഥാനത്തെ സാമൂഹ്യനവോത്ഥാനത്തിന്റെ വിശുദ്ധിയിലേക്ക് ഉയര്‍ത്തിയ വി കെ റാബിയ വരെ 25 ഇതിഹാസ നായികമാരെക്കുറിച്ച് രേഖപ്പെടുത്തുന്നത് സുഭാഷിണി അലി മുതല്‍ ഡോ. മഞ്ജു രാമചന്ദ്രന്‍ വരെയുള്ള 25 എഴുത്തുകാരികളാണ്. അങ്ങനെ 50 സ്ത്രീകളുടെ സജീവ സാന്നിധ്യവും കേരളീയ സ്ത്രീജീവിതത്തിന്റെ നേരടയാളവും കൂടിയാണ് പുസ്തകം. പ്ര
മുഖരുടെ രചനകള്‍കൊണ്ട് സമ്പന്നമായ പുസ്തകോത്സവത്തില്‍ സിപിഐ എം കുന്നത്തൂര്‍ ഏരിയസെക്രട്ടറിയും പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ പി കെ ഗോപന്‍ എഡിറ്റ് ചെയ്ത സ്ത്രീജീവിതം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് പുസ്തകത്തിന്റെ മൗലികമായ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ്. കോഴിക്കോട് പ്രോഗ്രസ് പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായ യു എം ബിന്നിയുടെ മുഖമുദ്രകള്‍ പറയുന്നത് എന്ന വ്യത്യസ്തമായ പുസ്തകം പുസ്തകപ്രസാധനരംഗത്തുതന്നെ ചരിത്രമായി മാറുകയാണ്. എം എ ബേബി, ബിനോയ് വിശ്വം, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങി 21 പ്രമുഖര്‍ ബിന്നിയുടെ 21 ലോഗോകളെക്കുറിച്ച് എഴുതിയ കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കൊല്ലം മധു എഡിറ്റ് ചെയ്ത പുസ്തകം യുവമേള പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വപ്നത്തില്‍നിന്ന് ജീവിത യാഥാര്‍ഥ്യങ്ങളിലേക്കുള്ള യാത്രയാണ് എം മുകുന്ദന്റെ പാരീസ് എന്ന നോവലെറ്റ്. യാഥാര്‍ഥ്യത്തിന്റെയും ഭ്രമാത്മകതയുടെയും അതിരുകള്‍ വായനയ്ക്കിടയില്‍ മാഞ്ഞുപോകുന്ന ഹൃദ്യമായ അനുഭവമായി മാറുന്ന പാരീസ് കൊല്ലം പുസ്തകോത്സവത്തില്‍ പന്ന്യന്‍ രവീന്ദ്രനാണ് പ്രകാശനം ചെയ്തത്. ഗ്രന്ഥകാരന്‍ തന്റെ കൗമാരയൗവനങ്ങള്‍ കഴിച്ചുകൂട്ടിയ ഫ്രാന്‍സ് പ്രധാന പശ്ചാത്തലമാകുന്ന പാരീസ്, മലയാളി ദൈവങ്ങള്‍ എന്നീ നോവലെറ്റുകള്‍ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നത് ഒരു ഫ്രഞ്ച് മണമാണ്. പുസ്തകോത്സവത്തിലെത്തുന്ന പുസ്തകപ്രേമികളുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച പാരീസ്. ജീവിതത്തിന്റെ കൂട്ടുകാര്‍ എന്നു വിശേഷിപ്പിക്കുന്ന പുസ്തകങ്ങളുമായി കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്ന പുസ്തകോത്സവത്തിന് 27നു തിരശ്ശീല വീഴും.
(കെ ബി ജോയി)
deshabhimani 260413
Subscribe to:
Post Comments (Atom)
No comments:
Post a Comment